Saturday, 15 December 2012

“അൽ അബ് വാബ് തുഫ്തഹ്, ഡോർസ് ഓപണിംഗ്”

അൽ അബ് വാബ് തുഗ്ളക്ക്, ഡോർസ് ക്ളോസിങ്ങ്..  മെട്രോയുടെ വാതിലടയുന്നതിനു മുൻപുള്ള അനൗസ്മെന്റ്. അതിനൊപ്പം എന്റെ ഫോണും ശബ്ദിക്കാൻ തുടങ്ങി. ഖത്തർ നമ്പറിൽ നിന്നും  പരിചയമില്ലാത്തൊരു ഫോൺകോൾ....

മുറിഞ്ഞു പോകുന്ന വാക്കുകളും, പൂർത്തിയാകാത്ത മെസ്സേജുകളും എന്നെ പേടിപ്പെടുത്തി തുടങ്ങിയിരുന്നു. ഡിപ്രഷനുള്ള മരുന്ന് കൂടി കഴിക്കാൻ തുടങ്ങിയെന്നറിഞ്ഞപ്പോൾ മുതൽ മനസ്സൊന്നു പിടഞ്ഞതാണ്‌...  ഇപ്പോളവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു കൂടി കേട്ടപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. ഖത്തറിലേക്കുള്ളൊരു ഫ്ളൈറ്റ് ടിക്കറ്റ് അന്നു വൈകുന്നേരത്തേക്കു തന്നെ  ബുക്ക് ചെയ്തു.

എകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ട്രൈനിലെ യാത്രക്കാരായിരുന്നു ഞങ്ങൾ രണ്ടുപേരും. മാറ്‌മൂടിയ ഷാളിന്നടിയിലൂടെ, അവളുടെ ചുരിദാറിന്റെ ഉയർച്ച താഴ്ച്ചകൾ എന്റെ കണ്ണുകൾക്കെന്നുമൊരു കുസൃതിയായിരുന്നു.

“മലയാളിയാണല്ലേ?”
“അതേ, എങ്ങനെ മനസ്സിലായി”
“ഈ ദൃഷ്ടിദോഷം കണ്ടാലറിഞ്ഞൂടെ മലയാളിയാണെന്ന്. ദയവു ചെയ്തിങ്ങനെ നോക്കരുത്, പ്ലീസ്”

ഗതികെട്ടാണവളങ്ങനെ പറഞ്ഞതെങ്കിലും, പൂരപ്പറമ്പിൽ താറഴിഞ്ഞവനെപ്പോലെയായി ഞാനല്പ നേരത്തേക്ക്. ട്രെയിൻ അടുത്ത സ്റ്റേഷനെത്തുന്നതു വരേക്കും ലാപ്ടോപ്പ് ബാഗിന്റെ പുറകിലൊളിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു  ഞാൻ
“എനിവെ, ഞാൻ അഫ്രീൻ, യുവർ ഗുഡ് നെയിം പ്ലീസ്?“
”ഞാൻ സമീർ“
”ഓകേ സമീർ. ഞാനിറങ്ങട്ടെ നമുക്ക് നാളെ കാണാം“

പിന്നീടങ്ങോട്ടുണ്ടായ ഞങ്ങളുടെ യാത്രകളിൽ, വിദ്യാഭ്യാസരംഗത്ത് പ്രകമ്പനം കൊള്ളിക്കാവുന്ന ഒരു ഫോർമുല ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഡി.പി.ഇ.പി ഈസ് നോട്ട് ഈക്ക്വൽ ടു സി.ബി.എസ്.ഇ എന്ന എന്റെ ഇക്ക്വേഷൻ എന്നെ സംബന്ധിച്ചും തികച്ചും അർത്ഥവത്താണെന്ന് അഫ്രീനും മനസ്സിലാക്കി. അതുകൊണ്ടു തന്നെ മലയാളത്തിന്റെ മാസ്മരികതയിൽ ഞങ്ങൾ പരിസരം മറന്നും പൊട്ടിച്ചിരിച്ചു. അതോടെ റേഡിയോകളിലെ അറുബോറൻ ബ്രേക്ക്ഫാസ്റ്റ് ഷോകളെ ഞങ്ങളുടെ രാവിലെകളിൽ നിന്നും മൊഴിചൊല്ലി പറഞ്ഞയക്കേണ്ടി വന്നു.

ബന്ധങ്ങളുടെ ആഴങ്ങളിലായിരുന്നു തുടർന്നുണ്ടായ ഒരോ ദിവസങ്ങളുടെയും വളർച്ചകൾ.

”ഇന്നു ലീവല്ലെ“
”അതെ എന്താ അഫ്രീൻ“
”എങ്കിലെന്റെ ഫ്ളാറ്റിലേക്ക് വാ, വൈകീട്ട് നമുക്കൊന്നു പുറത്ത് പോകാം“

ഫോൺ കട്ട് ചെയ്ത ശേഷം അവധിയുടെ നീണ്ട ആലസ്യത്തിലേക്കു തന്നെ ഞാൻ തിരിച്ചിറങ്ങി.

സായാഹ്ന പുഷ്പങ്ങളെ ചുംബിച്ചുണർത്തിക്കൊണ്ട് ശൈത്യകാല മാരുതൻ തിരക്കിലമർന്ന പാതയോരങ്ങളെ കുളിരണിയിക്കുവാനൊരുങ്ങുന്നു. ”ഫ്ളാറ്റ് നമ്പർ 317 തന്നെ. കയറിവാ.“ അധികം വലുതല്ലാത്ത ഒരു സ്റ്റുഡിയോ റൂം. വാതിലിന്നഭിമുഖമായി വിൻസന്റ് വാങ്കോഗിന്റെ സൂര്യകാന്തി ചുമരിൽ തൂങ്ങുന്നു. അടുക്കും ചിട്ടയും ആകർഷണീയമാക്കിയ മുറിയിൽ മറ്റു അലങ്കാര വസ്തുക്കളുടെ ആവശ്യമുണ്ടായിരുന്നില്ല. നീല വിരിയിട്ട ജാലകപ്പഴുതിലൂടെ അസ്തമയ സൂര്യൻ എത്തി നോക്കുന്നു. മ്യൂസിക് പ്ളെയറിൽ നിന്നും, നിശബ്ദതയിലേക്കൊഴുകുന്ന ജഗജീത് സിങ്ങിന്റെ നേർത്ത വരികൾ. മേശപ്പുറത്ത് തുറന്നുവെച്ചിരിക്കുന്ന ഇംഗ്ലീഷ് നോവലിന്നടുത്തായി ഒരു ഫോട്ടോ ഫ്രെയിം. അതിനടിയിലായി നീലമഷികൊണ്ടെഴുതി ചേർത്തിരിക്കുന്നു. “സ്വീറ്റ് ഹാർട്ട്.. മൈ ലൈഫ് ഈസ് ഫോർ യു, ആൻഡ് യു ആർ മൈ ഡ്രീം ടൂ..

”സമീർ.. ചായ റെഡിയാട്ടോ.“ ട്രേയിൽ നിന്നും ഏലക്കാമണമുള്ള ഒരു കപ്പെടുത്ത് ഫോട്ടോയിൽ നോക്കി നിന്നിരുന്ന എനിക്കു നേരെയവൾ നീട്ടി.
”ഈ ഫോട്ടോ... ഇതാരുടേതാ അഫ്രീൻ“
വിഷാദം നിഴൽ വീഴ്ത്തിയ മുഖത്തുനിന്നും വിരസമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷേ നിറഞ്ഞ കണ്ണുകൾക്ക് പറയുവാനേറെയുണ്ടായിരുന്നു. ചുടുചായ മൊത്തിക്കുടിക്കുന്നതിന്റെ നിശബ്ദതയിൽ അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. ഹ്ഉ​‍ൂംംംമ്‌. ”സമീർ..ഇതിനു മുമ്പും നീയൊരിക്കലെന്നോട് ചോദിച്ചിട്ടില്ലെ ഞനെങ്ങനെയാ ഇത്ര ബോൾഡായതെന്ന്”

ഗതകാല സീമയിലെവിടെയോ ഒഴുക്ക് നിലച്ചു പോയ കുഞ്ഞോളത്തിന്റെ നെടുവീർപ്പുകൾ, പൊടിപുരണ്ട ഇന്നലെകളുടെ തീരത്തിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി. സുഖാലസ്യത്തിന്റെ നടുത്തളത്തിലേക്ക് ജനിച്ചു വീണതായിരുന്നു അവളുടെ ബാല്യവും, കൗമാരവും. യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായ മാതാപിതാക്കളുടെ മൂന്നുമക്കളിൽ രണ്ടാമത്തവൾ. ദുബായ് നഗരത്തിന്റെ മുഴുപ്പും, തുടിപ്പും സ്വപ്നങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയ യൗവനാരംഭം. പന്ത്രണ്ടാം ക്ളാസ്സുകാരിയായ അവൾ കുടുംബ സുഹൃത്തിന്റെ മകന്റെ മണവാട്ടിയായി. മുല്ലപ്പൂ മണക്കുന്ന ദാമ്പത്യത്തിന്റെ  ആദ്യയാമങ്ങളിൽ മഴനൂലുകളായവർ ഇഴപിരിഞ്ഞു.

കല്യാണ ശേഷവും അവൾ പഠനം തുടർന്നിരുന്നു. അഞ്ചു വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടയിൽ, ഇരുണ്ട വെളിച്ചമവശേഷിപ്പിച്ചു കൊണ്ട് പ്രണയത്തിന്റെ മൈലാഞ്ചി ചുവപ്പ് നരക്കാൻ തുടങ്ങി.

അഫ്രീൻ... നിങ്ങൾ ശരിക്കും അലോചിച്ചു തന്നെയാണോ തീരുമാനമെടുത്തത്?.
“അതെ സമീർ.. ജീവിക്കാൻ തുടങ്ങിയപ്പോഴാണ്‌ ഞാൻ കണ്ട സ്വപ്നങ്ങൾക്കും നിറമുണ്ടെന്ന് മനസ്സിലായത്. അതിൽ പലതുമെന്റെ അവകാശങ്ങളായിരുന്നു. അതെല്ലാം ചേർത്തുവെച്ചൊരു കിനാവുകാണാൻ പറ്റാത്ത വിധം രണ്ടറ്റങ്ങളിലാണ്‌ ഞങ്ങളുറങ്ങിയത്. അതു കൊണ്ടു തന്നെയാണ്‌ ഡിവോഴ്സിന്‌ ഞാൻ സമ്മതം മൂളിയതും. പക്ഷേ അഹങ്കാരിയെന്ന പേര്‌ കിട്ടിയത് എനിക്കു മാത്രമായിരുന്നു”

മുൻവിധിയുള്ള സമീപനങ്ങൾക്ക് മുന്നിൽ അവളുടെ വിശദീകരണങ്ങൾ ആർക്കും തന്നെ തൃപ്തികരവുമായിരുന്നില്ല. ബന്ധങ്ങളുടെ ചൂര്‌നിറഞ്ഞ ഇരുണ്ട ഇടനാഴിയിലെ വീർപ്പു മുട്ടുന്ന എകാന്തതയിൽ നിന്നുള്ള ഏക ആശ്വാസം അവൾ ചെയ്തിരുന്ന ജോലി മാത്രമായിരുന്നു.

“ഒരു മകൾക്കുള്ള സ്ഥാനം അവരുടെ മനസ്സിലില്ല എന്നെനിക്കു ബോധ്യമായപ്പോൾ ഞാൻ വീട്ടിൽ നിന്നും പോന്നു. ജോലിചെയ്യുന്ന കമ്പനിയുടെ വിസയായതു കൊണ്ട് ദുബായിയിൽ തന്നെ നില്ക്കാൻ പറ്റി. അതും കൂടി ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കു തന്നെ അറിയുമായിരുന്നില്ല. നാട്ടിലാണെങ്കിൽ എനിക്കു വേറെ ആരും ഇല്ല.”

നിന്റെ കുടുംബം ഇപ്പോൾ ദുബായിലുണ്ടോ? നീയീപ്പറയുന്നത് സത്യാണോ അഫ്രീൻ?

“കുടുംബം മാത്രമല്ല, എന്റെയീ പൊന്നു മോളും ദുബായിലുണ്ട് സമീർ”
പൊള്ളുന്ന മാറിലേക്ക് ഫോട്ടോ ചേർത്തുവെച്ചപ്പോൾ മുറിയിൽ നിറഞ്ഞ ഗസലിന്റെ നേർത്ത വരികൾ അവൾക്കായി തേങ്ങിക്കരഞ്ഞു. മകളെന്ന വേദനയാണോ, മാതൃത്വമെന്ന പിടച്ചിലായിരുന്നോ അവളുടെ മനസ്സിൽ നീറിക്കൊണ്ടിരുന്നത്. കണ്ടു നിന്നിരുന്ന എന്റെ കണ്ണുകളിലും നനവ് പടരുകയായിരുന്നു.

“നിന്നെ ഞാൻ ബോറടിപ്പിച്ചല്ലേ? ഞാനൊന്നു മുഖം കഴുകട്ടെ, എന്നിട്ടു പുറത്തു പോകാം”
തിരക്കുപിടിച്ച തെരുവിന്റെ ആളൊഴിഞ്ഞ ഓരത്തിലൂടെ ഞങ്ങൾ നടന്നു. നിയോൺ ലാമ്പിന്റെ വെളിച്ചത്തിൽ കോർണിഷ് കൂടുതൽ മനോഹരിയായിരിക്കുന്നു. ഓളപരപ്പിനുമുകളിൽ നിറങ്ങൾ അലക്ഷ്യമായി തുള്ളിക്കളിക്കുന്നു. തുടുത്ത കവിളുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഓടിയകലുന്ന കടൽക്കാറ്റിൽ പാറിയ മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ടവളെന്നോട് ചോദിച്ചു “വിദ്യാസമ്പന്നരായ കുടുംബങ്ങളിൽ ഡിവോഴ്സുകൾ കൂടുന്നുണ്ടെന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടൊ?”  എന്റെ മൗനത്തിന്റെ മുകളിൽ വീണ്ടുമവൾ വാചാലയായി. “ഞാൻ പലപ്പോഴും ആലോചിചിട്ടുണ്ട് അതിനെ കുറിച്ചൊരു ഫീച്ചർ തയ്യാറാക്കിയാലോന്ന്. ഒരു ജേർണലിസ്റ്റായ എന്റെ ജീവിതത്തിൽ നിന്നു തന്നെ തുടങ്ങാലോ. മാത്രവുമല്ല ഇത്തരം ആത്മകഥകൾക്ക് നല്ല റേറ്റിങ്ങുള്ള കാലവുമാണ്‌.”

നിനക്കെന്താ ഭ്രാന്തുണ്ടോ അഫ്രീൻ?
എന്റെ ചോദ്യം കേട്ടവൾ പൊട്ടിച്ചിരിച്ചപ്പോൾ, സന്തോഷം കൊണ്ടാവണമെന്നു തെറ്റിദ്ധരിച്ചാവണം എതിരെ വന്ന ഒരു യൂറോപ്യൻ ദമ്പതികൾ ഞങ്ങളെ അഭിവാദ്യം ചെയ്ത് കടന്നു പോയി.

“ദേഷ്യപ്പെടണ്ട. നീ വാ. അടുത്ത ആഴ്ച എന്റെ മോളുടെ പിറന്നാളാ. അവൾക്കൊരു ഗിഫ്റ്റ് വാങ്ങണം. എന്റെ സമ്മാനത്തിന്‌ അവൾ കാത്തിരിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.”

“നിനക്കവളെ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കാൻ കഴിയില്ലെ?”
“എനിക്കതിന്‌ ആഗ്രഹമില്ലെന്നാണോ നീ കരുതിയത്. സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ലാത്ത എന്റെ കൂടെ അവർ അവളെ പറഞ്ഞയക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ? എന്നാലും ഞാനിന്ന് ജീവിക്കുന്നതു പോലും അവൾക്ക് വേണ്ടീട്ടാ. എന്നെങ്കിലുമൊരിക്കൽ ഞാനവളെ കൊണ്ടു വരും. ഒരു രാജകുമാരിയെ പോലെ.”

തിളങ്ങുന്ന കല്ലുകൾ പതിച്ച ഒരു ജോഡി കമ്മലുകൾ ഞാനവൾക്ക് വേണ്ടി സെലക്റ്റ് ചെയ്തു. “നീല നിറമാണെന്റെ മോളുടെ കണ്ണുകൾക്ക്. ഇതവൾക്ക് നന്നായി ചേരും.” വർണ്ണക്കടലാസ്സിൽ പൊതിഞ്ഞെടുത്ത ആ ചെറിയ സമ്മാനപ്പൊതിയുമെടുത്ത് ഞങ്ങൾ പുറത്തിറങ്ങി.

“വെള്ളിയാഴ്ച്ച നമുക്കൊരുമിച്ചു പോകാം മോളെ കാണാൻ. ഞാനിവിടെ ഇല്ലെങ്കിലും നീയിടക്കൊക്കെ വന്നെന്റെ മോളെ കാണണം” അതുകേട്ടപ്പോൾ ചോദ്യഭാവത്തിൽ ഞാൻ അഫ്രീനെ നോക്കി. “എല്ലാം ശരിയായ ശേഷം പറയാമെന്നാ കരുതിയത്. ഖത്തറിലെ ഒരു ഗവണ്മെന്റ് ഓർഗനൈസേഷനിൽ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. അപ്പോയിൻമെന്റ് ലെറ്റർ ഇന്നെലെയാ കിട്ടിയത്. രണ്ടാഴ്ചക്കുള്ളിൽ എനിക്കവിടെ ജോയിൻ ചെയ്തേ പറ്റൂ.

ഫ്ളാറ്റിൽ എത്തുന്നതു വരെ പിന്നീടൊന്നും ഞങ്ങൾ സംസാരിച്ചില്ല. ഇണ നഷ്ടപ്പെട്ടുപോയ കിളിയുടെ ശ്യൂന്യതയോടെ ഞങ്ങൾ ഇടക്കിടെ പരസ്പരം നോക്കിക്കൊണ്ടിരുന്നു. മുറിവേറ്റ വാക്കുകൾ നിശബ്ദതയുടെ ആഴങ്ങളിലേക്ക് പിടഞ്ഞു വീഴുകയായിരുന്നു.

ഫ്ളാറ്റിൽ നിന്നും യാത്രപറഞ്ഞിറങ്ങാനൊരുങ്ങിയപ്പോൾ അപ്രതീക്ഷിതമായി അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഗാഢമായ ആലിംഗനത്തിലൂടെ ഒന്നായ ഹൃദയങ്ങൾ നിഗൂഢമായ ഒരു വികാരത്തിന്റെ മൗനസംഗീതം ആസ്വദിക്കുകയായിരുന്നുവപ്പോൾ.

”നഷ്ടപ്പെട്ടേക്കാവുന്ന ദിവസങ്ങളിലെനിക്ക് കൂട്ടുവന്നവനാണ്‌ നീ. ഒന്നു പൊട്ടിക്കരയുവാൻ പോലും എനിക്ക് നീ മാത്രമല്ലെ ഉള്ളൂ. പക്ഷെ എനിക്ക് പോകാതിരിക്കാനാവില്ല സമീർ.“ ഹൃദയത്തിൽ കനിഞ്ഞ ഒരു തുണ്ട് ജലകണമെന്റെ കവിളിലൂടെ ഒഴുകി അവളുടെ മൂർധാവിൽ വീണുപരക്കാൻ തുടങ്ങിയിരുന്നു..

”നിനക്കറിയോ.. എന്റെ മോളുടെ പൂച്ചക്കണ്ണുകളിൽ ഇരുട്ട് കയറിക്കൊണ്ടിരിക്ക്യാ. അഞ്ചോ ആറോ വർഷത്തിനുള്ളിൽ പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെടാവുന്ന ഒരു മയോപിയ പേഷ്യന്റാണവൾ. എനിക്കവളെ കൊണ്ടു വരണം. ചികിത്സിക്കണം. എന്റെ കണ്ണുകൾ കൊടുത്താണെങ്കിലും ഞനവൾക്ക് കാഴ്ച്ച തിരിച്ചു നല്കും. ഒന്നെനിക്കുറപ്പാ.. എന്നേക്കാൾ നന്നായി വേറൊരാൾക്കും അവളെ സംരക്ഷിക്കാനാവില്ല. ഞാനവൾടെ ഉമ്മയല്ലെ.”

അഫ്രീനെന്റെ മാറിലേക്ക് കൂടുതൽ ചേർന്നുനിന്നു. ”മോൾടെ അസുഖത്തെ കുറിച്ച് മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാനീ ഡിവോഴ്സിനെ കുറിച്ചുപോലും ചിന്തിക്കില്ലായിരുന്നു.“ കനംവെച്ച വാക്കുകൾ പുറത്തു വരാനാകാതെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.

നീണ്ട രണ്ടു വർഷങ്ങൾ രണ്ടു താളുകളായി ഓർമ്മകളിലേക്ക് മറിഞ്ഞു വീണിരിക്കുന്നു. എയർപോട്ടിൽ യാത്രക്കാർക്കുള്ള ലോഞ്ചിൽ ഇരിക്കുമ്പോൾ ആഴ്ചകൾക്ക് മുമ്പുള്ള അഫ്രീന്റെ  മെസേജുകൾ ഞാൻ വീണ്ടും വായിക്കാനെടുത്തു. മലയാളിയായ ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ സഹതാപത്തോടെയുള്ള നോട്ടങ്ങൾ, അവളുടെ വൈധവ്യത്തിലേക്ക് തുളച്ചുകയറാൻ തുടങ്ങിയപ്പോൾ, ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ സ്ത്രീ ഗന്ധത്തിന്റെ ലഹരിയും അയാൾ മണക്കുവാൻ തുടങ്ങി. ”ലേറ്റ് നൈറ്റ് ഓഫീസിലിരുന്ന് ജോലി ചെയ്യാൻ പോലും പേടിയായി തുടങ്ങിയിരിക്കുന്നു. പേരുകൊണ്ടെങ്കിലും ഒരു ഭർത്താവിന്റെ സംരക്ഷണം വേണമെന്ന് തോന്നിപ്പോകാറുണ്ടെനിക്ക്. ജോലി റിസൈൻ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയും. വയ്യ... എനിക്കെന്തു ചെയ്യണമെന്നറിയാതായിരിക്കുന്നു“

നല്പത്തഞ്ചു മിനിട്ട് നേരത്തെ പറക്കൽ.. ഖത്തർ എയർപോർട്ടിൽ നിന്നും ഞാൻ നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു.
”പേടിക്കാനൊന്നുമില്ല. ഒറ്റപ്പെട്ടുവെന്ന തോന്നലിൽ നിന്നുണ്ടായ ഒരു വിഭ്രാന്തി മാത്രമാണ്‌. അവഗണിക്കപ്പെടുക എന്നത് സ്ത്രീയെ സംബന്ധിച്ചൊരിക്കലും  പൊരുത്തപ്പെടാനാവാത്ത ഒരവസ്ഥയല്ലേ. ലെറ്റ് ഹേർ റിലാക്സ്.“ ഡോക്ടർ ഇബ്രാഹിം സലീമിന്റെ വാക്കുകൾ അശ്വാസത്തിന്റെ നീർക്കുമിളകളായിരുന്നു.

ദോഹയിലെ പ്രസിദ്ധമായ ഹാമിദ് ആശുപത്രിയുടെ മരുന്ന് മണമുള്ള മുറികളിലൊന്നിൽ അവൾക്കരികിലായി ഞാനിരുന്നു. നിലാവിന്റെ തട്ടമിട്ടിരുന്നവളുടെ മുഖത്തു നിന്നുള്ള നിറമില്ലാത്ത നോട്ടമെന്റെ മനസ്സിലേക്ക് തുളഞ്ഞുകയറി. ”സമീർ.. എന്റെ ഹിബമോൾ... “ ഇടറുന്ന വാക്കുകൾ പൂർത്തിയക്കുന്നതിനു മുമ്പെ ഞാനവളെ എന്നോട് ചേർത്തണച്ചു.  ”നമ്മുടെ നാലു കണ്ണുകൾ പോരെ അഫ്രീൻ.. ഹിബമോൾക്ക് ഈ ലോകത്തിനെ കാണാൻ“

വികാര ഭാവങ്ങളാൽ കെട്ടുപിണഞ്ഞ അധരങ്ങളുടെ നനവിൽ മൗനസംവേദനത്തിന്റെ നൊമ്പരാക്ഷരങ്ങൾ വിതുമ്പിനിന്നു. ഞങ്ങൾക്കിടയിലുണ്ടായിരുന്ന അദൃശ്യമായ അതിർ രേഖയെ മായ്ച്ചു കൊണ്ട് ദേവദാരു പുഷ്പങ്ങൾ മാലാഖമാരുടെ കൈകളിൽ നിന്നും പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.

*******

നാളുകൾക്കു ശേഷമുള്ള ഒരൊഴിവു കാലം. ചാറ്റൽ മഴയുടെ കുളിർമ്മയിൽ നനഞ്ഞു നില്ക്കുന്ന നിശബ്ദമായ രാത്രിയിൽ, ഒരു പുതപ്പിന്നടിയിൽ ഒന്നായി മാറുമ്പോൾ പതിഞ്ഞ സ്വരത്തിൽ ഫെമിയെന്നോട് പറഞ്ഞു. “വേറൊരു പെണ്ണ്‌ ഇതു പോലെ നിന്റെയടുത്തുറങ്ങുന്നത് ഒരിക്കൽ പോലും എനിക്കു ചിന്തിക്കാനാവില്ല. പക്ഷെ.. പേറ്റുനോവനുഭവിക്കാൻ ഭാഗ്യമില്ലാത്തവളായെന്റെ നിവൃത്തി കേടുകൊണ്ടാകാം നീ ചെയ്ത നിന്റെ ശരിയിൽ ഞാനെന്റെ വേദന മറന്നത്. എനിക്കിപ്പോൾ പരിഭവമൊന്നുമില്ല.. നമ്മുടെ ഹിബമോൾ എന്നെ ഉമ്മാന്ന് വിളിക്കാൻ തുടങ്ങിയല്ലൊ.”

... ചാർജ്ജു ചെയ്യാൻ വെച്ചിരിക്കുന്ന ഫെമിയുടെ മൊബൈലിൽ ഒരു മെസേജ് അലെർട്ട്. എന്തായിരിക്കും അഫ്രീന്‌ ആ മെസേജ്ജിലൂടെ ഫെമിയോട് പറയാനുണ്ടാകുക.