Sunday, 5 February 2012

ദോഷജാതകങ്ങൾ..

“ത്ഫൂ... പടച്ചോനും ഓന്റെ ഒരു കൂട്ടിക്കൊടുപ്പുകാരനും.” നീട്ടിത്തുപ്പിയ കൊഴുപ്പ് കൃത്യം നോട്ടീസിലെ ആ പേരിൽ തന്നെ പതിച്ചു. അടിവയറിന്റെ വേദനകലർന്ന തുപ്പുനീർ ഇളം ചുവപ്പുനിറം നല്കി ചുറ്റിലേക്കും സാവധാനം പരക്കാൻ തുടങ്ങി.

അടിച്ചുകൂട്ടിയ ചപ്പുചവറുകൾ തെങ്ങിൻ തടത്തിലേക്ക് കൂട്ടിയിട്ട് ആമിന വീടിനുള്ളിലേക്ക് തിരിച്ചുകയറി. പതിവുപോലെ; മാമ്പൂക്കളെ പ്രണയിക്കുവാനെത്തിയ സന്ധ്യാമാരുതൻ കുസൃതികൂട്ടിക്കൊണ്ട് ആമിനയുടെ തട്ടത്തിനുള്ളിലേക്കും നൂണ്ടുകയറി. മനസ്സിലേക്ക് ശവനാറിപ്പൂവിന്റെ നീറുന്ന ഗന്ധവും.

പകൽ യാത്രയാവുകയാണ്‌. ഉമ്മറക്കോലായിലെ തൂണിനോട് ചാരിയിരുന്ന്, അസ്തമയസൂര്യൻ പടിഞ്ഞാറിന്‌ സമ്മാനിച്ച വർണ്ണമേഘങ്ങളിലേക്ക് അലക്ഷ്യമായി നോക്കിയിരുന്നു ആമിന. അവളുടെ ഓർമ്മകളിൽ ഒരു നേർത്ത രക്തരേഖ ചാലിട്ടൊഴുകുവാൻ തുടങ്ങിയിരിക്കുന്നു.

ഓട്ടവീണ ചുമരുകളിലൂടെ മഞ്ഞ് വിരുന്നെത്തിയ ദിവസം. അതിന്റെ ഇളം തണുപ്പിൽ കലർന്ന ചന്ദനത്തിരിയുടെ ഗന്ധം അയാളെ കൂടുതൽ ഉന്മത്തനാക്കി. വാഗ്ദാനങ്ങളെല്ലാം പ്രലോഭനങ്ങളാണെന്ന് തിരിച്ചറിഞ്ഞപ്പോഴേക്കും, മായിൻകുട്ടിഹാജിയുടെ കിതപ്പുകൾ, വിയർപ്പുകണങ്ങളായ് ആമിനയുടെ മാറിൽ നനവ് പടർത്തിയിരുന്നു. നെഞ്ചിലെ കറുപ്പിനിടയിലെ നരച്ചരോമങ്ങൾക്ക് മുകളിലൂടെ കുപ്പായം വലിച്ചിട്ട് ഇരുളിനുള്ളിലേക്കയാൾ നടന്നകന്നു. പോകുന്നതിനു മുമ്പായി കുപ്പായക്കീശയിൽ നിന്നും ചുരുട്ടിയെടുത്തു എതാനും നോട്ടുകൾ. അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഉമ്മയുടെ കൈകളിൽ അതേല്പ്പിച്ചു. നിഷകരുണം കൊലചെയ്യപ്പെട്ട കന്യകാത്വത്തിന്റെ, കീഴാളവർഗ്ഗത്തിന്റെ തകർത്തെറിഞ്ഞ സ്വപ്നങ്ങളുടെ ചോരയിൽ കുതിർന്ന 100രൂപ നോട്ടുകൾ. കാപട്യത്തിൽ നിന്നും കടമെടുത്ത, സഹായിയുടെ ഭാവമായിരുന്നു അപ്പോളയാളുടെ മുഖത്ത്.

“ഈ കൂരയിൽ പോലും നീതി നടത്താൻ കഴിയാത്ത നീയാണോ എന്റെ രക്ഷിതാവ്, ഈ ലോകത്തിനെ പടച്ചോൻ. എങ്കിൽ നാളെ മഹ്ശറയിൽ*1, നിന്റെ തോന്ന്യാസങ്ങൾക്ക് സാക്ഷിയാണ്‌ ഈ വിരിപ്പിൽ കിടക്കുന്ന തസ്ബീഹ് മാലകൾ*2” ചിതറിത്തെറിച്ച കാമാവശിഷ്ടത്തിന്റെ നനവ് അവളുടെ നഗ്നതയിലേക്ക് തുളഞ്ഞിറങ്ങുന്നു. ജീവിതത്തിലേക്ക് ഇറ്റി വീണ വിഷത്തുള്ളികളോരോന്നും ജപമാലയുടെ എണ്ണത്തിലേക്കവൾ കോർത്തുവെച്ചു.

“മോളേ ആമിനൂ..” മരണത്തെ മുന്നിൽ കാണുന്ന ശോഷിച്ച ശരീരത്തിൽ നിന്നും പുറത്തുവന്ന ദയനീയ ശബ്ദം, ആമിനയെ ഓർമ്മകളിൽ നിന്നും വിളിച്ചുണർത്തി. ദാഹിച്ചു വരണ്ട ചുണ്ടുകളിലേക്ക് ചൂടാറിയ കാപ്പി ചേർത്തുവെച്ചുകൊണ്ടവൾ ഉമ്മയോട് ചോദിച്ചു “മായിൻകുട്ടിഹാജിയുടെ കരിനിഴൽ ഉമ്മയുടെ ജീവിതത്തിലും ഇരുട്ട് വീഴ്ത്തിയിട്ടുണ്ടോ?” തീഷ്ണമായ നോട്ടം കുറ്റബോധത്തിന്‌ വഴിമാറിയപ്പോൾ, ഉമ്മയുടെ ശരീരത്തിൽ നിന്നും ആ നശിച്ച വിയർപ്പിന്റെ ഗന്ധം ഉയരുന്നതായവൾക്ക് തോന്നി.

മായിൻകുട്ടി ഹാജിക്ക് ഹരമായിരുന്നു മാസമുറയിലെ അവസാനരണ്ടു ദിനങ്ങൾ. അടിയാത്തിമാരുടെ ഇളം ചുവപ്പിന്റെ വേദനയിൽ ആനന്ദം നുകരുന്ന നാട്ടുപ്രമാണി. അങ്ങാടിപ്പുറത്തെ അറിയപ്പെടുന്ന തറവാട്ടുകാരൻ, ധനാഢ്യൻ, പള്ളിക്കമ്മറ്റി പ്രസിഡണ്ട്, രാഷ്ട്രീയപാർട്ടിയുടെ പ്രാദേശിക നേതാവ്, എല്ലാം തികഞ്ഞവനെന്ന് അഹങ്കരിക്കുന്ന അഭിനവ ഫിർഔൻ*3.

“കാലങ്ങൾക്ക് മുമ്പ്, ആസിയാബീവിയുടെ*4 ശരീരത്തിലേക്ക് ഇരുമ്പുകമ്പി കുത്തിയിറക്കിയതും, നിന്നെ വിശ്വസിച്ചതുകൊണ്ടായിരുന്നില്ലേ.. തൂണിലും, തുരുമ്പിലും കുടികൊള്ളുന്നവനാണ്‌ നീയെങ്കിൽ, ആ ഇരുമ്പുകമ്പിയിലും നീയുണ്ടായിരുന്നുവല്ലേ” ആമിനയുടെ പതിഞ്ഞ സ്വരത്തിലും തിളക്കുന്ന ധാർമ്മികരോഷം. അശക്തരായവരുടെ മേൽ അനീതിയുടെ കൂരമ്പെയ്യുവാൻ ഫിർഔന്മാർക്ക് ജന്മം നല്കിക്കൊണ്ടിരിക്കുന്നു പ്രപഞ്ചനാഥൻ. നികുതിപ്പണത്തിനു മുകളിൽ ഉപജാപങ്ങളുടെ സിംഹാസനം അവർക്കായി പണികഴിക്കപ്പെട്ടിരിക്കുന്നു.

തലമുറകളിലൂടെ കൈമാറിയെത്തുന്ന കുലത്തൊഴിൽതന്നെ ചെയ്യാൻ തയാറാകണമെന്ന ഗാന്ധിജിയുടെ വീക്ഷണം, ആമിനയെ സംബന്ധിച്ച് തികച്ചും അർത്ഥവത്തായ നിരീക്ഷണം. അയൽ വീടുകളിലെ അടുക്കളയിൽ നിന്നും തുടങ്ങുന്ന പ്രഭാതവും, തൊടിയിലെ ചാഞ്ഞവെയിലിൽ കരിയിലകൾക്കൊപ്പമുള്ള സന്ധ്യകളും ആമിനയുടെ വരണ്ടദിവസങ്ങളിലെ ദിനചര്യകളായിരുന്നു. ആഗ്രഹിക്കുവാൻ അർഹയല്ലെങ്കിലും, അത്തറിന്റെ മണമുള്ള സ്വപ്നങ്ങൾ, രാവുകളിൽ അവൾക്ക് കൂട്ടിരുന്നു. രമിക്കാൻ ആഗ്രഹിച്ചവരാരും കൂടെപ്പൊറുക്കുവാൻ തുനിഞ്ഞില്ല. വാഗ്ദാനമായ് നീട്ടിയ സിന്ദൂരച്ചെപ്പിലും, കുരിശു കോർത്ത കൊന്തയിലും, മതം മാറ്റത്തിന്റെ രാഷ്ട്രീയം പട്ടുചേലയുമായ് പുഞ്ചിരിച്ചുനിന്നു.

മനസ്സ് മടുത്തിട്ടും മായിൻകുട്ടിഹാജിയിടെ ഇരുനില മാളികയിൽ അന്നത്തിനായവൾ വിയർപ്പൊഴുക്കി. പേരിനേക്കാൾ സുന്ദരിയായിരുന്നു ഹാജിയുടെ രണ്ടാമത്തെ ഭാര്യ സുഹറാബി. വിദ്യാസമ്പന്ന, സ്വഭാവത്തിന്റെ നിഷ്കളങ്കത ചെന്താമര വദനത്തിൽ നുണക്കുഴികൾ വിരിയിച്ചു. കൊട്ടാരത്തിനുള്ളിലെ രാജ്ഞീപദം ജീവിതത്തിന്നലങ്കാരമായിരുന്നു പക്ഷേ.. അന്തപ്പുരത്തിന്നുള്ളിലെ ചുവരുകളിൽ തളക്കപ്പെട്ടിരുന്നു അവരുടെ അവകാശങ്ങൾ. ഇരുൾമുറ്റിയ എകാന്തതയിൽ നിന്നും നിലാവിലേക്ക് തുറക്കുന്ന ജാലകങ്ങളായിരുന്നു ആമിനയുടെ സാന്നിധ്യം. ഒരിക്കലെപ്പോഴോ മനസ്സിന്റെ നിമ്നോന്നതങ്ങളിലൂടെ വഴിമാറിയൊഴുകി അവരുടെ ചിന്തകൾ. സദാചാരത്തിന്റെ നീളം കുപ്പായങ്ങൾ അവരിൽ നിന്നും അഴിഞ്ഞുവീണു. സർഗ്ഗീയാരാമത്തിലെ മഞ്ഞുകണങ്ങൾ നെറ്റിത്തടത്തിൽ ഉരുണ്ടുകൂടി.

“നിനക്ക് വെറുപ്പ് തോന്നുന്നുണ്ടോ ആമിനാ?” പുഞ്ചിരിവിടർന്ന ആമിനയുടെ ചുണ്ടുകളിൽ വിപ്ളവത്തിന്റെ വിജയഭാവം. ഉറങ്ങിക്കിടന്നിരുന്ന കേവലവികാരങ്ങളെ വിളിച്ചുണർത്തലായിരുന്നില്ല അതൊരിക്കലും. ജീവിതം വഴിമുട്ടിയ രണ്ട് മനുഷ്യജന്മങ്ങൾ, അത് നിഷേധിച്ച ഹാജിയാർക്കെതിരിൽ നയിച്ച സമരത്തിന്റെ, സഹനത്തിന്റെ രതിമൂർച്ചക്കായിരുന്നു അന്ത:പുരം സാക്ഷിയായത്.

അതെപ്പോഴും അങ്ങിനെയല്ലേ. പാർശ്വവല്ക്കരിക്കപ്പെട്ടവന്റെ ആഘോഷങ്ങൾ, അധികാര ദുർവ്യയം ചെയ്യുന്ന നേതാക്കന്മാർക്കെതിലുള്ള അമർഷത്തിന്റെ ശംഖൊലിയാണ്‌.

“ഹാദിഹീ ജന്ന: ഹിയ വത്വനീ..
പലസ്ഥീൻ, ഞാൻ ജനിച്ച സ്വർഗ്ഗഭൂമി,
നിണം നനഞ്ഞ നടവഴിയകളിൽ
അധിനിവേശത്തിന്റെ കാടൻ ബൂട്ടുകൾ
ചവിട്ടി മെതിച്ചു ജീവിതാവകാശം

പാരതന്ത്ര്യത്തിൻ തെരുവോരത്ത്
പിടഞ്ഞുവീണുവെന്റെ പ്രണയിനി
ഓർമ്മകളിൽ തീനിറക്കുവാൻ
സമ്മാനിച്ചു വീണ്ടുമൊരു പ്രണയദിനം
കണ്ടുമുട്ടും നിങ്ങളെന്റെ പ്രതിരൂപങ്ങൾ
മനുഷ്യത്വം മരവിച്ച വിള നിലങ്ങളിൽ”

ഗാസയുടെ തെരുവോരങ്ങളിൽ വാലന്റൈൻ ദിനത്തിൽ ഉയരുന്ന വിലാപകാവ്യങ്ങൾ ഒരിക്കലും അസ്തമിക്കാത്ത പോരാട്ടവീര്യത്തിന്റെ നെരിപ്പോടുകളല്ലേ

പള്ളിയിൽ പുതുതായി നിയമിക്കപ്പെട്ട യുവപണ്ഢിതൻ തനിക്കെതിരെ തിരിഞ്ഞിരിക്കുന്നു. “മൊയ്‌ല്യാരാണത്രേ!! മാനം മര്യാദയായി ജീവിക്കുന്ന നാട്ടിലുള്ളോർക്ക് മാനക്കേടുണ്ടാക്കി വെക്കാൻ നമ്മള്‌ സമ്മതിക്കൂല്ല. ഇന്നലെ രാത്രിക്ക് രാത്രി തന്നെ ഹാജിയാർ ഓനെ പറഞ്ഞു വിട്ടു“ നാല്ക്കവലയിലെ ചായക്കടയിൽ മായിൻകുട്ടിക്ക് വേണ്ടി ഈണത്തിലുള്ള ഓശാനപാടൽ

ഉയർന്ന ശബ്ദത്തിനെ നിശ്ചലമാക്കുവാൻ കൂടുതലൊന്നും ആലോചിക്കേണ്ടിവന്നില്ല. കേട്ടാലെളുപ്പം വിശ്വസിക്കുന്ന ഒരു വ്യഭിചാരാരോപണം. അന്വേഷണത്തിന്‌ ആരും തന്നെ മുതിർന്നുമില്ല. ചോദ്യം ചെയ്യുന്നവന്റെ പേരിലും എളുപ്പം കെട്ടിവെക്കാവുന്ന ഒന്നാണല്ലോ ആരോപണങ്ങൾ. ഭീകരവാദി, തീവ്രവാദി, മൗലികവാദി എടുത്തുപയോഗിക്കുവാൻ എളുപ്പത്തിൽ എത്രയെത്ര പേരുകൾ.

“ആമിനാ... നിനക്കറിയുമോ ദേവകിതമ്പുരാട്ടിയെ*5?”
“ഈ നാട്ടിൽ ഞാനറിയാത്ത ഒരു തമ്പുരാട്ടിയൊ? അതാരാണ്‌ സൂറാബിത്താ..”
“എന്റെ കഥയാണത് ആമിനാ, എനിക്കു മുമ്പേ എഴുതിവെച്ച പുകപുരണ്ടയെന്റെ ജീവിതം. മതാചാരങ്ങളുടെയും, അധികാരത്തിന്റെയും കാലൊച്ചകളെ ഭീതിയോടെ, വിധേയത്വത്തോടെ കണ്ട ദേവകിയേടത്തി...അല്ല സുഹറാബി. സ്വർണ്ണനൂലുകളിൽ ഇഴപിരിഞ്ഞ ഭാര്യാപദം, തൂക്കുകയറിന്റെ വേദനനല്കുന്നു ആമിനാ. കണ്ണു നിറയാതെ, കൈവിറക്കാതെ ഞാനതറുത്തു കളയുകയാണ്‌. മായിൻകുട്ടിയുടെ കിടപ്പറയോട് വിടപറയാൻ സമയമായിരിക്കുന്നു”

സവർണ്ണാധിപത്യത്തിന്റെ പിന്നാമ്പുറങ്ങളിൽ, പ്രതീക്ഷയുടെ മൈലാഞ്ചി ചുവപ്പണിഞ്ഞ മുഖമില്ലാത്തവർക്കിടയിലേക്ക്, ഹർഷാരവങ്ങളില്ലാതെ, പുഷ്പഹാരങ്ങളില്ലാതെ ദേവീബഹനായ്, ഇറോംശർമ്മിളയായ്, കൂർത്തകല്ലുകൾ നിറഞ്ഞപാതയിലൂടെ സുഹറാബിയും യാത്രയാകുന്നു.

അടിവയറിൽ വേദന കനക്കുന്നു. തുരുമ്പിച്ച ട്രങ്ക്പെട്ടിയുടെ മൂലയിൽ ചുരുട്ടിവെച്ച തുണിക്കഷ്ണം ആമിന പുറത്തേക്കെടുത്തു. അവളുടെ പരിശുദ്ധിയുടെ രുചിയറിഞ്ഞ ദിവസം എടുക്കാൻ മറന്നുപോയ ഹാജിയാരുടെ വെളുത്തഷാൾ. ഋതുമതിയാകുന്ന ദിവസങ്ങളിൽ ഒരോതുള്ളി രക്തം ആ വെളുപ്പിലേക്കവൾ ഇറ്റിച്ചു വെച്ചു. അപ്പോഴെല്ലാം ഷാളിൽ തെളിഞ്ഞത് മായിൻകുട്ടിഹാജിയുടെ മുഖമായിരുന്നു. ശബ്ദിക്കാൻ അർഹതയില്ലാത്തവളുടെ നിശബ്ദമായ പ്രതിഷേധം. മനസ്സിന്റെ ആഴങ്ങളിൽ ബന്ധിക്കപ്പെട്ടിരിക്കുന്ന കൂറ്റൻ തിരമാലകൾ, ഒരു വേലിയേറ്റത്തിന്റെ സായാഹ്നത്തിനായ് കാത്തിരിക്കുന്നു. സുഗന്ധം പരത്തുന്ന ഒരു പുലർവേളയിൽ സ്വേഛാധിപത്യത്തിന്റെ മയ്യത്തുകൾക്ക് മുകളിൽ പുതപ്പിക്കുവാനായ്, ആമിന ട്രങ്ക്പെട്ടിയിലേക്ക് തന്നെ ഷാൾ ഭദ്രമായി മടക്കിവെച്ചു.

അനീതി; ഇരുട്ടറയിൽ അടക്കപ്പെട്ട സ്വാതന്ത്ര്യം. മുറിവേറ്റമനസ്സുകളുടെ മൗനമായ പ്രാണനൊമ്പരം. അതിന്‌ കാരണക്കാരൻ ഹാജിയാരായാലും, അങ്കിൾസാം ആയാലും വിചാരണ ചെയ്യപ്പെടണം. അതാകട്ടെ പുലരാനിരിക്കുന്ന ലോകനീതി!!

----------------------------------
*1 - ഇസ്ലാം മതവിശ്വാസമനുസരിച്ച് അവസാനനാളിൽ ജനങ്ങളെ പരലോകത്ത് ഒരുമിച്ചു കൂട്ടുന്ന സ്ഥലം.
*2 - ജപമാല
*3 - പ്രവാചകൻ മൂസാനബിയുടെ കാലഘട്ടത്തിൽ ഈജിപ്ത് ഭരിച്ചിരുന്ന രാംസാസ് രണ്ടാമൻ ചക്രവർത്തി
*4 - ഫിർഔന്റെ ഭാര്യ
*5 - ലളിതാംബിക അന്തർജനത്തിന്റെ അഗ്നിസാക്ഷി എന്ന നോവലിൽ ദേവകിമാനമ്പിള്ളി, ദേവീബഹൻ എന്നീ പേരുകളിൽ വരുന്ന കഥാപാത്രം.
-----------------------------------------------------------
ചിത്രം: ഫോട്ടോഗ്രാഫർ "Steve McCurry" യുടെ ലോകപ്രശസ്തമായ ഫോട്ടോഗ്രാഫ്. പാകിസ്താൻ അഭയാർത്ഥി ക്യാമ്പിൽ നിന്നും പകർത്തിയ അഫ്ഗാൻ പെൺകുട്ടിയുടെ ചിത്രം