Friday, 4 March 2011

ഞാൻ കണ്ടെടുത്ത എന്റെ പ്രണയം..

ഒഴിവു സമയമാണൊ സുഹൃത്തെ..പറഞ്ഞു പഴകിയതായാലും, നമുക്കെന്തെങ്കിലും പറഞ്ഞിരിക്കാം ഈ തണലിൽ അല്പനേരം...

പൂർവ്വകാല കാമുകന്മാരായ ഞങ്ങൾ ഒത്തുകൂടി ദുബായിലെ ഇൻസ്പോർട്ട്സിൽ. കഴിഞ്ഞ മാസത്തിലെ ഒരൊഴിവു ദിവസം. മനസ്സിന്റെ കോണിലുള്ള തീഷ്ണത ഞങ്ങളുടെ പ്രണയവുമായുള്ള കണ്ടുമുട്ടലിനു വീണ്ടും ഒരവസരമൊരുക്കി.

മുല്ലപ്പൂവിന്റെ മണമില്ലാത്ത മണിയറയിൽ ഞങ്ങൾ ഒന്നായ നിമിഷങ്ങൾ. പ്രണയാവേശത്തിൽ ഞാനവളെ തൊട്ടു, തലോടി,അടിച്ചു, ചുബിച്ചു, പുണർന്നു. എന്റെ നെഞ്ചിലെ വിയർപ്പുകണങ്ങൾ ശരീരം കൊണ്ടവൾ പകർന്നെടുത്തു. വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രയാണം ഒരായുഷ്കാലത്തിന്റെ സായൂജ്യമെനിക്കു നല്കി. ഇറക്കി വെച്ച വികാരങ്ങൾക്കൊടുവിൽ അലസനായി ഞാനിരുന്നപ്പോൾ എന്റെ കാൽവെള്ളകളിൽ അവൾ ചേർന്നു കിടന്നു. ഒളിക്കണ്ണുകൾ കൊണ്ടുള്ള നോട്ടം എനിക്കെറിഞ്ഞു തന്നു കൊണ്ടു.

കൂട്ടുകാരെ, ഞാൻ പരിചയപ്പെടുത്തുവാൻ മറന്നു എന്റെ പ്രണയത്തെ. അവളെക്കുറിച്ചു പറയുമ്പോൾ ഞാനെല്ലാം മറക്കുന്നു. യൗവ്വനത്തിലേക്കു കടക്കുമ്പോൾ എന്റെ സിരകളിൽ തീ നിറച്ച എന്റെ ഇഷ്ട്ടമായിരു അവൾ. പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ട് കുടുംബാഗങ്ങൾ വഴിമുടക്കി. കൂട്ടുകാർ അകമഴിഞ്ഞു സഹായിച്ചുവെങ്കിലും അവളുമായുള്ള കണ്ടുമുട്ടലിന്റെ ആവലാതികൾക്ക് അഭയം എന്നും എന്റെ ഉമ്മ തന്നെയായിരുന്നു.

പിന്നെയും ഞാൻ വാചാലനായി അല്ലെ. അതെ സുഹൃത്തുക്കളെ. ഞാനത്രയും ഇഷ്ട്ടപ്പെടുന്നു പക്ഷെ എനിക്കിന്നു നഷ്ടമാകുന്നതും അവളെ തന്നെ. ഇടവിട്ട വർണ്ണങ്ങൾ ശരീരത്തിന്റേതാക്കി എന്റെ തലച്ചോറിലേക്കു പറന്നു കയറിയ അവൾ സാക്ഷാൽ “കാല്‌പന്ത്” ആഗലേയത്തിൽ നമ്മുടെ ഫുട്ബോൾ.

ഇല്ല!! എനിക്കു മടുത്തിട്ടില്ലവളെ ഇക്കാലമത്രയായിട്ടും. എനിക്കു മാത്രമല്ല, ഇന്ത്യ, പാകിസ്ഥാൻ, ബഗ്ലാദേശ്, സിറിയ, ലബനാൻ, ഫിലിപ്പീൻസ് ഇവിടങ്ങളിൽ നിന്നായി ഒത്തു കൂടിയ ഈ കാമുകന്മാർക്കാർക്കും. പദവി, ഭാഷ, ദേശങ്ങൾക്കതീതമായി ഞങ്ങൾ ഉറ്റു നോക്കിയതൊന്നിലേക്കു. “ പാസ്സ് ദേദൊ ഭായ്, യാ അഖീ (സഹോദരാ) ഷൂട്ട്, ടാ പാസ്സിടടാ ” ഭാഷകൾ പലതെങ്കിലും പ്രണയത്തിന്റെ ശബ്ദം ഒന്നായിരുന്നു. അവളുടെ സാന്നിധ്യം ഞങ്ങളിലേക്കെത്തിയപ്പോൾ പ്രായം മറന്നും ഞങ്ങൾ പടക്കുതിരകളായി.

അത്തറിന്റെ മണമുള്ള മണിയറയുടെ ഇശലുകൾക്കു ഈണം പിടിച്ച് കൂട്ടിക്കൊണ്ടു വന്ന് പാടവരമ്പത്ത് തനിച്ചാക്കിയെന്നു തോന്നുന്നൊ സുഹൃത്തെ. നിങ്ങൾക്കെന്നോടു ക്ഷമിക്കാമല്ലോ. എങ്കിൽ ഒരു നിമിഷം കൂടി.

ഞാനൊന്നു കണ്ടെടുത്തു അവിടെ നിന്നും പുതിയതായൊന്നിനെ എന്റെ ചിന്തകളിലേക്കു...
മൈതാനത്തിനു പുറത്തു കളി കണ്ടു നിന്നിരുന്ന പാതി മറച്ച മാദക സൗന്ദര്യം, ശരീരത്തെ ബാധിച്ച അസുഖങ്ങൾ, കുറഞ്ഞ ശമ്പളം, വീടിന്റെ പൂർത്തീകരണം, ഓഫീസിലെ ജോലിത്തിരക്കുകൾ, മൂട്ട അരിക്കുന്ന ഇരുനില കട്ടിൽ, അലമാരയിലെ തത്വചിന്തകൾ, മൂർച്ചകൂട്ടി വെച്ച ആയുധത്തെ, അതു പ്രയോഗിക്കാനുള്ള വർഗ്ഗ ശത്രുവിനെ, മനസ്സിൽ നിന്നും ഉയരുന്ന മന്ത്രധ്വനികൾക്കു വീതിച്ചുനല്കിയ ദൈവത്തിന്റെ ജന്മഭൂമികൾ, വിപ്ലവവീര്യം നിറങ്ങളിൽ ചാലിച്ച കൊടികളെ, വിശ്വസിച്ചപ്പോൾ വഞ്ചനയുടെ വിത്തെറിഞ്ഞവരെ... എല്ലാം മറന്നു ഞാൻ...കേവലം മനുഷ്യ നിർമ്മിതമായ ഒന്നും അതിന്റെ നിയമത്തിനും എന്റെ എല്ലാ വികാരങ്ങളെയും അല്പ നിമിഷത്തേക്കു ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞെങ്കിൽ, “നിന്നെ ഇഷ്ടപ്പെടാൻ കിട്ടിയ ഒരോ നിമിഷത്തിനും പകരമാവില്ല എനിക്കുള്ള ഒരനുഗ്രഹവും” എന്ന യഥാർത്ഥ പ്രണയ സാഫല്യം നുകർന്നവരുടെ ഈ മാനസികാവസ്ഥ. തൊട്ടറിഞ്ഞു ഞാൻ...

കേൾക്കുവാൻ, സ്വയം അർപ്പിക്കുവാൻ, അലിഞ്ഞില്ലാതാകുവാൻ, പ്രാപ്തമാക്കുന്ന ഒരു വിശുദ്ധ പ്രണയം ലോകം ഒന്നായി നിന്ന് മനസ്സിലാക്കിയെടുത്തിരുന്നെങ്കിൽ... വിഘടിപ്പിക്കപ്പെട്ട ആറ്റത്തിന്റെ കണികകൾ ഹിരോഷിമയോട് ചേർത്തു വായിക്കേണ്ടി വരുമായിരുന്നോ?. പോർവിമാനങ്ങളിൽ കയറുന്നതിനു മുമ്പുള്ള പടച്ചോർ, പഴന്തുണി തിരിയിട്ട റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു ചേമ്പിലയുടെ അറ്റത്തെങ്കിലും വിളമ്പാവുന്ന അത്താഴച്ചോർ ആക്കാമായിരുന്നില്ലെ?, ജീവിതത്തിന്റെ അന്ത്യയാമങ്ങൾ കാഞ്ചനക്കൂട്ടിൽ പരിതപിച്ചു തീർക്കേണ്ടിവരുന്ന സദനങ്ങൾ ഉണ്ടാകുമായിരുന്നൊ, പിഴച്ചു പെറ്റാലും, സദാചാരം ചുറ്റുപാടുകൾക്കു അധികപ്പറ്റാണെന്ന നിരീക്ഷണങ്ങൾക്ക് കാതുകൾ മുളയ്ക്കുമായിരുന്നൊ.... ?

പിരിയാനുള്ള സമയമായി അല്ലേ കൂട്ടുകാരാ നമുക്ക്.. എങ്കിൽ വിട ചൊല്ലുന്നു ഞാൻ ഈ വരമ്പിൽ നിന്നും ആ പ്രണയ പ്രകാശത്തിലേക്കുള്ള യാത്രയിലേക്ക് ഭാണ്ഡം മുറുക്കുമ്പോൾ.. തനിച്ചാണെങ്കിലും അതിരില്ലാത്ത സന്തോഷത്തോടെ..

--ജെഫു--

9 comments:

 1. കാല്‍പന്തു കളിയോടുള്ള ഇഷ്ടം മനസ്സില്‍ നിന്ന് മാഞ്ഞിട്ടില്ല. മായുമെന്നും തോന്നുന്നില്ല. പന്തിനോടും പെണ്ണിനോടും ഒരേ സമയത്ത് പ്രണയം തോന്നിയിരുന്ന കാലം ....അന്ന് ജീവിതം കൂടുതല്‍ തീക്ഷ്ണവും പ്രകാശ മാനവുമായിരുന്നു .അന്ന് ജീവിതത്തിനു പ്രത്യേക ലക്ഷ്യങ്ങളൊന്നു മുണ്ടായിരുന്നില്ല എന്നതാവാം കാരണം .ഇപ്പോഴും പന്ത് കണ്ടാല്‍ ആര്‍ത്തിയോടെ നോക്കാറുണ്ട് .ജെഫുവിന്റെ പോസ്റ്റ് കൊണ്ട് മനസ്സില്‍ ചില തിരകള്‍ രൂപപ്പെട്ടു എന്നത് സത്യം ...നന്ദി ആശംസകള്‍ ..

  ReplyDelete
 2. എഴുത്ത് നന്നായി ആശംസകള്‍

  ReplyDelete
 3. സ്വന്തം ബ്ലോഗ്-പോസ്റ്റില്‍ തന്നെ ഗോള്‍ അടിക്കുകയാണ് അല്ലേ.

  ReplyDelete
 4. നന്നായി എഴുതി..ആശംസകള്‍..ഇനിയും ഒരുപാട് എഴുതാന്‍ കഴിയട്ടെ

  ReplyDelete
 5. “നിന്നെ ഇഷ്ടപ്പെടാൻ കിട്ടിയ ഒരോ നിമിഷത്തിനും പകരമാവില്ല എനിക്കുള്ള ഒരനുഗ്രഹവും”
  പ്രണയമഴ പെയ്തിറങ്ങിയ പോലെ...
  ശരിക്കും നനഞ്ഞൂട്ടോ, അസ്സലായി...!

  ReplyDelete
 6. ansaar bhaai, ismail bhai, akbarka, aacharyan, kanthari, shameer.. thanks alot

  ReplyDelete
 7. നന്നായി എഴുതി..ആശംസകള്‍..

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..