Tuesday, 29 March 2011

ഐച്ചാൻ കൊയ്ചാൻ*

മുറിയിൽ നിറഞ്ഞ സീറോ ബൾബിന്റെ നീല വെളിച്ചത്തിൽ ഡബ്ബിൾകോട്ട് ബെഡ്ഡിൽ ഞാൻ മലർന്നു കിടക്കുമ്പോൾ വിരിഞ്ഞ മാറിന്റെ ഒരു പകുതിയിൽ മൃദുവായ ഇടം കവിൾ ചേർത്തു വെച്ചുകൊണ്ടവൾ കിടക്കുന്നു. രോമാവൃതമായ മറുപകുതിയിൽ അവളുടെ വലതു കയ്യിലെ കോടിയടയാളം വീണ ചൂണ്ടുവിരൽ കൊണ്ട് അലക്ഷ്യമായി ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.

“ മുല്ലപ്പൂവിന്റെ മാദക ഗന്ധത്തിൽ, വരിയൊത്ത പല്ലുകൾ പുറത്തുകാട്ടി കവിളിൽ നുണക്കുഴി വിരിയിച്ചു കൊണ്ടു, നിമിഷങ്ങൾ സന്തോഷത്തിന്റെ യുഗങ്ങളാക്കി മാറ്റി എന്റെ കരവലയത്തിലേക്കവൾ ചേർന്നപ്പോൾ.....”

വേദനിപ്പിക്കുന്ന മൂകതയെയും, ഫ്ളാഷ്ബാക്ക് ചിന്തകൾക്കും ഫുൾ സ്റ്റോപ്പിട്ടു കൊണ്ടു എന്റെ നെഞ്ചിലേക്കു ഒരു തുള്ളി കണ്ണുനീർ!!! പതിവിലും വിപരീതമായി ഈ കണികക്കു ആഹ്ളാദത്തിന്റെ ഊഷ്മള ഭാവമല്ലല്ലോ? പകരം ഒരു നീറ്റൽ...

മുടിയിഴകളിൽ തലോടിയിരുന്ന എന്റെ വലതു കരം ഒരു ചോദ്യ രൂപത്തിൽ അവളുടെ വെളുത്ത പിൻ കഴുത്തിൽ ഒന്നമർന്നു. ഇറ്റിവീണ മിഴിനീർ പൊള്ളൽ വീഴ്ത്തിക്കൊണ്ടു ചുറ്റുപാടും പരക്കുന്നു. “ നമുക്കിനി വേണ്ട എന്നും നമ്മളൊന്നിച്ചു കാണുന്ന, ആ സ്വപ്നം. അതിൽ പിച്ചവെക്കുന്ന പൊന്നോമനയെ, നശിപ്പിക്കാം... നമുക്കവളെ ” തീരെ പ്രതീക്ഷിക്കാത്ത ഒരുത്തരം..

എനിക്കഭിമുഖമായി ഞാനവളുടെ താടിയിൽ പിടിച്ചുയർത്തി കരഞ്ഞു കലങ്ങിയ നയനങ്ങളിൽ നോക്കി മറ്റൊരു ചോദ്യം കൂടി എന്റെ കണ്ണുകൾ ആവർത്തിച്ചു. തികച്ചും നിസ്സംഗനായി..

“ പിറന്നു വീഴുമ്പോൾ നമ്മുടെ പിഞ്ചോമന അവൾക്കവകാശമായ മുലപ്പാലിനു വേണ്ടി എന്റെ മാറിനോടു ചേർന്നു കുഞ്ഞിക്കൈകൾ കൊണ്ടു പരതുമ്പോൾ; മാതൃത്വത്തിന്റെ തുടിപ്പായ പ്രണന്റെ ആ തുള്ളികൾ പകർന്നു നല്കാൻ കഴിയുമോ എനിക്ക്.. ഛേദിക്കപ്പെട്ട മുലകളാണു തന്റെ മാതാവിനെന്നവൾക്കറിയില്ലല്ലോ..”

“തുളുമ്പി നിന്നിരുന്ന എന്റെ സൗന്ദര്യത്തിന്റെ ശോഷണം; ഒരു പഴന്തുണിക്കെട്ടിന്റെ ഭാരം നിന്റെ ചുമലിൽ തീർക്കുന്നതും ഞാനറിയുന്നു. സഹതപിക്കുന്ന ഒരു വികാരമല്ല ഞാനാഗ്രഹിക്കുന്നതു.. അതിനപ്പുറത്തേക്കുമുള്ള ജീവിതമാണു. നിനക്കതു തുടർന്നും തരാൻ കഴിയില്ലെങ്കിൽ... തീർക്കാമി സ്വപ്നവും...

കണ്ണുകളിൽ ഒരു കൊള്ളിയാൻ പാഞ്ഞു. ഉത്തരത്തിനായി മനസ്സാക്ഷിയുടെ വെപ്രാളം. ഇരുളിലേക്കു ആഴ്ന്നു പോകുന്ന പോലെ. മാസങ്ങൾക്കു മുൻപ് അവഗണിച്ച രോഗത്തിന്റെ ലക്ഷണം ഇന്നിതാ രാക്ഷസരൂപം പൂണ്ടു നില്ക്കുന്നു ജീവിത വഴിയിൽ. ഒന്നു മടങ്ങി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.

പുറത്ത് നിലാവിലാരോ ഭ്രാന്തു പുലമ്പുന്നു ” നാളെ ചെയ്യാനുള്ളതു ഇന്നുതന്നെ ചെയ്യുക, ഇന്നു ചെയ്യുവാനുള്ളതോ ഇപ്പോൾ തന്നെ ചെയ്യുക.. തിരുത്തുവാനായൊരു തിരിച്ചു പോക്കിന്‌ ആഗ്രഹിക്കുന്നുവൻ നഷ്ടപ്പെട്ടവനാണു എവിടെയും..“.................................
* ഇതിനർത്ഥം ”ആദ്യം മുതൽ തുടങ്ങാം“ മലപ്പുറം ഭാഗത്ത് നാട്ടുകാർക്കിടയിലെ ഒരു സംസാരഭാഷ അടിച്ചു മാറ്റിയതാ.

14 comments:

 1. ഈ കഥയും തലക്കെട്ടും തമ്മിലുള്ള ബന്ധം മനസ്സിലായില്ല. മാത്രമല്ല അവസാനം കഥാകാരന്‍ എന്താണ് ഉദ്ദേശിച്ചതെന്നും.

  ReplyDelete
 2. മാത്യുവിലാപം നന്നായിരിയ്ക്കുന്നൂ, ഒരു സ്ത്രീ ചിത്രമല്ലേ ഇവിടെ ചേരുക..?

  ReplyDelete
 3. ജീവിച്ചുതീര്‍ക്കനായി ഒരേയൊരു തുണ്ടുജീവിതം...!

  മാസ്മരീകമായ ഒരു ടച്ച്‌. അസൂയ തോന്നിപ്പിക്കുന്ന വേറിട്ടൊരു അവതരണ ശൈലി, നന്നായെന്നു മാത്രം പറഞ്ഞാല്‍ പൂര്‍ണ്ണമാവില്ല. കിടിലന്‍...!!!!

  ReplyDelete
 4. എവിടെയോ ഒരു അപൂര്‍ണത ..എങ്കിലും ഇവിടെ ഒരമ്മയുടെ തേങ്ങലോ അച്ചന്റെ നിസംഗതയോ ?

  ReplyDelete
 5. അയ്ച്ചന്‍ കൊയ്ച്ചന്‍" ഞങ്ങള്‍ മലപ്പുറം കാരുടെ ഭാഷക്ക് "വീണ്ടും ആദ്യം മുതൽ തുടങ്ങാം " എന്നാണര്‍ത്ഥം .....

  നന്നായി എഴുതി ... ആശംസകള്‍

  ReplyDelete
 6. ഒന്നു തിരിച്ചു പോകാനും അയ്ചാം കൊയ്ചാം തുടങ്ങാനും കഴിഞ്ഞിരുന്നെങ്കില്‍........നന്നായിട്ടുണ്ട്

  ReplyDelete
 7. ബ്ളോഗിലൂടെയുള്ള സൗഹൃദതിന്റെ യഥാർത്ഥ സമീപനമാണു അഭിപ്രായങ്ങൾ..
  നന്ദി ഷബീർ, വർഷിണി, ഷമീർ, ഈറൻ നിലാവു, ജബ്ബാർക്ക, അൻസാർഭായി..

  ReplyDelete
 8. പ്രണയവും മാതൃത്വവും ആവശ്യമില്ലതൊരു നിരാശാ ബോധവും ഉള്‍കൊള്ളിച്ച നല്ലൊരു പോസ്റ്റ്‌. ഇഷ്ടമായി...

  ReplyDelete
 9. നന്ദി ഫെമിന

  ReplyDelete
 10. ആദ്യാമായാണിവിടെ.
  വന്നത് മോശമായില്ല.
  ഒരു വിത്യസ്തത അനുഭവപ്പെട്ടു...
  നന്നായിരിക്കുന്നു...

  ReplyDelete
 11. നന്ദി റിയാസ് ഭായ്

  ReplyDelete
 12. ഞാന്‍ ഇടയ്ക്കിടെ വന്നിതു വായിക്കും എപ്പോ വായിച്ചാലും ഒരു നീറ്റ്ലാണ് മനസ്സില്‍ ബാക്കി യാവുക അതുകൊണ്ട് ഒന്നും പറയാതെ പോകും
  ഇപ്പോഴും നീറുന്നു എങ്കിലും ........................

  ReplyDelete
 13. കഥകളോടെ ആണ് കൂടുതല്‍ ഇഷ്ടം... വയ്കി വായിക്കാനാണ് വിധി ..
  മൂന്നു കഥയും വായിച്ചു... നന്നായിട്ടുണ്ട്..

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..