Tuesday, 21 June 2011

മഴക്കെടുതിയിലെ മഴമേഘങ്ങൾ

സഖീ..കൈതപ്പൂക്കൾ സാക്ഷിയാണു...നിന്റെ കരിവള കിലുക്കത്തിലൂടെയായിരുന്നു ഞാനെന്റെ ബാല്യത്തെ പ്രണയിച്ചത്

പുതു മണ്ണിന്റെ ഗന്ധത്തിൽ നനഞ്ഞ്, നഗ്ന പാദനായി നടന്നതും ഓർമ്മകളായി മാറിയ നാട്ടുവഴികളിൽ നിന്റെ കാലടിപ്പാടുകളുടെ സാന്നിധ്യമുണ്ടെന്നറിവിലായിരുന്നു..

കൈതപ്പൂകാട്ടിന്നരികിലെ ചിമ്മിണി വിളക്കെരിയുന്ന കൂരകൾക്കു മുന്നിലൂടെ ഞാൻ നടക്കുമ്പോൾ എന്റെ കണ്ണൂകൾ വിടർന്നത് പഴയ ആ ചുവന്ന ഷിമ്മിയുടെ നിറം തേടിയാണല്ലോ

കളിത്തോഴീ.. ഒരു വിരൽ തുമ്പിന്നകലത്തിലും, നീ എന്നിൽ വിരിയുന്ന യാമത്തിനായ് കാത്തിരിക്കുന്ന ഒരു നീലക്കുറുഞ്ഞിയായ് മാറുന്നതെന്തേ..!
................................................................................................
മഴക്കെടുതിയിലെ മഴമേഘങ്ങൾ...ചന്ദ്രബിംബത്തിന്റെ മൂർദ്ധാവിൽ ചുംബനം കൊണ്ട് ചാർത്തിയ പ്രണയ സിന്ദൂരം; ചന്ദന വർണ്ണ മേനിയിലേക്കു പടർന്നിറങ്ങിയ ചാറ്റൽ മഴയിൽ, നിന്റെ മനസ്സിൽ കുരുത്ത മോഹഭംഗത്തിന്റെ സീല്ക്കാരനാദം ഏകാന്തമായെൻ തീരത്തിലെ വരണ്ട മേഘങ്ങളിൽ കൊടുങ്കാറ്റ് വർഷിച്ച് കടന്നുപോയി.

കർക്കിടകത്തിലെ സായന്തനങ്ങളിൽ നിറവയറുമായി നില്ക്കുന്ന മഴമേഘങ്ങളെ തലോടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ്, ഇടതൂർന്ന നിന്റെ മുടിയിഴകളിൽ സാന്ത്വനമോതുന്ന തഴമ്പിച്ച വിരലിന്റെ ചലന ചാരുത നല്കുന്നുവല്ലേ.. കണ്ഠസ്തരത്തിൽ നിശ്വാസ വായ്പിന്റെ മൃദു വികാരവും..

തുളസിക്കതിർ ചൂടി, ഈറനുടുത്ത് മനോഹരിയായ ഉഷ:സന്ധ്യയുടെ മോഹിപ്പിക്കുന്ന ഹിമകണങ്ങൾ ഉഷ്ണരൂപിയായ മണൽക്കാറ്റിന്റെ ചാരപടലങ്ങളാൽ മൂടപ്പെട്ട ഒരു കനലായ് എരിഞ്ഞു നില്ക്കുന്നുവെന്നിലെന്റെ സുകൃതമേ..

ഇനിയുമെത്ര നാൾ..ആ മഴയിലൊന്നു നനയുവാൻ.!!!

40 comments:

 1. വളർച്ചയുടെ പടവുകളിൽ എന്നോ നഷ്ടപ്പെട്ടു പോയ കളിക്കൂട്ടുകാരിയും, ഗൃഹാതുരത്വത്തിന്റെ നാളുകളിൽ തുടിക്കുന്ന ഓർമ്മകൾ സമ്മാനിക്കുന്ന പ്രിയതമയും ഒരു മഴക്കാലത്തിന്റെ കെടുതിയായ് മാറുന്നുവിന്നെന്നിൽ...

  ReplyDelete
 2. "കർക്കിടകത്തിലെ സായന്തനങ്ങളിൽ നിറവയറുമായി നില്ക്കുന്ന മഴമേഘങ്ങളെ തലോടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ്"
  മനോഹരം ജെഫു. ഈ വരികള്‍ മാത്രമല്ല, എല്ലാം .
  സുന്ദരമായ പോസ്റ്റ്‌.
  അഭിനന്ദനങ്ങള്‍

  ReplyDelete
 3. പണ്ട് വെറുതെ മഴയെ നോക്കിയിരുന്നു, കളിക്കാന്‍ പോകാന്‍കഴിയാതെ, ഈ മഴയെന്താ തോരാത്തെയെന്നു പലവട്ടം മഴയോടുതന്നെ ചോദിച്ചിട്ടും പിന്നെയും പിന്നെയും ചന്നം പിന്നം പെയ്തുകൂട്ടിയ മഴയെ ഞാനിഷ്ടപെട്ടിരുന്നോ....? അറിയില്ല, പക്ഷെ... തോരാതെ പെയ്തിറങ്ങാന്‍ ആശിച്ചിരുന്നു, ആറാം ക്ലാസ്സിന്റെ മൂലയിലേക്ക് വെള്ളം ചോര്‍ന്നോലിച്ചു സുജാത ടീച്ചര്‍ ക്ലാസ്സുമതിയാക്കുമ്പോള്‍ നേരത്തെ വീട്ടിലെത്താന്‍വേണ്ടിമാത്രം...!

  മഴയുടെ ഭംഗി തിരിച്ചറിഞ്ഞത് ഇവിടെയാണ്‌,
  അതിന്റെ കുളിര് നഷ്ടപ്പെട്ടതും ഇവിടെവേച്ചുതന്നെ.......
  ജെഫു, നന്ദി..........

  ReplyDelete
 4. മഴക്കാലത്ത് ഈ പോസ്റ്റ്‌ വായിക്കുമ്പോള്‍ ഒരു പ്രത്യേക സുഖം.
  ആശംസകള്‍.

  ReplyDelete
 5. നന്നായിരിക്കുന്നു !
  മഴ നനഞ്ഞു നില്‍ക്കുന്നത് പോലെ ഒരു സുഖമുള്ള വായന !
  ആശംസകള്‍ ...

  ReplyDelete
 6. മഴ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലേ... ഞാനിന്ന് യാത്രയാവുകയായി മഴ നനയാന്‍..

  ReplyDelete
 7. മഴ പ്രണയിനിയാണ്. നഷ്ടപ്രണയങ്ങളുടെ ഈ മരുച്ചൂടില്‍ മനസ്സൊന്നു കുളിരാന്‍ വേണ്ടി, തൊണ്ടയൊന്നു നനയാന്‍ വേണ്ടി നമുക്കും ഒരു വേഴാമ്പലിനെ പോലെ മഴവരുന്നതും പ്രതീക്ഷിച്ചിരിക്കാം... ജെഫൂ എഴുത്ത് ഇഷ്ടായി ട്ടോ..

  ReplyDelete
 8. രണ്ടു കുറിപ്പുകളും കവിതാത്മകമായ വാക്കുകള്‍ കൊണ്ട് സമ്പുഷ്ടം ,,:)

  ReplyDelete
 9. എന്നുമോര്‍മ്മയില്‍ പ്രണയം പൂക്കുമെങ്കില്‍ ഒരു നാളില്‍ നിനക്കായി പൂക്കുമാ കുറിഞ്ഞിയും.വാഗ്ദത്ത ഭൂമിയില്‍ വിസ്മയ കാഴ്ചയായി നിനക്ക് സ്വഗതമോതുമാ വളകിലുക്കങ്ങളും. !

  ഓരോ വാക്കും എന്നെ വല്ലാതെ ആകര്‍ഷിക്കുന്നു. പ്രിയാ..!

  ReplyDelete
 10. "കളിത്തോഴീ.. ഒരു വിരൽ തുമ്പിന്നകലത്തിലും, നീ എന്നിൽ വിരിയുന്ന യാമത്തിനായ് കാത്തിരിക്കുന്ന ഒരു നീലക്കുറുഞ്ഞിയായ് മാറുന്നതെന്തേ..!"

  വായിച്ചിട്ടും വായിച്ചിട്ടും മതിവരാത്ത വരികള്‍..
  ഒരുപാട് ഇഷ്ടമായി.. അസൂയ നിറഞ്ഞ അഭിനന്ദനങ്ങള്‍...

  ReplyDelete
 11. ഇന്ന് ആ ചുവന്ന ഷിമ്മി ഇട്ട അവള്‍ക്ക് ഒരു പുതുമന്നിന്‍ സുഗന്തം ഉണ്ടോ ?
  നല്ല സാഹിത്യം സ്ഫുരിക്കുന്ന വരികള്‍

  ReplyDelete
 12. .....................
  കുറിപ്പായോ
  കവിതയായോ
  വായിക്കേണ്ടതെന്ന
  ആശയക്കുഴപ്പം ഉണ്ടാക്കിയ
  നീരസത്തോടെയാണ് വായിച്ചു
  തുടങ്ങിയത്..സത്യമായും ജെഫൂ,
  താങ്കളുടെ വരികളും, പ്രണയത്തിലെ ഊഷ്മളതയും
  എന്റെ ഉള്ളു നിറച്ചില്ലായിരുന്നെങ്കില്‍ ഒരു കമന്റിടാതെ
  ഞാന്‍ പൊയ്ക്കളയുമായിരുന്നു ...മനോഹരമായ ഈ വരികളെ, ഒന്നടുക്കിപ്പെറുക്കി
  ചില്ലക്ഷരങ്ങളുടെ
  ശോഷിപ്പില്ലാതെ
  അണിയിച്ചോരുക്കിയാല്‍
  കണ്ണ്‍ കിട്ടും ട്ടോ..

  ReplyDelete
 13. ഇവിടെ ഞാന്‍ ആദ്യമായിട്ടാണെന്നു തോന്നുന്നു ..ഇവിടെയെത്തിയപ്പോള്‍ നഷ്ട്ടപ്പെട്ട ബാല്യത്തെ ഞാന്‍ ഓര്‍മ്മകല്ക്കിടയില്‍ ചികഞ്ഞെടുക്കാന്‍ ശ്രമിച്ചു. . വല്ലാത്തൊരു വശീകരണ ശക്തിയുള്ള വാചകങ്ങള്‍.. കൈതപ്പൂകാട്ടിന്നരികിലെ ചിമ്മിണി വിളക്കെരിയുന്ന കൂരകൾക്കു മുന്നിലൂടെ എന്റെ ഓര്‍മ്മകളും സഞ്ചരിച്ചു .. അവിടെ എന്റെ കണ്ണുകളും തേടിയലഞ്ഞു എന്റെ കളികൂട്ടുകാരെ.. ജീവിതത്തിന്റെ സഞ്ചാരത്തിനിടയില്‍.. പാതി വഴിയില്‍ വെച്ച് എങ്ങോട്ടോ ദിശ മാറി ഒഴുകിയ സൌഹ്ര്ദങ്ങള്‍... കുളിരണിയിക്കുന്ന ചാറ്റല്‍ മഴയോടൊപ്പം ഈ വരികള്‍ക്കിടയിലൂടെ ഞാനും എന്റെ ഓര്‍മ്മകളും ഒത്തിരി ദൂരം പിന്നിലേക്ക്‌ സഞ്ചരിച്ചു.. ഒരതിരി ഇഷ്ട്ടമായി ഈ എഴുത്ത്...ഇനിയും സാഹിത്യത്തിന്റെ പരിമളം പരത്തികൊണ്ട് ഭാവനയുടെ പറുദീസയില്‍ ഒത്തിരി അക്ഷര പൂക്കള്‍ വിരിയട്ടെ .ഇവിടം പ്രണയവും അക്ഷരങ്ങളും ഭാവനയും മനോഹരമായി ചേരുന്നിടം തന്നെ..ആശംസകള്‍..

  ReplyDelete
 14. ഈ മഴകാലത്തിലും കൂറെ നീര്‍ അരുവികളുണ്ടാകും
  വേനലില്‍ ഈ നടവഴികളില്‍ അതിന്റെ പാടുകള്‍ കാണുമ്പോള്‍ കഴിഞ്ഞ മഴക്കാലത്തിനെ ഓര്‍മവരും
  മഴയില്‍ ലയിച്ച പഴയകാല ഓര്‍മകള്‍
  ആശംസകള്‍

  ReplyDelete
 15. ബാല്യം നനഞ്ഞ മഴയും, പ്രണയം നിറഞ്ഞ മഴയും...വളരെ ഇഷ്ടായി..... എത്ര പറഞ്ഞാലും മതി വരാത്ത...തീരാത്ത... മഴ ചിന്തുകള്‍..ഓര്‍മ്മകള്‍..
  ആശംസകള്‍...

  ReplyDelete
 16. ഒരു കവിതയുടെ സുഖം. നല്ല ഒഴുക്കോടെ വായിക്കാം . ആശംസകള്‍

  ReplyDelete
 17. ചെറുവാടി, ഷമീര്‍, mayflowers, ി, പുഷ്പാഗതൻ കേച്ചേരി, രമേശേട്ടൻ, നാമൂസ്ഭായ്, മോൻസ്,കൊമ്പൻക്ക, നൗഷാദ്ക്ക, ഉമ്മു അമ്മാർ, ഷാജു, വർഷിണി, ്ദി.. ഇസ്മായിൽ ഭായ് എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 18. ജെഫു...മനോഹരം
  നല്ലൊരു മഴ കൊണ്ട് മനസ്സും ശരീരവും കുളിര്‍മ്മയണിഞ്ഞ പ്രതീതി!
  നല്ല സുഖമായ വായനാനുഭവം നല്‍കിയതിന് നന്ദി!

  ReplyDelete
 19. ഒരുപാട് ഇഷ്ടപ്പെട്ടു ഈ കാവ്യാത്മകമായ വരികള്‍.മഴയും,പ്രണയവും,പ്രവാസവുമൊക്കെ ഭംഗിയായി കോര്‍ത്തിണക്കിയിരിക്കുന്നു.

  ReplyDelete
 20. മനോഹരം... ഒത്തിരി ഇഷ്ടായി....

  ReplyDelete
 21. മനോഹരമായ്‌ വരികള്‍....
  അഭിനന്ദനങ്ങള്‍

  ReplyDelete
 22. ഓഹോ, ഇത്രയൊക്കെ മനോഹരമായിട്ടെഴുതും അല്ലെ!
  നന്നായി ഭായീ.

  ReplyDelete
 23. ഒഴുക്കുള്ള വരികള്‍...
  കുളിരുള്ള സ്പര്‍ശം പോലെ...

  ReplyDelete
 24. >>>തുളസിക്കതിർ ചൂടി, ഈറനുടുത്ത് മനോഹരിയായ ഉഷ:സന്ധ്യയുടെ മോഹിപ്പിക്കുന്ന ഹിമകണങ്ങൾ ഉഷ്ണരൂപിയായ മണൽക്കാറ്റിന്റെ ചാരപടലങ്ങളാൽ മൂടപ്പെട്ട ഒരു കനലായ് എരിഞ്ഞു....<<<<

  ഒഴുകിപ്പോയ ഗതാകാലാത്തിന്‍റെ നഷ്ട ബോധം നിഴലിക്കുന്ന വരികളില്‍ മഴയും, പ്രണയവും, സൗഹൃദം പൂത്ത സായന്തനങ്ങളുടെ സ്മൃതിമധുരവും സമന്വയിപ്പിച്ചു പ്രണയാക്ഷരങ്ങളുടെ കാവ്യാത്മകമായൊരു വര്‍ണ പ്രപഞ്ചം തീര്‍ത്തിരിക്കുന്നു ജെഫു. ഈ എഴുത്തിനു അഭിനന്ദനങ്ങള്‍.

  ReplyDelete
 25. ഇത് വായിക്കുമ്പോള്‍ പുറത്തു മഴ തിമര്‍ത്തു പെയ്യുന്നു ............

  മഴയുടെ ഭാവങ്ങള്‍ പോലെ മനോഹരമായ അവതരണം ....

  ജെഫു ...........ആശംസകള്‍

  ReplyDelete
 26. മഴപെയ്യുന്നത് കാണുമ്പോള്‍ മനസ്സിലുറങ്ങിക്കിടക്കുന്ന പഴയകാര്യങ്ങള്‍ തലപൊക്കാനാരംഭിക്കുമല്ലേ...തിമിര്‍ത്തുപെയ്യുന്ന മഴയില്‍ നനഞ്ഞുകുളിച്ച് ഓര്‍മ്മകളുമയവിറക്കി ഒരു മൂളിപ്പാട്ടും പാടി അങ്ങിനെയങ്ങിനെ ഒഴുകിയൊഴുകി ഒരു പട്ടം പോലെ......

  ReplyDelete
 27. വാഴക്കോടന്‍,Pradeep Kumar, Lipi,Naushu, കണ്ണൂരാന്, alif kumbidi, അക്ബർക്ക, ശ്രീകുട്ടൻ.. എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 28. പ്രണയസ്മൃതികളും മഴക്കാഴ്ചകളും വളരെ നന്നായിട്ടുണ്ട് ജെഫു. ആശംസകള്‍!!

  ReplyDelete
 29. മഴയുടെ നവരസങ്ങള്‍ ..വൈവിധ്യമാര്‍ന്ന ഭാവങ്ങള്‍ ..ഒരു കമിതാവായ് ഇളം കാറ്റിന്‍ ചൂളമടിയുമായോടെ ഭൂമിയെ പുണരുന്നു..അവളെ സ്നേഹ വര്‍ഷങ്ങളാല്‍ കുളിരണിയിക്കുന്നു..ചിലപ്പോള്‍ പാത്തും പതുങ്ങിയും ലാസ്യ ഭാവമാര്‍ന്ന കള്ളക്കാമുകന്റെ വേഷത്തില്‍ ..ഇടയ്ക്കൊക്കെ പരിഭവം പോലെ ഒന്നു ചിണുങ്ങി പോകുന്നു.കരുണയോടെ ഭൂമിയുടെ ദാഹം ശമിപ്പിക്കുമ്പോഴും ,ക്രോധം കൊണ്ട് ഒന്നു വിറപ്പിക്കുമ്പോഴും ..പേമാരിയായ് ആര്‍ത്തലച്ച് തന്റെ രൌദ്ര ഭാവം കാണിക്കുമ്പോഴും പാവം ഭൂമി അവള്‍ പിന്നേയും എല്ലാം മറന്ന് സഹനത്തിന്‍ മൂര്‍ത്തീഭാവമായ് കാത്തിരിക്കുന്നു..അവന്റെ സ്നേഹ വര്‍ഷങ്ങളുടെ ആര്ദ്രമായ തലോടലുകള്‍ക്കായ്....Good lines Jefu.

  ReplyDelete
 30. ജെഫു എത്ര സുന്ദരമായി എഴുതുന്നു ..!!!


  ഒരു മഴ നനഞ്ഞ ബാല്യ കാലം

  മനസ്സില്‍ കുളിര് കോരുമ്പോള്‍ അതില്‍ നിന്നു

  ഉതിരുന്ന വാക്കുകള്‍ കവിത തന്നെ ..അടുക്കി

  പെറുക്കി വെച്ചാല്‍ ഈണം മൂളാം അത്ര

  തന്നെ വത്യാസം ...അഭിനനദനങ്ങള്‍ ‍ ജെഫു ...

  ഒത്തിരി ഇഷ്ടപ്പെട്ടു ...

  ReplyDelete
 31. കവിതകള്‍ എനിക്ക് താല്പര്യം കുറഞ്ഞ മേഖലയാണ്‌. പക്ഷെ ജെഫുവിന്റെ സൗന്ദര്യവും ഭാവനയും ചിറകു വിടര്‍ത്തുന്ന ഈ വരികളെ ഞാന്‍ വല്ലാതെ ഇഷ്ടപ്പെടുന്നു.... ആശംസകള്‍

  ReplyDelete
 32. ethravattam vayichu ennu parayanavilla,manassine ardramakunna nalla varikal.orupadorupadishttayi,ashamsakal

  ReplyDelete
 33. >>ഉഷ്ണരൂപിയായ മണല്‍ക്കാറ്റിന്റെ ചാരപടലങ്ങളാള്‍ മൂടപ്പെട്ട ഒരു കനലായ് എരിഞ്ഞു നില്ക്കുന്നുവെന്നിലെന്റെ സുകൃതമേ.<<

  മഴകാത്ത വേഴാമ്പലായ്‌ ഈ സുന്ദരവരികളെ പുണര്‍ന്ന് മറ്റൊരു പ്രവാസികൂടി........:(

  ReplyDelete
 34. കുറിപ്പ് പഴയത് ആണെങ്കിലും കാണുന്നത് ഇപ്പോള്‍ .. കാരണം രണ്ടായിരത്തി പതിനൊന്നു ജൂലൈ അവസാനം ആണ് ഞാന്‍ ബ്ലോഗ്ഗ് തുടങ്ങുന്നത്...

  തുളസിക്കതിർ ചൂടി, ഈറനുടുത്ത് മനോഹരിയായ ഉഷ:സന്ധ്യയുടെ മോഹിപ്പിക്കുന്ന ഹിമകണങ്ങൾ ഉഷ്ണരൂപിയായ മണൽക്കാറ്റിന്റെ ചാരപടലങ്ങളാൽ മൂടപ്പെട്ട ഒരു കനലായ് എരിഞ്ഞു നില്ക്കുന്നുവെന്നിലെന്റെ സുകൃതമേ..

  ഈ വരികളെ എന്ത് വിളിക്കാം?? തികച്ചും കവിതാത്മകമായ ചാരുതയാര്‍ന്ന വരികള്‍ എന്ന് .

  ReplyDelete
 35. തുളസിക്കതിർ ചൂടി, ഈറനുടുത്ത് മനോഹരിയായ ഉഷ:സന്ധ്യയുടെ മോഹിപ്പിക്കുന്ന ഹിമകണങ്ങൾ ഉഷ്ണരൂപിയായ മണൽക്കാറ്റിന്റെ ചാരപടലങ്ങളാൽ മൂടപ്പെട്ട ഒരു കനലായ് എരിഞ്ഞു നില്ക്കുന്നുവെന്നിലെന്റെ സുകൃതമേ..

  അത് തകര്‍ത്തുട്ടാ ....

  ReplyDelete
 36. മഴയും, പ്രണയവും ഭംഗിയായി കൂട്ടിച്ചേര്‍ത്തിരിക്കുന്ന ഈ മനോഹരമായ വരികള്‍ക്ക് അഭിനന്ദനങ്ങള്‍ ജെഫ്ഫു ....!!

  ReplyDelete
 37. കൂടരഞി കരുതിയ പോലെ ഞാനും കരുതി,കവിതയോ അതോ കുറിപ്പോ എന്ന്!! മഴ എത്ര വര്‍ണ്ണിച്ചാലും വിവരിച്ചാലും മതിവരാത്തത്...ഈ മരു ഭൂ വാസത്തിലും മനസ്സിലെ കാര്‍മേഘത്തെ മഴതുള്ളിയാക്കി മാറ്റിയ വരികള്‍..

  ReplyDelete
 38. ജെഫൂ. ഏറ്റവും ഇഷ്ടപെട്ടത് ആദ്യത്തെ കവിതയാണ്..വല്ലാത്തൊരു ഫീല്‍ കിട്ടി അത് വായിച്ചപ്പോള്‍.

  രണ്ടാമത്തെ കവിതയ്ക്ക് നല്ല ആര്‍ദ്രത യാണ് മനസ്സില്‍ തോന്നിയത്.

  ആകെ മൊത്തം നല്ല വരികള്‍.

  ആശംസകള്‍.

  ReplyDelete
 39. ആദ്യത്തേതില്‍ മനസ്സും രണ്ടാമത്തേതില്‍ പ്രകൃതിയും കഥാ പാത്രങ്ങളായി വരുന്നത് കൊണ്ടാകാം ആദ്യത്തേതാണ് കൂടുതല്‍ ഇഷ്ടമായത്. നല്ല കാവ്യാത്മകത. ജെഫ്ഫൂ..നന്ദി..എവിടെയോ ഒരു നൊമ്പരപ്പെടുത്തല്‍ പോലെ കോറിയിട്ട വരികള്‍ക്ക്..

  ReplyDelete
 40. ലളിതം ,സുന്ദരം,പ്രണയാതുരം.ചിലവരികള്‍ വളരെ ഹൃദയ സ്പര്‍ശമാണ്.തുടര്‍ന്നും മനോഹര രചനകള്‍ ഉണ്ടാകട്ടെ.അഭിനന്ദനം ...എല്ലാ ഭാവുകങ്ങളും ആശംസിക്കുന്നു.അല്ലാ.......... ആരാ ഈ ചുവന്ന ഷിമമി ക്കാരി....? :)

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..