Saturday, 12 March 2011

ഞങ്ങളും ഉദ്യോഗസ്ഥരാണ്‌

പകൽ വെളിച്ചത്തിൽ പോലും പേടിപ്പെടുത്തുന്ന മൂകത, ഖബറുകൾ നിറഞ്ഞ പറമ്പിൽ ഒറ്റപ്പെട്ടുകിടക്കുന്ന പള്ളിയിൽ അതും പഴയതാണെങ്കിൽ ഇറ്റി വീഴുന്ന വെള്ളത്തുള്ളികൾ നനക്കുന്ന കിടക്കപ്പായയിൽ, ഇടിവെട്ടും മഴയുമുള്ള രാത്രികൾ ആയത്തുൽ കുർസ്സിയുടെ പിൻബലത്തോടെ സുബ്ഹിബാങ്കിന്റെ സമയം കാത്തിരിക്കുന്ന ഒരു ഉസ്താദിന്റെ ദയനീയ മുഖം ഭാവനയിലെങ്കിലും കണ്ടിട്ടുണ്ടൊ ടറസ്സിട്ട വീട്ടിൽ കൊറിയൻ നിർമ്മിത പുതപ്പിന്റെ അടിയിൽ പള്ളിയുറക്കം നടത്തുന്ന നമ്മൾ എപ്പോഴെങ്കിലും,

വളർന്നു വന്ന ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നുള്ള ഒളിച്ചോട്ടമായി പള്ളി ദർസ്സുകളിൽ അഭയം തേടിയിട്ടുള്ളതാണു ഭൂരിപക്ഷം ഉസ്താദുമാരുടെയും പൂർവ്വകാലങ്ങൾ. പഠനം ജീവിതത്തിനു വിലങ്ങുതടിയായി മാറിയപ്പോൾ നഹ്‌വിനും സർഫിനും വിരാമം കൊടുത്തു അറിയാവുന്ന ജോലിയായ അദ്ധ്യാപകവൃത്തി തേടിയിറങ്ങുമ്പോൾ കയ്യിൽ ഒരു ഡിഗ്രി പോലുമില്ല മതപരമായി പോലും, ചിലപ്പോൾ പഠിപ്പിച്ച ഉസ്താദിന്റെ ഒരനുഗ്രഹം മാത്രം. അതും ഇഷ്ടപ്പെട്ട ശിഷ്യനാണെങ്കിൽ...

കേവലം ആയിരം രൂപയിൽ കുറഞ്ഞ ശമ്പളം തീറെഴുതിയെടുത്ത ഇവരിൽ നിന്നു നമ്മളെന്തുമാത്രം പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ എന്തിരിക്കുന്നു. ലൂത്ത് നബിയുടെ കാലഘട്ടവും, മറ്റു നിറം മങ്ങിയ കഥകളും അവിചാരിതമായി കടന്നു വരുമ്പോൾ അതൊരു വിഭാഗത്തിന്റെ മേൽ പതിച്ചു നല്കാനുള്ള മുദ്രയായി മാറാനോ, മാറ്റാനോ നമ്മളും കാരണക്കരനാകുന്നില്ലേ.

ഉയർന്ന ജോലിയും ശമ്പളവും ഒപ്പം കുടുംബത്തെ കൂടെ താമസിപ്പിക്കുവാനും വ്യഗ്രത കാണിക്കുന്ന നമ്മൾ ഒരു നിമിഷം ഇവരുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും വികാരഭാവങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ പള്ളിയോട് ചേർന്നോ, അല്ലാതെയോ ഈ ഉദ്ധ്യോഗസ്ഥനും കുടുംബത്തിനുമുള്ള ഒരു മുറിയും കൊച്ചടുക്കളയും കാണാമായിരുന്നു. എല്ലാവർക്കുമില്ലെങ്കിലും നാടിന്റെ ഇമാമിനെങ്കിലും...

ഒരു നേരത്തെ ഭക്ഷണം നല്കുമ്പോഴും അതിന്റെ വിലനിലവാരം പിറുപിറുക്കപ്പെടുന്നു, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പുലർച്ചയും, രാത്രിയും ആഹാരം കഴിക്കാൻ പോകുന്ന അദ്ധ്യാപകരുടെ അവസ്ഥ, അവിടെ നിന്നുണ്ടാകുന്ന ( ഉണ്ടാക്കുന്ന) അപവാദ കഥകൾ. പിഴച്ചു നാട്ടുകാരായ നമുക്കവിടെയും. രണ്ടു പേർ ചേർന്നാൽ സംയുകത ഭക്ഷണക്രമം പടച്ചെടുക്കുന്ന മലയാളികളായ നമ്മൾ മറന്നു പോയി അവർക്കായി ഒരു മെസ്സ് സംവിധാനം. അതിനു കാരണം ഭരണകർത്താക്കളിൽ ദീർഘ വീക്ഷണം ഉള്ളവരുടെ അഭാവമൊ, അതുമല്ലെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പുഛ ഭാവം നടിക്കുന്നവരുടെ നിസ്സഹകരണമൊ..

പക്ഷെ അടുത്ത കാലത്തായി സമന്വയിപ്പിച്ച മത-ഭൗതിക വിദ്യഭ്യാസത്തിൽ ഉന്നതമായ ബിരുദങ്ങൾ നേടി അവകാശപ്പെട്ട വേതനം പറഞ്ഞുറപ്പിച്ച് ജോലിചെയ്യുന്ന അദ്ധ്യാപകർ, സമൂഹത്തിൽ വ്യക്തി എന്ന നിലയിലും, ഏല്പ്പിക്കപ്പെട്ട പദവി ചെലുത്തേണ്ട സ്വാധീനവും മനസ്സിലാക്കി കൃത്യമായി അതിലേക്കിറങ്ങി ചെല്ലുന്നവർ, എന്തിനധികം കാലാനുസൃതമായി ബ്ലോഗുകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന മതപണ്ഡിതന്മാർ തുടങ്ങി മുഖ്യ ധാരയിൽ ശ്രദ്ധാകേന്ദ്രമാകുന്നവർ.. ഇവരിൽ നിന്നും കിട്ടുവാനേറെയുണ്ടു നമ്മളുടെ ജീവിതത്തിലേക്കും ചുറ്റുപാടിലേക്കും. പഴകിപ്പുളിച്ച വൃത്തികെട്ട കഥകളെ മാറ്റി നിർത്തിക്കൊണ്ട്...

അറബിക് കോളേജുകൾക്കു പുറമെ മറ്റു കോളേജുകളിലും അദ്ധ്യാപക സേവനം എന്നതിലുമപ്പുറം പല ജോലികളിലും സജീവമാകാൻ കഴിയുന്ന ഇവരെ, താഴ്ന്ന വില മാത്രം കല്പിക്കപ്പെട്ട മതവിദ്യഭ്യാസത്തിന്റെ അളവുകോലിൽ മാത്രം പരിഗണിക്കപ്പെടുമ്പോൾ നമുക്ക് നഷ്ടമാകുന്നതു പലപ്പോഴും ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കു കാലാളായി മാറിയേക്കാവുന്ന പുതിയ തലമുറയുടെ ധാർമ്മിക സമ്പന്നത തന്നെയാകും എന്ന സത്യം വിസ്മരിച്ചു കൂട.

നിലവാരം പുലർത്തുന്ന ഉദ്ധ്യോഗസ്ഥന്മാരെ തെരെഞ്ഞെടുക്കുവാൻ സമസ്ഥ പോലുള്ള ഉന്നത കേന്ദ്രങ്ങൾ അതിന്റെ നിർദ്ദേശങ്ങൾ അതാതു മഹല്ലുകളിൽ അറിയിച്ചിട്ടുണ്ടെങ്കിലും, തിരിഞ്ഞു നോക്കാൻ പോലും മെനക്കെടാറില്ല ഇത്തരം കാര്യങ്ങളിലേക്ക്. അലിഖിതങ്ങളായ ശമ്പളനിലവാരം പരിഷ്കരിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം പഠിക്കാൻ കുട്ടികളെ കിട്ടാനില്ല എന്ന അവസ്ഥയിൽ നിന്നും കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാനുള്ള അദ്ധ്യാപകന്മാരെ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടാവുക തന്നെ ചെയ്യും. (ഉണ്ടാകണമെന്നാഗ്രഹിക്കുന്നു) എങ്കിലേ ഈ ഉദ്ധ്യോഗസ്ഥന്മാരുടെയും വ്യക്തിത്വം തിരിച്ചറിയപ്പെടുകയുള്ളൂ. കോർപ്പറേറ്റ് സ്ഥാപനങ്ങളിലുള്ളവർക്കു ലഭിക്കുന്ന തരം പരിശീലനങ്ങൾ തിരിച്ചറിഞ്ഞു അതിൽ പങ്കെടുക്കുവാൻ കൂടി ഇവർ തയ്യാറാകേണ്ടതും കൂടിയുണ്ട്.

മദ്രസ അദ്ധ്യാപകന്മാരെക്കുറിച്ചു തികച്ചും മോശമായ കാഴ്ച്ചപ്പാടിലുള്ള ഒരു ചോദ്യത്തിനു ഉത്തരമായി അതിന്റെ മറ്റൊരു വശവും കൂടി കാണിക്കാൻ ഞാൻ ശ്രമിച്ചതാണു ഈ വാചകങ്ങൾ. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഒറ്റപ്പെട്ടതും, എരിവു ചേർത്തുണ്ടാക്കിയെടുക്കുന്നതുമായ സംഭവങ്ങൾ ഫ്രെയിം ചെയ്തെടുക്കുമ്പോൾ പർവ്വതീകരിക്കപ്പെടുന്നു പലതും. യാഥാർത്യങ്ങൾ അതിനടിയിൽ പെട്ടു കാഴ്ചകളിൽ നിന്നും മറയപ്പെട്ടുപോകുന്നു.

സുന്ദരിയായ സ്ത്രീയുടെ മൃതുദേഹത്തിൽ ലൈഗിക വൈകൃതം കാണിച്ച ഡോക്ടറെ മുൻ നിർത്തി ആ കൂട്ടർ എല്ലാം കാമ ഭ്രാന്തന്മാരണെന്നു മുദ്രയടിക്കാൻ കഴിയുമോ നമുക്ക്. അവരുടെ സേവനം സമൂഹത്തിനു ആവശ്യമാണെന്ന തിരിച്ചറിവല്ലെ നമ്മെ നയിക്കുന്നത്..നിർത്തുന്നു...-- ജെഫു --

22 comments:

 1. നന്നായിരിക്കുന്നു, വളരെയെറെ നന്നായിരിക്കുന്നു...! പൊതുസമൂഹത്തിന്റെ മുന്നില്‍ പലപ്പോഴും പൊതുചര്‍ചകള്‍ക്കും വിമര്‍ശനങള്‍ക്കും ഒരുവേള അവഹേളനങള്‍ക്കും വശംവതരായ ഒരു വിഭാഗം..! അവരുടേതായ ന്യായന്ന്യായങള്‍ക്കു ചെവികൊടുക്കാന്‍ നാം പലപ്പോഴും ശ്രദ്ദിക്കാറില്ല. മതാദ്ധ്യാപകര്‍ തെറ്റു ചെയ്യാത്തവരെന്ന് കൊട്ടിഘോഷിക്കാനല്ല ഇത്, അവര്‍ക്കിടയിലെ നല്ല കാഴ്ചപ്പാടുകളെ ഉയര്ത്തികൊണ്ടുവരാന്‍ ഈ കുറിപ്പു സഹായകമാവട്ടെയെന്നു പ്രാര്തനമാത്രം. ആശംസകളോടെ....

  ReplyDelete
 2. ഉച്ച ഭക്ഷണത്തിനു ചെന്നപ്പോള്‍ വീട്ടില്‍ പുതിയ മരുമകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.പുയ്യാപ്പ്ള കെട്ടി മൂന്നാം മാസം പ്ലെയിന്‍ കേറിയതാണ്.ചെറുപ്പക്കാരനായ ഉസ്താദിന്‍റെ കൈപിടിച്ച് രാത്രി വൈകി വരൂ ഞാന്‍ വാതില്‍ തുറന്നു തരാം എന്നു പറഞ്ഞത്‌ മരുമകള്‍.എന്‍റെ കൂട്ടുകാരന്‍ ഉസ്താദിന് ഉറച്ച ദൈവിക ഭയം ഉണ്ടായതിനാല്‍ അനിഷ്ടകരമായി ഒന്നും സംഭവിച്ചില്ല.വല്ലതും നടന്നിരുന്നെങ്കില്‍ ആരാണ് കാരണക്കാര്‍....?

  ReplyDelete
 3. അന്‍സാര്‍ ഭായ്.. ഞാന്‍ ശ്രമിച്ചത്‌ അതിനു തന്നെയാണ്. വെറും പഴിചാരല്‍ മാത്രം നല്‍കുന്ന അവരുടെ ജിഇവിതത്തിന്റെ ചെറിയൊരു വശം കാണിക്കാന്‍ . തെറ്റുകളുടെ കാരണക്കാര്‍.. സന്ദര്‍ഭങ്ങള്‍ അവ ആരും കാണാതെ പോകുന്നു.. അതു പാടില്ലല്ലോ.. നന്ദി അന്‍സാര്‍ ഭായിക്കും ഷമീരിനും

  ReplyDelete
 4. good one Jailaf.... so many of us think ...but to tell the truth out loud, needs some one like u..keep it up.

  ReplyDelete
 5. നന്നായി പറയാന്‍ ശ്രമിച്ചു.തലക്കെട്ടില്‍ തന്നെ അക്ഷരത്തെറ്റ്....ശ്രദ്ധിക്കുക.

  ഇനിയും എഴുതുക...
  ആശംസകള്‍ .....

  ReplyDelete
 6. തീര്ചയായുമ്.. നന്ദി റാണി പ്രിയ ...

  ReplyDelete
 7. സമൂഹത്തിലെ പാര്ശ്വവല്ക്കരിക്കപ്പെട്ട ഒരു വിഭാഗമാണ് മുസ്ലിയാന്മാരും മൊല്ലാക്കമാരും. സമൂഹത്തിന്റെ അവഗണന ശമ്പളത്തിലും ചുറ്റുപാടുകളിലും പ്രതിഫലിച്ചപ്പോള്‍ ആണ് പണം ഉണ്ടാക്കാനുള്ള ചില്ലറ മന്ത്ര പിഞ്ഞാണം എഴുത്ത് പോലുള്ള അനാചാരങ്ങള്‍ കടന്നു വന്നത്. ഇന്നും തോട്ടിപ്പണിക്കാരനുള്ള ശമ്പളം പോലും നല്കാതെ മടികാണിക്കുന്ന സമൂഹം ഇതിനു ഉത്തരവാദികളാണ്. പ്രതീക്ഷയുടെ പുതുനാമ്പുകള്‍ കാണുന്നുണ്ടെങ്കിലും.

  Jefu നന്നായി പറഞ്ഞു. ചന്ദ്രിക എഡിറ്റര്‍ ആയിരുന്ന അബ്ദുല്‍ അസീസ്‌ മൗലവി “മുല്ലമാരെ” പറ്റി പണ്ട് എഴുതിയ ഒരു ലേഖനം ഓര്ത്ത്‌ പോവുന്നു.

  ReplyDelete
 8. ആരും ചിന്തിക്കാത്ത മേഘലകളില്‍ ചിന്തിച്ചതിനും, എല്ലാവര്‍ക്കും കുറ്റങ്ങള്‍ മാത്രം പറയാനുള്ള ആളുകളുടെ പ്രശ്നങ്ങള്‍ വളരെ നന്നായി അവതരിപ്പിച്ചതിനും താങ്കള്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നല്ലതും ചീത്തതും എല്ലാ വിഭാഗത്തിലുമുണ്ട്. എന്നെ പഠിപ്പിച്ച ഉസ്താദിന്റെ ശമ്പളം 1500 രൂപ മാത്രമായിരുന്നു. മദ്രസയില്ലാത്ത സമയങ്ങളില്‍ ഓട്ടോറിക്ഷ ഓടിച്ച് കാശുണ്ടാക്കി അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു മാത്ര്കയായിരുന്നു.

  ReplyDelete
 9. വളരെ നന്നായി...ഇതേ കാര്യം അന്ന് ഞങ്ങള്‍ കുറച്ചു പേര്‍ പള്ളിയില്‍ പറഞ്ഞപ്പോള്‍ മോല്ലക്കാന്റെ ശമ്പളം കൂട്ടിക്കൊടുത്ത് കുറചെങ്ങിലും..എല്ലാ അന്ധ വിശ്വാസങ്ങളുടെയും ഒരു കാരണം ഇത് തന്നെയാണ്..എന്തേ

  ReplyDelete
 10. താങ്കള്‍ പറഞ്ഞപോലെ മാത്രം അല്ല കാര്യങ്ങള്‍ മദ്രസാ അദ്ദ്യാപകന്‍ മുതല്‍ പള്ളി മുദ രിസ്സു മാര്‍ സമൂഹത്തില്‍ ഏറ്റവും നീചമായ കാര്യങ്ങള്‍ ചെയ്യുന്നവര്‍ ഉണ്ട് അതിനെ ഒക്കെ ഞായീകരികാന്‍ മതത്തെ ക്കൂട്ട് പിടിക്കുന്നുമുന്ദ്

  ReplyDelete
 11. സലീം ക്ക (ഐക്കരപ്പടിയൻ) ഇക്ക പരഞ്ഞതിനോട് യോചിക്കുന്നു. (ചന്ദ്രിക അല്ലാട്ടോ)

  ഷബീർ: ആരെങ്കിലും ഒരാൾ അങ്ങിനെ ചെയ്താൽ നാട്ടുകാരിൽ പലർക്കും അതും ദഹിക്കാൻ ബുദ്ധിമുട്ടായിരുന്നു.

  ആചാര്യൻ ( നൗഷാദ് ഭായ്)ഇതു തന്നെയാണു സലീംക്കയും പറഞ്ഞതു.

  അയ്യോപാവം (മൂസക്ക) അങ്ങിനെ ചെയ്യുന്നവർ ഉണ്ടു. പക്ഷെ അതു മാത്രമേ അവർ ചെയ്യുന്നുള്ളൂ എന്ന ധാരണ നമ്മളിൽ കടന്നുകൂടിയിരിക്കുന്നു. അതിന്റെ മറ്റൊരു വശം കൂടി കാണിക്കാൻ ശ്രമിച്ചു എന്നു മാത്രം..

  എല്ലാവർക്കും ഒരുപാടു നന്ദി..

  ReplyDelete
 12. മദ്രസ അദ്ധ്യാപകര്ക്ക് നാട്ടില്‍ കിട്ടുന്നതിനേക്കാള്‍ ശമ്പളവും, അംഗീകാരങ്ങളും സംസ്ഥാനം മാറിയാല്‍ തന്നെ കിട്ടുന്നുണ്ട്...
  പള്ളിയില്‍ ലഭിയ്ക്കുന്നതിനേക്കാള്‍ അവര്‍ ട്യൂഷനുകള്‍ എടുത്തും മറ്റ് മതപരമായ കാര്യങ്ങളില് ഏര്‍പ്പെട്ടും സമ്പാദിയ്ക്കുന്നുണ്ട്.
  അംഗീകാരങ്ങളും, ആവശ്യങ്ങളും അവര്‍ ഉന്നയിച്ച് നേടുന്നുമുണ്ട്.
  എല്ലാം ലഭ്യമാകുമ്പോള്‍ വന്ന വഴി മറക്കുന്നൂ,മാനം മര്യാദകള്‍ മറക്കുന്നൂ..
  ആയതിനാല്‍,ഒരു വര്‍ഷത്തിനുള്ളില്‍ മദ്രസയില്‍ പുതിയ ഉസ്താദുകള് വന്നും പോയും കൊണ്ടിരിയ്ക്കുന്നൂ, കുട്ടികളുടെ പഠിത്തം അവതാളത്തിലാകുന്നൂ...
  അറിയാലോ നാട്ടിനു പുറത്ത് തന്‍റെ കുഞ്ഞുങ്ങളെ ഈമാന്‍ കാര്യങ്ങള്‍ പഠിപ്പിയ്ക്കാന്‍ മാതാപിതാക്കള്‍ എത്ര ബുദ്ധിമുട്ടുന്നൂ എന്ന്..

  എനിയ്ക്കു ചുറ്റും നടക്കുന്ന ഒരു സംഭവം വിവരിച്ചൂന്നു മാത്രം..

  ReplyDelete
 13. മറ്റു മത പരമായ കാര്യങ്ങള്‍ എന്നിടത്താണ് പലപ്പോഴും അന്ധ വിശ്വാസങ്ങള്‍ ഉണ്ടായി തീരുന്നതു. ( മുകളില്‍ പലരും സൂചിപ്പിചിട്ടുട്) വേതനം കൂടുതല്‍ കിട്ടുന്ന സ്ഥലത്തേക്ക് ഉദ്യോഗസ്ഥര്‍ മാറി പോകുന്നത് സ്വാഭാവികം. അതിനു ആരെയാണ് പഴി പറയേണ്ടത്. ആവശ്യങ്ങള്‍ ഉന്നയിച്ചു വാങ്ങുന്നത്, ഇരന്നു വാങ്ങുന്ന അവസ്ഥയെങ്കില്‍ കഷ്ടമാണ് അത്. അല്ലെങ്കില്‍ സ്വാഗതം അര്‍ഹിക്കുന്നു. ഒരു മത പരമായ degree ഒന്നും മാനദണ്ട ആക്കാതെ ഉസ്താദുമാരെ നിയമിക്കുന്നവര്‍ക്ക് അവരെ കിട്ടുവാന്‍ യാതൊരു ബുദ്ധിമുട്ടും ഇന്നില്ല. തെറ്റുകള്‍ ന്യായീകരിക്കുന്നില്ല. പക്ഷെ ശരികള്‍ അത് അങ്ങിക്കരിക്കുക തെന്നെ വേണ്ടേ.. ഒരു പാട് നന്ദി വര്‍ഷിണി ഈ സന്ദര്‍ശനത്തിനും അഭിപ്രായത്തിനും..

  ReplyDelete
 14. ഇത് സത്യം ജെഫു. നാടോടുമ്പോള്‍ നടുവേ എന്നത് പണ്ടത്തെ പാവം നിഷ്കളങ്കരായ പണ്ഡിതന്മാര്‍ ചിന്തിക്കാതെ, പള്ളിചെരുവില്‍ പഠിച്ചും പഠിപ്പിച്ചും ഭയ ഭകതിയോടെ ജീവിച്ചു മരിച്ചവര്‍ ഒരു പാടുണ്ട് ചരിത്രത്തില്‍. ഇന്ന് വന്നിരിക്കുന്ന മത ഭൌതിക പഠനങ്ങളുടെ സമന്വയം നമ്മുടെ നാട്ടിലെ സാധാരണക്കാര്‍കിടയില്‍ എത്തേണ്ടതുണ്ട്. എഞ്ചിനീയര്‍ മുസ്ല്യാരും, ഡോക്ടര്‍ ഉസ്താദും വ്യാപകമാവട്ടെ. ഫിഖ്ഹിന്റെയും അഖീദയുടെയും വിധികള്‍ പഠിപ്പിക്കുന്ന നാവില്‍ നിന്ന് തന്നെ ആള്‍ജിബ്രയുടെയും രസതന്ത്രത്തിന്റെയും ഭൌതിക ശാസ്ത്രത്തിന്റെയും അത്ഭുത ലോകവും പഠിപ്പിക്കട്ടെ. ഒപ്പം, ന്യുടെന്‍സ് നിയമങ്ങളുടെ പരിമിതികളും സാധ്യതകളും വിശകലനം ചെയ്യട്ടെ. ആരുടേയും വീട്ടു വരാന്തയില്‍ കയറി നിരങ്ങാന്‍ കൂട്ടാക്കാത്ത ഇച്ചാ ശക്തിയുള്ള, സമൂഹത്തെ നേര്‍ വഴിയില്‍ തെളിക്കാന്‍ കഴിയുന്ന പണ്ഡിതര്‍ ഉണ്ടാവേണ്ടതുണ്ട്. ഇന്ന് പണത്തിന്റെ ഹുങ്ക് മത ബോധത്തില്‍നിന്നും ജനങ്ങളെ അകറ്റിയിരിക്കുന്നു. അലിഫും ബാ ഉം കൂട്ടി വായിക്കാന്‍ അറിയാത്തവര്‍ പള്ളിയും മത നിയമങ്ങളും കൈകാര്യം ചെയ്യുന്നു. നല്ല ചിന്തകള്‍ക്ക് അഭിനന്ദനങ്ങള്‍.പ്രതിഫലം നല്‍കുന്നവന്‍ അവന്‍ മാത്രമാണ്.

  ReplyDelete
 15. നന്ദി ഒരുപാട് . താങ്കളുടെ ഒരു ചിന്ത രീതി തന്നെയാണ് ഇതില്‍ ഉള്‍കൊള്ളിക്കാന്‍ ശ്രമിച്ചത്‌..

  ReplyDelete
 16. നല്ല പോസ്റ്റ്‌, നന്ദി

  ReplyDelete
 17. മറ്റുള്ളവരുടെ ന്യൂനതകളെ പര്‍വതീകരിച്ച്‌ പറയുന്ന നമുക്കിടയില്‍ ഇത്തരം വേറിട്ട ചിന്തകള്‍ക്ക് ഒരു പാട് പ്രസക്തിയുണ്ട്. ഇരുപത്തി മൂന്നു വര്ഷം തുച്ചമായ ശമ്പളത്തിന് ജോലി ചെയ്ത പള്ളിയില്‍ നിന്നു പള്ളി പുതുക്കി പണിത് പുതിയ കമ്മറ്റി രൂപീകരിച്ചപ്പോള്‍ ഭൂരിപക്ഷാഭിപ്രായം മാനിച്ചു ബാങ്ക് വിളിയില്‍ നിന്നു മാറ്റി നിര്‍ത്തി കമ്മറ്റിയുടെ " ഔദാര്യം" കൊണ്ട് വേണമെങ്കില്‍ പള്ളിയിലെ സഹായിയായി തുടരാന്‍ അനുവാദം കൊടുത്ത എന്റെ പ്രിയപ്പെട്ട ഉസ്താതിനെ ഓര്‍ത്തു പോയി .താങ്കളെ അള്ളാഹു അനുഗ്രഹിക്കട്ടെ .

  ReplyDelete
 18. പള്ളി -മദ്റസ ജീവിനക്കാരുടെ 'ദുരവസ്ഥ' ദയനീയമാണ് പല സ്ഥലങ്ങളിലും .....
  നല്ലൊരു പോസ്റ്റ്‌ .അഭിനന്ദനങ്ങള്‍ !

  ReplyDelete
 19. മദ്രസ അധ്യാപകര്‍ക്ക് ആയിരത്തില്‍ താഴെ രൂപയെ പലപ്പോഴും കിട്ടുള്ളൂ ,ഭക്ഷണം ചിലപ്പോള്‍ കിട്ടിയാല്‍ ആയി ,അങ്ങനെയുള്ളവരെ കുറ്റവാളികളെ മാതിരി കാണാന്‍ ആണ് നമുക്കിഷ്ടം .എന്ട്രന്‍സ് കാചിങ്ങിനു നമ്മള്‍ നല്‍കും മാസം ആയിരങ്ങള്‍ ..

  ReplyDelete
 20. ജെഫു,
  വളരെ നല്ല ഒരു പോസ്റ്റ് ....ഇന്നു നമ്മുടെ നാട്ടിൽ എന്തെങ്കിലും മതബോധം ഉണ്ടായിട്ടുണ്ടെങ്കിൽ അതിന്നു കാരണക്കാരായ ഇവരോട് നമ്മൾ എത്ര നന്ദികേടാണു കാണിച്ചത്..ഇപ്പൊൾ എന്തൊക്കെ സൗകര്യങ്ങളും മറ്റുമുണ്ടായിട്ടുണ്ടെങ്കിലും ഇവരുടെ പങ്ക് മറക്കാനാവില്ല..ഹൈദരാബാദിൽ പോയ അനുഭവം ഒരു പണ്ഡിതൻ പങ്കുവച്ചത് ഓർക്കുന്നു..റിക്ഷാവാലയെ പരിചയപ്പെട്ടപ്പോൾ മുസ്ലിം, പേർ വെറുതെ "ഏക് ബാർ ഫാതിഹ പഠോ" എന്ന് പറഞ്ഞപ്പൊൾ മറുപടി ഇതായിരുന്നത്രെ.."മുജേ മാലൂം നഹീ ഹെ, മെരാ ബഠാ ബായ് എക് മുല്ലാ ഹെ ഉസ്കോ അച്ചാ തരഹ് ജാൻതാ ഹെ"..കേരളത്തിന്നു പുരത്തു പോയാലെ നമ്മൾ ഇതിന്റെ വിലയറിയൂ...മാതാപിതാക്കളെ തള്ളിപ്പറയുന്ന ഇന്നത്തെ തലമുറയ്ക്ക് ഇവരോട് പുഛം ആയിരിക്കും...നമ്മൾ എല്ലാ സൗകര്യങ്ങളും പരിധി വിട്ട് ആസ്വദിക്കുമ്പോൾ ഇവർക്ക് കുറച്ച് ശമ്പളം കൂട്ടിക്കൊടുക്കുമ്പോൾ മാത്രം നൂറു ന്യായങൾ..കുടുമ്പമായി താമസിക്കാനുള്ള സൗകര്യം ഏർപ്പെദുത്തുന്നതൊക്കെ എന്നോ ചെയ്യെണ്ടതാൺ.

  ReplyDelete
 21. നല്ല അഭിപ്രായങ്ങള്‍ , ഒറ്റപ്പെട്ട കാര്യങ്ങള്‍ പര്‍വതീകരിക്കുന്നതാണ്` നമ്മുടെ നാടിന്‍റെ ഒരു ശാപം , ആളുകള്‍ മാത്രമല്ല മാധ്യമങ്ങളും മുന്നിലാണ്`..!

  ജെഫു അഭിനന്ദനങ്ങള്‍ ...

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..