Tuesday, 28 October 2014

ലിവിംഗ് ടുഗേതർ

പടിഞ്ഞാറുനിന്നും വീശിയ നനവുള്ള കാറ്റ് അസർ ബാങ്കിന്റെ വരികളെയും കോരിയെടുത്ത് ചേവൂരിന്റെ തെക്കു ഭാഗത്തേക്ക് ഊളിയിട്ടു. നിരതെറ്റി നില്ക്കുന്ന മാവിൻചില്ലകളിൽ കാറ്റ് മുത്തമിട്ടപ്പോൾ പഴുതത് നില്ക്കുന്ന മൂവാണ്ടൻ മാങ്ങകളിലൊന്ന് താഴേക്ക് വീണു. പഴയപോലെ മാമ്പഴം പെറുക്കാൻ കുട്ടികൾ ഓടിക്കൂടാറില്ല. മുറ്റത്തെ മുല്ലക്ക് മാത്രമല്ല മാമ്പഴത്തിനും മണം കെട്ടുപോയിരിക്കുന്നു. വീണുകിടക്കുന്നത് കൊച്ചുഭായീടെ വീട്ടുമുറ്റത്തായപ്പോൾ പ്രത്യേകിച്ചും. 4സെന്റ് പുരയിടത്തിനുചുറ്റും വേലികൾ ഇല്ലെങ്കിലും മനസ്സുകൊണ്ടൊരു മതിൽ നാട്ടുകാർ പണിതിട്ടുണ്ട്. ദൂരെനിന്നും വഴിതെറ്റിയെത്തുന്ന നോട്ടങ്ങൾ മാത്രമാണ്‌ വീടിന്റെ പടികടന്ന് വല്ലപ്പോഴും കയറിവരാറുള്ളത്.

“എന്താ കൊച്ചുഭായി ഇന്ന് നേരത്തെയാണല്ലോ?” ഉമ്മറത്തെ ചാരുകസേരയിൽ കിടന്നുകൊണ്ട് ഉപ്പാടെ നീട്ടിയുള്ള ചോദ്യം.
“ഇന്നൊരുത്തന്‌ ഒരു വല്ലായ്മ. അവനെ ബുദ്ധിമുട്ടിക്കണ്ടാന്ന് വെച്ചു” നുകത്തിന്റെ ഇടതുഭാഗത്ത് കെട്ടിയിരിക്കുന്ന ചെമ്പൻ കാളയെ നോക്കി ശബ്ദം താഴ്ത്തി കൊച്ചുഭായി മറുപടി നല്കി. ചെമ്മണ്ണ്‌ വിരിച്ച പാതയിൽ പൊങ്ങിനില്ക്കുന്ന ഉരുളൻകല്ലുകളെ ഞെരിച്ച് കരകര ശബ്ദമുണ്ടാക്കി കാളവണ്ടി മുന്നോട്ട് നീങ്ങി.

ചക്രത്തിന്റെ പാടുകളിൽ നിന്നും നോട്ടം പിൻവലിച്ച് ഞാൻ ഉപ്പയോട് ചോദിച്ചു. “ഉപ്പാ നാട്ടുകാര്‌ പറയുന്ന പോലെ കൊച്ചുഭായിക്കാക്ക് എവിടെയെങ്കിലും വേറെ കുടുംബം ഉണ്ടോ?“
”അയാൾക്കെവിടെയും കുടുംബോം കുട്ട്യോളൊന്നും ഇല്ല. പത്തിരുപത് കൊല്ലം മുമ്പ് മാടായിപ്പൊറം ചന്തേന്ന് നാട്ടുകാർക്കുള്ള സാധനങ്ങളും കൊണ്ട് വന്നതാ ഒരു പെരുന്നാളിന്റെ തലേന്ന്. പിന്നെ തിരിച്ച് പോയില്ല. കാളവണ്ടിയുമായി അയാൾ ഇവിടെതന്നെ കൂടി. 

ബോധം വെച്ചതുമുതൽ കൂടെ കരഞ്ഞതും, ചിരിച്ചതും ഉറങ്ങിയതുമെല്ലാം സ്വന്തമായുണ്ടായ അനാഥനെന്ന വിളിയോടൊപ്പമായിരുന്നു. സനാഥനായപ്പോഴാണ്‌ വണ്ടിക്കാരൻ കൊച്ചുഭായിക്ക് നാട്ടുകാരൊരു വിളിപ്പേര്‌ കൊടുത്തത്. 


ഇതിനുമുൻപും ഈ നാട്ടിൽ പലരും മതംമാറിയും അല്ലാതെയും കല്യാണം കഴിച്ചിട്ടുണ്ട്. സെന്ററിലെ കോളേജിൽ പഠിപ്പിക്കുന്ന രജിത്ത് സാർ കൊണ്ടുവന്നത് ക്ലാസ്സിലെ ഒരു മുസ്ലിം കുട്ടിയെയാണ്‌. അതും കൊച്ചുഭായീടെ രണ്ട് വീട് അകലെയും. എന്നിട്ടും 50 വയസ്സുകാരന്റെ കല്യാണമെങ്ങനെ എതിർക്കപ്പെടേണ്ടതായി. അറിയില്ല, എങ്കിലും 43കാരിയെ കെട്ടിയ കൊച്ചുഭായി ലവ് ജിഹാദുകാരനായി. വയസ്സായവന്റെ പൂത്യേ എന്ന് പരിഹസിച്ചവർക്കും അനാഥരായവരുടെ നിലനില്പിന്‌ വേണ്ടിയുള്ള ജിഹാദായി അതിനെ കാണാനുള്ള കാഴ്ചയില്ലാതെയും പോയി. 

കൊച്ചുഭായീടെ കൂടെ ജീവിക്കാനായി വന്നവളാണ്‌ അമ്മിണി. ചെറുപ്പം മുതൽ തന്നെ കൽപണികളുടെ ചൂടും ചുമടും ചുമന്ന് വളർന്നവൾ. സ്ത്രീ ഉടലിന്നുള്ളിലെ പുരുഷരൂപം. അച്ഛന്റെ മരണശേഷം താഴെയുള്ള ആങ്ങളമാരുടെ വിശപ്പ് കെടുത്താനും കൂടിയാണ്‌ അമ്മിണി പണിക്കുപോയത്. കാലങ്ങളോളം നടുവുളുക്കി കിടന്ന അമ്മയുടെ  നടക്കാതെ പോയ ആഗ്രഹവും അമ്മിണിയുടെ കല്യാണം തന്നെയായിരുന്നു. അമ്മിണി ഇപ്പോൾ ഒരു അധികപ്പറ്റായത് ആങ്ങളമാർ കുടുംബമായി ജീവിക്കാൻ തുടങ്ങിയപ്പോഴാണ്‌. 

ആഗ്രഹങ്ങൾക്ക് ചൂടുപിടിക്കാൻ തുടങ്ങിയവർക്ക് അമ്മിണിയുടെ കീഴ്ചുണ്ടിന്റെ കന്യകത്വം അടിവയറിനു താഴേക്ക് ആളിപ്പടരുന്ന കാട്ടുതീയായിരുന്നു. ജീവിതം കിതക്കാൻ തുടങ്ങിയപ്പോൾ വണ്ടിക്കാരന്റെ കൂടെ പൊറുക്കാനുണ്ടായ തീരുമാനം അജ്ഞാതമാണ്‌. അമ്മിണിയെ മനസ്സിൽ ഭോഗിച്ചവർക്ക് മുഴുത്തൊരു അസൂയയും.

ഇരുട്ടൊലിച്ച് പോകുന്നവിധം തുലാവർഷം നാടടച്ച് പെയ്യുന്നു. കൊച്ചുഭായീടെ വീട്ടിലേക്ക് അമ്മിണി താമസം മാറിയ രണ്ടാംരാത്രിയിലെ മഴയൊഴിഞ്ഞ സമയം. ഉച്ചത്തിലുള്ള സംസാരം കേട്ടാണ്‌ അയല്പക്കത്തുള്ളവർ ഉണർന്നത്. കൊച്ചുഭായീടെ പുരയുടെ മുറ്റത്ത് അമ്മിണിയുടെ ആങ്ങളമാർക്കൊപ്പം ചില നാട്ടുകാരും കൂടിയിട്ടുണ്ട്. ചീത്തവിളിച്ച് അമ്മിണിയെ പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുവരുമ്പോൾ തോർത്തിനടിയിൽ മാറിടം പകുതിയും നഗ്നമായിരുന്നു. “സുഖിച്ച് കെടക്കാ പട്ടികൾ രണ്ടും, ഈ വരത്തൻ മേത്തന്റെ കൂടെ പൊറുക്കാൻ നിന്നെ ഞങ്ങൾ വിടില്ലെടീ” ആങ്ങളമാരിൽ ഒരാളുടെ ശബ്ദം കൂടുതൽ ഉച്ചത്തിലായി. 

വീണിടത്തുനിന്നും അമ്മിണി എഴുന്നേറ്റ് സ്ഥാനം തെറ്റിയ തോർത്ത് നേരെയാക്കിയിട്ടു. “ എടാ.. നീ എന്നാ എനിക്കൊരു കൂടെപ്പെറപ്പ് ആയിട്ടുള്ളേ, വീട്ടീച്ചെന്ന് കെട്ട്യോളോടൊന്ന് ചോദിക്ക്, ഒരു പെണ്ണിന്‌ ആവശ്യം കെട്ട്യോനും അവന്റെ കാട്ടിക്കൂട്ടലും മാത്രമാണോന്ന്. അമ്മിണി ജീവിക്കാൻ വേണ്ടി ആണായിട്ടുണ്ട്. ഇനി പെഴക്കാൻ വേണ്ടീട്ടെങ്കിലും ഞാനൊരു പെണ്ണാവട്ടെടാ.”

ചങ്കിൽ തടഞ്ഞ ശ്വാസം മുഴുവനായെടുത്ത്, നെറ്റിപൊട്ടി അവശനായ കൊച്ചുഭായിനെയും താങ്ങിപ്പിടിച്ച് അമ്മിണി അകത്തേക്ക് കയറി. ചോദ്യങ്ങളെ മുഴുവൻ പുറത്താക്കി വാതിലടച്ച് പൂർണ്ണമായ രണ്ട് ഉത്തരങ്ങൾ പുരക്കുള്ളിൽ മറഞ്ഞു. മുറുമുറുപ്പിൽ മുഖം കനപ്പിച്ച് ആളുകൾ പിരിഞ്ഞു പോയി. പകലിന്റെ വിയർപ്പ് ഉണങ്ങാത്ത ജാക്കറ്റുകളിലെ പിന്നിയ നൂലിൽ നിന്നും രാമഴയുടെ തുള്ളികൾ അപ്പോഴും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. 

ഉപ്പൂമ്മാക്ക് അമ്മിണ്യേച്ചിയോട് പ്രത്യേക വാത്സല്യമായിരുന്നു. എന്റെ ചെറുപ്പകാല ഓർമ്മകളെ അനുഗമിച്ച് അമ്മിണ്യേച്ചിയും ഒരുകുടുബാഗം പോലെ എനിക്കു കൂട്ടിനുണ്ടായി. കാലം തീർത്ത വിടവുകളിലൂടെ ഉപ്പൂമ്മ തിരിച്ചുപോയപ്പോൾ അമ്മിണ്യേച്ചിയും സ്വന്തത്തിലേക്ക് ഉൾവലിഞ്ഞത് മനപ്പൂർവ്വമായിരുന്നില്ല. 

ബാഗ്ളൂരീന്ന് ഇത്തവണ വന്നപ്പോഴാണ്‌ അമ്മിണ്യേച്ചിയെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം ഞാനറിഞ്ഞത്. “ഉപ്പാ, അവർ രജിസ്റ്റർ മാരേജ് ചെയ്തു എന്നത് സത്യം തന്നെയാണോ”
“രജിസ്റ്റർ ചെയ്തു എന്നത് സത്യാണ്‌, പക്ഷേ അവരിപ്പോഴും ഭാര്യയും ഭർത്താവുമാണെന്ന് ഞാൻ വിശ്വസിക്കില്ല” കയ്യിലിരുന്ന വാരാന്ത്യപതിപ്പ് റ്റീപോയിലേക്ക് ഇട്ട് ഉപ്പ കസേരയിലേക്ക് ചാരിക്കിടന്നു. 

“പണക്കാരായ മക്കൾക്ക് പോറ്റിയ തന്തേനേം തള്ളേനേം വൃദ്ധസദനത്തിൽ കൊണ്ടുപോയാക്കാം, കുട്ടികളെ വേണെമെങ്കിൽ ദത്തെടുക്കാം, എന്തിന്‌ ഗർഭപാത്രം വരെ വാടകക്ക് എടുക്കാം. അതിനൊക്കെ രേഖയും നിയമോം ഉണ്ട്. പക്ഷേ ഒരു പെങ്ങളായി റജിസ്റ്റർ ചെയ്യാനൊന്നും ഇവിടെ ഒരു നിയമോം ഇല്ല. അപ്പൊപ്പിന്നെ പേപ്പറിൽ ഒരു ഭാര്യയും ഭർത്താവും ആകുല്ലാതെ ആ പാവങ്ങളെന്തുചെയ്യും. അവർക്കൊന്നിച്ചു ജീവിക്കാനുള്ള ഒരു ലൈസൻസ്, ഒരർത്ഥത്തിൽ ഒരു സദാചാര രേഖ.”

കസേരയിൽ നിന്നെഴുന്നേറ്റ് ഉപ്പ അകത്തേക്ക് കടക്കുമ്പോൾ കട്ടിളപടിയിൽ നിന്നെന്നെ തിരിഞ്ഞു നോക്കി. “നിനക്കറ്യോ മോനേ, അങ്ങനെ ഒരു നിയമം ഉണ്ടായിരുന്നെങ്കിൽ നിന്റെ ഉപ്പൂമ്മാന്റെ മുലകുടിച്ച അമ്മിണിയെ ഞാൻ പെങ്ങളാക്കിയേനില്ലേ. ഇന്നിപ്പോ കൊച്ചുഭായിക്കുണ്ടായ തന്റേടം എനിക്കില്ലാതെയും പോയി” ഉപ്പാടെ ശബ്ദം ഇടറുന്നുണ്ടായിരുന്നു.

ഞാൻ കൊച്ചുഭായിക്കാടെ വീടിന്നുമ്മറത്തേക്ക് നടന്നു. വീണുകിടന്നിരുന്ന മാമ്പഴമെടുത്തു. 'അതിനു മണം കെട്ടുപോയിട്ടില്ല. പെറുക്കുവാനെത്തിയിരുന്ന നിഷ്കളങ്കതയാണ്‌ മാമ്പഴങ്ങൾക്കിപ്പോൾ നഷ്ടമായിരിക്കുന്നത്.' ഒരു പടിഞ്ഞാറൻ കാറ്റ് എന്റെ ചെവിയിൽ മൂളിക്കൊണ്ട് പോയി.മലയാളനാട് അഞ്ചാം വാർഷികപ്പതിപ്പിൽ പ്രസിദ്ധീകരിച്ചത്.http://malayalanatu.com/component/k2/item/1507-2014-09-25-11-52-35

23 comments:

 1. നിര്‍വ്വചനങ്ങള്‍ക്ക് പിടിതരാത്ത ചില ജീവിതങ്ങളുണ്ട്..

  ReplyDelete
 2. ജീവിതങ്ങള്‍! കഥ നന്നായി ജെഫു...

  ReplyDelete
 3. നിര്‍വ്വചിക്കാനാകാത്ത ജീവിതങ്ങള്‍ ..മനോഹരമായി തന്നെ ഈ ജീവിതത്തെ പറയാന്‍ ജെഫുവിനു കഴിഞ്ഞു..

  ReplyDelete
 4. സ്വന്തം കാര്യങ്ങളില്‍ മാത്രം ശരികളും മറ്റുള്ളവരുടെ കാര്യങ്ങളില്‍ തെറ്റും മാത്രം കണ്ടെത്തുന്ന മനുഷ്യന്റെ മനസ്സിന് എന്നാണ് മോചനം. കഥ ഇഷ്ടായി.

  ReplyDelete
 5. ചിലനേരങ്ങളില്‍ ചില മനുഷ്യര്‍....
  നന്നായിട്ടുണ്ട് കഥ
  ആശംസകള്‍

  ReplyDelete
 6. മലയാളനാടില്‍ വായിച്ചിരുന്നു. ചിലയിടങ്ങളില്‍ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. കഥ ഇഷ്ടായി ജെഫു.

  ReplyDelete
 7. ഇവിടെയെത്താന്‍ അല്പം വൈകിയത് മറവി കൊണ്ടാണ്.fb-യില്‍ കണ്ടപ്പോള്‍ തന്നെ വായിക്കാന്ദ്ദേശിച്ചതാണ്.....കഥയുടെ കാവ്യ ഭംഗി നന്നായി ആസ്വദിച്ചു.അഭിനന്ദനങ്ങള്‍ പ്രിയ ജെഫു.

  ReplyDelete
 8. ജെഫുവിന്‍റെ കഥകളില്‍ എനിക്ക് ഏറ്റവും ഇഷ്ടമായ കഥ . കൊച്ചുഭായിയേയും ,അമ്മിണിച്ചേച്ചിയേയുമൊക്കെ നേരില്‍ കണ്ടതുപോലെ .ആശംസകള്‍ ജെഫൂ .

  ReplyDelete
 9. കഥയ്ക്ക് അപ്പുറമുള്ള കാര്യങ്ങളിലേക്ക്....

  ReplyDelete
 10. അങ്ങിനെയൊരു നിയമം ഉണ്ടായിരുന്നെങ്കിൽ എത്രയോ അമ്മിണിമാർക്ക് തുണയായേനെ ....!

  കഥയുടെ കാവ്യഭംഗി ഒത്തിരി ഇഷ്ടമായി ജെഫൂ ...

  ReplyDelete
 11. കാൽപ്പനികമായ ഭാഷയാണ് ജെഫുവിന്റെ കഥകളുടെ സവിശേഷത . കഴിഞ്ഞ ദിവസം മലയാളം ബ്ളോഗേഴ്സ് ഗ്രൂപ്പിൽ ഷെയർ ചെയ്യപ്പെട്ട ഒരു ലിങ്കിലൂടെ മലയാള നാടിൽ വായിച്ചിരുന്നു.

  ReplyDelete
 12. കഥയിലെ ആ ആങ്ങള പെങ്ങള്‍ ബന്ധം തന്നെയാണ് കഥായില്‍ വേറിട്ട്‌ നില്‍ക്കുന്നത് ,, വ്യത്യസ്തമായ ഒരു പ്രമേയം !! കഥ ഇഷ്ടായി ജെഫു .

  ReplyDelete
 13. അവർ ദമ്പതികളായി ജീവിക്കുന്നതിൽ എന്താണ് തടസ്സം എന്നാണ് ഞാൻ ചോദിക്കുന്നത്.

  ReplyDelete
 14. ചില ജീവിതങ്ങള് ആര്ക്കും കൊടുക്കാറില്ല. മരണത്തിനു മാത്രമല്ലാതെ
  ലളിതമായ് പറഞ്ഞ ഒരു നല്ല കഥ

  ReplyDelete
 15. Very good story. Enjoyed reading

  ReplyDelete
 16. പകലിന്റെ വിയർപ്പ് ഉണങ്ങാത്ത ജാക്കറ്റുകളിലെ പിന്നിയ നൂലിൽ നിന്നും രാമഴയുടെ തുള്ളികൾ അപ്പോഴും നിർത്താതെ പെയ്യുന്നുണ്ടായിരുന്നു. 

  എന്താ... ഒരെഴുത്ത്... സൂപ്പര്‍...!!

  ReplyDelete
 17. 'അതിനു മണം കെട്ടുപോയിട്ടില്ല. പെറുക്കുവാനെത്തിയിരുന്ന നിഷ്കളങ്കതയാണ്‌ മാമ്പഴങ്ങൾക്കിപ്പോൾ നഷ്ടമായിരിക്കുന്നത്.

  Living together എന്ന കഥയിലൂടെ രണ്ടു കാലഘട്ടത്തിന്റെ വലിയ
  കാൻവാസിലെ ചിന്താ ഗതികൾ ഒരു ചെറിയ കാൻവാസിലേക്ക്
  ആവാഹിക്കുകയാണ് കഥാകാരൻ.പഴയ കാലത്തിന്റെ നന്മയെ
  പുതിയ തലമുറ പുതിയ പേരിട്ടു വിളിക്കുമ്പോൾ രണ്ടു സംസ്കാരങ്ങളുടെ താരതമ്യം കൂടി ഇഴ ചേർന്ന ഒരു വിശകലനം
  സംഭവിക്കുക ആണ് കഥയിൽ.

  കാര്യങ്ങളെ മനസ്സിലാക്കാൻ കഴിവില്ലാത്ത സമൂഹം കല്പ്പിക്കുന്ന വിലക്കുകൾ അന്നും ഇന്നും പരോക്ഷം ആയി ആശയത്തിൽ ഒന്നും, പ്രത്യക്ഷത്തിൽ പുതിയ പേരുകളിലും അറിയപ്പെടുന്ന പ്രതിഭാസവും തന്മയത്വം ആയി കഥയിൽ അവതരിപ്പിച്ചിരിക്കുന്നു.
  ഇന്നിൻറെ ലിവിംഗ് ടുഗെതറും സദാചാര പോലീസും അമ്മിണിയും കൊച്ചു ഭായിയും അനാഥമാക്കപ്പെടുന്ന വാര്ധക്യങ്ങളും ഒക്കെ ഒരേ നാണയത്തിന്റെ രണ്ടു വശങ്ങൾ മാത്രം എന്നു കഥ
  നമുക്ക് വ്യക്തം ആയി കാണിച്ചു തരുന്നു..
  അഭിനന്ദനങ്ങൾ ജെഫു...

  ReplyDelete
 18. ദമ്പതികളായ് ജീവിക്കാനിഷ്ടപ്പെടാത്തവർക്ക് കപടസദാചാരത്തെ മറികടക്കാൻ നിയമത്തിന്റെ മറ! തലക്കെട്ടിൽനിന്ന് അപ്രതീഷിതമായ പ്രമേയം

  ReplyDelete
 19. കഥ വായിച്ചു. ഇഷ്ടപ്പെട്ടു.
  കഥയ്ക്ക് പുറത്തെ ചില കാര്യങ്ങൾ കൈകാര്യം ചെയ്യുന്നുണ്ടെന്നതിനാൽ സാമൂഹിക പ്രസക്തി ഉണ്ട്. ഘടനയും ഇഷ്ടമായി.
  ഒന്ന് രണ്ടു കാല്പനിക പ്രയോഗങ്ങൾ കണ്ടു. കൊള്ളാം!
  അതി സൂക്ഷ്മമായി പോവുമ്പോൾ ഇതിങ്ങനെ ആണോ ? എന്ന് തോന്നിയ ചെറിയ രണ്ടു കാര്യങ്ങൾ. കഥയെ ബാധിക്കാത്തത് കൊണ്ട് അങ്ങനെ തന്നെ വിടുക.
  കുറെ കാലങ്ങള്ക്കു ശേഷം നിങ്ങളെ വായിക്കാനായതിൽ സന്തോഷം.
  ഇവിടെ വായിച്ചവയിൽ കൂടുതൽ ഇഷ്ടപ്പെട്ടത്.

  ReplyDelete
 20. വളരെ നാളായി ഇവിടെ വന്നിട്ട്...സന്തോഷം.

  ReplyDelete
 21. Nannaayirikkunnu....pandu avide vanna adayaalam Nokki ingottu varikayaayirunnu...veendum kaanaam

  ReplyDelete
 22. നല്ല കഥ.മിഴിവുറ്റ കഥാപാത്രങ്ങൾ.

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..