ജാതി ചോദിച്ചല്ലല്ലോ നീയെന്റെ
സ്വപ്നങ്ങളിൽ ചേക്കേറിയത്
ഇരുണ്ട ദിനരാത്രങ്ങളിൽ
നീയൊരു കൈത്തിരിയായ്
തെളിയും തോറും മാരിവില്ലിന്റെ മാസ്മരികതയായ്
എന്നിൽ നീ പെയ്തിറങ്ങി
ചേർത്തു വെച്ച കൈകൾ കുമ്പിളാക്കി
പ്രത്യാശയുടെ ഒരായിരം കിരണങ്ങൾ
നമ്മൾ കോരിയെടുത്തു..
ആർത്തുല്ലസിച്ചൊഴുകുന്ന ഉറവകളെ പ്രതിഷ്ഠിച്ചു
ഇടനെഞ്ചിലുടക്കിയ എന്റെ തേങ്ങലുകൾക്കു പകരം..
ഹ്ര്യദയ തംബുരുവിൽ പ്രണയ ഗീതവും..
അനാഥരെന്ന വിശേഷണം മുൾക്കിരീടമാക്കിയവർ
പരസ്പര പൂരകങ്ങളായപ്പോൾ
രക്ഷക വേഷം അണിയേണ്ടവർ;
“ എന്റ നഗ്നതയിൽ കണ്ണു നട്ടവർ
ഇരുളിനെ അനുഗ്രഹമാക്കാൻ വ്യാമോഹിച്ചവർ”
കത്തി വേഷം കെട്ടിയാടാൻ ഒത്തുകൂടി നമുക്കു ചുറ്റും
വർഗ്ഗീയ വിഷക്കോമരങ്ങൾ അവർക്കായി താളം പിടിച്ചു
വിഷം ചുരത്തിയെത്തിയ ഇടിയൻ മേഘങ്ങൾ
മിന്നർ പിണറായി നമ്മിൽ പതിച്ചപ്പോൾ
ചിതറിത്തെറിച്ചത് മഞ്ചാടിക്കുരുക്കളായിരുന്നില്ല
ജീവന്റെ തുടിപ്പുകളായിരുന്നു...
എന്റെ കണ്ണൂകളിൽ അധരങ്ങൾ
ചേർത്തു വെച്ച് നീ മന്ത്രിച്ചതല്ലേ..
“നിന്റെ വശ്യത; അതെ അതെനിക്കൊരു പുനർജ്ജനിയാണ്”
ഞാനത് നെഞ്ചിലേറ്റിയിരുന്നു
എന്റെ മാറിൽ പതിഞ്ഞ നിന്റെ നഖക്ഷതം..
ഭേതമാക്കാതെ ഞാനതു സൂക്ഷിച്ചു!
നീയെന്റെ പ്രാണനിൽ നടത്തിയ അശ്വമേധത്തിന്റെ
വിജയം..സുഖമുള്ളൊരു വേദനയിലൂടെ
ഞാനതാഘോഷിച്ചിരുന്നു എല്ലായ്പ്പോഴും..
എനിയെനിക്കെന്തിനീ ദേഹം..
നീയായിരുന്നുവല്ലോ എന്റെ ദേഹി!
ഞാനും വരുന്നു നിന്നിലേക്ക്
എനിക്കും ചിറകുകൾ മുളയ്ക്കുന്നു
കണ്ടു മുട്ടാം താഴ്വരയിലെ ആ ബലിക്കല്ലിൽ..
നിന്നിലലിയാൻ ..നീയാണല്ലോ എന്റെ മോക്ഷം
No comments:
Post a Comment
വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..