Monday, 2 July 2012

ചട്ടുകാലി

“പടച്ചോനേ.. താങ്ങടാ, ഇപ്പൊ വീഴോടാ” ചങ്കുകാറിയുള്ള കരച്ചിൽ കേട്ടാണ്‌ പാതിരക്ക് ഞങ്ങൾ ഞെട്ടിയുണർന്നത്. ലൈറ്റിട്ട് നോക്കുമ്പോൾ, കണ്ണുമടച്ച് ചുമരിനോട് ചേർന്ന് നാസർ നില്ക്കുന്നു. സഹമുറിയൻ സലീം, നാസറിന്റെ തോളിൽ കൈവെച്ചതും വീണ്ടുമൊരുകാറൽ “ എന്നെയല്ലടാ പഹയന്മാരെ ചുമരിനെ താങ്ങടാ, ഇതിപ്പം വീഴോടാ....”

സെക്കന്റുകളുടെ നിശബ്ദത..., പിന്നീടുണ്ടായ അട്ടഹാസം ഞങ്ങളുടെ കൂട്ടച്ചിരിയായിരുന്നു. നാസറിനെ സംബന്ധിച്ച് അതൊരു കൊലച്ചിരിയും. സ്വബോധം വന്നപ്പോൾ നിന്ന നില്പ്പിൽ തന്നെ അവൻ കയ്യുയർത്തി പ്രാർത്ഥിച്ചു. “ ഇനിയെന്ത് സ്വപ്നം കാണിച്ചാലും ഭൂകമ്പം മാത്രം സ്വപ്നം കാണിക്കല്ലെന്റെ റബ്ബേ” നവരസങ്ങൾ വിരിയുന്ന ബാച്ലർ റൂമിൽനിന്നും ഗൾഫ്ജീവിതത്തിൽ എനിക്കുണ്ടായ ആദ്യാനുഭവം.5വർഷത്തെ ഫൈനാർട്ട്സ് കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും, ചെറിയ എക്സ്പീരിയൻസുകൾക്കുമൊപ്പം, മനസ്സിൽ മുളച്ച അഹങ്കാരത്തെയും കൂട്ടിപ്പിടിച്ചുകൊണ്ടാണ്‌ ദുബായ് നഗരത്തിൽ ഞാൻ ജോലി തേടിയെത്തിയത്. ദിവസങ്ങൾ കഴിയുംതോറും തെരച്ചിലുകൾ അലച്ചിലുകളായി മാറിക്കൊണ്ടിരുന്നു. മുഷിയുന്ന കുപ്പായങ്ങളിൽ ദയനീയതയുടെ വിയർപ്പുമണം കട്ടപിടിക്കുന്നു. വിസിറ്റ് വിസയുടെ കാലാവധി തീരാൻ എതാനും മണിക്കൂറുകൾ  ബാക്കിനില്ക്കെ, ദൈവാനുഗ്രഹത്താൽ ഒരു പരസ്യക്കമ്പനിയിൽ ആർട്ട്ഡയറക്ടറായി എനിക്ക് ജോലി ലഭിച്ചു.

“ജോലിയാകുന്നതുവരെ റൂം വാടകയെക്കുറിച്ചൊന്നും ജ്ജ് ബേജാറാവണ്ട. ശമ്പളം കിട്ട്യാൽ കടം വീട്ടി തിരിച്ച് തന്നേക്ക്. എന്ത്യേയ്..”  സ്നേഹം കയ്യൊപ്പ് ചാർത്തിയ ഈ കരാറിന്റെ തിളക്കം തന്നെയായിരുന്നു, ഉയർന്ന ശമ്പളമുണ്ടായിരുന്നിട്ടും മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറാൻ എന്റെ മനസ്സനുവദിക്കാതിരുന്നതും.

ദുബായ് സത്‌വ ബസ്റ്റാന്റിനടുത്തുള്ള ചെറിയൊരു റൂമിൽ ഞങ്ങൾ നാലുപേരുണ്ടായിരുന്നു. കാരണവർ സ്ഥാനം കല്പ്പിച്ചുകൊടുത്ത അബ്ദുള്ളക്ക എന്ന ഔളക്ക. പ്രായം 50നോടടുക്കുന്നു. പാവം, നാളിതുവരെയായി നേർന്ന നേർച്ചകളൊന്നും ഫലംകണ്ടില്ല. “പണോം, മക്കളും പടപ്പുകൾക്ക് പരീക്ഷണാന്നാ പടച്ചോൻ പറഞ്ഞേക്കണത്. ഇത് രണ്ടും കൊടുത്തും, കൊടുക്കാണ്ടും പടച്ചോൻ പരീക്ഷിക്കും. എനിക്ക് തരണ്ടാന്നാവും മൂപ്പർ തീരുമാനിച്ചേക്കണത്. ന്നാലും എനിക്ക് വെഷമൊന്നൂല്യ. ങളെല്ലാം ന്റെ മക്കളല്ലേ” ഇതു പറയുമ്പോഴും ചുണ്ടിൽ വിരിയുന്ന കൃത്രിമചിരിയിൽ വേദനയുടെ നീറുന്നഭാവം മായാതെ നില്പ്പുണ്ടായിരിക്കും. ഔളക്കാടെ സുഹൃത്തിന്റെ മകനാണ്‌ സലീം. ഗൾഫിലെത്തിയിട്ട് അധികം നാളായിട്ടില്ല. അവനെ കൊണ്ടുവന്നതും ജോലിയാക്കികൊടുത്തതുമെല്ലാം ഔളക്കയായിരുന്നു.

ജബൽഅലിയിലെ ഒരു യു.കെ ബേസ്ഡ് കമ്പനിയിൽ ഡ്രൈവർ കം അസിസ്റ്റന്റ് പി.അർ.ഒ ആയിട്ടായിരുന്നു നാസർ ജോലിചെയ്തിരുന്നത്. ദുരിതപൂർണ്ണമായ കുട്ടിക്കാലമായിരുന്നു നാസറിന്റേത്. ഫ്രൂട്ട്സ് കച്ചവടക്കാരനായിരുന്ന ഉപ്പയുടെ അപകടമരണം ഉമ്മയെ ഒരു ദുരന്തനായികയാക്കി. സ്വബോധം നഷ്ടപ്പെട്ട ഉമ്മയുടെ പെരുമാറ്റം, വീടിനെ മരണവീടിനേക്കാൾ കഠിനമാക്കിയിരുന്നു. 9-)0 ക്ലാസ്സിൽ പഠിച്ചിരുന്ന നാസറും, 7വയസ്സുകാരി പെങ്ങളും അതോടെ തീർത്തും ഒറ്റപ്പെട്ടു.

പാഠപുസ്തകങ്ങൾ ജീവിതത്തിന്‌ ഭാരമായിത്തുടങ്ങിയപ്പോൾ തലച്ചുമടുകൾ അതിനുപകരമാക്കി. ജീവിതാനുഭവങ്ങൾ ഉത്തരക്കടലാസുകളും. നീളമുള്ള ദിനരാത്രങ്ങൾ വർഷങ്ങളുടെ വളർച്ചയിൽ വേഗത കുറച്ചില്ല. പെങ്ങളുടെ വിവാഹത്തിനായുള്ള നെട്ടോട്ടത്തിനൊടുവിൽ കടബാധ്യതകളും അവന്റെ സഹചാരിയായി. പ്രാരാബ്ദങ്ങളുടെ നടുക്കയത്തിൽ നിന്നും നാസർ നീന്തിക്കയറിയത് ദുബായിയുടെ തീരത്തേക്കായിരുന്നു.

പെങ്ങളുടെ കല്യാണശേഷം അധികനാൾ കഴിയും മുൻപേ നാസറും വിവാഹിതനായി. കുടുംബത്തിന്റെ വേദനകളിൽ താങ്ങും, തണലുമായി നിന്ന, അയൽവാസി പാത്തുമ്മാത്താടെയും, മാനുമുസ്ല്യാരുടെയും മകൾ ആരിഫ. ഇടതുകാലിന്‌ മുടന്തുള്ളവൾ. നാസറിന്റെ ജീവിതത്തിലേക്ക് ഉറച്ചചുവടുകളോടെ നടന്നു കയറി. വടിവൊത്ത അക്ഷരക്കൂട്ടങ്ങളിലൂടെ മനസ്സിന്റെ മർമ്മരങ്ങൾ, സ്നേഹത്തിന്റെ ഇശലുകളാക്കി  ആഴ്ചയിലൊരിക്കലെങ്കിലും അവർ കൈമാറിയിരുന്നു. “എനിക്കങ്ങനെ വല്യ മോഹങ്ങളൊന്നൂല്ല്യ. ഏറ്റവും നല്ലചികിത്സ കൊടുത്ത് ഉമ്മാടെ അസുഖം മാറ്റണം. പിന്നെ, എന്റെ ചട്ടുകാലിയെയും കെട്ടിപ്പിടിച്ചുറങ്ങാൻ ഒരു കൂരയും. അതിനുള്ള വകുപ്പായാൽ ഞാൻ തിരിച്ച് വിമാനം കയറും” കത്തുവായനക്കൊടുവിൽ പലപ്പോഴായി നാസർ എന്നോട് പറഞ്ഞിരുന്ന നിഷ്കളങ്കമായ ആഗ്രഹം.  

നഗരസൗന്ദര്യത്തിന്റെ വശ്യത തിടമ്പേറ്റിയ അംബരചുംബികളായ സൗധങ്ങൾക്ക് മുകളിൽ, സാമ്പത്തിക മാന്ദ്യത്തിന്റെ ഇരുണ്ട മേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. അതിജീവനത്തിനന്നം തേടിയെത്തിയവർക്കിടയിലേക്ക് മിന്നല്പിണറുകളായവ പതിച്ചിറങ്ങി. “ന്റെ നാസറെ, ജോലി പോയീന്ന് വെച്ച്  ഇങ്ങനെ വിഷമിച്ചാലോ. സമാധാനായിരിക്ക്. നീയൊന്ന് സഫർ ബദലാക്കീട്ട് വാ. നമുക്കെല്ലാം നേര്യാക്കാം. ഞാൻ ടിക്കറ്റിന്‌ വിളിച്ച് പറയട്ടെ.” ഔളക്കാന്റെ സ്നേഹപൂർണ്ണമായ ശാസനക്കൊടുവിൽ, പൂർത്തിയാകാത്ത സ്വപ്നങ്ങൾ പൊതിഞ്ഞുകെട്ടി അവൻ യാത്രതിരിച്ചു.

നാസറിനെ കാത്തിരുന്നത് സുഖമുള്ള ദിനങ്ങളായിരുന്നില്ല. നാട്ടിലെത്തി രണ്ടാഴ്ചകൾക്കകം പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന ഉമ്മയുടെ മരണം നാസറിന്റെ ബോധമണ്ഡലത്തിൽ താളപ്പിഴവുകൾ തീർത്തു. പണിതുടങ്ങി വെച്ച വീടിന്റെ തറയിൽ മലർന്നുകിടന്ന് അർത്ഥമില്ലാത്തതെന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി. രാത്രിയുടെ നിശബ്ദതയിൽ, മാനസികനില തെറ്റിയ നാസറിനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ചട്ടുകാലിയുടെ പ്രാർത്ഥനകൾ വാനലോകത്തിന്റെ കവാടങ്ങളെപോലും തള്ളിത്തുറക്കുവാൻ കെല്പ്പുള്ളവയായിരുന്നു. കരഞ്ഞുതൂങ്ങിയ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം അപ്പോഴും അവശേഷിച്ചു.

വിടപറയുന്ന വസന്തത്തിലെ ഈറൻ തണുപ്പുള്ളൊരു സായാഹ്നം. ആരിഫയുടെ മടിയിൽ കിടന്ന് മയങ്ങുകയായിരുന്ന നാസർ അപ്രതീക്ഷിതമായി ചാടിയെഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു. ഓട്ടത്തിന്റെ വേഗതയിൽ, ഉയർന്നുനിന്നിരുന്ന കല്ലിൽതട്ടി ആൾമറയില്ലാത്ത കിണറ്റിലേക്കവൻ തെറിച്ചുവീണു. പിന്നാലെ ഓടിയെത്തിയ ആരിഫ, ശരീരത്തിന്റെ തളർച്ചയെല്ലാം മറന്ന് നാസറിനെ രക്ഷിക്കുവാനായ് കിണറ്റിലേക്ക് ചാടി.

ബഹളം കേട്ടോടിയെത്തിയ നാട്ടുകാർ വളരെ പണിപ്പെട്ടാണ്‌ രണ്ടുപേരെയും പുറത്തെടുത്തത്. അതിനുമുമ്പേ നാസറിന്റെ ജീവൻ, നശ്വരമായ ലോകത്തിലെ സ്വർഗ്ഗീയാരാമത്തിലേക്കുള്ള യാത്രപോയിതുടങ്ങിയിരുന്നു. സാരമായ പരിക്കുകളോടെ രക്ഷപ്പെട്ട ആരിഫക്ക് രണ്ടുദിവസത്തിന്‌ ശേഷമാണ്‌ ബോധം തിരിച്ചുകിട്ടിയത്. വീഴ്ചയുടെ ആഘാതത്തിൽ, ഉദരത്തിൽ വളർന്നിരുന്ന കുരുന്നു ജീവനും അതോടെ നിശ്ചലമായി. ഇനിയൊരിക്കലും നല്കുവാനാകാതെ ബാക്കിയായ അന്ത്യചുംബനത്തിന്റെ തീവ്രമായവേദന, നാസറിനു വേണ്ടിയുള്ള പ്രാർത്ഥനാമന്ത്രങ്ങളായ് അവളുടെ ചുണ്ടുകളിൽ വിതുമ്പിനിന്നു.


ആഴ്ചയിലൊരിക്കലെങ്കിലും വിശാലമായ പള്ളിക്കാടിന്റെ അതിരിൽ നാസറിനെക്കാണാൻ അവന്റെ ചട്ടുകാലി എത്തിക്കൊണ്ടിരുന്നു. ഖബറിന്റെ തലഭാഗത്ത് വേരൂന്നി നില്ക്കുന്ന, മരണം മണക്കുന്ന മൈലാഞ്ചിയുടെ ഇലകളിൽ നാസറിന്റെ കണ്ണുനീരപ്പോൾ നിറഞ്ഞു നില്ക്കുമായിരുന്നു. നൊമ്പരങ്ങൾ കൈമാറുമ്പോൾ സാന്ത്വനമായെത്തുന്ന മാരുതനുപോലും മൗനഭാവം.

ഈ ഓർമ്മകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിക്കൊണ്ടുള്ള ഒരു ജീവിതം ഇനിയവൾക്കാകുമോ? അല്പായുസ്സായിരുന്ന എന്റെ ദാമ്പത്യത്തിലെ, വരണ്ടിരിക്കുന്ന നിമിഷങ്ങളിലേക്കൊരു മഴത്തുള്ളിയായി പെയ്തിറങ്ങുവാൻ ആരിഫ തയ്യാറായാൽ....!! നേരിൽ സംസാരിക്കണം. എന്റെ കാർ നാസറിന്റെ കൂരക്കുമുമ്പിലെത്തി.