Thursday, 21 April 2011

ഒരു ചിരട്ട പുരാണം.. ബ്ളോഗ്ഗ് മീറ്റിലും


“നിങ്ങളെല്ലാവരും നാളികേരം ഉടക്കുമ്പോൾ ഞാനൊരു ചിരട്ടയെങ്കിലും ഉടക്കട്ടെ” പണ്ടു മദ്രസ്സയിൽ രണ്ടാം തരത്തിൽ പഠിക്കുമ്പോൾ പ്രസംഗ മത്സരത്തിനായി കാണാപാഠം പഠിച്ച വാക്കുകൾ ഞാനിപ്പോൾ ഇവിടേക്കു കടമെടുക്കുന്നു. കാര്യം എന്താന്നു വെച്ചാൽ......

സ്വന്തമായി ഒന്നും അതിലധികവും നാളികേരം സ്വന്തമായുള്ളവർ, ജിദ്ദയിലും, തുഞ്ചൻ പറമ്പിലും എന്നു വേണ്ട ഉറങ്ങിക്കിടക്കുന്ന നായയെ തല്ലിയോടിപ്പിചു അതിന്റെ മൂത്രതിനു മുകളിൽ അത്തറും തെളിച്ചു വട്ടം കൂടിയിരുന്ന് ഠേ!! എന്നുച്ചത്തിൽ തേങ്ങ പൊളിക്കുന്നു, പലക കൈമാറുന്നു, പൊന്നില്ലാത്ത പൊന്നാട കഴുത്തിൽ ചുറ്റിക്കൊടുക്കുന്നു, പോട്ടം പിടിക്കുന്നു, ദൈവത്തിന്റെ സ്വന്തം നാട്ടിൽ ഇനി ഉണ്ടാകാൻ പോകുന്ന മുഴുവൻ തന്തയില്ലാത്തതും ഉള്ളതുമായ എല്ലാവന്മാരെയും വാർത്തെടുക്കാനുള്ള മന്ത്ര തന്ത്ര വിധികൾ അടങ്ങിയ ഗർഭപാത്രങ്ങളാണു ഈ നാളികേരങ്ങൾ എന്നു തൊള്ളകീറി പ്രഖ്യാപിക്കുന്നു. തനിച്ച് ഓടിയിട്ട് ആദ്യം ഞാനെത്തി എന്നപടുകൂറ്റൻ മണ്ടത്തരം വിളിച്ചു പറയുന്ന കേമന്മാർ പോലും ഇതിന്റെ ഗുണഭോക്താക്കളാണെന്നു ഓടിയവനന്റെ കെട്ടിയോൾമാർ പോലും നാണമില്ലാതെ സമ്മതിക്കുന്നു.

ഈ കർണ-നയനാനന്ദങ്ങൾ എന്റെ രോമങ്ങളെ 90 ഡിഗ്രിയിൽ എണീപ്പിച്ചു നിർത്തുന്നു നട്ടുച്ചവെയിലിലും.. അങ്ങിനെ തോന്നിയ ഒരു പൂതിയാണു ഒരു ചിരട്ട ഉടച്ചാലോ എന്നു...

പറഞ്ഞു കഴിഞ്ഞില്ല , ദേ കെട്ക്ക്ണു അതിനുള്ള ഒരവസരം.. എല്ലാം ഒത്തു വന്നിരിക്കുന്നു. താമസിച്ചില്ല അടുത്ത് കറാമയിലുള്ള കെ.എമ്മിൽ പോയി പുതിയ ഷർട്ടും ഒരു പാന്റും മേങ്ങി. കൂടെ പാർക്കറിന്റെ ഒരു പടവാളും, 80 ദിർഹം. ഹോ ഒരാഴ്ച രാവിലെതീറ്റ ഒഴിവാക്കിയേ പറ്റൂ... എന്നാലും ലുക്കിൽ കുറക്കാൻ പാടില്ലല്ലോ..

ഉറക്കത്തിലും, പണി സ്ഥലത്തും ചിരട്ടയെ താലോലിച്ചു കഴിയുമ്പോൾ അതാ എനിക്കെതിരിൽ “ എന്റെ കണ്ണൻ ചിരട്ടക്കെതിരിൽ” ഒരു അഴിമതി ആരോപണം. ഫ്ളാഷ് ന്യൂസ്...

“ഞാനുടച്ച തേങ്ങയുടെ തിരുശേഷിപ്പാണു നീ മോഷ്ടിച്ച ചിരട്ട. എന്റെ ചിന്തകളും, വിയർപ്പും, ഛർദ്ദിലും, ശുക്ളവും വീണു, അതിന്റെ വ്യാപ്തി താങ്ങാൻ കഴിയാതെ പൊട്ടിപ്പോയതാണതിന്റെ വക്കുകൾ. നിന്റെ കൈകളിൽ അതലങ്കാരമല്ല. പുതിയ പിള്ളേരുടെ എഴുത്ത് പോലെ സാമ്പാറും ലഡുവും.. ഹ ഹ ഹ... ”

എന്റെ റബ്ബേ... സ്വന്തമായി ഒരു പൊട്ടിയ ചിരട്ട പോലും ഇല്ലാത്ത ഞമ്മളാണൊ അന്റെ ഖുർ ആൻ മലയാളത്തിലാക്കാൻ നടക്കണവൻ..ഞാനൊരു ഭൂലോക വിഡ്ഡി കുശ്മാണ്ടം!!

ഒരുപാടു ദീർഘ നിശ്വാസം വിട്ടു ഇരുന്ന ഇരുപ്പിൽ.. അതു കണ്ടാവണം ഉമ്മയതാ പൊതിന ഹരയും വെള്ളവും കൊണ്ടു വന്നേക്ക്ണു, പാവം എനിക്കു ഗ്യാസ് ട്രബിളാണൊന്നു വിചാരിച്ചുകാണും..

ഇനിയിപ്പൊ എന്തു ചെയ്യുമെന്നു കോട്ടുവായിട്ടു ചിന്തിച്ചിരിക്കുമ്പോഴാണ്‌ എനിക്കൊരു വിളി തോന്നിയതു.. വിളി ദാ ഇങ്ങനെ...
“ഞാനെഴുതിക്കൂട്ടിയ അക്ഷരങ്ങളിലൂടെ എന്നടുത്തേക്കു നീ നടന്നെത്തുമ്പോഴാണു തലതിരിഞ്ഞവനെ എനിക്ക് സായൂജ്യം, എന്നു പറയാൻ കൊതിച്ച എന്റെ നാവിനെ ഭ്രാന്തമായ അബോധമണ്ഡലമാണു നിന്നെ തെറിവിളിപ്പിച്ചതു. വരൂ ക്ളോതേ.. നിന്റെ കണ്ണൻ ചിരട്ടയും കൂടെ എടുത്തോളൂ ”

കേട്ട വിളി സത്യമോ.. അതോ??? സത്യം തന്നെ!!! അങ്ങനെ വിശ്വസിക്കാനാണു എനിക്കിഷ്ടം...
..................................

അപ്പോൾ ഞാൻ ഉണ്ടാകും. യു എ ഇ മീറ്റിൽ.. അക്ഷരങ്ങൾകൊണ്ടു അമ്മാനമാടുന്ന എന്റെ സഹോദരങ്ങൾക്കിടയിലേക്കു മണ്ണപ്പം ചുട്ടുകളിക്കുന്ന വക്കുപൊട്ടിയ ചിരട്ടയുമായി.. വരുന്നൊ എന്റെ കൂടെ, എങ്കിൽ എനിക്കു മുന്നേ നടന്നോളൂ..

ഡേറ്റ് ഉറപ്പിച്ചാൽ അറിയിക്കുന്നതാണു. പങ്കെടുക്കൻ കഴിയുന്നവർ തീർച്ചയായും വരുമല്ലോ. ദയവു ചെയ്ത് വിസയും ടിക്കറ്റും ചോദിക്കരുത്.. പ്ലീസ്.. വേണമെങ്കിൽ തലചായ്ക്കാൻ ഒരു തലയിണ ഓക്കേ

കൂടുതൽ അറിയാൻ യു ബ്ലോഗേര്‍സ് മീറ്റിനു അരങ്ങൊരുങ്ങുന്നു....ബന്ധപ്പെടുക

അപ്പോ അവിടെ വെച്ച് സീ യൂ... ഡോണ്ട് മിസ്സേ..

Tuesday, 5 April 2011

ബാച്ച്ലർ റൂമിലെ നവരസങ്ങൾ..


ഞാൻ പിടിച്ച കള്ളൻ

ഫ്ലാറ്റിലെ കാരണവരായ ഹാജിക്ക സുബ്‌ഹി നിസ്കാരത്തിന്റെ സമയത്ത് വുളു എടുക്കാൻ പോകുമ്പോൾ തട്ടി വിളിച്ചു “ ടാ എണീറ്റ് നിസ്കരിച്ച് കെടക്കടാ ചെക്കാ”.

....ഒന്നു രണ്ടു മിനിട്ട്‌ കഴിഞ്ഞുകാണും വെള്ള ഷർട്ടിട്ട ഒരാൾ അലമാരക്ക് മുന്നിൽ നിന്നു തിരിയുന്നതു പാതി ഉറക്കത്തിൽ ഞാൻ കണ്ടു. പിന്നെ ഒന്നും ആലോചിച്ചില്ല. ചാടിയെണീറ്റ് കഴുത്തിനു പിടിച്ചു ഒച്ചവെച്ചു. “കള്ളൻ കള്ളൻ”

ഒരൊറ്റ കുതറൽ!!! ഞാൻ പിന്നിലേക്കു മലർന്നടിച്ചു വീണു. “ഫ്ഫ ശെയ്ത്താനെ.. നിന്റെ വാപ്പ്യാണ്ട കള്ളൻ, നേരം വെളുക്കുമ്പൊ തന്നെ ഫിത് ന ഉണ്ടാക്കാൻ ..ഹിമാർ വാഹദ്.”
ഹാജിക്കാടെ സുരേഷ്ഗോപിയിലേക്കുള്ള ഭാവപ്പകർച്ച ഒന്നാന്തരമായിരുന്നു ..ഓടിക്കൂടിയ ഫ്ലാറ്റിലുള്ളവർക്കെല്ലാം ഈ ഡയലോഗിൽ തന്നെ എന്റെയും, കാര്യത്തിന്റെയും കിടപ്പും മനസ്സിലായി..

നിലത്തടിച്ച് മുഴച്ച തലയും തടവി, സൈക്കിളിൽ നിന്നു വീണ ചിരിയും പാസ്സാക്കി, വായപോലും കഴുകാതെ കിടന്ന കിടപ്പിൽ തന്നെ ഞാനന്ന് സുബ്‌ഹി നിസ്കരിക്കേണ്ടി വന്നു. പോണപോക്കിൽ കയ്യിലിരുന്ന പല്ലുപോയി തുടങ്ങിയ ചീർപ്പ്, എന്റെ നടുമ്പുറത്തേക്കു വലിച്ചെറിയാനും ഹാജിക്ക മറന്നില്ല.
........................................................................സ്വപ്നം
തൃശ്ശൂക്കാരൻ റിയാസ് ഭായ്. ഉറക്കത്തിൽ നല്ല ശബ്ദത്തിൽ ഫോൺ ചെയ്യുന്ന സ്വഭാവമുള്ളവൻ. എങ്കിലും പല മണിയറ രഹസ്യങ്ങളും അതിൽ നിന്നും വീണു കിട്ടുന്നു എന്ന സു:ഖമുള്ളത് കൊണ്ട് ഞങ്ങളവനെ സഹിച്ചു പോകുന്നു.

......എല്ലാരും നല്ല ഉറക്കം പിടിച്ചിരിക്കുന്നു...
“പടച്ചോനേ.. താങ്ങടാ ഇപ്പൊ വീഴോടാ..” ചങ്കു കാറിയുള്ള ശബ്ദം!! ഞെട്ടിപ്പിടഞ്ഞെണീറ്റപ്പോൾ റിയാസതാ രണ്ട് കയ്യും ചുമരിനോടു ചേർത്ത് ബലം പിടിച്ച് നില്ക്കുന്നു. സഹമുറിയനായ സലീം ഭായ് അവന്റെ ചുമലിൽ പിടിച്ചപ്പോൾ പിന്ന്യേം അട്ടഹാസം.. “എന്നെയല്ലടാ പഹയന്മാരേ, ചൊമരിനെ പിടിക്കെടാ, ഭൂകമ്പം വര്‌നടാ, ഇപ്പോ വീഴോടാ..”

ഞങ്ങളറിയാതെ തന്നെ ഞങ്ങളിൽ നിന്നും വന്ന ആ കൂട്ടച്ചിരിയിൽ (റിയാസിനെ സംബന്ധിച്ച് അതൊരു കൊലച്ചിരിയായിരുന്നു) പരിസരബോധം തിരിച്ചു കിട്ടിയ റിയാസ്, നിന്ന നില്പ്പിൽ നിന്നു ഒരായിരം തവണ ഉള്ളുരുകി പ്രാർത്ഥിച്ചു, എന്തു കണ്ടാലും ഇനി ഭൂകമ്പം സ്വപ്നം കാണല്ലേ റബ്ബേ!!!!

... പാറക്കടവത്തു തെക്കുംകര എന്ന എക്സ്പ്രസ് ഹൈവെ വീട്ടുപേരു കൂടാതെ, ദാനമായ് കിട്ടിയ ഭൂകമ്പവും അതിന്റെയൊപ്പം പേറി നടക്കുന്നു ഇന്നും ആ പാവം തൃശ്ശൂക്കാരൻ!!!