Tuesday, 29 March 2011

ഐച്ചാൻ കൊയ്ചാൻ*

മുറിയിൽ നിറഞ്ഞ സീറോ ബൾബിന്റെ നീല വെളിച്ചത്തിൽ ഡബ്ബിൾകോട്ട് ബെഡ്ഡിൽ ഞാൻ മലർന്നു കിടക്കുമ്പോൾ വിരിഞ്ഞ മാറിന്റെ ഒരു പകുതിയിൽ മൃദുവായ ഇടം കവിൾ ചേർത്തു വെച്ചുകൊണ്ടവൾ കിടക്കുന്നു. രോമാവൃതമായ മറുപകുതിയിൽ അവളുടെ വലതു കയ്യിലെ കോടിയടയാളം വീണ ചൂണ്ടുവിരൽ കൊണ്ട് അലക്ഷ്യമായി ചിത്രം വരച്ചു കൊണ്ടിരിക്കുന്നു.

“ മുല്ലപ്പൂവിന്റെ മാദക ഗന്ധത്തിൽ, വരിയൊത്ത പല്ലുകൾ പുറത്തുകാട്ടി കവിളിൽ നുണക്കുഴി വിരിയിച്ചു കൊണ്ടു, നിമിഷങ്ങൾ സന്തോഷത്തിന്റെ യുഗങ്ങളാക്കി മാറ്റി എന്റെ കരവലയത്തിലേക്കവൾ ചേർന്നപ്പോൾ.....”

വേദനിപ്പിക്കുന്ന മൂകതയെയും, ഫ്ളാഷ്ബാക്ക് ചിന്തകൾക്കും ഫുൾ സ്റ്റോപ്പിട്ടു കൊണ്ടു എന്റെ നെഞ്ചിലേക്കു ഒരു തുള്ളി കണ്ണുനീർ!!! പതിവിലും വിപരീതമായി ഈ കണികക്കു ആഹ്ളാദത്തിന്റെ ഊഷ്മള ഭാവമല്ലല്ലോ? പകരം ഒരു നീറ്റൽ...

മുടിയിഴകളിൽ തലോടിയിരുന്ന എന്റെ വലതു കരം ഒരു ചോദ്യ രൂപത്തിൽ അവളുടെ വെളുത്ത പിൻ കഴുത്തിൽ ഒന്നമർന്നു. ഇറ്റിവീണ മിഴിനീർ പൊള്ളൽ വീഴ്ത്തിക്കൊണ്ടു ചുറ്റുപാടും പരക്കുന്നു. “ നമുക്കിനി വേണ്ട എന്നും നമ്മളൊന്നിച്ചു കാണുന്ന, ആ സ്വപ്നം. അതിൽ പിച്ചവെക്കുന്ന പൊന്നോമനയെ, നശിപ്പിക്കാം... നമുക്കവളെ ” തീരെ പ്രതീക്ഷിക്കാത്ത ഒരുത്തരം..

എനിക്കഭിമുഖമായി ഞാനവളുടെ താടിയിൽ പിടിച്ചുയർത്തി കരഞ്ഞു കലങ്ങിയ നയനങ്ങളിൽ നോക്കി മറ്റൊരു ചോദ്യം കൂടി എന്റെ കണ്ണുകൾ ആവർത്തിച്ചു. തികച്ചും നിസ്സംഗനായി..

“ പിറന്നു വീഴുമ്പോൾ നമ്മുടെ പിഞ്ചോമന അവൾക്കവകാശമായ മുലപ്പാലിനു വേണ്ടി എന്റെ മാറിനോടു ചേർന്നു കുഞ്ഞിക്കൈകൾ കൊണ്ടു പരതുമ്പോൾ; മാതൃത്വത്തിന്റെ തുടിപ്പായ പ്രണന്റെ ആ തുള്ളികൾ പകർന്നു നല്കാൻ കഴിയുമോ എനിക്ക്.. ഛേദിക്കപ്പെട്ട മുലകളാണു തന്റെ മാതാവിനെന്നവൾക്കറിയില്ലല്ലോ..”

“തുളുമ്പി നിന്നിരുന്ന എന്റെ സൗന്ദര്യത്തിന്റെ ശോഷണം; ഒരു പഴന്തുണിക്കെട്ടിന്റെ ഭാരം നിന്റെ ചുമലിൽ തീർക്കുന്നതും ഞാനറിയുന്നു. സഹതപിക്കുന്ന ഒരു വികാരമല്ല ഞാനാഗ്രഹിക്കുന്നതു.. അതിനപ്പുറത്തേക്കുമുള്ള ജീവിതമാണു. നിനക്കതു തുടർന്നും തരാൻ കഴിയില്ലെങ്കിൽ... തീർക്കാമി സ്വപ്നവും...

കണ്ണുകളിൽ ഒരു കൊള്ളിയാൻ പാഞ്ഞു. ഉത്തരത്തിനായി മനസ്സാക്ഷിയുടെ വെപ്രാളം. ഇരുളിലേക്കു ആഴ്ന്നു പോകുന്ന പോലെ. മാസങ്ങൾക്കു മുൻപ് അവഗണിച്ച രോഗത്തിന്റെ ലക്ഷണം ഇന്നിതാ രാക്ഷസരൂപം പൂണ്ടു നില്ക്കുന്നു ജീവിത വഴിയിൽ. ഒന്നു മടങ്ങി പോകാൻ കഴിഞ്ഞിരുന്നെങ്കിൽ.

പുറത്ത് നിലാവിലാരോ ഭ്രാന്തു പുലമ്പുന്നു ” നാളെ ചെയ്യാനുള്ളതു ഇന്നുതന്നെ ചെയ്യുക, ഇന്നു ചെയ്യുവാനുള്ളതോ ഇപ്പോൾ തന്നെ ചെയ്യുക.. തിരുത്തുവാനായൊരു തിരിച്ചു പോക്കിന്‌ ആഗ്രഹിക്കുന്നുവൻ നഷ്ടപ്പെട്ടവനാണു എവിടെയും..“.................................
* ഇതിനർത്ഥം ”ആദ്യം മുതൽ തുടങ്ങാം“ മലപ്പുറം ഭാഗത്ത് നാട്ടുകാർക്കിടയിലെ ഒരു സംസാരഭാഷ അടിച്ചു മാറ്റിയതാ.

Saturday, 26 March 2011

1+1=1

Transactional Analysis ന്റെ ഉപജ്ഞാതാവായ Eric Berne
(1910 -1970) Philosophy of Transaction Analysis ആയി പരിചയപ്പെടുത്തുന്ന 3 കാര്യങ്ങൾ..

1- We all are born OK. as princes and Princesses
2-all of us have the capacity to think except the severely brain damaged
3-People decide their own destiny and these decision can be changes

ഇതിന്റെ ഇസ്ലാമിക് version നമുക്കു ഇങ്ങനെ പറയാം.
1-ഒരോ കുഞ്ഞും ഈ ലോകത്തിലേക്കു ജനിച്ചു വീഴുന്നതു ശുദ്ധപ്രകൃതിയിലാണു.......(ഖുർആൻ)
2-ചിന്തിക്കൂ.. ചിന്തിക്കുന്നവർക്കു ദൃഷ്ടാന്തങ്ങളുണ്ടു...(ഖുർആൻ)
3-ഒരു ജനതയുടെ സ്ഥിതിയിൽ അല്ലാഹു ഒരു മാറ്റവും വരുത്തില്ല. അവർ സ്വയമൊരു മാറ്റത്തിനു തയ്യാറായിട്ടല്ലാതെ..(ഖുർആൻ)

മറ്റൊരു ഹദീസിൽ ഇപ്രകാരം. സഹായം ആവശ്യപ്പെട്ട് വന്ന ഒരാളോട് അദ്ദേഹത്തിന്റെ കൈവശം ഉള്ള പുതപ്പ് കൊണ്ടു വരാൻ കല്പിച്ച പ്രവാചകൻ അതു വിറ്റു കിട്ടിയ ദീനാർ കൊണ്ടു മഴു വാങ്ങിച്ചു ഉപജീവനത്തിനുള്ള മാർഗ്ഗം കാണിച്ചു കൊടുത്തു.. ഇവിടെ അലസതയുടെ അടയാളമായ പുതപ്പു അദ്ദേഹത്തിന്റെ ശരീരത്തിൽ നിന്നും എടുത്തു മാറ്റി ഒപ്പം ജീവിത മാർഗ്ഗത്തിനുള്ള ഒരു വഴി തുറന്നു നല്കി, വീണ്ടും ജനങ്ങല്ക്കു മുമ്പിൽ സഹായത്തിനായി കൈനീട്ടുന്നതിനു പകരം..ഈ രീതിയിലുള്ള ഒരു മനശ്ശാസ്ത്രപരമായ സമീപനം ഈ ഹദീസിൽ വ്യക്തമാണു.

ഇത്തരം മതപരമായ കാര്യങ്ങൾ ഭൗതികമായ വിഷയങ്ങളുമായി ബന്ധപ്പെടുത്തിക്കൊണ്ടു ജനങ്ങളുമായി സംവേദിക്കുവാൻ കഴിവുള്ള വ്യക്തിത്വങ്ങളെ മലയാളക്കര വാർത്തെടുക്കേണ്ടതുണ്ടു. തികച്ചും കാലിക പ്രസക്തമായതു കൊണ്ടു തന്നെ മനസ്സുകളെ സ്വാധീനിക്കാൻ ഇത്തരക്കാർക്കേ കഴിയൂ എന്നതിൽ സംശയം ഇല്ല.
മത വിദ്യഭ്യാസ സ്ഥാപനങ്ങളിലെ താഴ്ന്ന ക്ലാസ്സുകളിൽ നിന്നും ചെറിയ രീതിയിലെങ്കിലും ഇത്തരം പാഠ്യപദ്ധതികൾ ആസൂത്രണം ചെയ്യേണ്ടതു അത്യാവശ്യമാണൊ എന്ന ഒരു തോന്നൽ എന്നിൽ ഉണ്ടാകുന്നു. പഠിച്ചു പോകുന്ന ഹദീസുകളും മറ്റും ഏതു രീതിയിൽ നമ്മളുമായി ബന്ധപ്പെട്ടു കിടക്കുന്നു എന്നുള്ളതു ഒരു പാടു നാളുകൾക്കു ശേഷമൊ അല്ലെങ്കിൽ ഇതു പോലെ കോർപ്പറേറ്റ് പരിശീലന ക്ളാസ്സുകളിൽ നിന്നോ മനസ്സിലാക്കേണ്ടി വരുന്ന അവസ്ഥയാണൊ ഇന്നുള്ളതെന്നു തോന്നി പോകുന്നു.

ഒരു പരത്തിയുള്ള വായന എനിക്കില്ലാത്തതിനാലാകാം ഞൻ മനസ്സിലാക്കൻ വൈകിയതു. പക്ഷെ ഇതുമുൻപു നിങ്ങൾ ഇതു പോലുള്ള പലതും കണ്ടിരിക്കാം. എന്റെ ഒരു തോന്നൽ സഹോദരങ്ങളുമായി പങ്കു വെച്ചു എന്നു മാത്രം. അതിൽ എത്ര മാത്രം ശരി എന്നെനിക്കറിയില്ല.

Sunday, 20 March 2011

രണ്ടു മാപ്പു സാക്ഷികൾ...

നിശാ ശലഭം

പുഴുക്കുത്തു വീണയെൻ മൂത്രനാളിയിൽ
മരുന്നിറ്റിച്ചതും പുരുഷ പാപങ്ങൾ...

വെയിലിന്റെ വെട്ടത്തിൽ ദുശ്ശകുനമാക്കിയവർ
വിവസ്ത്രയുമാക്കിയെന്നെ രാവുകളിലേറെയും
കൂടെപ്പൊറുപ്പിച്ചില്ല കൂടെ രമിച്ചവർ
പരിതപിച്ചവരോ..പാർശ്വത്തിലിരുന്നില്ല

വ്രണമാണെന്ന സാമൂഹ്യ വിശേഷണം
നില നില്പിനാണെന്നു, തിരുത്തി
വായിച്ചു; നാണം മറന്ന
ജീവിതത്തിലെ ഏകാന്തവാസം

വിലക്കെടുക്കുന്നൊ മാന്യ ദേഹങ്ങളേ
കറ വീഴാത്തതായുള്ളതൊന്നിനെ
ഉപയോഗ ശ്യൂന്യമീയുദരത്തിലെ, എന്തിനോ..
തേങ്ങുന്നയെൻ ഗർഭപാത്രത്തിനെ!!!
............................................................................

കീടനാശിനിയുടെ ഇര

ഞാനവകാശിയായ
ഗർഭ ഗേഹത്തിൽ
ഗർവ്വിഷ്ഠനായ്
അധിനിവേശ കണങ്ങൾ

ഇരയായ് മാറിയെൻ
രാസമാറ്റത്തിൽ, ബാഹ്യ
രൂപം നിർണ്ണയിച്ചതും
ബാഹ്യ ശക്തികൾ

പിറവിയെടുക്കുന്ന മാത്രയിൽ
മുഷ്ടി ചുരുട്ടി വിളിച്ചൊരാ
രോദനം; വിപ്ളവ വീഥിയിലെനി
ക്കായുള്ള മുറിച്ചുരികയായ്

കുഴിയെടുക്കണമെനിക്കായീ
കശുമാവിൻ തടത്തിൽ; ചത്തു
ചീഞ്ഞെന്നാലും, ധാർഷ്ട്യ മോഹങ്ങൾ
ക്കെന്നുമെൻ ദേഹം വളമായിരിക്കട്ടെ!!!

Saturday, 12 March 2011

ഞങ്ങളും ഉദ്യോഗസ്ഥരാണ്‌

പകൽ വെളിച്ചത്തിൽ പോലും പേടിപ്പെടുത്തുന്ന മൂകത, ഖബറുകൾ നിറഞ്ഞ പറമ്പിൽ ഒറ്റപ്പെട്ടുകിടക്കുന്ന പള്ളിയിൽ അതും പഴയതാണെങ്കിൽ ഇറ്റി വീഴുന്ന വെള്ളത്തുള്ളികൾ നനക്കുന്ന കിടക്കപ്പായയിൽ, ഇടിവെട്ടും മഴയുമുള്ള രാത്രികൾ ആയത്തുൽ കുർസ്സിയുടെ പിൻബലത്തോടെ സുബ്ഹിബാങ്കിന്റെ സമയം കാത്തിരിക്കുന്ന ഒരു ഉസ്താദിന്റെ ദയനീയ മുഖം ഭാവനയിലെങ്കിലും കണ്ടിട്ടുണ്ടൊ ടറസ്സിട്ട വീട്ടിൽ കൊറിയൻ നിർമ്മിത പുതപ്പിന്റെ അടിയിൽ പള്ളിയുറക്കം നടത്തുന്ന നമ്മൾ എപ്പോഴെങ്കിലും,

വളർന്നു വന്ന ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിൽ നിന്നുള്ള ഒളിച്ചോട്ടമായി പള്ളി ദർസ്സുകളിൽ അഭയം തേടിയിട്ടുള്ളതാണു ഭൂരിപക്ഷം ഉസ്താദുമാരുടെയും പൂർവ്വകാലങ്ങൾ. പഠനം ജീവിതത്തിനു വിലങ്ങുതടിയായി മാറിയപ്പോൾ നഹ്‌വിനും സർഫിനും വിരാമം കൊടുത്തു അറിയാവുന്ന ജോലിയായ അദ്ധ്യാപകവൃത്തി തേടിയിറങ്ങുമ്പോൾ കയ്യിൽ ഒരു ഡിഗ്രി പോലുമില്ല മതപരമായി പോലും, ചിലപ്പോൾ പഠിപ്പിച്ച ഉസ്താദിന്റെ ഒരനുഗ്രഹം മാത്രം. അതും ഇഷ്ടപ്പെട്ട ശിഷ്യനാണെങ്കിൽ...

കേവലം ആയിരം രൂപയിൽ കുറഞ്ഞ ശമ്പളം തീറെഴുതിയെടുത്ത ഇവരിൽ നിന്നു നമ്മളെന്തുമാത്രം പ്രതീക്ഷിക്കുന്നു. അല്ലെങ്കിൽ എന്തിരിക്കുന്നു. ലൂത്ത് നബിയുടെ കാലഘട്ടവും, മറ്റു നിറം മങ്ങിയ കഥകളും അവിചാരിതമായി കടന്നു വരുമ്പോൾ അതൊരു വിഭാഗത്തിന്റെ മേൽ പതിച്ചു നല്കാനുള്ള മുദ്രയായി മാറാനോ, മാറ്റാനോ നമ്മളും കാരണക്കരനാകുന്നില്ലേ.

ഉയർന്ന ജോലിയും ശമ്പളവും ഒപ്പം കുടുംബത്തെ കൂടെ താമസിപ്പിക്കുവാനും വ്യഗ്രത കാണിക്കുന്ന നമ്മൾ ഒരു നിമിഷം ഇവരുടെ ഭാര്യയുടെയും കുഞ്ഞുങ്ങളുടെയും വികാരഭാവങ്ങൾ കണ്ടെടുക്കാൻ ശ്രമിച്ചിട്ടില്ല. ഉണ്ടായിരുന്നുവെങ്കിൽ പള്ളിയോട് ചേർന്നോ, അല്ലാതെയോ ഈ ഉദ്ധ്യോഗസ്ഥനും കുടുംബത്തിനുമുള്ള ഒരു മുറിയും കൊച്ചടുക്കളയും കാണാമായിരുന്നു. എല്ലാവർക്കുമില്ലെങ്കിലും നാടിന്റെ ഇമാമിനെങ്കിലും...

ഒരു നേരത്തെ ഭക്ഷണം നല്കുമ്പോഴും അതിന്റെ വിലനിലവാരം പിറുപിറുക്കപ്പെടുന്നു, സ്ത്രീകൾ മാത്രമുള്ള വീടുകളിൽ പുലർച്ചയും, രാത്രിയും ആഹാരം കഴിക്കാൻ പോകുന്ന അദ്ധ്യാപകരുടെ അവസ്ഥ, അവിടെ നിന്നുണ്ടാകുന്ന ( ഉണ്ടാക്കുന്ന) അപവാദ കഥകൾ. പിഴച്ചു നാട്ടുകാരായ നമുക്കവിടെയും. രണ്ടു പേർ ചേർന്നാൽ സംയുകത ഭക്ഷണക്രമം പടച്ചെടുക്കുന്ന മലയാളികളായ നമ്മൾ മറന്നു പോയി അവർക്കായി ഒരു മെസ്സ് സംവിധാനം. അതിനു കാരണം ഭരണകർത്താക്കളിൽ ദീർഘ വീക്ഷണം ഉള്ളവരുടെ അഭാവമൊ, അതുമല്ലെങ്കിൽ ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്നമല്ല എന്ന പുഛ ഭാവം നടിക്കുന്നവരുടെ നിസ്സഹകരണമൊ..

പക്ഷെ അടുത്ത കാലത്തായി സമന്വയിപ്പിച്ച മത-ഭൗതിക വിദ്യഭ്യാസത്തിൽ ഉന്നതമായ ബിരുദങ്ങൾ നേടി അവകാശപ്പെട്ട വേതനം പറഞ്ഞുറപ്പിച്ച് ജോലിചെയ്യുന്ന അദ്ധ്യാപകർ, സമൂഹത്തിൽ വ്യക്തി എന്ന നിലയിലും, ഏല്പ്പിക്കപ്പെട്ട പദവി ചെലുത്തേണ്ട സ്വാധീനവും മനസ്സിലാക്കി കൃത്യമായി അതിലേക്കിറങ്ങി ചെല്ലുന്നവർ, എന്തിനധികം കാലാനുസൃതമായി ബ്ലോഗുകളിൽ സജീവ സാന്നിധ്യമറിയിക്കുന്ന മതപണ്ഡിതന്മാർ തുടങ്ങി മുഖ്യ ധാരയിൽ ശ്രദ്ധാകേന്ദ്രമാകുന്നവർ.. ഇവരിൽ നിന്നും കിട്ടുവാനേറെയുണ്ടു നമ്മളുടെ ജീവിതത്തിലേക്കും ചുറ്റുപാടിലേക്കും. പഴകിപ്പുളിച്ച വൃത്തികെട്ട കഥകളെ മാറ്റി നിർത്തിക്കൊണ്ട്...

അറബിക് കോളേജുകൾക്കു പുറമെ മറ്റു കോളേജുകളിലും അദ്ധ്യാപക സേവനം എന്നതിലുമപ്പുറം പല ജോലികളിലും സജീവമാകാൻ കഴിയുന്ന ഇവരെ, താഴ്ന്ന വില മാത്രം കല്പിക്കപ്പെട്ട മതവിദ്യഭ്യാസത്തിന്റെ അളവുകോലിൽ മാത്രം പരിഗണിക്കപ്പെടുമ്പോൾ നമുക്ക് നഷ്ടമാകുന്നതു പലപ്പോഴും ഒരു നാടിന്റെ സമഗ്രമായ പുരോഗതിക്കു കാലാളായി മാറിയേക്കാവുന്ന പുതിയ തലമുറയുടെ ധാർമ്മിക സമ്പന്നത തന്നെയാകും എന്ന സത്യം വിസ്മരിച്ചു കൂട.

നിലവാരം പുലർത്തുന്ന ഉദ്ധ്യോഗസ്ഥന്മാരെ തെരെഞ്ഞെടുക്കുവാൻ സമസ്ഥ പോലുള്ള ഉന്നത കേന്ദ്രങ്ങൾ അതിന്റെ നിർദ്ദേശങ്ങൾ അതാതു മഹല്ലുകളിൽ അറിയിച്ചിട്ടുണ്ടെങ്കിലും, തിരിഞ്ഞു നോക്കാൻ പോലും മെനക്കെടാറില്ല ഇത്തരം കാര്യങ്ങളിലേക്ക്. അലിഖിതങ്ങളായ ശമ്പളനിലവാരം പരിഷ്കരിച്ചെഴുതേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലാത്ത പക്ഷം പഠിക്കാൻ കുട്ടികളെ കിട്ടാനില്ല എന്ന അവസ്ഥയിൽ നിന്നും കുറഞ്ഞ വേതനത്തിനു ജോലി ചെയ്യാനുള്ള അദ്ധ്യാപകന്മാരെ കിട്ടാനില്ലാത്ത അവസ്ഥയും ഉണ്ടാവുക തന്നെ ചെയ്യും. (ഉണ്ടാകണമെന്നാഗ്രഹിക്കുന്നു) എങ്കിലേ ഈ ഉദ്ധ്യോഗസ്ഥന്മാരുടെയും വ്യക്തിത്വം തിരിച്ചറിയപ്പെടുകയുള്ളൂ. കോർപ്പറേറ്റ് സ്ഥാപനങ്ങളിലുള്ളവർക്കു ലഭിക്കുന്ന തരം പരിശീലനങ്ങൾ തിരിച്ചറിഞ്ഞു അതിൽ പങ്കെടുക്കുവാൻ കൂടി ഇവർ തയ്യാറാകേണ്ടതും കൂടിയുണ്ട്.

മദ്രസ അദ്ധ്യാപകന്മാരെക്കുറിച്ചു തികച്ചും മോശമായ കാഴ്ച്ചപ്പാടിലുള്ള ഒരു ചോദ്യത്തിനു ഉത്തരമായി അതിന്റെ മറ്റൊരു വശവും കൂടി കാണിക്കാൻ ഞാൻ ശ്രമിച്ചതാണു ഈ വാചകങ്ങൾ. തെറ്റുകളെ ഒരിക്കലും ന്യായീകരിക്കുന്നില്ല. ഒറ്റപ്പെട്ടതും, എരിവു ചേർത്തുണ്ടാക്കിയെടുക്കുന്നതുമായ സംഭവങ്ങൾ ഫ്രെയിം ചെയ്തെടുക്കുമ്പോൾ പർവ്വതീകരിക്കപ്പെടുന്നു പലതും. യാഥാർത്യങ്ങൾ അതിനടിയിൽ പെട്ടു കാഴ്ചകളിൽ നിന്നും മറയപ്പെട്ടുപോകുന്നു.

സുന്ദരിയായ സ്ത്രീയുടെ മൃതുദേഹത്തിൽ ലൈഗിക വൈകൃതം കാണിച്ച ഡോക്ടറെ മുൻ നിർത്തി ആ കൂട്ടർ എല്ലാം കാമ ഭ്രാന്തന്മാരണെന്നു മുദ്രയടിക്കാൻ കഴിയുമോ നമുക്ക്. അവരുടെ സേവനം സമൂഹത്തിനു ആവശ്യമാണെന്ന തിരിച്ചറിവല്ലെ നമ്മെ നയിക്കുന്നത്..നിർത്തുന്നു...-- ജെഫു --

Wednesday, 9 March 2011

നാലു വരികൾ....

കുനുഷ്ട്
.....................
സ്ത്രീത്വം മറന്നുവോ
സ്ത്രീ ജനങ്ങൾ
സ്ത്രീയാകും ധനത്തെ
സ്ത്രീധനം കൊണ്ടളക്കുന്നൊ..മാമൂൽ
............
കടം കയറിയ കഫൻ
പുടവയിലും... വിതറുന്നു;
നാട്ടാചാരത്തിന്റെ തുള
വീണ; കറുത്ത മൈലാഞ്ചിസാമൂഹ്യബോധം
.........................
തലതെറിച്ച സന്താനത്തിന്റെ
കല്ല്യാണം നടന്നല്ലോ..
എനിയെനിക്കെന്തിനീ.. പള്ളി
ക്കമ്മറ്റിയിലെ പ്രമാണിത്വം

Friday, 4 March 2011

ഞാൻ കണ്ടെടുത്ത എന്റെ പ്രണയം..

ഒഴിവു സമയമാണൊ സുഹൃത്തെ..പറഞ്ഞു പഴകിയതായാലും, നമുക്കെന്തെങ്കിലും പറഞ്ഞിരിക്കാം ഈ തണലിൽ അല്പനേരം...

പൂർവ്വകാല കാമുകന്മാരായ ഞങ്ങൾ ഒത്തുകൂടി ദുബായിലെ ഇൻസ്പോർട്ട്സിൽ. കഴിഞ്ഞ മാസത്തിലെ ഒരൊഴിവു ദിവസം. മനസ്സിന്റെ കോണിലുള്ള തീഷ്ണത ഞങ്ങളുടെ പ്രണയവുമായുള്ള കണ്ടുമുട്ടലിനു വീണ്ടും ഒരവസരമൊരുക്കി.

മുല്ലപ്പൂവിന്റെ മണമില്ലാത്ത മണിയറയിൽ ഞങ്ങൾ ഒന്നായ നിമിഷങ്ങൾ. പ്രണയാവേശത്തിൽ ഞാനവളെ തൊട്ടു, തലോടി,അടിച്ചു, ചുബിച്ചു, പുണർന്നു. എന്റെ നെഞ്ചിലെ വിയർപ്പുകണങ്ങൾ ശരീരം കൊണ്ടവൾ പകർന്നെടുത്തു. വിവിധ ഘട്ടങ്ങളിലൂടെയുള്ള പ്രയാണം ഒരായുഷ്കാലത്തിന്റെ സായൂജ്യമെനിക്കു നല്കി. ഇറക്കി വെച്ച വികാരങ്ങൾക്കൊടുവിൽ അലസനായി ഞാനിരുന്നപ്പോൾ എന്റെ കാൽവെള്ളകളിൽ അവൾ ചേർന്നു കിടന്നു. ഒളിക്കണ്ണുകൾ കൊണ്ടുള്ള നോട്ടം എനിക്കെറിഞ്ഞു തന്നു കൊണ്ടു.

കൂട്ടുകാരെ, ഞാൻ പരിചയപ്പെടുത്തുവാൻ മറന്നു എന്റെ പ്രണയത്തെ. അവളെക്കുറിച്ചു പറയുമ്പോൾ ഞാനെല്ലാം മറക്കുന്നു. യൗവ്വനത്തിലേക്കു കടക്കുമ്പോൾ എന്റെ സിരകളിൽ തീ നിറച്ച എന്റെ ഇഷ്ട്ടമായിരു അവൾ. പഠനത്തെ പ്രതികൂലമായി ബാധിക്കുമെന്നതുകൊണ്ട് കുടുംബാഗങ്ങൾ വഴിമുടക്കി. കൂട്ടുകാർ അകമഴിഞ്ഞു സഹായിച്ചുവെങ്കിലും അവളുമായുള്ള കണ്ടുമുട്ടലിന്റെ ആവലാതികൾക്ക് അഭയം എന്നും എന്റെ ഉമ്മ തന്നെയായിരുന്നു.

പിന്നെയും ഞാൻ വാചാലനായി അല്ലെ. അതെ സുഹൃത്തുക്കളെ. ഞാനത്രയും ഇഷ്ട്ടപ്പെടുന്നു പക്ഷെ എനിക്കിന്നു നഷ്ടമാകുന്നതും അവളെ തന്നെ. ഇടവിട്ട വർണ്ണങ്ങൾ ശരീരത്തിന്റേതാക്കി എന്റെ തലച്ചോറിലേക്കു പറന്നു കയറിയ അവൾ സാക്ഷാൽ “കാല്‌പന്ത്” ആഗലേയത്തിൽ നമ്മുടെ ഫുട്ബോൾ.

ഇല്ല!! എനിക്കു മടുത്തിട്ടില്ലവളെ ഇക്കാലമത്രയായിട്ടും. എനിക്കു മാത്രമല്ല, ഇന്ത്യ, പാകിസ്ഥാൻ, ബഗ്ലാദേശ്, സിറിയ, ലബനാൻ, ഫിലിപ്പീൻസ് ഇവിടങ്ങളിൽ നിന്നായി ഒത്തു കൂടിയ ഈ കാമുകന്മാർക്കാർക്കും. പദവി, ഭാഷ, ദേശങ്ങൾക്കതീതമായി ഞങ്ങൾ ഉറ്റു നോക്കിയതൊന്നിലേക്കു. “ പാസ്സ് ദേദൊ ഭായ്, യാ അഖീ (സഹോദരാ) ഷൂട്ട്, ടാ പാസ്സിടടാ ” ഭാഷകൾ പലതെങ്കിലും പ്രണയത്തിന്റെ ശബ്ദം ഒന്നായിരുന്നു. അവളുടെ സാന്നിധ്യം ഞങ്ങളിലേക്കെത്തിയപ്പോൾ പ്രായം മറന്നും ഞങ്ങൾ പടക്കുതിരകളായി.

അത്തറിന്റെ മണമുള്ള മണിയറയുടെ ഇശലുകൾക്കു ഈണം പിടിച്ച് കൂട്ടിക്കൊണ്ടു വന്ന് പാടവരമ്പത്ത് തനിച്ചാക്കിയെന്നു തോന്നുന്നൊ സുഹൃത്തെ. നിങ്ങൾക്കെന്നോടു ക്ഷമിക്കാമല്ലോ. എങ്കിൽ ഒരു നിമിഷം കൂടി.

ഞാനൊന്നു കണ്ടെടുത്തു അവിടെ നിന്നും പുതിയതായൊന്നിനെ എന്റെ ചിന്തകളിലേക്കു...
മൈതാനത്തിനു പുറത്തു കളി കണ്ടു നിന്നിരുന്ന പാതി മറച്ച മാദക സൗന്ദര്യം, ശരീരത്തെ ബാധിച്ച അസുഖങ്ങൾ, കുറഞ്ഞ ശമ്പളം, വീടിന്റെ പൂർത്തീകരണം, ഓഫീസിലെ ജോലിത്തിരക്കുകൾ, മൂട്ട അരിക്കുന്ന ഇരുനില കട്ടിൽ, അലമാരയിലെ തത്വചിന്തകൾ, മൂർച്ചകൂട്ടി വെച്ച ആയുധത്തെ, അതു പ്രയോഗിക്കാനുള്ള വർഗ്ഗ ശത്രുവിനെ, മനസ്സിൽ നിന്നും ഉയരുന്ന മന്ത്രധ്വനികൾക്കു വീതിച്ചുനല്കിയ ദൈവത്തിന്റെ ജന്മഭൂമികൾ, വിപ്ലവവീര്യം നിറങ്ങളിൽ ചാലിച്ച കൊടികളെ, വിശ്വസിച്ചപ്പോൾ വഞ്ചനയുടെ വിത്തെറിഞ്ഞവരെ... എല്ലാം മറന്നു ഞാൻ...കേവലം മനുഷ്യ നിർമ്മിതമായ ഒന്നും അതിന്റെ നിയമത്തിനും എന്റെ എല്ലാ വികാരങ്ങളെയും അല്പ നിമിഷത്തേക്കു ഇല്ലായ്മ ചെയ്യാൻ കഴിഞ്ഞെങ്കിൽ, “നിന്നെ ഇഷ്ടപ്പെടാൻ കിട്ടിയ ഒരോ നിമിഷത്തിനും പകരമാവില്ല എനിക്കുള്ള ഒരനുഗ്രഹവും” എന്ന യഥാർത്ഥ പ്രണയ സാഫല്യം നുകർന്നവരുടെ ഈ മാനസികാവസ്ഥ. തൊട്ടറിഞ്ഞു ഞാൻ...

കേൾക്കുവാൻ, സ്വയം അർപ്പിക്കുവാൻ, അലിഞ്ഞില്ലാതാകുവാൻ, പ്രാപ്തമാക്കുന്ന ഒരു വിശുദ്ധ പ്രണയം ലോകം ഒന്നായി നിന്ന് മനസ്സിലാക്കിയെടുത്തിരുന്നെങ്കിൽ... വിഘടിപ്പിക്കപ്പെട്ട ആറ്റത്തിന്റെ കണികകൾ ഹിരോഷിമയോട് ചേർത്തു വായിക്കേണ്ടി വരുമായിരുന്നോ?. പോർവിമാനങ്ങളിൽ കയറുന്നതിനു മുമ്പുള്ള പടച്ചോർ, പഴന്തുണി തിരിയിട്ട റാന്തൽ വിളക്കിന്റെ വെളിച്ചത്തിൽ ഒരു ചേമ്പിലയുടെ അറ്റത്തെങ്കിലും വിളമ്പാവുന്ന അത്താഴച്ചോർ ആക്കാമായിരുന്നില്ലെ?, ജീവിതത്തിന്റെ അന്ത്യയാമങ്ങൾ കാഞ്ചനക്കൂട്ടിൽ പരിതപിച്ചു തീർക്കേണ്ടിവരുന്ന സദനങ്ങൾ ഉണ്ടാകുമായിരുന്നൊ, പിഴച്ചു പെറ്റാലും, സദാചാരം ചുറ്റുപാടുകൾക്കു അധികപ്പറ്റാണെന്ന നിരീക്ഷണങ്ങൾക്ക് കാതുകൾ മുളയ്ക്കുമായിരുന്നൊ.... ?

പിരിയാനുള്ള സമയമായി അല്ലേ കൂട്ടുകാരാ നമുക്ക്.. എങ്കിൽ വിട ചൊല്ലുന്നു ഞാൻ ഈ വരമ്പിൽ നിന്നും ആ പ്രണയ പ്രകാശത്തിലേക്കുള്ള യാത്രയിലേക്ക് ഭാണ്ഡം മുറുക്കുമ്പോൾ.. തനിച്ചാണെങ്കിലും അതിരില്ലാത്ത സന്തോഷത്തോടെ..

--ജെഫു--