Wednesday, 23 February 2011

എന്റെ ഇഷ്ടങ്ങൾ

സമയത്തിന്റെ വില അറിയുന്നവർ വഴി മാറിപ്പോകുന്നതാണു ബുദ്ധി. അവസാനം എന്നെ പ്രാകുന്ന ഒരവസ്ഥ ഞാൻ ഭയപ്പെടുന്നു.. പിന്നെ ചുമ്മാ സമയം കളയാനുള്ളവർക്ക് ഈ വരികളിലൂടെ നടന്നു നോക്കാം. ഞാൻ വഴി തെറ്റിക്കില്ല.


തൊട്ടാർ വാടിയും, ചേമ്പും, വാഴയും, കറുകപ്പുല്ലും ശരീര സൗന്ദ്യര്യത്തിനായി വെയിലേറ്റു കിടന്ന് കിന്നാരം പറയുന്ന ഞങ്ങളുടെ വീടിന്റെ പിൻഭാഗം, വൈകുന്നേരങ്ങളിൽ എലി, പാമ്പ് തുടങ്ങിയവയുടെ സൗര്യവിഹാരം അങ്ങോട്ടു ഇറങ്ങാൻ പേടിപ്പെടുത്തുന്നു. മീൻ കൊണ്ടു വരുന്ന ഇക്കാക്കു പനി പിടിച്ചാലോ, ഹർത്താലോ സഹോദരൻ ബന്ദ് ദിവസത്തിലോ പരാശ്രയമില്ലാതെ ഞങ്ങളുടെ വീട്ടിൽ സാമ്പാർ തിളക്കുമായിരുന്നു. ഉമ്മ നട്ടുണ്ടാക്കിയ ചേമ്പിൻ താളിന്റെ സ്വാദൂറുന്ന രുചിയിൽ..!!!!

വിശാലമായ വയൽ മുഴുവൻ ഞങ്ങളുടേതല്ലെങ്കിലും, അതിനോടു ചേർന്നു നില്ക്കുന്ന വീടും പരിസരവും ചൂടുകാലത്തു പോലും ജാതി വ്യത്യാസമില്ലതെ തഴുകാൻ വരുന്ന പടിഞ്ഞാറൻ കാറ്റും ബന്ധു ജനങ്ങൾക്ക് എന്നും അസൂയ തോന്നുന്ന ഞങ്ങളുടെ സ്വത്തായിരുന്നു!!. ആ വയലിലെ പണിയുടെ അദ്ധ്വാനഭാരം മുഴുവൻ അറിയില്ലെങ്കിലും അവിടെ നിന്നും വിളവെടുക്കുന്ന കുത്തരിചോറിന്റെ ബലം തന്നെയാണു ഇന്നെന്റെ തടിച്ച ശരീരത്തിന്റെ കാതൽ എന്ന അപവാദം ഞാൻ നിഷേധിക്കുന്നില്ല.

കൗമാര വടവൃക്ഷത്തിന്റെ കുട്ടിക്കുറുമ്പുകളായ ചില്ലയിൽ ചേക്കേറി നടന്ന കാലം, പഠനകാലത്തും തലമണ്ടയുടെ പ്രവർത്തനം നടക്കാത്തതിനാലും, കാടുകയറിയ ചിന്തകൾ ഇല്ലാത്തതു കൊണ്ടും അല്പം പോലും തേയ്മാനം സംഭവിക്കത്ത 22കാരറ്റ് മഷ്തിഷ്കം ഞൻ സൂക്ഷിച്ചിരുന്നു. സിനിമ, മാപ്പിളപ്പാട്ടുകളുടെ ഒരു ശേഖരമുണ്ടെന്നു മാത്രം ഈ പത്തര മാറ്റിൽ.

ജീവിതം തന്നെ കളിയാക്കണമെന്ന (കളി തന്നെ ജീവിതമാക്കണമെന്ന, അങ്ങനെയും പറയാം) വാശി എന്നിൽ കുടിയേറിത്തുടങ്ങി. നേരം വെളുക്കും മുമ്പേ വിയർപ്പിന്റെ മണമുള്ള “സ്പോർട്ട്സ് കിറ്റ്” ; അതിൽ പ്രത്യേകിച്ചൊന്നും ഇല്ല. ഒരു ജാട, കക്ഷത്തിൽ ഒതുക്കി 2 കിലോമീറ്റർ ദൂരെയുള്ള ഗ്രൗണ്ടിലേക്കു സൈക്കിളിൽ ഒരു പാച്ചിൽ. തണുപ്പില്ല, മഞ്ഞില്ല തലയിൽ ഫുട്ബോൾ മാത്രം. പോകുന്നതിനു മുമ്പ് തലേ ദിവസം ഉമ്മ എടുത്തു വെച്ചിരിക്കുന്ന കഞ്ഞി വെള്ളം ഒരു മോന്തലുണ്ട്. കഞ്ഞി വെള്ളം എന്നതു പലപ്പോഴും ദാരിദ്ര്യത്തിന്റെ സിമ്പലാകാറുണ്ട്. ഒരനുഗ്രഹം, വല്യ പണക്കൊഴുപ്പില്ലെങ്കിലും പട്ടിണി ഉണ്ടായിട്ടില്ല ഇന്നുവരെ. പക്ഷെ എന്റെ പിതാവു പട്ടിണി കിടന്ന കാലം ഉണ്ടായതു കൊണ്ടാകാം എനിക്കിന്നു വിഭവ സമൃതി. പറഞ്ഞു വന്നതു കഞ്ഞി വെള്ളം, ദോഷം പറയരുതല്ലോ സ്റ്റാമിനക്ക് ഇത്രയും നല്ല ഒരു മരുന്ന് വേറെയില്ല നാട്ടിൻപുറത്തെ താളിയോലകളിൽ. പറഞ്ഞാൽ ആരും വിശ്വസിക്കില്ല ഒരു പി. എച്ച്. ഡി ക്ക് വകുപ്പുണ്ടതിൽ. രണ്ടു മൂന്നു മണിക്കൂർ നേരത്തെ അദ്ധ്വാനത്തിനു ശേഷംതിരിച്ചു വന്നാൽ പഴയ കറി കൂട്ടി തലെ ദിവസം വെള്ളത്തിലിട്ട ചോറു കഴിക്കുന്ന മറ്റൊരഭ്യാസവും. പലഹാരങ്ങൽ എന്തുണ്ടെങ്കിലും എനിക്ക് പ്രിയപ്പെട്ടതെന്നും ഈ അരി ഭക്ഷണം തന്നെ.

ഒരിക്കൽ കളിയും കഴിഞ്ഞു വരുമ്പോൾ അയല്പക്കത്തെ ഷംസുക്ക വന്നു വിസയും കൊണ്ട്. വഴിയരുകിൽ മുഴുവനും പണം കായ്ക്കുന്നു എന്ന വിരോധാഭാസപരമായ ചിന്ത എന്നെ കടൽ കടത്തി. അബുദാബിയിൽ റൂമിലെത്തി ഒന്നു ഫ്രെഷ് ആകാൻ ബാത്ത്റൂമിൽ കയറിയപ്പോൾ പല തുടക്കക്കാർക്കും ഉണ്ടായിട്ടുള്ളത് എനിക്കും പറ്റി.. ഒരമളി... “ ചൂടു വെള്ളം!!” സാധാരണക്കാർ താമസിക്കുന്ന കെട്ടിടത്തിലെ പൈപ്പിൽ വരുന്നതു പ്രകൃതി തിളപ്പിച്ച മുനിസിപ്പാലിറ്റി വെള്ളം എന്നെയൊന്നു പറ്റിച്ചു.

വയറിന്റെ പുറത്തേക്കുള്ള വളർച്ചയുടെ ഘട്ടങ്ങൾ എന്റെ പ്രവാസത്തിന്റെ വർഷങ്ങൾ രേഖപ്പെടുത്തി തുടങ്ങി. ഈയടുത്ത കാലത്തായി ജോലിമാറിയെത്തി ദുബായ് മീഢിയ സിറ്റിയിൽ. അതിനോട് ചേർന്നു കിടക്കുന്ന മൈതാനത്തിലൂടെ നടക്കുമ്പോൾ ചതഞ്ഞ പച്ച പുല്ലിന്റെ മണം എന്നെ അവിടെ പിടിച്ചു നിർത്തുന്നു. മൂക്കിന്റെ രണ്ടു ദ്വാരങ്ങളും തുറന്നു പിടിക്കുമ്പോൾ ഞാനാസ്വദിക്കുന്നതു ഗൾഫിന്റെ മണമല്ല. കളിച്ചു വളർന്ന തെക്കും പാടത്തിന്റെ ഗന്ധം.

അങ്ങിന്റെ എത്ര മണങ്ങൾ, ഇഷ്ടസ്വകാര്യതകൾ ഇന്നെനിക്കു അന്യം നില്ക്കുന്നു. മാറിവന്ന ജീവിത നിലവാരം കാത്തു സൂക്ഷിക്കുന്നതിനു വേണ്ടി മനപ്പൂർവ്വം മാറ്റി നിർത്തിയിരിക്കുന്നു. പലപ്പോഴും മറ്റുള്ളവർക്കൊപ്പം മാന്യനാകുവാൻ.. പക്ഷെ ഇവയെല്ലാം ചേർത്തു
വെക്കുമ്പോൾ എന്താകുന്നുവോ അതാണെന്റെ ശരിയായ അസ്തിത്വം. നേട്ടങ്ങൾ എത്തി പിടിക്കുമ്പോഴും അന്യം നിന്നു പോകുന്ന ചെറിയ സ്വകാര്യങ്ങൾ പലതും വല്ലാതെ മോഹിപ്പിക്കുവെന്നെ.

എന്റെ ഓഫീസിലെ മെസ്സൻജർ പയ്യൻ. ബഗ്ലാദേശ് സ്വദേശി. ഷേഖ് മുഹമ്മദ്, പേരിൽ മാത്രം ഷേഖ് ഉള്ളൂ. അഞ്ചു പേർ അടങ്ങുന്ന കുടുംബത്തിലെ മൂത്തപുത്രൻ. അതിന്റെ അത്താണിയും. ദാഹിച്ചു വലഞ്ഞാലും വെള്ളം കുടിക്കുമെന്നല്ലാതെ മിച്ചം പിടിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു പെപ്സിക്കു പോലും ചെലവാക്കാറില്ല. ആ ഒരു ദിർഹം വളരെ വലുതാണെത്രെ അവന്റെ കുടുംബത്തിൽ.

ഇന്നലെ രാവിലെ അവൻ ആരും കാണാതിരിക്കാൻ, പാൻട്രിയുടെ ഒരു മൂലയിൽ ഇരുന്നു തലേന്നുള്ള ചോറു കഴിക്കുകയായിരുന്നു. ഓർഡർ ചെയ്തു വരുത്തിയ പ്രാതലിനൊപ്പം ചായ ഉണ്ടാക്കാൻ ചെന്ന ഞാൻ, അതു കണ്ടെന്നു അവനു മനസ്സിലായി. പാവം ചൂളിപ്പോകുമെന്നു തോന്നിയപ്പോൾ എന്റെ ചായ സമയം മാറ്റിവെച്ചു. ഞനെന്തിനു അവന്റെ സ്വകാര്യത നശിപ്പിക്കണം. അല്ലെങ്കിൽ തന്നെ അതിനു മാത്രം ഞാനാര്‌. ഓഫീസിലെ വൈറ്റ് കോളർ ഉദ്ദ്യോഗസ്ഥായ എനിക്കവിടെ ഇരുന്നു ഇത്തരം ഇഷ്ടഭക്ഷണം കഴിക്കാൻ പറ്റില്ലെന്ന ബോധ്യം; എനിക്കവനോടു അസൂയ ഉണ്ടാക്കിയെന്നു ആ പാവം ഷേഖിനറിയില്ലല്ലോ??

ഇപ്രാവശ്യം നാട്ടിൽ നിന്നും വരുമ്പോൾ ഞനൊന്നു കൂടെ കൊണ്ടുവന്നു “കോഴിതൂവൽ”.രാത്രി ഉറങ്ങാൻ നേരത്തു ഒന്നു ചെവിയെ സുഖിപ്പിക്കാൻ ഒപ്പം മനസ്സിനെയും.. ആ സ്വകാര്യ സുഖം തിരികെ പിടിക്കാൻ. ലോകോത്തര ബ്രാണ്ട് ആയിട്ടെന്താ ജോൺസൺ & ജോൺസന്റെ ബഡ്സ് അതിന്റെ ഏഴയലത്തു വരില്ലല്ലോ..!!!!!!

7 comments:

 1. ചെറുപ്പത്തില്‍ എന്റെയും ആരോഗ്യരഹസ്സ്യം പഴങ്കഞ്ഞി തന്നെയായിരുന്നു.തലേദിവസത്തെ ചോറ് ഉമ്മ പ്രത്യേകം എനിക്ക് വേണ്ടി മാറ്റിവെക്കും. ഒരുപാട് കഴിച്ചിരിക്കുന്നു.. കഴിഞ്ഞപ്രാവശ്യം നാട്ടില്‍പോയപ്പോള്‍, ഉമ്മ ഓര്‍മ്മപെടുത്തുകയും ചെയ്തു, പണ്ടത്തെ പഴങ്കഞ...്ഞി തീറ്റ.

  കൂട്ടുകാരാ...
  വളരെ നല്ല അവതരണം. മനസ്സ് പറക്കുകയായിരുന്നു, പാടത്തേക്കു, തൊടിയിലേക്ക്‌... കുറച്ചുനെരത്തെക്കെങ്കിലും ഓര്‍മകളെ റിവേര്‍സ് ഗിയരിലോടാന്‍ സഹായിച്ചതിന് നന്ദി

  ReplyDelete
 2. നന്ദി ഷമീര്‍ ... ഈ സന്ദര്‍ശനത്തിനു ...

  ReplyDelete
 3. ഇത്തരം രചനകള്‍ കൊണ്ട് കിട്ടുന്ന ഗുണം അല്‍പ നേരമെങ്കിലും ഗതകാല സംഭവങ്ങളും ശീലങ്ങളും അയവിറക്കാം എന്നുള്ളതാണ് .അതൊരു ഗുണം തന്നെ. വന്ന വഴി മറക്കാന്‍ പാടില്ലല്ലോ .പഴങ്കഞ്ഞിയും പഴഞ്ചോറും അസല്‍ വയാഗ്ര തന്നെ. നന്ദി .നന്നായിട്ടുണ്ട് .

  ReplyDelete
 4. പലപ്പോഴും ഞൻ വന്ന വഴിയും മറക്കില്ലല്ലോ ഈ സ്മരണകൾ കൊണ്ടു.. നന്ദി അൻസാർ ഭായ്..

  ReplyDelete
 5. നന്ദി ഫെമിന

  ReplyDelete
 6. ജെഫു
  നന്നായ് എഴുതി .. ഞാന്‍ ഇപ്പോഴും ഓര്‍ക്കാന്‍ ഇഷ്ട്ടപ്പെടുന്ന എന്റെ ഓര്‍മയിലേക്ക് യാത്ര പോയി ...

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..