Saturday, 21 August 2010

പാതകൻ

ധാരാളിത്തത്തിന്റെ ജല്പനങ്ങൾ
അന്യമാക്കിയെന്നിൽ ഈശന്റെ വാക്കുകൾ
പുണ്യങ്ങൾ പൂക്കുന്ന മാസത്തിലെപ്പൊഴൊ
ഒഴുകിയെത്തിയൊരു താക്കീതിന്റെ ശബ്ദം..
വേറിട്ടു നിന്ന അക്ഷരത്തിന്റെ വ്യാപ്തികൾ
തീർത്തുവെന്നിലൊരു കടിഞ്ഞാണിന്റെ ബന്ധനം

തൊട്ടറിഞ്ഞു എന്നിലിറങ്ങിയ അനുഗ്രഹങ്ങൾ
കേഴുന്ന ഉദരങ്ങളുടെ പ്രാണനൊമ്പരങ്ങളും..
ഇരുളിന്റെ കോട്ടയിൽ ഞാനേകനായ്
മദ്യമില്ലെന്നിൽ, കാമരൂപങ്ങളില്ല
ലഹരിയുടെ പടവുകൾ താണ്ടിക്കടന്നു ഞാൻ
രതിമൂർച്ചയുടെ സായൂജ്യങ്ങളിൽ മുങ്ങി നിവർന്നു

സ്യഷ്ടാവിലേക്കുള്ള വഴികളിലെ
മത മൂല്യങ്ങൾ മാനുഷികങ്ങളായപ്പോൾ
മാറ്റി നട്ടുവെന്റെ ഇഷ്ടങ്ങളെല്ലാം...
നീട്ടിടുന്നു പാപിയാം ഞാനെന്റെ കൈകൾ
കാരുണ്യവാനേ.. നിന്നിലേക്കുള്ള പ്രാർഥനയായ്
അർഹിക്കുന്നവർക്കുള്ള അവകാശമായ്..

മുറിക്കിടുന്നു ഞാനെന്റെ ഭാണ്ഢം
നേരറിഞ്ഞ ചിന്തക്കളിലൊരു പഥികനായ്..

Monday, 2 August 2010

ഫ്രണ്ട്സ്ഷിപ്പ് ഡെ

നാമ്പിനെയും പൂക്കളെയും തൊട്ടുണർത്താൻ
പുലർക്കാല കിരണങ്ങൾക്കിടയിൽ
മന്ദമാരുതന്റെ സാന്ത്വന സ്പർശമായ്
കടന്നെത്തുമായിരുന്നു നരച്ച പച്ചക്കുപ്പായക്കാരൻ

തേനും വയമ്പും ചാലിച്ച ശിക്ഷണം
പിന്നിട്ടു പച്ചപ്പുകൾ ബാല്യവും കൗമാരവും..
മറ്റൊരു ചന്ദ്രനുദിച്ചിരുന്നു കണ്ണുകളിൽ
മൊട്ടുകൾ പൂക്കുമ്പോൾ...
അധരങ്ങൾ മൗനിയായി
വള്ളികൾ വെയിലേറ്റു വാടുമ്പോൾ..

പറന്നു ചെന്നു ഞാൻ ഈത്തപ്പനത്തണലിൽ
തുറന്നു വെച്ച ഉച്ചഭക്ഷണത്തിനരികിൽ
സംവദിച്ചു ഞങ്ങൾ വിശപ്പിന്റെ ഭാഷയിൽ
വെച്ചു നീട്ടപ്പെട്ടുവെനിക്കൊരപ്പക്കഷ്ണം
പഞ്ചനക്ഷത്രത്തിന്റെ മഹിമയില്ലതിൽ
ഫാസ്റ്റ് ഫുഡിന്റെ തിളക്കവുമില്ല
മേമ്പൊടിയായി വിയർപ്പിന്റെ ഗന്ധം...

കേവലമൊരു കാക്കയായിട്ടും; ഊട്ടുമ്പോളവൻ
കണ്ടുവെന്നിൽ പിച്ചവെക്കുന്ന അവന്റെ പിഞ്ചോമനയെ..
എനിക്കുള്ള പിടിച്ചോറായ്
ആ നടയിലെ നൈവേദ്യങ്ങൾ...

ഇന്നലെയുടെ നേട്ടങ്ങൾ ഇന്നിന്റെ
വേദനകളായ് വീണ്ടുമെന്നിൽ...
അവസാന പ്രാതലും നല്കിയവൻ മറഞ്ഞു
യാത്രാമംഗളത്തിനു കാതോർക്കാതെ
ആരോടു ചോദിപ്പു ഞാനവനെ
ചുറ്റുപാടുകൾക്കു വശമില്ലല്ലോ എന്റെ സംവേദനം

പ്രപഞ്ചത്തിന്റെ ചലനങ്ങളിൽ വിധിക്കുന്നവനെ
ഉരുകുന്നു ഞാൻ നിനക്കു മുന്നിൽ
ഒരു പ്രാർത്ഥനയായ്.. യാചകനായ്..
നഷ്ടമാകരുതാ ഐശ്വര്യമീ ലോകത്തിൽ
തെളിഞ്ഞു നില്ക്കണേ പൂർണ്ണശോഭയിൽ
അവന്റെ കൂരയിൽ... വിണ്ടും കണ്ടുമുട്ടിയില്ലെങ്കിലും