Monday, 2 July 2012

ചട്ടുകാലി

“പടച്ചോനേ.. താങ്ങടാ, ഇപ്പൊ വീഴോടാ” ചങ്കുകാറിയുള്ള കരച്ചിൽ കേട്ടാണ്‌ പാതിരക്ക് ഞങ്ങൾ ഞെട്ടിയുണർന്നത്. ലൈറ്റിട്ട് നോക്കുമ്പോൾ, കണ്ണുമടച്ച് ചുമരിനോട് ചേർന്ന് നാസർ നില്ക്കുന്നു. സഹമുറിയൻ സലീം, നാസറിന്റെ തോളിൽ കൈവെച്ചതും വീണ്ടുമൊരുകാറൽ “ എന്നെയല്ലടാ പഹയന്മാരെ ചുമരിനെ താങ്ങടാ, ഇതിപ്പം വീഴോടാ....”

സെക്കന്റുകളുടെ നിശബ്ദത..., പിന്നീടുണ്ടായ അട്ടഹാസം ഞങ്ങളുടെ കൂട്ടച്ചിരിയായിരുന്നു. നാസറിനെ സംബന്ധിച്ച് അതൊരു കൊലച്ചിരിയും. സ്വബോധം വന്നപ്പോൾ നിന്ന നില്പ്പിൽ തന്നെ അവൻ കയ്യുയർത്തി പ്രാർത്ഥിച്ചു. “ ഇനിയെന്ത് സ്വപ്നം കാണിച്ചാലും ഭൂകമ്പം മാത്രം സ്വപ്നം കാണിക്കല്ലെന്റെ റബ്ബേ” നവരസങ്ങൾ വിരിയുന്ന ബാച്ലർ റൂമിൽനിന്നും ഗൾഫ്ജീവിതത്തിൽ എനിക്കുണ്ടായ ആദ്യാനുഭവം.5വർഷത്തെ ഫൈനാർട്ട്സ് കോഴ്സ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റും, ചെറിയ എക്സ്പീരിയൻസുകൾക്കുമൊപ്പം, മനസ്സിൽ മുളച്ച അഹങ്കാരത്തെയും കൂട്ടിപ്പിടിച്ചുകൊണ്ടാണ്‌ ദുബായ് നഗരത്തിൽ ഞാൻ ജോലി തേടിയെത്തിയത്. ദിവസങ്ങൾ കഴിയുംതോറും തെരച്ചിലുകൾ അലച്ചിലുകളായി മാറിക്കൊണ്ടിരുന്നു. മുഷിയുന്ന കുപ്പായങ്ങളിൽ ദയനീയതയുടെ വിയർപ്പുമണം കട്ടപിടിക്കുന്നു. വിസിറ്റ് വിസയുടെ കാലാവധി തീരാൻ എതാനും മണിക്കൂറുകൾ  ബാക്കിനില്ക്കെ, ദൈവാനുഗ്രഹത്താൽ ഒരു പരസ്യക്കമ്പനിയിൽ ആർട്ട്ഡയറക്ടറായി എനിക്ക് ജോലി ലഭിച്ചു.

“ജോലിയാകുന്നതുവരെ റൂം വാടകയെക്കുറിച്ചൊന്നും ജ്ജ് ബേജാറാവണ്ട. ശമ്പളം കിട്ട്യാൽ കടം വീട്ടി തിരിച്ച് തന്നേക്ക്. എന്ത്യേയ്..”  സ്നേഹം കയ്യൊപ്പ് ചാർത്തിയ ഈ കരാറിന്റെ തിളക്കം തന്നെയായിരുന്നു, ഉയർന്ന ശമ്പളമുണ്ടായിരുന്നിട്ടും മറ്റൊരു ഫ്ളാറ്റിലേക്ക് താമസം മാറാൻ എന്റെ മനസ്സനുവദിക്കാതിരുന്നതും.

ദുബായ് സത്‌വ ബസ്റ്റാന്റിനടുത്തുള്ള ചെറിയൊരു റൂമിൽ ഞങ്ങൾ നാലുപേരുണ്ടായിരുന്നു. കാരണവർ സ്ഥാനം കല്പ്പിച്ചുകൊടുത്ത അബ്ദുള്ളക്ക എന്ന ഔളക്ക. പ്രായം 50നോടടുക്കുന്നു. പാവം, നാളിതുവരെയായി നേർന്ന നേർച്ചകളൊന്നും ഫലംകണ്ടില്ല. “പണോം, മക്കളും പടപ്പുകൾക്ക് പരീക്ഷണാന്നാ പടച്ചോൻ പറഞ്ഞേക്കണത്. ഇത് രണ്ടും കൊടുത്തും, കൊടുക്കാണ്ടും പടച്ചോൻ പരീക്ഷിക്കും. എനിക്ക് തരണ്ടാന്നാവും മൂപ്പർ തീരുമാനിച്ചേക്കണത്. ന്നാലും എനിക്ക് വെഷമൊന്നൂല്യ. ങളെല്ലാം ന്റെ മക്കളല്ലേ” ഇതു പറയുമ്പോഴും ചുണ്ടിൽ വിരിയുന്ന കൃത്രിമചിരിയിൽ വേദനയുടെ നീറുന്നഭാവം മായാതെ നില്പ്പുണ്ടായിരിക്കും. ഔളക്കാടെ സുഹൃത്തിന്റെ മകനാണ്‌ സലീം. ഗൾഫിലെത്തിയിട്ട് അധികം നാളായിട്ടില്ല. അവനെ കൊണ്ടുവന്നതും ജോലിയാക്കികൊടുത്തതുമെല്ലാം ഔളക്കയായിരുന്നു.

ജബൽഅലിയിലെ ഒരു യു.കെ ബേസ്ഡ് കമ്പനിയിൽ ഡ്രൈവർ കം അസിസ്റ്റന്റ് പി.അർ.ഒ ആയിട്ടായിരുന്നു നാസർ ജോലിചെയ്തിരുന്നത്. ദുരിതപൂർണ്ണമായ കുട്ടിക്കാലമായിരുന്നു നാസറിന്റേത്. ഫ്രൂട്ട്സ് കച്ചവടക്കാരനായിരുന്ന ഉപ്പയുടെ അപകടമരണം ഉമ്മയെ ഒരു ദുരന്തനായികയാക്കി. സ്വബോധം നഷ്ടപ്പെട്ട ഉമ്മയുടെ പെരുമാറ്റം, വീടിനെ മരണവീടിനേക്കാൾ കഠിനമാക്കിയിരുന്നു. 9-)0 ക്ലാസ്സിൽ പഠിച്ചിരുന്ന നാസറും, 7വയസ്സുകാരി പെങ്ങളും അതോടെ തീർത്തും ഒറ്റപ്പെട്ടു.

പാഠപുസ്തകങ്ങൾ ജീവിതത്തിന്‌ ഭാരമായിത്തുടങ്ങിയപ്പോൾ തലച്ചുമടുകൾ അതിനുപകരമാക്കി. ജീവിതാനുഭവങ്ങൾ ഉത്തരക്കടലാസുകളും. നീളമുള്ള ദിനരാത്രങ്ങൾ വർഷങ്ങളുടെ വളർച്ചയിൽ വേഗത കുറച്ചില്ല. പെങ്ങളുടെ വിവാഹത്തിനായുള്ള നെട്ടോട്ടത്തിനൊടുവിൽ കടബാധ്യതകളും അവന്റെ സഹചാരിയായി. പ്രാരാബ്ദങ്ങളുടെ നടുക്കയത്തിൽ നിന്നും നാസർ നീന്തിക്കയറിയത് ദുബായിയുടെ തീരത്തേക്കായിരുന്നു.

പെങ്ങളുടെ കല്യാണശേഷം അധികനാൾ കഴിയും മുൻപേ നാസറും വിവാഹിതനായി. കുടുംബത്തിന്റെ വേദനകളിൽ താങ്ങും, തണലുമായി നിന്ന, അയൽവാസി പാത്തുമ്മാത്താടെയും, മാനുമുസ്ല്യാരുടെയും മകൾ ആരിഫ. ഇടതുകാലിന്‌ മുടന്തുള്ളവൾ. നാസറിന്റെ ജീവിതത്തിലേക്ക് ഉറച്ചചുവടുകളോടെ നടന്നു കയറി. വടിവൊത്ത അക്ഷരക്കൂട്ടങ്ങളിലൂടെ മനസ്സിന്റെ മർമ്മരങ്ങൾ, സ്നേഹത്തിന്റെ ഇശലുകളാക്കി  ആഴ്ചയിലൊരിക്കലെങ്കിലും അവർ കൈമാറിയിരുന്നു. “എനിക്കങ്ങനെ വല്യ മോഹങ്ങളൊന്നൂല്ല്യ. ഏറ്റവും നല്ലചികിത്സ കൊടുത്ത് ഉമ്മാടെ അസുഖം മാറ്റണം. പിന്നെ, എന്റെ ചട്ടുകാലിയെയും കെട്ടിപ്പിടിച്ചുറങ്ങാൻ ഒരു കൂരയും. അതിനുള്ള വകുപ്പായാൽ ഞാൻ തിരിച്ച് വിമാനം കയറും” കത്തുവായനക്കൊടുവിൽ പലപ്പോഴായി നാസർ എന്നോട് പറഞ്ഞിരുന്ന നിഷ്കളങ്കമായ ആഗ്രഹം.  

നഗരസൗന്ദര്യത്തിന്റെ വശ്യത തിടമ്പേറ്റിയ അംബരചുംബികളായ സൗധങ്ങൾക്ക് മുകളിൽ, സാമ്പത്തിക മാന്ദ്യത്തിന്റെ ഇരുണ്ട മേഘങ്ങൾ ഉരുണ്ടുകൂടാൻ തുടങ്ങി. അതിജീവനത്തിനന്നം തേടിയെത്തിയവർക്കിടയിലേക്ക് മിന്നല്പിണറുകളായവ പതിച്ചിറങ്ങി. “ന്റെ നാസറെ, ജോലി പോയീന്ന് വെച്ച്  ഇങ്ങനെ വിഷമിച്ചാലോ. സമാധാനായിരിക്ക്. നീയൊന്ന് സഫർ ബദലാക്കീട്ട് വാ. നമുക്കെല്ലാം നേര്യാക്കാം. ഞാൻ ടിക്കറ്റിന്‌ വിളിച്ച് പറയട്ടെ.” ഔളക്കാന്റെ സ്നേഹപൂർണ്ണമായ ശാസനക്കൊടുവിൽ, പൂർത്തിയാകാത്ത സ്വപ്നങ്ങൾ പൊതിഞ്ഞുകെട്ടി അവൻ യാത്രതിരിച്ചു.

നാസറിനെ കാത്തിരുന്നത് സുഖമുള്ള ദിനങ്ങളായിരുന്നില്ല. നാട്ടിലെത്തി രണ്ടാഴ്ചകൾക്കകം പ്രാണനെപ്പോലെ സ്നേഹിച്ചിരുന്ന ഉമ്മയുടെ മരണം നാസറിന്റെ ബോധമണ്ഡലത്തിൽ താളപ്പിഴവുകൾ തീർത്തു. പണിതുടങ്ങി വെച്ച വീടിന്റെ തറയിൽ മലർന്നുകിടന്ന് അർത്ഥമില്ലാത്തതെന്തൊക്കെയോ വിളിച്ചു പറയാൻ തുടങ്ങി. രാത്രിയുടെ നിശബ്ദതയിൽ, മാനസികനില തെറ്റിയ നാസറിനെയും ചേർത്തുപിടിച്ചുകൊണ്ടുള്ള ചട്ടുകാലിയുടെ പ്രാർത്ഥനകൾ വാനലോകത്തിന്റെ കവാടങ്ങളെപോലും തള്ളിത്തുറക്കുവാൻ കെല്പ്പുള്ളവയായിരുന്നു. കരഞ്ഞുതൂങ്ങിയ അവളുടെ കണ്ണുകളിൽ പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടം അപ്പോഴും അവശേഷിച്ചു.

വിടപറയുന്ന വസന്തത്തിലെ ഈറൻ തണുപ്പുള്ളൊരു സായാഹ്നം. ആരിഫയുടെ മടിയിൽ കിടന്ന് മയങ്ങുകയായിരുന്ന നാസർ അപ്രതീക്ഷിതമായി ചാടിയെഴുന്നേറ്റ് പുറത്തേക്ക് പാഞ്ഞു. ഓട്ടത്തിന്റെ വേഗതയിൽ, ഉയർന്നുനിന്നിരുന്ന കല്ലിൽതട്ടി ആൾമറയില്ലാത്ത കിണറ്റിലേക്കവൻ തെറിച്ചുവീണു. പിന്നാലെ ഓടിയെത്തിയ ആരിഫ, ശരീരത്തിന്റെ തളർച്ചയെല്ലാം മറന്ന് നാസറിനെ രക്ഷിക്കുവാനായ് കിണറ്റിലേക്ക് ചാടി.

ബഹളം കേട്ടോടിയെത്തിയ നാട്ടുകാർ വളരെ പണിപ്പെട്ടാണ്‌ രണ്ടുപേരെയും പുറത്തെടുത്തത്. അതിനുമുമ്പേ നാസറിന്റെ ജീവൻ, നശ്വരമായ ലോകത്തിലെ സ്വർഗ്ഗീയാരാമത്തിലേക്കുള്ള യാത്രപോയിതുടങ്ങിയിരുന്നു. സാരമായ പരിക്കുകളോടെ രക്ഷപ്പെട്ട ആരിഫക്ക് രണ്ടുദിവസത്തിന്‌ ശേഷമാണ്‌ ബോധം തിരിച്ചുകിട്ടിയത്. വീഴ്ചയുടെ ആഘാതത്തിൽ, ഉദരത്തിൽ വളർന്നിരുന്ന കുരുന്നു ജീവനും അതോടെ നിശ്ചലമായി. ഇനിയൊരിക്കലും നല്കുവാനാകാതെ ബാക്കിയായ അന്ത്യചുംബനത്തിന്റെ തീവ്രമായവേദന, നാസറിനു വേണ്ടിയുള്ള പ്രാർത്ഥനാമന്ത്രങ്ങളായ് അവളുടെ ചുണ്ടുകളിൽ വിതുമ്പിനിന്നു.


ആഴ്ചയിലൊരിക്കലെങ്കിലും വിശാലമായ പള്ളിക്കാടിന്റെ അതിരിൽ നാസറിനെക്കാണാൻ അവന്റെ ചട്ടുകാലി എത്തിക്കൊണ്ടിരുന്നു. ഖബറിന്റെ തലഭാഗത്ത് വേരൂന്നി നില്ക്കുന്ന, മരണം മണക്കുന്ന മൈലാഞ്ചിയുടെ ഇലകളിൽ നാസറിന്റെ കണ്ണുനീരപ്പോൾ നിറഞ്ഞു നില്ക്കുമായിരുന്നു. നൊമ്പരങ്ങൾ കൈമാറുമ്പോൾ സാന്ത്വനമായെത്തുന്ന മാരുതനുപോലും മൗനഭാവം.

ഈ ഓർമ്മകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിക്കൊണ്ടുള്ള ഒരു ജീവിതം ഇനിയവൾക്കാകുമോ? അല്പായുസ്സായിരുന്ന എന്റെ ദാമ്പത്യത്തിലെ, വരണ്ടിരിക്കുന്ന നിമിഷങ്ങളിലേക്കൊരു മഴത്തുള്ളിയായി പെയ്തിറങ്ങുവാൻ ആരിഫ തയ്യാറായാൽ....!! നേരിൽ സംസാരിക്കണം. എന്റെ കാർ നാസറിന്റെ കൂരക്കുമുമ്പിലെത്തി.

124 comments:

 1. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിലും, അത്തറിന്റെ മണമുള്ള കിനാക്കളുണ്ടായിരുന്നു.

  ReplyDelete
  Replies
  1. Oooooh sad story.... Still there is thousands of nasirs a live in gulf...

   Delete
  2. നന്നായിട്ടുണ്ട് ജെഫു...ചിരിപ്പിച് തുടങ്ങി അവസാനം നൊമ്പരപെടുത്തി അവസാനിപ്പിച്ചു, എന്നാലും അവസാനത്തെ വരി ഒരു പ്രതീക്ഷ നല്‍കുന്നു...വളരെ നന്നായിട്ടുണ്ട്,,,ആദ്യം ഒരു അനുഭവ കുറിപ്പ് ആണെന്നാ കരുതിയെ....

   Delete
  3. പ്രവാസത്തിന്റെ നൊമ്പരം

   Delete
 2. ആഹാ നല്ല അവതരണമികവ്‌ ജൈലഫ്‌ ഇക്കാ ,

  മരുഭൂമികളില്‍ പെട്ട് പോകുന്നവന്റെ ജീവിതം ഏതാണ്ട് ഇത് പോലെ തന്നെ പലപ്പോഴും നടക്കാത്ത സ്വപ്നങ്ങള്‍ മാത്രം എന്ന് കൂട്ട്

  അരീഫയുടെ ജീവിതത്തില്‍ പുതിയ കിനാവുകള്‍ നിറയട്ടെ .

  സ്നേഹാശംസകളോടെ സ്വന്തം@ PUNYAVAALAN

  ReplyDelete
 3. ഞാന്‍ വായിച്ച ജെഫുവിന്റെ പോസ്റ്റുകളില്‍ ഏറ്റവും ലളിതമായി പറഞ്ഞത്. ചെറുകഥ എന്ന ലേബല്‍ കണ്ടെങ്കിലും അവസാനം വരെ അനുഭവമായി ഫീല്‍ ചെയ്തു. ലാസ്റ്റ്‌ പാരഗ്രാഫ് വായിക്കുന്നിടം വരെ........

  ReplyDelete
 4. ഭാഷ ലളിതവും എന്നാല്‍ ദൃഡവുമാക്കിയ പുതിയ കഥ!
  പ്രവാസത്തിന്റെ ചൂരുള്ള, അനുഭവങ്ങളെ കൊരുത്തുവച്ച്‌ കുറിച്ച ഈ രചനയും ഇഷ്ടമായി.
  പ്രിയ സുഹൃത്തിന് ആശംസകള്‍,!!

  ReplyDelete
 5. അനുഭവ കഥ? പ്രവാസം വിഷയമാക്കിയുള്ള കഥ?.. ഏതായാലും മറ്റൊരു 'നല്ല കഥ'...

  ReplyDelete
 6. വല്ലാത്ത നോവിന്റെ നനവ്‌ പടര്‍ത്തുന്നു ഇക്കഥ. നാസര്‍ വലിയ നൊമ്പരമാകുന്നു.
  ബ്ലോഗ്‌ വായനയുടെ സൌകര്യത്തിനായി ഇത് വളരെ ചുരുക്കി പറഞ്ഞിരിക്കുന്നു എന്ന് തോന്നുന്നു.
  ഒരു കണക്കിന് അതു കൊണ്ടു അതു കൂടുതല്‍ തീക്ഷമായ വായനയും ആയി.
  അവസാനം നില നിര്‍ത്തിയ ആ സപെന്സും നന്നായി.

  ReplyDelete
 7. ജെഫു നല്ല ലളിതമായ അവതരണ ശൈലി . വായന അവസാനിക്കുമ്പോള്‍ നാസറും ചട്ടുകാലിയും ഒരു നൊമ്പര ചിത്രമായി മനസ്സിലെന്നും ഉണ്ടാവും ....

  ReplyDelete
 8. നാട്ടുപച്ചയില്‍ വായിച്ചിരുന്നു ഈ കഥ. വളരെ നന്നായി എഴുതി ജെഫു. നല്ല ഭാഷ കൊണ്ട് സൃഷ്ടിച്ചെടുക്കുന്ന വായനയുടെ ഒഴുക്കാണ് ജെഫുവിന്റെ പോസ്റ്റുകളെ പ്രിയപ്പെട്ടതാക്കുന്നത്. ആശംസകളോടെ.

  ReplyDelete
 9. ഇത് അനുഭവമോ അതോ ഭാവനയോ...?
  എന്തായാലും മനസ്സിനൊരു നീറ്റല്‍.

  ReplyDelete
 10. നല്ല അവതരണ ശൈലി , അവസാനം വരെ ഉള്ളിലുണ്ടായ നീറ്റലില്‍ ഒരു കുളിര്‍മഴയായി ആരിഫക്കൊരു ജീവിതം കൊടുക്കാമെന്ന ആ തീരുമാനം....

  ReplyDelete
 11. വായിച്ച് അവസാനഖണ്ഢികയെത്തുന്നതുവരെ അനുഭവം പറയുന്നു എന്നാണ് കരുതിയത്. കഥയെന്ന് കണ്ടപ്പോള്‍ ശരിക്കും ഒരു സമാധാനം തോന്നി.

  ReplyDelete
 12. കഥ തന്നെ ആയിരിക്കട്ടെ...
  ലളിതമായ വരികളില്‍ പ്രവാസത്തിന്റെ നോവ്‌...

  ReplyDelete
 13. ഭാവനയുടെ അനുഭവത്തില്‍ ലളിതമായ്‌ പറഞ്ഞ ഹൃദയ സ്പര്‍ശിയായ കഥ ,ജെഫുക്കാടെ ശൈലിയില്‍ നിന്നും വേറിട്ട ഒന്ന് ,കഥയില്‍ പ്രവാസത്തിന്‍റെ തീക്ഷണതയും ജീവിതത്തിന്‍റെ യാഥാര്‍ത്ഥ്യവും കൂടിച്ചേര്‍ന്ന് മനസ് നൊമ്പരപ്പെടുത്തിയ പോസ്റ്റ്‌ ആശംസകള്‍ ഒപ്പം എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 14. ആദ്യം വായന തുടങ്ങിയപ്പോള്‍ അനുഭവമാണെന്ന് കരുതി..പിന്നെ തോന്നി, ഏയ്‌ ഇങ്ങനെയുള്ള അനുഭവങ്ങള്‍ , അതും മറ്റൊരാളുടെ ... ഇത് കഥ തന്നെ..പക്ഷെ ഇത് വെറും കഥയല്ല ..ഇത് പോലെ സംഭവിച്ചിട്ടുണ്ട്.. അതിനെ ശരി വയ്ക്കുന്ന തരത്തില്‍ അത്രക്കും അനുഭവ പരിചയത്തോടെയുള്ള നേര്‍ക്കാഴ്ചകളാണ് ജെഫു ഇവിടെ അവതരിപ്പിച്ചത്.

  ജെഫൂ...നല്ല എഴുത്തിനു ..ആശംസകള്‍ ...

  ReplyDelete
 15. ലളിതമായ ഭാഷയിൽ നന്നായെഴുതി. പ്രതീക്ഷയുടെ ഒരു കിരണം ബാക്കിവെച്ച് കഥയവസാനിപ്പിച്ചത് ഉചിതമായി.

  ReplyDelete
 16. ജീവിതം ഒരു വര പോലെയാണ്.. എന്ന് വച്ചാല്‍ മുനപോയ ഒരു പെന്‍സില്‍ കൊണ്ടു പരുപരുത്ത കടലാസില്‍ കാലം നീട്ടി വരച്ച ഒരു വര.. ചില വരകള്‍ നന്നായിരിക്കും.. ചില വരകള്‍ നന്നായിരിക്കുകയും ഇല്ല..
  ഈ കഥ നന്നായി.. നന്നായി എന്ന് പറഞ്ഞാല്‍ ശരിക്കും നന്നായി.. നമ്മുടെ സുടുപാടുകളില്‍ ഇതേ പോലെ ഒത്തിരി മനുഷ്യരുണ്ട്‌..
  ഈ കഥയ്ക്ക് ആശംസകള്‍.. രചനാ ശൈലിക്ക് വളരെ മുഴുത്ത ഒരു അഭിനന്ദങ്ങളും

  ReplyDelete
 17. അവസാന പാരഗ്രാഫ് ആരിഫയുടെ ജീവിതത്തില്‍ പ്രത്യാശയുടെ കിരണങ്ങള്‍ ആകുമ്പോള്‍ വായനക്കാരന്നു നല്ല പരിസമാപ്തിയും നല്‍കുന്നു.
  സാഹിത്യത്തിന്റെ അതി പ്രസരമില്ലാതെ വായന ഹൃദ്യമാക്കിയ ആഖ്യാന രീതിക്ക് അഭിനന്ദനങ്ങള്‍.

  ReplyDelete
 18. സുപ്രഭാതം...
  ന്റ്റെ സഹോദരിയ്ക്ക് നിറകണ്ണുകളോടെ പ്രാര്‍ത്ഥനകള്‍...!

  ReplyDelete
 19. അനുഭവം പോലെ തോന്നിപ്പിച്ച , ലളിതമായ അവതരണത്തിലൂടെ നല്ലൊരു കഥ പറഞ്ഞൂല്ലോ ജെഫ്ഫു ...ഇഷ്ടായി ട്ടോ ..!!

  ReplyDelete
 20. നല്ല അവതരണ ശൈലിയും ഒഴുക്കും....
  ഇങ്ങിനെ ദുരന്തങ്ങള്‍ വിടാതെ പിന്തുടരുന്ന എത്ര എത്ര നിഷ്ക്കളങ്കര്‍ നമ്മുടെ ഇടയില്‍ ജീവിക്കുന്നു.
  ഉള്ളില്‍ തട്ടിയ നൊമ്പരത്തോടെ തിരിച്ചു പോകുന്നു...
  ആശംസകള്‍...

  ReplyDelete
 21. അനുഭവമാണോ, കഥയാണോ എന്ന് വേർതിരിച്ചറിയാൻ അവസാനം വരെ വായിക്കേണ്ടി വന്നു..!! ആശംസകൾ..!!

  ReplyDelete
 22. നാട്ടു പച്ചയില്‍ വായിച്ചിരുന്നു . ..
  ജെഫുവിന്റെ പതിവ് കഥകളുടെ അടുത്ത് എത്തിയിട്ടില്ല എങ്കിലും ഓരോ പ്രവാസിയ്ക്കും സ്വന്തം അനുഭവം ആയി ഫീല്‍ ചെയ്യും ഈ കഥ എന്നത് തീര്‍ച്ചയാണ് ,,
  ഇഷ്ടമായി ജെഫു ..

  ReplyDelete
 23. വളരെ നന്നായി പറഞ്ഞു ജെഫു.
  എല്ലാരും പറഞ്ഞത് തന്നെ ആവര്‍ത്തിക്കുന്നില്ല.
  ഹൃദ്യമായ വായന നല്‍കുന്നു ജെഫുവിന്‍റെ പോസ്റ്റുകള്‍.

  ReplyDelete
 24. എല്ലാ പോസ്റ്റുകളിലും എന്നെ ഇഷ്ട്ടപെടുത്തിയ ഒരു കാര്യമാണ് ഇക്കയുടെ പദ സമ്പത്ത് .. മനോഹരമായ അവതരണത്തിലൂടെ ഒരു പ്രവാസിയുടെ , പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ നിറഞ്ഞ പോസ്റ്റ് .. അവസാനമെതിയപ്പോഴേക്കും വല്ലാത്ത ഫീല്‍ സമ്മാനിച്ച്‌ ..
  ഇഷ്ട്ടായി :(
  ആശംസകള്‍ ഇക്ക ..

  ReplyDelete
 25. ഗള്‍ഫ്‌ പ്രവാസ ജീവിതം പണ്ട് നാട്ടില്‍ കൂട്ടുകാര്‍ പറഞ്ഞു കേട്ട് കണ്‍ നിറഞ്ഞിട്ടുണ്ട്. ആ ജീവിതത്തിന്റെ ദയനീയ വശങ്ങള്‍ ഏറ്റവും കൂടുതല്‍ അടുത്തറിഞ്ഞത് പതിനൊന്നു മാസം മുന്‍പ് ഒരു ബ്ലോഗ്ഗ് തുടങ്ങി മ ഗ്രൂപ്പില്‍ അംഗമായി ബ്ലോഗ്ഗ് വായന തുടങ്ങിയപ്പോള്‍ ആണ്. എത്ര എഴുതിയാലും തീരാത്ത പലവിധ അനുഭവങ്ങളുടെ കലവറയാണ് ഗള്‍ഫ്‌ ജീവിതം. അത് ചിലര്‍ക്ക് സുഖാനുഭവങ്ങള്‍ നല്‍കുമ്പോള്‍ മറ്റു ചിലര്‍ക്ക് നല്‍കുന്നത് ഇത് പോലെ തിക്താനുഭവങ്ങള്‍ ആണ്. വായിച്ചു കണ്‍ നിറഞ്ഞു ജെഫു. വിധി വിളയാട്ടം തട ഇട്ടു നിര്‍ത്താന്‍ നമുക്കാവില്ലല്ലോ.

  ഹൃദയത്തെ ആഴത്തില്‍ സ്പര്‍ശിച്ച ഒരു പോസ്റ്റ്‌ ..

  ആശംസകള്‍

  ReplyDelete
 26. മറ്റൊരുജീവിതം നല്ലൊരുകഥ ഇഷ്ട്ടായിട്ടോ ആശംസകള്‍ ഇക്ക.

  ReplyDelete
 27. ജെഫു, നല്ല കഥ. ഒത്തിരി ഇഷ്ടായി. സത്യത്തില്‍ സത്വയിലാണോ താമസം? എങ്കില്‍ ഞാന്‍ ഇവിടെ ഷെയ്ഖ്‌ സായിദില്‍ ഉണ്ട് കേട്ടോ. നമ്പര്‍ തരാന്‍ ബുദ്ധിമുട്ടുണ്ടാവില്ലെന്നു കരുതുന്നു.

  ReplyDelete
 28. നന്നായി പറഞ്ഞു
  ഞാൻ രണ്ടാം തവണയാ വായിക്കുന്നത് കമാന്റ് എന്തു ഇടും എന്നതായിരുന്നു,............

  ആശംസകൾ

  ReplyDelete
 29. വായന കഴിഞ്ഞതും നോക്കിയത് "ലേബലാ"ണ്. വളരേ അടക്കത്തോടെ കഥ പറഞ്ഞിരിക്കുന്നു. നല്ല ഭാഷയും ചിത്രങ്ങളും.

  ReplyDelete
 30. ജെഫു, തുടങ്ങിയപ്പോള്‍ ഞാന്‍ കരുതി ഹാസ്യമാണെന്ന്. സത്യത്തില്‍ ഇതൊരു നീണ്ടകഥ ചുരുക്കി എഴുതിയപ്പോലെയുണ്ട്. എന്നാലും ലോലമായ ഹൃദയഭാവങ്ങളെ ഇതില്‍ക്കൂടുതല്‍ ഒതുക്കത്തില്‍ മനോഹരമായി പറയാനാവില്ല. അഭിനന്ദനങ്ങള്‍!!!

  ReplyDelete
 31. കിനാവും ജീവിതവും മനോഹരമായി പറഞ്ഞു..

  ReplyDelete
 32. ലളിതമായ ഭാഷ..നല്ല അവതരണം.ബൂലോകത്ത് ഇതുവരെ വായിച്ചതില്‍ എനിക്കിഷ്ടപ്പെട്ട ഏറ്റവും നല്ല പോസ്റ്റുകളില്‍ ഒന്ന്...

  ReplyDelete
 33. ഹൃദയത്തില്‍ തട്ടും വിധം അവതരിപ്പിച്ചു. ആഖ്യാന മികവിനു നൂറുമാര്‍ക്ക്..!!
  ഇഷ്ട്ടായീ ജെഫൂ.
  ഒത്തിരിയാശംസകള്‍..!!

  ReplyDelete
 34. ജെഫ്ഫു...ഓർമ്മകൾ പറയുന്നതു...യാഥാർതത്തിന്റെ ജാലകം തുറക്കുന്നത് വെളിച്ചത്തിലേക്കാണു എന്നാണു.ചട്ടുകാലി എന്ന് പേരു വച്ച് ഒരു കഥ കണ്ടപ്പോൾ അതിൽ ഒരു വേദന ഉണ്ടാവുമെന്ന് പ്രതീക്ഷിച്ചില്ല്ല.

  ഇതു കഥയാണോ ജെഫ്ഫു.അതോ തന്റെ അറിവില്പെട്ട അനുഭവമോ? എന്തായാലും നന്നായി പറഞ്ഞിരിക്കുന്നു.പ്രവാസത്തേ പറ്റി അത്രെം പറഞ്ഞതും നന്നായി..

  ReplyDelete
 35. മനസ്സിനെ ഒന്നുലച്ചുകളയിച്ചവസാനം..

  ReplyDelete
 36. ലളിതം , ഹൃദ്യം ഒപ്പം... ശുഭപ്രതീക്ഷയും

  ReplyDelete
 37. സത്യത്തില്‍ എനിക്കിഷ്ടപ്പെട്ട ഒരു കഥാകാരനാണ്‌ ജെഫു- സുന്ദരമായി കഥ പറയാന്‍ ജന്മസിദ്ധമായ കഴിവുള്ള ജെഫു. ഈ കഥ ജെഫു സുന്ദരമായിത്തന്നെ പറഞ്ഞു. പക്ഷെ, കൃത്രിമ കോശങ്ങള്‍ വെച്ചു പിടിപ്പിച്ചു ചികിത്സിച്ചെടുത്തു ജീവന്‍ നിലനിര്‍ത്തിയ ഒരു terminal patient ആശുപത്രി വിട്ടു വീട്ടിലെത്തിയതോടെ ചവിട്ടു പടിക്കല്‍ ചത്തു വീണ അനുഭവമാണ്‌ എനിക്കുണ്ടായത്‌. എങ്കിലും, ജെഫു എന്ന ഡോക്ടരുടെ ശസ്ത്രക്രിയാപാടവം സ്തുത്യര്‍ഹം തന്നെയെന്ന്‌ പറയാതെ വയ്യ.
  എന്നിട്ടും എനിക്കു തൃപ്തി വന്നില്ല.
  ഞാന്‍ നിരാശനാണ്‌.

  ReplyDelete
 38. നല്ല അവതരണം, ഭാഷയും.
  കഥയും അനുഭവവും തമ്മിലുള്ള നേര്‍ത്ത വിടവ് അവസാനവരികളില്‍ മാത്രം.
  എന്നാലും ഒരു കാരണവുമില്ലാതെ നാസര്‍ എണീറ്റ് ഓടിയത് എന്തിനായിരുന്നു? ആ ദുരന്തത്തിലേക്ക് ആരോ വിളിച്ചുകൊണ്ടുപോയതുപോലെ.

  ReplyDelete
 39. കഥയും ചിത്രങ്ങളും ഒരുപോലെ ഇഷ്ടമായി...അഭിനന്ദനങ്ങള്‍

  ReplyDelete
 40. വേദനിപ്പിച്ചല്ലോ മോനെ

  ReplyDelete
 41. നല്ല ഭാഷയ്ക്ക് കൊതിയാവുമ്പോ ഞാനാദ്യം ആലോചിക്കുന്നത് വളരെ കുറച്ച് പേരെ മാത്രമാണ്. അതിലൊന്നാണ് ജെഫുക്കായുടെ പേര്. കാരണം അത്രയേറെ ലളിതവും സുന്ദരവുമാണ് ജെഫുക്കയുടെ എഴുത്ത്.! ഇത് ഒരനുഭവക്കുറിപ്പു പോലെയാ എനിക്ക് തോന്നുന്നത്,ചെറുകഥ എന്ന ലേബലുണ്ടെങ്കിലും.! വളരെ നല്ലൊരു നിർമ്മലവും സങ്കടകരവുമായ അനുഭവം. വളരെ നന്നായിത്തന്നെ പറഞ്ഞു. ആശംസകൾ.

  ReplyDelete
 42. ജഫൂ, നിനക്കിതിലും നന്നായി എഴുതാന്‍ കഴിയും, എനിക്കുറപ്പുണ്ട്.

  ReplyDelete
 43. ജെഫൂ ...
  നന്നായി എഴുതി. കഥയാണെന്ന് ഉറപുന്ടെന്കിലും വീണ്ടും ലേബല്‍ നോക്കാന്‍ പ്രേരിപ്പിച്ചു. ഭാഷ ലളിത സുന്ദരമായി അവതരിപ്പിച്ചിട്ടുണ്ട് .

  ReplyDelete
 44. നല്ല അവതരണം, കഥ ഒത്തിരി ഇഷ്ട്ടായി.
  നല്ല വായനാ സുഖം..!!

  വര നല്ലത്
  നീല ബാൾപെൻ വര ഒത്തിരി ഇഷ്ട്ടായി

  ReplyDelete
 45. ജെഫു ഗൾഫ് അനുഭവം എഴുതുന്നു എന്ന രീതിയിലാണ് വായിച്ചു തീർത്തത്. സംഭവങ്ങൾ ഭാവനയാണെന്ന് ലേബൽ കണ്ടപ്പോഴാണ് മനസ്സിലായത്.....

  ലളിതമായ ഭാഷയാണ് ഇവിടെ ശ്രദ്ധേയമാവുന്നത്.

  ReplyDelete
 46. പ്രവാസീനൊമ്പരം നന്നായി അവതരിപ്പിച്ചു; ആശംസകള്‍ .

  ReplyDelete
 47. തുടങ്ങിയപ്പോൾ നർമ്മമായിരുന്നെങ്കിലും അവസാനം സങ്കടം.. നല്ല എഴുത്താണു...

  ReplyDelete
 48. ജെഫൂ എന്താ പറയുക, ഏതൊക്കെ ദുരന്തമാണ് ആരെയൊക്കെ കാത്തിരിക്കുന്നതെന്ന് ആര്‍ക്കുമറിഞ്ഞുകൂടല്ലോ. നല്ല ഒരു മനസ്സുണ്ടായിട്ടും നാസറിന് ഈ ദുരന്തം വന്നു. ഹൃദയത്തിന്‍റെ അടിത്തട്ടില്‍ നീറ്റല്‍ ബാക്കിയാക്കി കഥ അവസാനിക്കുമ്പോഴും പ്രതീക്ഷക്ക് ഒരിടം അവശേഷിപ്പിച്ചു. നല്ല അവതരണവും വരയും

  ReplyDelete
 49. മികച്ചൊരു സൃഷ്ട്ടിയുടെ തെളിവ് എന്ന് പറയണമെങ്കില്‍ അതില്‍ പ്രതീക്ഷയുടെ ശുഭ-സൂചന വായിക്കുന്നവരില്‍ ഉണ്ടാവണം.
  അനുഭവമെന്ന് പേടിപ്പെടുത്തുന്ന ഈ കഥയിലെ അവസാന വരിയില്‍ ആ ശുഭസൂചന ഉണ്ട്.
  ആ വരി തന്നെയാണ് ഈ പോസ്റ്റിലെ ഹൈലൈറ്റ്!

  ഈ പോസ്റ്റ്‌ കൂടുതല്‍ പേരിലേക്ക് എത്തട്ടെ!
  കൂതറ ഹാഷിം അയച്ചുതന്ന ലിങ്കും കിട്ടി.
  നന്ദി.

  ReplyDelete
 50. പ്രവാസ ജീവിതത്തിലെ ബാച്ചി ലൈഫ്‌ ന്‍റെ രസകരമായ സംഭവമായിരിക്കും എന്ന് കരുതി വായനയുടെ ആദ്യ ഭാഗത്തില്‍ ,,വിവരണം ശെരിക്കും ഒരനുഭാവക്കുറിപ്പിന്റെ ഫീല്‍ തന്നു ,,പിന്നീട് കഥ സീരിയസ് ആയി വായനക്കാരില്‍ നൊമ്പരമുണര്‍ത്തുന്നു,,അവിടെയാണ്‌ കഥയുടെ വിജയവും ,,അധികം വളച്ചുകെട്ടില്ലാതെ എന്നാല്‍ ഒതുക്കത്തോടെയും സൂക്ഷമതയോടെയുടെയും ഒരുക്കിയ നല്ല കഥ !!

  ReplyDelete
 51. ഒരു മനോരോഗിയുടെ കഥ പറഞ്ഞതിന്‍റെ ചൊരുക്ക് തീരും മുന്‍പേ ഇതാ അടുത്തത്‌ ..നോവിച്ചു .ഹൃദയത്തില്‍ കയറിയിരുന്നു ..ഋജുവായ ഭാഷഅഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു .

  ReplyDelete
 52. നന്നായിരിക്കുന്നു ജെഫു വരകളും വരികളും.

  ReplyDelete
 53. നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിലും, അത്തറിന്റെ മണമുള്ള കിനാക്കളുണ്ടായിരുന്നു. കരയിപ്പിച്ചല്ലോടാ നിയ്യ്‌ ജെഫ്വോ!

  ReplyDelete
 54. കദനം ... കണ്ണീരു പൊഴിയിച്ചു മദിക്കുന്ന ജീവിതങ്ങള്‍ .... ആ നനവ്‌ മാറാതെ ഇന്നും പ്രതീക്ഷയോടെ കാത്തിരിക്കുന്നു....... അഭിനന്ദിക്കാന്‍ വാക്കുകള്‍ കിട്ടുന്നില്ല ... മനസ്സിനും ഒരു ചട്ട്.... വന്ന പോലെ....
  ആശംസകള്‍ ..... ജെഫു ജീ....... :))

  ReplyDelete
 55. നല്ല കഥാനുഭവം ഭായ്....!

  ReplyDelete
 56. കൂതറയുടെ വിളി കേട്ടാ ഇവിടെ വന്നത്.നൊമ്പരപ്പെടുത്തുന്ന കഥ,അവസാനം അല്പം പ്രതീക്ഷയും.അഭിനന്ദനങ്ങള്‍!...

  ReplyDelete
 57. "“ജോലിയാകുന്നതുവരെ റൂം വാടകയെക്കുറിച്ചൊന്നും ജ്ജ് ബേജാറാവണ്ട. ശമ്പളം കിട്ട്യാൽ കടം വീട്ടി തിരിച്ച് തന്നേക്ക്. എന്ത്യേയ്..” സ്നേഹം കയ്യൊപ്പ് ചാർത്തിയ ഈ തരം കരാറുകള്‍ ഗള്‍ഫ്‌ പ്രാവാസികള്‍ക്ക് മാത്രം സ്വന്തം. സഹജീവികളുടെ നോവറിയാന്‍ ഒരു പ്രത്യേക കഴിവ്‌ ഏത് കഷ്ടപ്പാടിനിടയിലും അവര്‍ക്കുണ്ട്.
  എല്ലാ ഗള്‍ഫ്‌ പ്രവാസികള്‍ക്ക്‌ പ്രണാമം.

  വര നന്നായി കഥ മനസ്സില്‍ തട്ടുന്നത് തന്നെ!!

  ReplyDelete
 58. കഥയാണെങ്കിൽ ഒന്നു കൂടി മെച്ചപ്പെടുത്താമായിരുന്നു.....

  ReplyDelete
 59. ഇരുട്ടിലേക്ക് പോകുന്ന ഒരു പാവം ജീവിതമെന്നോര്‍ത്തു വായിച്ചു വന്നപ്പോള്‍ ഒടുവില്‍ എന്തൊരു പ്രകാശം,വല്ലാത്ത സമാധാനം - കഥയാണെങ്കിലും...
  മനോഹരം.

  ReplyDelete
 60. എങ്കിലും ജൈലാഫ് ...........ആറ്റിക്കുറുക്കലിന്റെ രസതന്ത്രം എവിടെയോ പിഴച്ച പോലെ ...........ഇനിയും നന്നാവുമായിരുന്നു ഇക്കഥ .
  പക്ഷെ എനിക്കിഷ്ടമായി .ഒടുവില്‍ വല്ലാതെ സങ്കടം വന്നു .അതാണ്‌ ഈ രചനയുടെ വിജയവും ..........

  ReplyDelete
 61. ശരിക്കും ഹൃദയസ്പര്‍ശിയായ എഴുത്ത്....ദൈവം ഇങ്ങനെയാണ്..ചിലരെ പരീക്ഷിച്ചുകൊന്ടെയിരിക്കും..


  എങ്കിലും പ്രതീക്ഷയുടെ കിരണങ്ങള്‍ അവാസാനം ഉണ്ട് എന്നത് തന്നെയാണ് ഈ പോസ്റ്റിലെ നന്മ...

  എല്ലാ ആശംസകളും..

  ReplyDelete
 62. നല്ല ഒഴുക്കോടെ വായിച്ചു. ഈ നല്ല കഥക്ക് അഭിനന്ദനങ്ങള്‍

  ReplyDelete
 63. നല്ല എഴുത്ത്.
  അന്ത്യത്തിലേക്കടുക്കുമ്പോള്‍ മാത്രമേ "കഥ" എന്ന രീതിയില്‍ കാണാനായുള്ളൂ..

  അഭിനന്ദനങ്ങള്‍.

  ReplyDelete
 64. ജെഫു, ഹൃദയസ്പര്‍ശിയായി പറഞ്ഞു.. അനുഭവക്കുറിപ്പായാണ്‌ അനുഭവപ്പെട്ടത്..
  അഭിനന്ദനങ്ങള്‍

  ReplyDelete
  Replies
  1. ഇതൊരു കഥയായിരുന്നോ?
   ഹൃദയത്തില്‍ തൊടുന്നവിധം നന്നായി എഴുതി..

   Delete
 65. ജീവിതം മണക്കുന്ന വരികള്‍...

  ReplyDelete
 66. രചനാവൈഭവം കൊണ്ട് ഈ പോസ്റ്റ്‌ മികച്ചു നില്‍ക്കുന്നു, പ്രവാസ ജീവിതത്തിന്റെ കാണപ്പെടാത്ത യാദാര്ത്യങ്ങളെ വരച്ചുകാട്ടുന്നതില്‍ ആദ്യാന്തം ജെഫു വിജയിച്ചുവെന്നു പറയാം..ഏതൊരു വായനക്കാരനെയും ഇരുത്തി ചിന്തിപ്പിക്കുകയും അവസാനം കണ്ണ് നനയിക്കുകയും ചെയ്യുന്ന ഈ പോസ്റ്റിനു എന്റെ കണ്ണീരും ഞാന്‍ സമര്‍പ്പിക്കുന്നു

  ReplyDelete
 67. നല്ല തുടക്കം...
  പ്രതീക്ഷ നല്‍കുന്ന ഒടുക്കം...
  നല്ല ഭാഷയില്‍ കേട്ടിപടുത്ത , മനസ്സില്‍ തട്ടുന്ന രചന...
  അനുഭവം പോലെ വായിച്ചു.. അവസാനമാണ് കഥയെന്നു കണ്ടത്..
  ചില പാരഗ്രാഫുകള്‍ അസൂയപെടുതുന്നു.. എന്നെ..
  '''പാഠപുസ്തകങ്ങൾ ജീവിതത്തിന്‌ ഭാരമായിത്തുടങ്ങിയപ്പോൾ തലച്ചുമടുകൾ അതിനുപകരമാക്കി. ജീവിതാനുഭവങ്ങൾ ഉത്തരക്കടലാസുകളും. നീളമുള്ള ദിനരാത്രങ്ങൾ വർഷങ്ങളുടെ വളർച്ചയിൽ വേഗത കുറച്ചില്ല. പെങ്ങളുടെ വിവാഹത്തിനായുള്ള നെട്ടോട്ടത്തിനൊടുവിൽ കടബാധ്യതകളും അവന്റെ സഹചാരിയായി. പ്രാരാബ്ദങ്ങളുടെ നടുക്കയത്തിൽ നിന്നും നാസർ നീന്തിക്കയറിയത് ദുബായിയുടെ തീരത്തേക്കായിരുന്നു.'''

  ഇതിലപ്പുറം ഭംഗിയില്‍ ഇതെഴുതാന്‍ പറ്റുമോ.. പല വരികളും ഉഗ്രന്‍..

  എഴുതുക ഇനിയും...
  നന്മകള്‍ നേരുന്നു..

  ReplyDelete
 68. നന്നായി പറഞ്ഞു ....കഥ എന്ന ലേബല്‍ ഉണ്ടെങ്കിലും വായനയില്‍ അനുഭവം ആണോ എന്ന് തോന്നല്‍ .കൂടുതല്‍ മികച്ച രചനകള്‍ ഉണ്ടാകട്ടെ ,ആശംസകള്‍ :)
  കഥയുടെ പേരില്‍ നിന്ന് ചട്ടുകാലി ആയ ആരിഫയാണ് കേന്ദ്ര കഥാപാത്രം..അവളെ ഊന്നി ആയിരുന്നു കഥ പറയേണ്ടി ഇരുന്നത് .. ആ തരത്തില്‍ ശക്തമായ ഒരു കഥാ പാത്രമായി ആരിഫ ഈ കഥയില്‍ വന്നോ എന്ന് പരിശോധിക്കേണ്ടതുണ്ട് ...അനുഭവം ആണെങ്കിലോ കഥയുടെ പേര് ചട്ടുകാലി എന്നല്ല എങ്കിലോ ഈ അഭിപ്രായത്തിനു പ്രസക്തിയും ഇല്ല ..

  ReplyDelete
 69. ജെഫൂസ് എന്തായിപ്പോ പറയുക വരികളില്‍ നിറഞ്ഞു കവിഞ്ഞൊഴുകിയ കണ്ണീര്‍ തുള്ളികള്‍ ആയി
  മനോഹരമായ എഴുത്ത് കഥ എന്നതിനേക്കാള്‍ അനുഭവം എന്നാ ലേബല്‍ ആയിരുന്നു നല്ലെതെന്ന് എനിക്ക് തോനുന്നു

  ReplyDelete
 70. കൃതി നന്നായിട്ടുണ്ട് എന്ന് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ അഭിനന്ദനങ്ങളുടെ പ്രവാഹം കണ്ടാല്‍ ആര്‍ക്കും അറിയാം കഥ മനോഹരമാന്നെന്ന്.പിന്നെ എടുത്തു പറയുവാനുള്ളത് നാസര്‍ നമ്മളുടെ ചുറ്റുവട്ടത്ത് ഒക്കെ തന്നെ ഉള്ള ആളു തന്നെയാണ് അതുകൊണ്ടു തന്നെ ഇത് കഥയാണോ ? അതൊ ജീവിതാനുഭവമാണോ എന്ന് വായനക്കാര്‍ക്ക് തോന്നിയാല്‍ വായനക്കാരെ കുറ്റ പെടുത്തുവാന്‍ കഴിയില്ല .അഭിനന്ദനങ്ങള്‍

  ReplyDelete
 71. ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന വരികള്‍
  കഥ നന്നായവതരിപ്പിച്ചു. ഒടുവിലത്തെ വരികള്‍ നൂറു മാര്‍ക്ക് തന്നെ നേടുന്നു.
  അല്പായുസ്സായിരുന്ന എന്റെ ദാമ്പത്യത്തിലെ, വരണ്ടിരിക്കുന്ന നിമിഷങ്ങളിലേക്കൊരു
  മഴത്തുള്ളിയായി പെയ്തിറങ്ങുവാൻ ആരിഫ തയ്യാറായാൽ....!! നല്ല ചിന്ത.
  പക്ഷെ ആ തലക്കുറി അത് മാറ്റാമായിരുന്നു. ആശംസകള്‍.
  എന്റെ പേജില്‍ വന്നതില്‍ പെരുത്ത സന്തോഷം, നന്ദി
  വീണ്ടും കാണാം. എഴുതുക അറിയിക്കുക,

  ReplyDelete
 72. Jefu..am the first time here..what to say..excellent..

  ReplyDelete
 73. ഉപ്പയാണ് ഇത് വായിച്ചോ എന്നും പറഞ്ഞു ഈ ലിങ്ക് അയച്ചുതന്നത്, എനിക്കിഷ്ടമായി നല്ല വരയും.

  ReplyDelete
 74. ഹൃദയം മഥിക്കുന്ന രീതിയിൽ എഴുതി. "എന്റെ കാർ നാസറിന്റെ കൂരയ്ക്കു മുൻപിലെത്തി". ഞാനുമുണ്ടവിടെ.

  ReplyDelete
 75. ഒരു ഹൃദയ സ്പര്‍ശിയായ കഥ .... വായിച്ചു കഴിഞ്ഞപ്പോള്‍ എവിടെയോകെയോ ഒരു അസ്വസ്ഥത .....കഥപാത്രങ്ങളുടെ വേദന ശരിക്കും അനുഭവിക്കാന്‍ പറ്റി...........ഈ കഥയെ ഹൃദയത്തോട് അടുപ്പിച്ചതിനു ഒരായിരം ഭാവുകങ്ങള്‍ !!!

  ReplyDelete
 76. ഈ കഥ പറയുന്ന കഥാപാത്രത്തിന്റെ നല്ല മനസ്സിനെ കാണാതിരിക്കാനാവില്ല....

  നന്നായി പറഞ്ഞു ജെഫു..... ആശംസകള്‍ .....
  (കഥയുടെ പേരില്‍ ഒരു സുഖക്കുറവുണ്ട് ട്ടോ....)

  ReplyDelete
 77. ഞാൻ രണ്ടു തവണ ലേബലിലേക്ക് തന്നെ നോക്കി.. വളരെ ഹൃദയ സ്പർശിയായി അവതരിപ്പിച്ചിരിക്കുന്നു. ആശംസകള്‍

  ReplyDelete
 78. തമാശ പറഞ്ഞു തുടങ്ങിയപ്പോള്‍ അവസാനം വരെ അങ്ങനെ ആകുമെന്ന് കരുതി... ഒടുക്കം വരെ വായിപ്പിച്ചപ്പോള്‍ ഹൃദയം കനപ്പിച്ചു....
  തകര്‍ന്നിരിക്കുന്നവര്‍ക്ക് ഈശ്വരന്‍ ആശ്വാസമാകട്ടെ ..

  ReplyDelete
 79. ജെഫൂ... കമന്റ് എഴുതാന്‍ വരെ മറന്നുപോയിരിക്കുന്നു...

  കഥ ഇഷ്ടായി..

  ReplyDelete
 80. എല്ലാ വേദനകള്‍ക്കും ഒടുവില്‍ ഒരു ആശ്വാസമുണ്ടാകുമെന്ന തോന്നല്‍ തന്നുവല്ലോ, നന്നായി.

  ReplyDelete
 81. ഭാവതീവ്രതയുള്ള കഥ ലളിതസുന്ദരമായ ശൈലിയില്‍ ഉള്ളില്‍
  കദനത്തിന്‍റെ ആന്ദോളനംസൃഷ്ടിക്കുംവിധം മനോഹരമായി
  അവതരിപ്പിച്ചിരിക്കുന്നു.അഭിനന്ദനങ്ങള്‍......
  ആശംസകളോടെ,
  സി.വി.തങ്കപ്പന്‍

  ReplyDelete
 82. വളരെ ഹൃദയസ്പര്‍ശിയായി കഥ പറഞ്ഞു. നാസറിന്റെ ആകുലതകളും, കഷ്ടപ്പാടും ആരിഫയുടെ അസുഖവുമൊക്കെ മനസ്സിനെ സ്പര്‍ശിച്ചു. കഥ നന്നായി. എല്ലാവിധ ആശംസകളും.

  ReplyDelete
 83. പ്രവാസത്തിന്റെ നോവുണര്‍ത്തുന്ന ഒരു പാട് കഥകള്‍ വായിച്ചിട്ടുണ്ടെങ്കിലും ഇതു അവയില്‍ നിന്നെല്ലാം വളരെ വ്യത്യസ്ഥം ..ആദ്യം ലേബല്‍ തെറ്റിപ്പോയതല്ലല്ലോ എന്നു സംശയിച്ചെങ്കിലും പറഞ്ഞ് തീര്‍ന്നപ്പോള്‍ ഇതൊരു കഥ തന്നെയെന്ന് അന്തഃരം ഗം ഓര്‍ മിപ്പിച്ചു..ജെഫ്ഫുവിന്റെ ഭാഷാനൈപുണ്യം എടുത്ത് പറയേണ്ടതാണ്..അവതരണവും നല്ല നിലവാരം പുലര്‍ത്തി...കണ്ണില്‍ പടര്‍ന്ന നനവോടെ ഈ അഭിപ്രായം കുറിക്കുന്നു..നല്ലതു വരട്ടെ...

  ReplyDelete
 84. കഥതന്നെയെന്ന് രണ്ടാവര്‍ത്തി ലേബല്‍ നോക്കിയുറപ്പിക്കേണ്ടിവന്നത് എഴുത്തുകാരന്‍റെ മിടുക്ക്.. ഓരോവരികളും മനസ്സിലേക്കാഴ്ന്നിറങ്ങി.. അനുഗ്രഹീതനായൊരു എഴുത്തുകാരനാണ് താങ്കള്‍/.

  ReplyDelete
 85. എഴുത്തിനേക്കാള്‍ എനിക്കിഷ്ടപ്പെട്ടത് ആ വരയാണ്.. ഗമണ്ടന്‍.. അതിസുന്ദരം..

  ReplyDelete
 86. ezhuththum, chithrangalum enikkishtamaayi. aashamsakal

  ReplyDelete
 87. ആദ്യം നര്‍മ്മം എന്ന് കരുതിയാണ് വായിച്ചുതുടങ്ങിയത്.
  പിന്നീട് അനുഭവം ആണെന്ന് തോന്നി,
  ഒടുവില്‍ കഥ എന്ന് കണ്ടപ്പോള്‍...
  വിശ്വസിക്കാന്‍ കഴിഞ്ഞില്ല, അത്രയ്ക്കും തീവ്രത തോന്നുന്നുണ്ട് എഴുത്തില്‍.
  സ്നേഹത്തോടെയുള്ള ആ 'ചട്ടുകാലി' എന്ന വിളി ശരിക്കും ടച്ചിംഗ് ആയി തോന്നി.

  ReplyDelete
 88. ജെഫ്ഫു കമന്റിട്ടു പോസ്റ്റിയപ്പോളാണു ഞാന്‍ ആ രേഖാചിത്രങ്ങളെ കുറിച്ചൊന്നും മിണ്ടിയില്ലല്ലോ എന്നോര്‍ത്തത്..കാരണം വായനക്ക് മുന്‍പേ മനസ്സിലിടം പീടിച്ച ചിത്രങ്ങള്‍ കഥയുടെ തീവ്രതയില്‍ അഭിപ്രായമായ് പുറത്ത് വരുമ്പോഴേക്കും വരയെ കുറിച്ചഭിനന്ദനം എഴുതാന്‍ വിട്ടു പോയി...ആഴമുള്ള വരികള്‍ക്കു വേണ്ടി വ്യാപ്തിയുള്ള വര...ആ വിരല്‍ത്തുമ്പിലൂടെ വരയും വാക്കും ഇനിയും മനോഹരങ്ങളായ് തീരാന്‍ സര്‍വശക്തന്‍ അനുഗ്രഹിക്കട്ടെ ...

  ReplyDelete
 89. വളരെ നന്നായിട്ടുണ്ട്.
  എല്ലാവിധ ആശംസകളും.

  ReplyDelete
 90. വളരെ നന്നായി എഴുതി. ജെഫുവില്‍ നിന്ന് പ്രതീക്ഷിക്കുന്ന ഒരു നിലവാരമുണ്ട്. അത് ഉണ്ട് ഈ എഴുത്തില്‍.

  ReplyDelete
 91. മിനി.പി.സി15 July 2012 at 06:42

  ജെഫു ,നല്ല കഥ ! നാസറിനെ ,ഇങ്ങോട്ട് കൊണ്ടുവരല്ലേ ,ഇവിടെ ,മുല്ലപ്പെരിയാറുണ്ട്.......!.....ഇഷ്ടന്‍ ,പിന്നെ
  ഉറങ്ങുകയെ ,ഇല്ല .

  ReplyDelete
 92. ജെഫു, ഈ വഴി വരാൻ വൈകിയതിന് ക്ഷമ ചോദിക്കുന്നു. അസുഖം കാരണം പല ബ്ലോഗുകളിലും പോകാൻ കഴിഞ്ഞിരുന്നില്ല... ജെഫുവിനെ സ്ഥിരമായി വായിക്കുന്നവനായതിനാൽ ഡാഷ് ബോർഡിൽ നിന്നും തിരഞ്ഞ് പിടിച്ച് വായിക്കുന്നു,,,


  കഥയോ അനുഭവമോ എന്ന് തിരിച്ചറിയാൻ കഴിയാത്ത വിധമുള്ള വിവരണമായതിനാൽ രണ്ടിലൊന്നാകുമെന്ന് കരുതട്ടെ. ജീവിതം കെട്ടിപ്പടുക്കുന്ന പാവം ജന്മങ്ങളുടേ നേർ ചിത്രം വരച്ചിട്ട ജെഫുവിന്റെ വിവരണത്തിനഭിനന്ദനങ്ങൾ

  പതിയുടെ കബറിടത്തിൽ വേദന പങ്കിടുന്ന ആ ഭാര്യയുടെ നൊമ്പരപ്പെടുത്തുന്ന മനസ്സിലേക്ക് ചേക്കേറാൻ കൊതിക്കുന്ന നായകന്റെ നല്ല മനസ്സിന് ആശംസകൾ അർപ്പിച്ച് കൊണ്ട് ഞാൻ ചുരുക്കുന്നു, കാരണം ഒരുപാട് പോസ്റ്റുകൾ വായിക്കാനുണ്ട്.

  ആശംസകൾ കൂട്ടുകാരാ

  ReplyDelete
 93. ബ്ലോഗ്‌ എഴുതുന്നു എന്ന
  ധിക്കാരത്തിന്, ബ്ലോഗര്‍
  എന്നെന്നെ പുച്ഛിച്ചുതാണ്,
  ഈ ലോകം.........
  http://velliricapattanam.blogspot.com/

  ReplyDelete
 94. എല്ലാരും പറഞ്ഞത് പോലെ ഇതൊരു അനുഭവ കഥയാണെന്നാ ഞാനും കരുതിയത്‌. ,. പ്രവാസത്തെ കുറിച്ചും ബാച്ചിലേര്‍ റൂമിനെ കുറിച്ചുമൊക്കെ പറഞ്ഞു തുടങ്ങിയപ്പോള്‍ അങ്ങനെ തന്നെയാണെന്ന് ഞാനുറപ്പിച്ചു. അതിനു വേറൊരു കാരണവും കൂടിയുണ്ട് . പോസ്റ്റില്‍ പറഞ്ഞത് പോലെ വിസയുടെ കാലാവധി തീരാൻ എതാനും മണിക്കൂറുകൾ ബാക്കിനില്ക്കെയാണ് എനിക്കും ഇവിടെ ഒരു ജോലി കിട്ടിയത്. അവസാന പാരഗ്രാഫില്‍ എത്തിയപ്പോഴാണ് കഥയാണെന്ന് മനസ്സിലായത്. ഹൃദയത്തില്‍ സ്പര്‍ശിക്കും വിധം വളരെ ലളിതമായി അവതരിപ്പിച്ച ഈ കഥ വായിക്കാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു ഒപ്പം ഈ നല്ല കഥക്ക് അഭിനന്ദനങ്ങളും നേരുന്നു.

  ReplyDelete
 95. ചട്ടുകാലാണ് എന്നത് സത്യമാണ് , പക്ഷെ സത്യം എപ്പോഴും പറയാന്‍ പാടില്ല ചട്ടുകാലി എന്നത് നാസര്‍ വിളിക്കുന്നതാണ് എന്നാല്‍ പോലും അങ്ങിനെ പറയാന്‍ നമുക്ക് അവകാശം ഇല്ല , ജെഫു നന്നായി അവതരിപ്പിച്ചിരിക്കുന്നു , കഥ ആണെന്നാലും അനുഭവം ആണ് എന്നാലും ,,,

  ReplyDelete
 96. പ്രിയപ്പെട്ട ജെഫു,

  തുടക്കം അനുഭവമാണെന്ന് മനസ്സിലായി. എന്നാല്‍ അവസാനമോ?

  മനസ്സിന്റെ പിടച്ചില്‍ ഇനിയും തീര്‍ന്നിട്ടില്ല....ഹൃദയസ്പര്‍ശിയായ പോസ്റ്റ്‌ !അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
  Replies
  1. വളരെ ഹൃദയസ്പര്‍ശിയായി അനുഭവപ്പെട്ടു പ്രവാസികളുടെ നൊമ്പരങ്ങളുടെ നേര്‍ കാഴ്ചകള്‍....... ആശംസകള്‍,.... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌...... കൊല്ലാം............ പക്ഷെ തോല്‍പ്പിക്കാനാവില്ല ............... വായിക്കണേ.............

   Delete
 97. നല്ല പോസ്റ്റ്. വളരെ നന്നായിട്ടുണ്ട്...ആശംസകള്‍....

  സ്നേഹത്തോടെ മനു..

  ReplyDelete
 98. വായിച്ചു തുടങ്ങിയപ്പോ അനുഭവക്കുറിപ്പു ആണെന്നാ കരുതിയത്‌. അവസാനം ചെറുകഥ എന്ന് കണ്ടപ്പോ ആശ്വാസമായി.. കഥ ഒരു പ്രതീക്ഷയോടെ അവസാനിപ്പിച്ചത് ഇഷ്ടായി..

  ReplyDelete
 99. വൈകി വന്നതില്‍ ക്ഷമിക്കുക ,,,, ലിപി രഞ്ചു .പറഞ്ഞപോലെ ഒരു ആത്മകഥയാണ് തോന്നിയത് ,അടിയില്‍ ചെറുകഥ എന്ന് പറഞ്ഞപ്പോള്‍ ഒന്ന് ഞെട്ടി,,എന്തായാലും നാസറിന്റെ ചെറുകഥ എനിക്ക് വലിയ ഇഷ്ടായി ,ആശംസകള്‍
  --

  ReplyDelete
 100. വളരെ നന്നായിട്ടുണ്ട്. എല്ലാവിധ ആശംസകളും

  ReplyDelete
 101. ഇവിടെ ഇത് ആദ്യ വായന... എന്നാണോര്‍മ്മ... വളരെ നല്ല അവതരണം ......, സ്നേഹാശംസകള്‍ .....

  ReplyDelete
 102. വായിച്ചു കഴിഞ്ഞ ഉടനെ ഞെട്ടലോടെ പ്രൊഫൈല്‍ നോക്കാന്‍ ആണ് ഓടിയത്, വിവാഹിതനാണോ എന്നറിയാന്‍... .
  .പഹയാ കഥയായിരുന്നല്ലേ !!!
  നന്നായിരുന്നു. ചില ഭാഗങ്ങളില്‍ കുറച്ചു കൂടി വിശദീകരണം ഉണ്ടായിരുന്നെങ്കില്‍ ഒന്നുകൂടി ഉശാരായേനെ

  ReplyDelete
 103. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു

  ReplyDelete
 104. അനുഭവക്കുറിപ്പാണെന്നു തെറ്റിദ്ധരിച്ച് ഇപ്പോള്‍ കഥാകാരന്‍ വിത്ത് ചട്ടുകാലിയാണെന്ന് കരുതി.യാഥാര്‍ത്ഥ്യബോധം ജനിപ്പിച്ചതിനു ഭാവുകങ്ങള്‍

  ReplyDelete
 105. ഒരുപാട് വൈകി ഞാനിവിടെ എത്താന്‍. എങ്കിലും എനിക്കുമുണ്ടൊരു സംശയം, ഇത് കഥയോ, അനുഭവമോ എന്ന്.

  ReplyDelete
 106. ആരിഫ തയ്യാറായാൽ.........
  gud 111111

  ReplyDelete
 107. ഞാനും ഒരുപാട് വൈകി ജെഫു.. കഥ അനുഭവമാക്കുന്ന മാജിക്‌.... വളരെ നന്നായി പറഞ്ഞു. അല്ലെങ്കിലും ഇത്തരം ഒരുപാട് ജീവിതങ്ങള്‍ക്കിടയില്‍ ജീവിക്കുന്ന നമുക്കിതോന്നും കതയല്ലല്ലോ..

  ReplyDelete
 108. അനുഭവത്തെ കഥയാക്കിയെന്നെ തോന്നുകയുള്ളൂ ജെഫു... വളരെ നന്നായി നാസറിന്റെ ആകുലതകളെ വരച്ചിട്ടു...എന്റെയും ഹൃദയം നൊന്തു......."മരണം മണക്കുന്ന മൈലാഞ്ചിയുടെ ഇലകളിൽ നാസറിന്റെ കണ്ണുനീരപ്പോൾ നിറഞ്ഞു നില്ക്കുമായിരുന്നു. നൊമ്പരങ്ങൾ കൈമാറുമ്പോൾ സാന്ത്വനമായെത്തുന്ന മാരുതനുപോലും മൗനഭാവം." നിറപ്പകിട്ടില്ലാത്ത ജീവിതങ്ങളിലും, അത്തറിന്റെ മണമുള്ള കിനാക്കളുണ്ട് എന്നത് ശരിയാണ്...... ആശംസകള്‍

  ReplyDelete
 109. വൈകിയാണേലും വായിച്ചു.മനസ്സില്‍ ഒരു നീറ്റല്‍ ....ജെഫുവിന്റെ മികവുറ്റ ഭാഷാശൈലി അഭിനന്ദനീയം.

  ReplyDelete
 110. നാട്ടില്‍ നിന്ന് വന്നയുടനെ വായിച്ചിരുന്നു..ഒരു കമന്റ്‌ പോലും ഇടാന്‍
  അപ്പൊ മനസ്സ് അനുവദിച്ചില്ല..കുടുംബം കൂടെ ഉണ്ടെങ്കിലും നാട്
  വിട്ടു അവധി കഴിഞ്ഞു പോരുമ്പോള്‍ ഞാന്‍ പേറുന്ന വിമ്മിഷ്ടം
  ഇത് പോലെ ആരിഫമാരെ വിട്ടു പോരുന്ന നാസ്സെര്മാരുമായി താരതമ്യം
  പോലും ചെയ്യാന്‍ ആവില്ലല്ലോ...

  തുടക്കം മുതല്‍ ഒടുക്കം വരെ വായന സുഖം വരുത്തി വളരെ ലളിതമായ
  ഭാഷയില്‍ (അത് തന്നെയാണ് ഇവിടെ കഥാ പാത്രങ്ങള്‍ക്ക് ചേര്‍ന്ന രീതിയും)
  മനസ്സില്‍ തട്ടിയ അവതരണം...

  കഥയുടെ കാമ്പ് തന്നെ അവാസനത്തെ ഒറ്റ വരിയില്‍ അവതരിപ്പിച്ച കയ്യട്ക്കത്തിനു
  പ്രത്യേകം അഭിനന്ദനം ജെഫു..

  ReplyDelete
 111. ഞാന്‍ നോക്കിയിട്ടു പിന്നെ പറയാം കേട്ടോ അഭിപ്രായം. . PRAVAAHINY

  ReplyDelete
 112. വായിക്കാന്‍ വൈകി ജെഫു. പ്രതീക്ഷയുനര്‍ത്തിയ അന്ത്യം. ലളിതമായ ഭാഷയും. നല്ല മനസ്സിന്‍റെ ഉടമയ്ക്കും ഇങ്ങനെയൊക്കെ....! ഇതാണ് പ്രവാസം. ജെഫുവില്‍ നിന്നും ഇതിലും മികച്ച കഥകള്‍ ഇനിയും ഉണ്ടാവട്ടെ....

  ReplyDelete
 113. ഈ ഓർമ്മകളിൽ നിന്നെല്ലാം ഒഴിഞ്ഞുമാറിക്കൊണ്ടുള്ള ഒരു ജീവിതം ഇനിയവൾക്കാകുമോ? അല്പായുസ്സായിരുന്ന എന്റെ ദാമ്പത്യത്തിലെ, വരണ്ടിരിക്കുന്ന നിമിഷങ്ങളിലേക്കൊരു മഴത്തുള്ളിയായി പെയ്തിറങ്ങുവാൻ ആരിഫ തയ്യാറായാൽ....!!

  വല്ലാത്തൊരു കഥ., അനുഭവം എന്നു കരുതി വായിച്ചു തുടങ്ങി, കഥയാണെന്നു മനസ്സിലാകുമ്പോ ഉള്ളിൽ വല്ലാത്തൊരു നീറ്റൽ ബാക്കി വെയ്ക്കുന്ന തരത്തിൽ പറഞ്ഞ് നിർത്തി..

  ആശംസകൾ, വരയും വരിയും നന്നായിരിക്കുന്നുവെന്നു എടുത്ത് പറയണ്ടല്ലോ..

  ReplyDelete
 114. കൊള്ളാം . ആശംസകള്‍ @ WINGS

  ReplyDelete
 115. ഇഷ്ടമായി..
  അനുഭവത്തിന്റെ അംശമുണ്ടാവും അല്ലേ?
  തീഷ്ണതയനുഭവപ്പെട്ടതുകൊണ്ട് ചോദിച്ചതാണ്.

  ReplyDelete
 116. ഇപ്പോളാ വായിച്ചതു എന്താ പറയേണ്ടത്‌ ... ഇവിടെ എല്ലാരും പറഞ്ഞു കഴിഞ്ഞത് തന്നെ.. വളരെ ലളിതമായ ഭാഷയില്‍ നല്ല ഭാഷയില്‍ അടുക്കും ചിട്ടയോടും കൂടി പറഞ്ഞ നല്ലൊരു കഥ ..ഇങ്ങനെയുള്ള ജീവിതങ്ങള്‍ ഒരുപാടുണ്ടാകും പക്ഷെ അത് വായനക്കാരില്‍ എത്തിക്കുന്നാതാണ് ശ്രമകരം ..അതില്‍ താന്കള്‍ വിജയിച്ചിരിക്കുന്നു..അനുഭവത്തെ കഥയാക്കി മാറ്റിയതാണോ എന്നൊരു തോന്നല്‍ എനിക്കും ഇല്ലാതില്ല.. എന്തായാലും ആരിഫ സുഖമായിരിക്കട്ടെ,,ആശംസകള്‍...

  ReplyDelete
 117. അയത്നലളിതം സുന്ദരം, ആശംസകള്‍.!

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..