Thursday, 17 November 2011

പ്രണയത്തിന്റെ പ്രവാചകൻ...

തിളക്കുന്ന വേനലിൽ വിയർത്തു നില്ക്കുന്ന മദ്ധ്യാഹ്നം. വൈറ്റ്കോളർ ജോലിയുടെ ശീതോഷ്മളതയിലേക്ക് ഓർഡർ ചെയ്തുവരുത്തിയ ഫൈവ്സ്റ്റാർ ഭക്ഷണത്തിന്‌ ചുറ്റുമായി ഞങ്ങൾ നാലുപേർ ഇരുന്നു. പതിവു പോലെ, ലോകത്തെ പിടിച്ചുകുലുക്കിയ സാമ്പത്തിക മാന്ദ്യത്തിന്റെ പരിഹാരമാർഗ്ഗങ്ങളെക്കുറിച്ചുള്ള കൂലംകഷമായ ചിന്തകൾ പ്രത്യേകതരം ചേരുവയിൽ മിനുക്കിയെടുത്ത ആഹാരത്തിനൊപ്പം ചവച്ചിറക്കിക്കൊണ്ടിരിക്കുകയായിരുന്നു.

ഞങ്ങളുടെ ചർച്ചകൾക്ക് യാതൊരുവിധ അലോസരവും ഉണ്ടാക്കാതെ പാൻട്രിയുടെ ഒരു മൂലയിൽ ചായ ഉണ്ടാക്കിക്കൊണ്ടിരിക്കുകയായിരുന്നു ഓഫീസ്ബോയ് മനീന്ദർ. സ്കൂൾ വിദ്യഭ്യാസം മാത്രമേ വശമുള്ളുവെങ്കിലും പരിചയ സമ്പന്നതയിൽ ഇംഗ്ളീഷും അല്പം അറബിയും കൈകാര്യം ചെയ്യാൻ പഠിച്ചിരിക്കുന്നു ഈ ബോംബെക്കാരൻ.

മനസ്സിന്റെ പിടച്ചിൽ കൈകൾക്ക് താങ്ങാൻ കഴിയാത്തതുകൊണ്ടാകണം മനീന്ദറിന്റെ കയ്യിലിരുന്ന ചായക്കപ്പും, ബിസ്കറ്റ് പാക്കറ്റും താഴെവീണു ചിതറിയത്. ഒപ്പം വീണുടഞ്ഞ കണ്ണുനീർ കണങ്ങൾ ഞങ്ങൾക്ക് കാണാൻ കഴിയാതെ പോയി.

ഒഴിഞ്ഞു കിടന്ന കസേരയിലേക്ക് മനീന്ദറിനെ പിടിച്ചിരുത്തി ഭക്ഷണത്തിൽ നിന്നുള്ള ഒരു വിഹിതം മുന്നിലേക്ക് നീക്കിവെച്ചു. എന്തെ നീയിന്ന് ഭക്ഷണം വാങ്ങിയില്ലേ...? വളരെ സ്വാഭാവികമായ ചോദ്യം. മനീന്ദർ അതു പ്രതീക്ഷിച്ചിരുന്നുവെന്നു വേണം കരുതാൻ. അതുവരെ തൊണ്ടയിൽ പൂട്ടിയിട്ടിരുന്ന സഹനത്തിന്റെ തിരമാലകൾ കണ്ണുകളിലേക്ക് ആർത്തലച്ചെത്തി. വിളർച്ചയുടെ വെളുപ്പുനിറം നിഷ്കളങ്കമായ ആ മുഖത്തേക്ക് ദയനീയതയുടെ കാർമേഘങ്ങളെയും കൂട്ടിക്കൊണ്ടുവന്നു.

ഒരുനിമിഷത്തെ നിശബ്ദതക്കു ശേഷം മനീന്ദർ ഞങ്ങളോട് സംസാരിക്കുവാൻ തുടങ്ങി. “ആപ് ലോക് സാബ്.., നിറമുള്ള സ്വപ്നങ്ങൾ പൂത്തുനില്ക്കുന്ന താഴ്വരയിലെ നീലത്തടാകത്തിൽ, ഇളം തെന്നലിന്റെ അകമ്പടിയിൽ ഇതളുകൾ ചേർത്ത് നൃത്തം ചെയ്യുന്ന ഒരുജോഡി വെള്ളാമ്പലുകൾ. കുളിർകോരുന്ന കുഞ്ഞോളങ്ങളുടെ പാദസരക്കിലുക്കത്തിൽ ജീവിതതാളം നുകർന്ന് നില്ക്കുകയായിരുന്നു. പ്രാരാബ്ദങ്ങളുടെ നിറം മങ്ങിയ ഇടനാഴിയിൽ പ്രണയത്തിന്റെ കൈത്തിരിവെട്ടം ജ്വലിക്കാൻ തുടങ്ങിയപ്പോൾ, മനസ്സിൽ ഞാൻ തീർത്ത മാണിക്യകൊട്ടാരത്തിലേക്ക് ഒരു രാജ്ഞിയായി ഞാനവളെ കൈപിടിച്ചു കയറ്റി. താരകങ്ങൾ മിന്നിപ്പറക്കുന്ന യാമത്തിൽ കിഴക്കൻ ചക്രവാളത്തിൽ നിന്നും ഉദിച്ചുയർന്ന് ഗസലിന്റെ താളമായ് എന്റെ മാറിലേക്ക് പടർന്നുകയറിയ പൂനിലാവിന്റെ ശോഭയാണെനിക്കെന്റെ പാറുൾ”

“മുല്ലപ്പൂവിന്റെ സൗരഭ്യം നിറഞ്ഞ ദാമ്പത്യനാളുകളിൽ നിന്നും ഞാനെന്റെ യൗവനം കടമെടുത്തു. പെറുക്കിക്കൂട്ടിയ പൊന്നിൻ കിനാക്കളോരോന്നും ജീവിതത്തിന്റെ കസവുനൂലുകളിലേക്ക് കോർത്തെടുക്കുന്നതിനായ്, ഊഷരമായ വിരഹതാപത്തിൽ ഉരുകിയൊലിക്കുന്ന പ്രവാസത്തിലേക്ക് ഞാനും ചുവടുകൾവെച്ചു. കടൽ കടന്നെത്തിയ ജ്വലിക്കുന്ന അക്ഷരക്കൂട്ടങ്ങളിലൂടെ പ്രണയലോകത്തിന്റെ ഔന്നത്യങ്ങൾ തേടിയുള്ള ഞങ്ങളുടെ പ്രയാണം തുടർന്നുകൊണ്ടേയിരുന്നു."

"രണ്ട് വർഷം മുൻപുള്ള ദീപാവലി ദിവസം വീട്ടിലേക്ക് ഫോൺ ചെയ്തപ്പോൾ, ഫോണെടുക്കുവാനായ് അടുക്കളയിൽ നിന്നും പാറുൾ ഓടിയെത്തി. നെടുവീർപ്പുകൾ വാക്കുകളായി മാറിക്കൊണ്ടിരുന്നു. വാക്കുകളോ... ഒന്നിലൊന്നായലിഞ്ഞ രണ്ടാത്മാക്കൾ ചേർന്നിരുന്ന് സർഗ്ഗീയാരാമത്തിലേക്കു തുറക്കുന്ന ഹൃദയവാതായനങ്ങളും. ഫോൺ കട്ട് ചെയ്തശേഷം പാറുൾ അടുക്കളയിലേക്ക് തിരിച്ചുചെന്നു. പൂട്ടാൻ മറന്നുപോയ അടുപ്പിൽനിന്നും പരന്നു തുടങ്ങിയ ഗ്യാസിന്റെ ഗന്ധം ശ്രദ്ധിക്കാതെയവൾ തീപ്പെട്ടിയുരച്ചു. ദീപാവലിയുടെ ഹർഷാരവങ്ങൾക്കിടയിൽ ആകാശത്ത് വർണ്ണവിസ്മയങ്ങൾ തീർത്ത് എരിഞ്ഞുവീണ അഗ്നിസ്ഫുലിംഗങ്ങളിലൊന്നായ് എന്റെ പാറുളും കൊഴിഞ്ഞു വീണു."

"ആഴ്ച്ചകൾക്ക് ശേഷം വളരെ പ്രയാസപ്പെട്ടാണെങ്കിലും സംസാരിക്കുവാൻ തുടങ്ങിയ പാറുൾ ഫോണിലൂടെ എന്നോട് ചോദിച്ചു. ക്യാ ആപ് മുജ്സെ മിൽനാ നഹീ ചാഹത്തേ ഹൊ? വെന്തുരുകിയ എന്റെ മാംസളതക്കൊപ്പം നിന്റെ വികാരങ്ങളും കൊഴിഞ്ഞുവീണുവോ? നിനക്കറിയുമോ.. വികൃതമായെന്റെ മുഖം കണ്ടു പേടിച്ച് നമ്മുടെ പൊന്നോമനമകൾ പോലും എന്നടുത്തേക്ക് വരുന്നില്ല മനൂ......"

"വഴിമാറിയെത്തിയ മരുക്കാറ്റ് അഗ്നിനാളങ്ങളായ് എന്റെ ശരീരത്തിൽ താണ്ഢവമാടുന്നു.... ഈ നിമിഷം എനിക്ക് ചിറകുകൾ മുളച്ചിരുന്നുവെങ്കിൽ ഞാൻ നിന്നിലേക്കു പറന്നെത്തുമായിരുന്നുവെന്റെ സുകൃതമേ....തൊണ്ടയിൽ കുരുങ്ങിയതല്ലാതെ വാക്കുകൾ പുറത്തേക്കു വന്നില്ല."

ഞങ്ങളുടെ വായിലിരിക്കുന്ന ഭക്ഷണത്തിന്‌ കരിഞ്ഞ മനുഷ്യമാംസത്തിന്റെ രൂക്ഷഗന്ധം!!!

"ദിവസങ്ങൾക്കായി കാത്തുനിന്നില്ല. പിറ്റേന്ന് തന്നെ ഞാൻ യാത്രതിരിച്ചു. വേദനകൾ നിറഞ്ഞ കാത്തിരിപ്പിനൊടുവിൽ അഗ്നിശുദ്ധി വരുത്തിയ വിറക്കുന്ന ചുണ്ടുകളിലൊരു ദീർഘചുംബനം നല്കി നെഞ്ചിലെ തുടിക്കുന്ന ചൂടിലേക്ക് ഞാനവളെ ചേർത്തുകിടത്തി. മുളച്ച് തുടങ്ങിയിരിക്കുന്ന മുടിയിഴകളിൽ എന്റെ വിരലുകൾ ചലിച്ചപ്പോൾ, തുമ്പപ്പൂവിൽ വീണ മഞ്ഞുകണങ്ങളെ പോലെ പുന:സമാഗമത്തിന്റെ ഊഷ്മളത നിറഞ്ഞ കണ്ണുനീർ പാറുളിന്റെ മിഴികളിൽ തിളങ്ങി നിന്നു."

"പഴുപ്പ് പൊട്ടിയൊലിക്കുന്ന മുറിവുകളിൽ മരുന്നുവെക്കുമ്പോഴുള്ള പാറുളിന്റെ തേങ്ങൽ എന്റെ പ്രാണനിൽ പൊള്ളലേല്പ്പിച്ചുകൊണ്ടിരുന്നു. ആറുമാസക്കാലം ഒരു കൈക്കുഞ്ഞിനെപ്പോലെ അവളെന്റെ കൈകളിൽ അതീവ സന്തോഷവതിയായിരുന്നു. അകന്നു നില്ക്കുമ്പോൾ, ആനന്ദകരമായ പകൽ വെളിച്ചത്തിൽ നിന്നും ഏകാന്തതയുടെ ഇരുണ്ട ആഴങ്ങളിലേക്ക് പതിക്കുമെന്നറിയാമെങ്കിലും, എല്ലാം നഷ്ടപ്പെട്ടവന്റെ ഉറക്കമില്ലാത്ത രാവുകൾ മനസ്സിനെ വേദനിപ്പിച്ചതുകൊണ്ടാകാം വീണ്ടും ദുബായിലേക്ക് തിരിച്ചുവരാൻ അവളെന്നെ പ്രേരിപ്പിച്ചത്."

"ആപ് ലോക് സാബ്, ഇന്നത്തെ ഉച്ചഭക്ഷണം ഞാൻ വേണ്ടെന്നു വെക്കുമ്പോൾ എന്റെ പ്രാണനിൽ വിരിഞ്ഞ പനിനീർ പുഷ്പത്തിന്റെ കരിഞ്ഞ ഇതളുകളിൽ ഒരു നേരത്തേക്കെങ്കിലും സുഖപ്പെടുത്തലിന്റെ മഴത്തുള്ളികൾ ചേർത്തുവെക്കാനാകുന്നു. വിശക്കുന്ന വയറിലും സായൂജ്യത്തിന്റെ കുളിർതെന്നലൊരു തലോടലായെത്തുന്നു."

ദു:ഖസാന്ദ്രമായ മിഴികളുമായി മനീന്ദർ ഞങ്ങൾക്കിടയിൽ തലതാഴ്ത്തിയിരുന്നു.

എനിക്കഭിമുഖമായി ഇരിക്കുകയായിരുന്നു സഹപ്രവർത്തകൻ ഇർഫാൻ ഖാലിദ്. യൗവനത്തിന്റെ ചോരത്തിളപ്പിൽ വീട്ടുകാരുടെ എതിർപ്പുകളെ വകവെക്കാതെ, ഉപരിപഠനക്കാലത്ത് കണ്ടുമുട്ടിയ സമ്പന്നയായ ഷെറിനെ ജീവിത സഖിയാക്കി. രണ്ടുപേരുമിപ്പോൾ ദുബായിലെ പ്രശസ്തമായ കമ്പനികളിൽ ജോലിചെയ്യുന്നു.

സ്വയംപര്യാപ്തരെന്ന സ്വാർത്ഥമോഹത്തിൽ താളപ്പിഴവുകൾ തീർത്ത ദാമ്പത്യം. കഴിഞ്ഞമാസം ഷെറിനെയും മൂന്നു വയസ്സുകാരി മകളെയും പാർക്കിൽ ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് കടന്നു കളഞ്ഞു ഇർഫാൻ ഖാലിദ്. സുഹൃത്തുക്കൾ ഇടപെട്ട സന്ധിസംഭാഷണത്തിനൊടുവിൽ വീട്ടിലേക്ക് തിരിച്ചു വന്നു ആരാധക വൃന്ദത്തിനുമുമ്പിലെ സത്ഗുണസമ്പന്നനായ ഈ മീഡിയ ഐക്കോൺ.

ഇർഫാൻ ഖാലിദിന്റെ മുഖത്തിനെ കുറ്റബോധം വലിഞ്ഞുമുറുക്കുകയായിരുന്നു. ഇരുട്ടുകയറിയ കണ്ണുകൾക്ക് മുമ്പിൽ മനീന്ദറിന്റെ ജീവിതം തുറന്നുവെച്ച വേദപുസ്തകത്തിന്റെ തിളങ്ങുന്ന താളുകളായി മറിഞ്ഞുവീണുകൊണ്ടിരുന്നു.

ഒരു മാസത്തെ വേതനം ചികിത്സക്കായി തികയാത്തതുകൊണ്ട്, മനീന്ദർ മറ്റു രണ്ടു ഓഫീസുകളിൽ രാത്രി വളരെ വൈകുന്നതുവരെ പാർട്ട് ടൈം ജോലി ചെയ്യുന്നുണ്ടെന്നു പിന്നീടാണ്‌ എനിക്കറിയാൻ കഴിഞ്ഞത്. രണ്ടാഴ്ചകൾക്ക് ശേഷം വളരെ ആഹ്ളാദവാനായി എന്റെ ക്യാബിനിലേക്ക് കടന്നുവന്ന മനീന്ദറിന്റെ കയ്യിലൊരു പോസ്റ്റ്കവർ വിറകൊള്ളുന്നുണ്ടായിരുന്നു “ഭായ് സാബ്.. ക്യാ തുജെ മാലും, പാറുൾനെ അപ്നെ ഹാത്തോംസെ മുജേ ചിട്ടി ലിഖ്നാ ഷുരൂ കിയാ.. യമുനയുടെ തീരങ്ങളെ മുത്തമിട്ടൊഴുകുന്ന കുഞ്ഞോളങ്ങളിൽ പ്രണയഗീതത്തിന്റെ കരിവളക്കിലുക്കം മന്ത്രധ്വനികളായുയരുന്നു... പാറുൾ വീണ്ടും എഴുതുവാൻ തുടങ്ങിയിരിക്കുന്നു.”

വറുതിയുടെ കരിന്തിരിവെട്ടത്തിലും സ്നേഹം കൊണ്ട് സമ്പന്നനായ മനീന്ദർ. എന്റെ മനസ്സ് മന്ത്രിക്കുന്നു. നീയൊരു പ്രവാചകനാണ്‌... അതെ പ്രണയത്തിന്റെ പ്രവാചകൻ!!!