Saturday, 15 December 2012

“അൽ അബ് വാബ് തുഫ്തഹ്, ഡോർസ് ഓപണിംഗ്”

അൽ അബ് വാബ് തുഗ്ളക്ക്, ഡോർസ് ക്ളോസിങ്ങ്..  മെട്രോയുടെ വാതിലടയുന്നതിനു മുൻപുള്ള അനൗസ്മെന്റ്. അതിനൊപ്പം എന്റെ ഫോണും ശബ്ദിക്കാൻ തുടങ്ങി. ഖത്തർ നമ്പറിൽ നിന്നും  പരിചയമില്ലാത്തൊരു ഫോൺകോൾ....

മുറിഞ്ഞു പോകുന്ന വാക്കുകളും, പൂർത്തിയാകാത്ത മെസ്സേജുകളും എന്നെ പേടിപ്പെടുത്തി തുടങ്ങിയിരുന്നു. ഡിപ്രഷനുള്ള മരുന്ന് കൂടി കഴിക്കാൻ തുടങ്ങിയെന്നറിഞ്ഞപ്പോൾ മുതൽ മനസ്സൊന്നു പിടഞ്ഞതാണ്‌...  ഇപ്പോളവൾ ഹോസ്പിറ്റലിൽ അഡ്മിറ്റാണെന്നു കൂടി കേട്ടപ്പോൾ കൂടുതലൊന്നും ആലോചിച്ചില്ല. ഖത്തറിലേക്കുള്ളൊരു ഫ്ളൈറ്റ് ടിക്കറ്റ് അന്നു വൈകുന്നേരത്തേക്കു തന്നെ  ബുക്ക് ചെയ്തു.

എകദേശം രണ്ടു വർഷങ്ങൾക്കു മുമ്പ് ഇതേ ട്രൈനിലെ യാത്രക്കാരായിരുന്നു ഞങ്ങൾ രണ്ടുപേരും. മാറ്‌മൂടിയ ഷാളിന്നടിയിലൂടെ, അവളുടെ ചുരിദാറിന്റെ ഉയർച്ച താഴ്ച്ചകൾ എന്റെ കണ്ണുകൾക്കെന്നുമൊരു കുസൃതിയായിരുന്നു.

“മലയാളിയാണല്ലേ?”
“അതേ, എങ്ങനെ മനസ്സിലായി”
“ഈ ദൃഷ്ടിദോഷം കണ്ടാലറിഞ്ഞൂടെ മലയാളിയാണെന്ന്. ദയവു ചെയ്തിങ്ങനെ നോക്കരുത്, പ്ലീസ്”

ഗതികെട്ടാണവളങ്ങനെ പറഞ്ഞതെങ്കിലും, പൂരപ്പറമ്പിൽ താറഴിഞ്ഞവനെപ്പോലെയായി ഞാനല്പ നേരത്തേക്ക്. ട്രെയിൻ അടുത്ത സ്റ്റേഷനെത്തുന്നതു വരേക്കും ലാപ്ടോപ്പ് ബാഗിന്റെ പുറകിലൊളിക്കാനുള്ള തന്ത്രപ്പാടിലായിരുന്നു  ഞാൻ
“എനിവെ, ഞാൻ അഫ്രീൻ, യുവർ ഗുഡ് നെയിം പ്ലീസ്?“
”ഞാൻ സമീർ“
”ഓകേ സമീർ. ഞാനിറങ്ങട്ടെ നമുക്ക് നാളെ കാണാം“

പിന്നീടങ്ങോട്ടുണ്ടായ ഞങ്ങളുടെ യാത്രകളിൽ, വിദ്യാഭ്യാസരംഗത്ത് പ്രകമ്പനം കൊള്ളിക്കാവുന്ന ഒരു ഫോർമുല ഞാൻ കണ്ടെത്തിക്കഴിഞ്ഞിരുന്നു. ഡി.പി.ഇ.പി ഈസ് നോട്ട് ഈക്ക്വൽ ടു സി.ബി.എസ്.ഇ എന്ന എന്റെ ഇക്ക്വേഷൻ എന്നെ സംബന്ധിച്ചും തികച്ചും അർത്ഥവത്താണെന്ന് അഫ്രീനും മനസ്സിലാക്കി. അതുകൊണ്ടു തന്നെ മലയാളത്തിന്റെ മാസ്മരികതയിൽ ഞങ്ങൾ പരിസരം മറന്നും പൊട്ടിച്ചിരിച്ചു. അതോടെ റേഡിയോകളിലെ അറുബോറൻ ബ്രേക്ക്ഫാസ്റ്റ് ഷോകളെ ഞങ്ങളുടെ രാവിലെകളിൽ നിന്നും മൊഴിചൊല്ലി പറഞ്ഞയക്കേണ്ടി വന്നു.

ബന്ധങ്ങളുടെ ആഴങ്ങളിലായിരുന്നു തുടർന്നുണ്ടായ ഒരോ ദിവസങ്ങളുടെയും വളർച്ചകൾ.

”ഇന്നു ലീവല്ലെ“
”അതെ എന്താ അഫ്രീൻ“
”എങ്കിലെന്റെ ഫ്ളാറ്റിലേക്ക് വാ, വൈകീട്ട് നമുക്കൊന്നു പുറത്ത് പോകാം“

ഫോൺ കട്ട് ചെയ്ത ശേഷം അവധിയുടെ നീണ്ട ആലസ്യത്തിലേക്കു തന്നെ ഞാൻ തിരിച്ചിറങ്ങി.

സായാഹ്ന പുഷ്പങ്ങളെ ചുംബിച്ചുണർത്തിക്കൊണ്ട് ശൈത്യകാല മാരുതൻ തിരക്കിലമർന്ന പാതയോരങ്ങളെ കുളിരണിയിക്കുവാനൊരുങ്ങുന്നു. ”ഫ്ളാറ്റ് നമ്പർ 317 തന്നെ. കയറിവാ.“ അധികം വലുതല്ലാത്ത ഒരു സ്റ്റുഡിയോ റൂം. വാതിലിന്നഭിമുഖമായി വിൻസന്റ് വാങ്കോഗിന്റെ സൂര്യകാന്തി ചുമരിൽ തൂങ്ങുന്നു. അടുക്കും ചിട്ടയും ആകർഷണീയമാക്കിയ മുറിയിൽ മറ്റു അലങ്കാര വസ്തുക്കളുടെ ആവശ്യമുണ്ടായിരുന്നില്ല. നീല വിരിയിട്ട ജാലകപ്പഴുതിലൂടെ അസ്തമയ സൂര്യൻ എത്തി നോക്കുന്നു. മ്യൂസിക് പ്ളെയറിൽ നിന്നും, നിശബ്ദതയിലേക്കൊഴുകുന്ന ജഗജീത് സിങ്ങിന്റെ നേർത്ത വരികൾ. മേശപ്പുറത്ത് തുറന്നുവെച്ചിരിക്കുന്ന ഇംഗ്ലീഷ് നോവലിന്നടുത്തായി ഒരു ഫോട്ടോ ഫ്രെയിം. അതിനടിയിലായി നീലമഷികൊണ്ടെഴുതി ചേർത്തിരിക്കുന്നു. “സ്വീറ്റ് ഹാർട്ട്.. മൈ ലൈഫ് ഈസ് ഫോർ യു, ആൻഡ് യു ആർ മൈ ഡ്രീം ടൂ..

”സമീർ.. ചായ റെഡിയാട്ടോ.“ ട്രേയിൽ നിന്നും ഏലക്കാമണമുള്ള ഒരു കപ്പെടുത്ത് ഫോട്ടോയിൽ നോക്കി നിന്നിരുന്ന എനിക്കു നേരെയവൾ നീട്ടി.
”ഈ ഫോട്ടോ... ഇതാരുടേതാ അഫ്രീൻ“
വിഷാദം നിഴൽ വീഴ്ത്തിയ മുഖത്തുനിന്നും വിരസമായ ഒരു പുഞ്ചിരിയായിരുന്നു മറുപടി. പക്ഷേ നിറഞ്ഞ കണ്ണുകൾക്ക് പറയുവാനേറെയുണ്ടായിരുന്നു. ചുടുചായ മൊത്തിക്കുടിക്കുന്നതിന്റെ നിശബ്ദതയിൽ അവളിൽ നിന്നും ഒരു ദീർഘനിശ്വാസമുയർന്നു. ഹ്ഉ​‍ൂംംംമ്‌. ”സമീർ..ഇതിനു മുമ്പും നീയൊരിക്കലെന്നോട് ചോദിച്ചിട്ടില്ലെ ഞനെങ്ങനെയാ ഇത്ര ബോൾഡായതെന്ന്”

ഗതകാല സീമയിലെവിടെയോ ഒഴുക്ക് നിലച്ചു പോയ കുഞ്ഞോളത്തിന്റെ നെടുവീർപ്പുകൾ, പൊടിപുരണ്ട ഇന്നലെകളുടെ തീരത്തിലേക്കെന്നെ കൂട്ടിക്കൊണ്ടു പോയി. സുഖാലസ്യത്തിന്റെ നടുത്തളത്തിലേക്ക് ജനിച്ചു വീണതായിരുന്നു അവളുടെ ബാല്യവും, കൗമാരവും. യു.എ.ഇയിലെ പ്രവാസികൾക്കിടയിൽ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകരായ മാതാപിതാക്കളുടെ മൂന്നുമക്കളിൽ രണ്ടാമത്തവൾ. ദുബായ് നഗരത്തിന്റെ മുഴുപ്പും, തുടിപ്പും സ്വപ്നങ്ങളിലേക്ക് ചേക്കേറാൻ തുടങ്ങിയ യൗവനാരംഭം. പന്ത്രണ്ടാം ക്ളാസ്സുകാരിയായ അവൾ കുടുംബ സുഹൃത്തിന്റെ മകന്റെ മണവാട്ടിയായി. മുല്ലപ്പൂ മണക്കുന്ന ദാമ്പത്യത്തിന്റെ  ആദ്യയാമങ്ങളിൽ മഴനൂലുകളായവർ ഇഴപിരിഞ്ഞു.

കല്യാണ ശേഷവും അവൾ പഠനം തുടർന്നിരുന്നു. അഞ്ചു വർഷത്തെ ഒന്നിച്ചുള്ള ജീവിതത്തിനിടയിൽ, ഇരുണ്ട വെളിച്ചമവശേഷിപ്പിച്ചു കൊണ്ട് പ്രണയത്തിന്റെ മൈലാഞ്ചി ചുവപ്പ് നരക്കാൻ തുടങ്ങി.

അഫ്രീൻ... നിങ്ങൾ ശരിക്കും അലോചിച്ചു തന്നെയാണോ തീരുമാനമെടുത്തത്?.
“അതെ സമീർ.. ജീവിക്കാൻ തുടങ്ങിയപ്പോഴാണ്‌ ഞാൻ കണ്ട സ്വപ്നങ്ങൾക്കും നിറമുണ്ടെന്ന് മനസ്സിലായത്. അതിൽ പലതുമെന്റെ അവകാശങ്ങളായിരുന്നു. അതെല്ലാം ചേർത്തുവെച്ചൊരു കിനാവുകാണാൻ പറ്റാത്ത വിധം രണ്ടറ്റങ്ങളിലാണ്‌ ഞങ്ങളുറങ്ങിയത്. അതു കൊണ്ടു തന്നെയാണ്‌ ഡിവോഴ്സിന്‌ ഞാൻ സമ്മതം മൂളിയതും. പക്ഷേ അഹങ്കാരിയെന്ന പേര്‌ കിട്ടിയത് എനിക്കു മാത്രമായിരുന്നു”

മുൻവിധിയുള്ള സമീപനങ്ങൾക്ക് മുന്നിൽ അവളുടെ വിശദീകരണങ്ങൾ ആർക്കും തന്നെ തൃപ്തികരവുമായിരുന്നില്ല. ബന്ധങ്ങളുടെ ചൂര്‌നിറഞ്ഞ ഇരുണ്ട ഇടനാഴിയിലെ വീർപ്പു മുട്ടുന്ന എകാന്തതയിൽ നിന്നുള്ള ഏക ആശ്വാസം അവൾ ചെയ്തിരുന്ന ജോലി മാത്രമായിരുന്നു.

“ഒരു മകൾക്കുള്ള സ്ഥാനം അവരുടെ മനസ്സിലില്ല എന്നെനിക്കു ബോധ്യമായപ്പോൾ ഞാൻ വീട്ടിൽ നിന്നും പോന്നു. ജോലിചെയ്യുന്ന കമ്പനിയുടെ വിസയായതു കൊണ്ട് ദുബായിയിൽ തന്നെ നില്ക്കാൻ പറ്റി. അതും കൂടി ഇല്ലായിരുന്നെങ്കിൽ എന്തു ചെയ്യണമെന്ന് എനിക്കു തന്നെ അറിയുമായിരുന്നില്ല. നാട്ടിലാണെങ്കിൽ എനിക്കു വേറെ ആരും ഇല്ല.”

നിന്റെ കുടുംബം ഇപ്പോൾ ദുബായിലുണ്ടോ? നീയീപ്പറയുന്നത് സത്യാണോ അഫ്രീൻ?

“കുടുംബം മാത്രമല്ല, എന്റെയീ പൊന്നു മോളും ദുബായിലുണ്ട് സമീർ”
പൊള്ളുന്ന മാറിലേക്ക് ഫോട്ടോ ചേർത്തുവെച്ചപ്പോൾ മുറിയിൽ നിറഞ്ഞ ഗസലിന്റെ നേർത്ത വരികൾ അവൾക്കായി തേങ്ങിക്കരഞ്ഞു. മകളെന്ന വേദനയാണോ, മാതൃത്വമെന്ന പിടച്ചിലായിരുന്നോ അവളുടെ മനസ്സിൽ നീറിക്കൊണ്ടിരുന്നത്. കണ്ടു നിന്നിരുന്ന എന്റെ കണ്ണുകളിലും നനവ് പടരുകയായിരുന്നു.

“നിന്നെ ഞാൻ ബോറടിപ്പിച്ചല്ലേ? ഞാനൊന്നു മുഖം കഴുകട്ടെ, എന്നിട്ടു പുറത്തു പോകാം”
തിരക്കുപിടിച്ച തെരുവിന്റെ ആളൊഴിഞ്ഞ ഓരത്തിലൂടെ ഞങ്ങൾ നടന്നു. നിയോൺ ലാമ്പിന്റെ വെളിച്ചത്തിൽ കോർണിഷ് കൂടുതൽ മനോഹരിയായിരിക്കുന്നു. ഓളപരപ്പിനുമുകളിൽ നിറങ്ങൾ അലക്ഷ്യമായി തുള്ളിക്കളിക്കുന്നു. തുടുത്ത കവിളുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഓടിയകലുന്ന കടൽക്കാറ്റിൽ പാറിയ മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ടവളെന്നോട് ചോദിച്ചു “വിദ്യാസമ്പന്നരായ കുടുംബങ്ങളിൽ ഡിവോഴ്സുകൾ കൂടുന്നുണ്ടെന്ന് നിനക്കെപ്പോഴെങ്കിലും തോന്നിയിട്ടുണ്ടൊ?”  എന്റെ മൗനത്തിന്റെ മുകളിൽ വീണ്ടുമവൾ വാചാലയായി. “ഞാൻ പലപ്പോഴും ആലോചിചിട്ടുണ്ട് അതിനെ കുറിച്ചൊരു ഫീച്ചർ തയ്യാറാക്കിയാലോന്ന്. ഒരു ജേർണലിസ്റ്റായ എന്റെ ജീവിതത്തിൽ നിന്നു തന്നെ തുടങ്ങാലോ. മാത്രവുമല്ല ഇത്തരം ആത്മകഥകൾക്ക് നല്ല റേറ്റിങ്ങുള്ള കാലവുമാണ്‌.”

നിനക്കെന്താ ഭ്രാന്തുണ്ടോ അഫ്രീൻ?
എന്റെ ചോദ്യം കേട്ടവൾ പൊട്ടിച്ചിരിച്ചപ്പോൾ, സന്തോഷം കൊണ്ടാവണമെന്നു തെറ്റിദ്ധരിച്ചാവണം എതിരെ വന്ന ഒരു യൂറോപ്യൻ ദമ്പതികൾ ഞങ്ങളെ അഭിവാദ്യം ചെയ്ത് കടന്നു പോയി.

“ദേഷ്യപ്പെടണ്ട. നീ വാ. അടുത്ത ആഴ്ച എന്റെ മോളുടെ പിറന്നാളാ. അവൾക്കൊരു ഗിഫ്റ്റ് വാങ്ങണം. എന്റെ സമ്മാനത്തിന്‌ അവൾ കാത്തിരിക്കുന്നുണ്ടാകുമെന്ന് എനിക്കുറപ്പുണ്ട്.”

“നിനക്കവളെ കൊണ്ടു വന്ന് കൂടെ താമസിപ്പിക്കാൻ കഴിയില്ലെ?”
“എനിക്കതിന്‌ ആഗ്രഹമില്ലെന്നാണോ നീ കരുതിയത്. സ്വന്തമായി ഒരു ഐഡന്റിറ്റി ഇല്ലാത്ത എന്റെ കൂടെ അവർ അവളെ പറഞ്ഞയക്കുമെന്നു നിനക്ക് തോന്നുന്നുണ്ടോ? എന്നാലും ഞാനിന്ന് ജീവിക്കുന്നതു പോലും അവൾക്ക് വേണ്ടീട്ടാ. എന്നെങ്കിലുമൊരിക്കൽ ഞാനവളെ കൊണ്ടു വരും. ഒരു രാജകുമാരിയെ പോലെ.”

തിളങ്ങുന്ന കല്ലുകൾ പതിച്ച ഒരു ജോഡി കമ്മലുകൾ ഞാനവൾക്ക് വേണ്ടി സെലക്റ്റ് ചെയ്തു. “നീല നിറമാണെന്റെ മോളുടെ കണ്ണുകൾക്ക്. ഇതവൾക്ക് നന്നായി ചേരും.” വർണ്ണക്കടലാസ്സിൽ പൊതിഞ്ഞെടുത്ത ആ ചെറിയ സമ്മാനപ്പൊതിയുമെടുത്ത് ഞങ്ങൾ പുറത്തിറങ്ങി.

“വെള്ളിയാഴ്ച്ച നമുക്കൊരുമിച്ചു പോകാം മോളെ കാണാൻ. ഞാനിവിടെ ഇല്ലെങ്കിലും നീയിടക്കൊക്കെ വന്നെന്റെ മോളെ കാണണം” അതുകേട്ടപ്പോൾ ചോദ്യഭാവത്തിൽ ഞാൻ അഫ്രീനെ നോക്കി. “എല്ലാം ശരിയായ ശേഷം പറയാമെന്നാ കരുതിയത്. ഖത്തറിലെ ഒരു ഗവണ്മെന്റ് ഓർഗനൈസേഷനിൽ എനിക്കൊരു ജോലി ശരിയായിട്ടുണ്ട്. അപ്പോയിൻമെന്റ് ലെറ്റർ ഇന്നെലെയാ കിട്ടിയത്. രണ്ടാഴ്ചക്കുള്ളിൽ എനിക്കവിടെ ജോയിൻ ചെയ്തേ പറ്റൂ.

ഫ്ളാറ്റിൽ എത്തുന്നതു വരെ പിന്നീടൊന്നും ഞങ്ങൾ സംസാരിച്ചില്ല. ഇണ നഷ്ടപ്പെട്ടുപോയ കിളിയുടെ ശ്യൂന്യതയോടെ ഞങ്ങൾ ഇടക്കിടെ പരസ്പരം നോക്കിക്കൊണ്ടിരുന്നു. മുറിവേറ്റ വാക്കുകൾ നിശബ്ദതയുടെ ആഴങ്ങളിലേക്ക് പിടഞ്ഞു വീഴുകയായിരുന്നു.

ഫ്ളാറ്റിൽ നിന്നും യാത്രപറഞ്ഞിറങ്ങാനൊരുങ്ങിയപ്പോൾ അപ്രതീക്ഷിതമായി അവളെന്റെ നെഞ്ചിലേക്ക് മുഖം പൂഴ്ത്തി. ഗാഢമായ ആലിംഗനത്തിലൂടെ ഒന്നായ ഹൃദയങ്ങൾ നിഗൂഢമായ ഒരു വികാരത്തിന്റെ മൗനസംഗീതം ആസ്വദിക്കുകയായിരുന്നുവപ്പോൾ.

”നഷ്ടപ്പെട്ടേക്കാവുന്ന ദിവസങ്ങളിലെനിക്ക് കൂട്ടുവന്നവനാണ്‌ നീ. ഒന്നു പൊട്ടിക്കരയുവാൻ പോലും എനിക്ക് നീ മാത്രമല്ലെ ഉള്ളൂ. പക്ഷെ എനിക്ക് പോകാതിരിക്കാനാവില്ല സമീർ.“ ഹൃദയത്തിൽ കനിഞ്ഞ ഒരു തുണ്ട് ജലകണമെന്റെ കവിളിലൂടെ ഒഴുകി അവളുടെ മൂർധാവിൽ വീണുപരക്കാൻ തുടങ്ങിയിരുന്നു..

”നിനക്കറിയോ.. എന്റെ മോളുടെ പൂച്ചക്കണ്ണുകളിൽ ഇരുട്ട് കയറിക്കൊണ്ടിരിക്ക്യാ. അഞ്ചോ ആറോ വർഷത്തിനുള്ളിൽ പൂർണ്ണമായും കാഴ്ച്ച നഷ്ടപ്പെടാവുന്ന ഒരു മയോപിയ പേഷ്യന്റാണവൾ. എനിക്കവളെ കൊണ്ടു വരണം. ചികിത്സിക്കണം. എന്റെ കണ്ണുകൾ കൊടുത്താണെങ്കിലും ഞനവൾക്ക് കാഴ്ച്ച തിരിച്ചു നല്കും. ഒന്നെനിക്കുറപ്പാ.. എന്നേക്കാൾ നന്നായി വേറൊരാൾക്കും അവളെ സംരക്ഷിക്കാനാവില്ല. ഞാനവൾടെ ഉമ്മയല്ലെ.”

അഫ്രീനെന്റെ മാറിലേക്ക് കൂടുതൽ ചേർന്നുനിന്നു. ”മോൾടെ അസുഖത്തെ കുറിച്ച് മുമ്പേ അറിഞ്ഞിരുന്നെങ്കിൽ ഞാനീ ഡിവോഴ്സിനെ കുറിച്ചുപോലും ചിന്തിക്കില്ലായിരുന്നു.“ കനംവെച്ച വാക്കുകൾ പുറത്തു വരാനാകാതെ തൊണ്ടയിൽ തന്നെ കുരുങ്ങി നിന്നു.

നീണ്ട രണ്ടു വർഷങ്ങൾ രണ്ടു താളുകളായി ഓർമ്മകളിലേക്ക് മറിഞ്ഞു വീണിരിക്കുന്നു. എയർപോട്ടിൽ യാത്രക്കാർക്കുള്ള ലോഞ്ചിൽ ഇരിക്കുമ്പോൾ ആഴ്ചകൾക്ക് മുമ്പുള്ള അഫ്രീന്റെ  മെസേജുകൾ ഞാൻ വീണ്ടും വായിക്കാനെടുത്തു. മലയാളിയായ ഡിപ്പാർട്ട്മെന്റ് ഹെഡിന്റെ സഹതാപത്തോടെയുള്ള നോട്ടങ്ങൾ, അവളുടെ വൈധവ്യത്തിലേക്ക് തുളച്ചുകയറാൻ തുടങ്ങിയപ്പോൾ, ശരീരത്തിന്റെ ഉയർച്ച താഴ്ചകളിൽ സ്ത്രീ ഗന്ധത്തിന്റെ ലഹരിയും അയാൾ മണക്കുവാൻ തുടങ്ങി. ”ലേറ്റ് നൈറ്റ് ഓഫീസിലിരുന്ന് ജോലി ചെയ്യാൻ പോലും പേടിയായി തുടങ്ങിയിരിക്കുന്നു. പേരുകൊണ്ടെങ്കിലും ഒരു ഭർത്താവിന്റെ സംരക്ഷണം വേണമെന്ന് തോന്നിപ്പോകാറുണ്ടെനിക്ക്. ജോലി റിസൈൻ ചെയ്യുന്നതിനെ കുറിച്ച് ചിന്തിക്കാൻ പോലും പറ്റാത്ത അവസ്ഥയും. വയ്യ... എനിക്കെന്തു ചെയ്യണമെന്നറിയാതായിരിക്കുന്നു“

നല്പത്തഞ്ചു മിനിട്ട് നേരത്തെ പറക്കൽ.. ഖത്തർ എയർപോർട്ടിൽ നിന്നും ഞാൻ നേരെ പോയത് ആശുപത്രിയിലേക്കായിരുന്നു.
”പേടിക്കാനൊന്നുമില്ല. ഒറ്റപ്പെട്ടുവെന്ന തോന്നലിൽ നിന്നുണ്ടായ ഒരു വിഭ്രാന്തി മാത്രമാണ്‌. അവഗണിക്കപ്പെടുക എന്നത് സ്ത്രീയെ സംബന്ധിച്ചൊരിക്കലും  പൊരുത്തപ്പെടാനാവാത്ത ഒരവസ്ഥയല്ലേ. ലെറ്റ് ഹേർ റിലാക്സ്.“ ഡോക്ടർ ഇബ്രാഹിം സലീമിന്റെ വാക്കുകൾ അശ്വാസത്തിന്റെ നീർക്കുമിളകളായിരുന്നു.

ദോഹയിലെ പ്രസിദ്ധമായ ഹാമിദ് ആശുപത്രിയുടെ മരുന്ന് മണമുള്ള മുറികളിലൊന്നിൽ അവൾക്കരികിലായി ഞാനിരുന്നു. നിലാവിന്റെ തട്ടമിട്ടിരുന്നവളുടെ മുഖത്തു നിന്നുള്ള നിറമില്ലാത്ത നോട്ടമെന്റെ മനസ്സിലേക്ക് തുളഞ്ഞുകയറി. ”സമീർ.. എന്റെ ഹിബമോൾ... “ ഇടറുന്ന വാക്കുകൾ പൂർത്തിയക്കുന്നതിനു മുമ്പെ ഞാനവളെ എന്നോട് ചേർത്തണച്ചു.  ”നമ്മുടെ നാലു കണ്ണുകൾ പോരെ അഫ്രീൻ.. ഹിബമോൾക്ക് ഈ ലോകത്തിനെ കാണാൻ“

വികാര ഭാവങ്ങളാൽ കെട്ടുപിണഞ്ഞ അധരങ്ങളുടെ നനവിൽ മൗനസംവേദനത്തിന്റെ നൊമ്പരാക്ഷരങ്ങൾ വിതുമ്പിനിന്നു. ഞങ്ങൾക്കിടയിലുണ്ടായിരുന്ന അദൃശ്യമായ അതിർ രേഖയെ മായ്ച്ചു കൊണ്ട് ദേവദാരു പുഷ്പങ്ങൾ മാലാഖമാരുടെ കൈകളിൽ നിന്നും പൊഴിഞ്ഞു വീണുകൊണ്ടേയിരുന്നു.

*******

നാളുകൾക്കു ശേഷമുള്ള ഒരൊഴിവു കാലം. ചാറ്റൽ മഴയുടെ കുളിർമ്മയിൽ നനഞ്ഞു നില്ക്കുന്ന നിശബ്ദമായ രാത്രിയിൽ, ഒരു പുതപ്പിന്നടിയിൽ ഒന്നായി മാറുമ്പോൾ പതിഞ്ഞ സ്വരത്തിൽ ഫെമിയെന്നോട് പറഞ്ഞു. “വേറൊരു പെണ്ണ്‌ ഇതു പോലെ നിന്റെയടുത്തുറങ്ങുന്നത് ഒരിക്കൽ പോലും എനിക്കു ചിന്തിക്കാനാവില്ല. പക്ഷെ.. പേറ്റുനോവനുഭവിക്കാൻ ഭാഗ്യമില്ലാത്തവളായെന്റെ നിവൃത്തി കേടുകൊണ്ടാകാം നീ ചെയ്ത നിന്റെ ശരിയിൽ ഞാനെന്റെ വേദന മറന്നത്. എനിക്കിപ്പോൾ പരിഭവമൊന്നുമില്ല.. നമ്മുടെ ഹിബമോൾ എന്നെ ഉമ്മാന്ന് വിളിക്കാൻ തുടങ്ങിയല്ലൊ.”

... ചാർജ്ജു ചെയ്യാൻ വെച്ചിരിക്കുന്ന ഫെമിയുടെ മൊബൈലിൽ ഒരു മെസേജ് അലെർട്ട്. എന്തായിരിക്കും അഫ്രീന്‌ ആ മെസേജ്ജിലൂടെ ഫെമിയോട് പറയാനുണ്ടാകുക.

102 comments:

 1. ശരികൾ നന്മയിലേക്കുള്ള ചുവടുകളാണ്‌. “അൽ അബ് വാബ് തുഫ്തഹ്, ഡോർസ് ഓപണിംഗ്”

  ReplyDelete
 2. വേദനകളിലൂടെ പടിയിറങ്ങിയെത്തിയ നന്മയെ ആദരിക്കുന്നൂ..
  നന്മ മാത്രം ആഗ്രഹിക്കുന്ന ലോകം ഭൂമിയെ സ്വർഗ്ഗമാക്കാട്ടെ..പ്രാർത്ഥനകൾ...!

  അഭിനന്ദനങ്ങൾ ട്ടൊ..നല്ല വായന നൽകി..!

  സുപ്രഭാതം..!

  ReplyDelete
 3. നല്ല കഥ ജെഫൂ . നന്നായി തന്നെ പറഞ്ഞു . എവിടെയൊക്കെയോ കണ്ടു മറന്ന മുഖങ്ങളെ ഓര്‍ത്തു വീണ്ടും . :( അതിഭാവുകത്വം ഒട്ടും ഇല്ലാതെ പറഞ്ഞതിനാല്‍ നല്ല വായനാ സുഖം ഉണ്ട് .

  ReplyDelete
 4. നല്ല ഭാഷയില്‍ .. നല്ലൊരു കഥ..!!
  കൊള്ളാം....
  ഇഷ്ടായി..........

  അതിനേക്കാള്‍ ഇഷ്ടായി നായകന്‍റെ പേര്..
  അല്ലെങ്കിലും ഞങ്ങളൊക്കെ വലരെ നല്ലോരാ.:)

  ReplyDelete
 5. ജെഫുവിന്റെ കഥ പറച്ചില്‍ കേള്‍ക്കാനൊരു സുഖമുണ്ട്...നമ്മള്‍ക്കിടയിലേവിടെയൊ ഒഴുകുന്ന മുഖങ്ങള്‍ ..അനായാസേന ഒരു നിരാലംബ സ്ത്രീത്വത്തെ വരച്ചു വെച്ചു ..ഒട്ടും മടുപ്പിക്കാതെ..ഇത്തിരി പോലും നിറം കൂടാതെ..ഭാവുകങ്ങള്‍ ജെഫു..!!!

  ReplyDelete
 6. വളരെയേറെ ഇഷ്ടപ്പെട്ടു ഈ കഥ എല്ലാം ഒത്തിണങ്ങിയ വായനാസുഖം ,.,.എന്തെല്ലാമോ അടങ്ങിയ ഒരു നല്ല കഥ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍ .,.,.,ജെഫു

  ReplyDelete
 7. ജെഫൂ ,കഥ നന്നായി പറഞ്ഞിരിക്കുന്നു ...ഒരു മഴ പെയ്തിറങ്ങുന്ന താളാത്മകതയോടെ !

  ReplyDelete
 8. ഇതിനിപ്പോള്‍ എന്ത് അഭിപ്രായം പറയും, നല്ല കഥ, സുന്ദരമായ ഭാഷ, എന്നാലും ഒരു വിമര്‍ശനം പറയാതെ എങ്ങനെയാ....

  “അൽ അബ് വാബ് തുഫ്തഹ്, അറബിയില്‍ പറഞ്ഞാല്‍ മനസിലാവില്ല ട്ടാ... ഇപ്പോളാ സമാധാനം ആയെ.... :)

  ആശംസകള്

  ReplyDelete
 9. നന്ദി ജെഫു ..നാളുകള്‍ക്കു ശേഷമെങ്കിലും വീണ്ടും ഒരു നല്ല വായന സമ്മാനിച്ചതിന് ...

  ReplyDelete
 10. ജെഫുവിന്‍റെ എല്ലാ കഥകളെയും പോലെ ഒരു തൂവല്‍ സ്പര്‍ശം. താളാത്മകമായ കഥപറച്ചില്‍ അഭിനന്ദനങ്ങള്‍

  ReplyDelete
 11. നല്ല കഥ മാഷെ...

  എന്തോ ഒരു പ്രത്യേകതയുണ്ട് ഈ പോസ്റ്റിനു..

  എല്ലാ ഭാവുകങ്ങളും

  ReplyDelete
 12. പതിവ് പോലെ തന്നെ ജെഫുവിന്റെ നല്ല കഥ നല്ല ആസ്വാദനം മാത്രം അല്ല ഇന്ന് പൊട്ടി തകരുന്ന കുടുംബ ബന്ധങ്ങളുടെ ജീവിതത്തെ കുറിച്ച്ള്ള ഒരു ചിന്തയും ഇതില്‍ വെക്തമാവുന്നു ആശംസകള്‍ ജെഫു

  ReplyDelete
 13. ഒരു യാത്രയില്‍ തുടങ്ങുന്ന ബന്ധം.. അത് മറ്റൊരു യാത്രയുടെ തുടക്കത്തിലൂടെ പറഞ്ഞിരിക്കുന്നു.കഥ മനോഹരം ജെഫു..കഥാപാത്രങ്ങള്‍ക്ക് തെരഞ്ഞെടുത്ത പേരുകളും........

  ReplyDelete
 14. നല്ല ഭാഷയില്‍ കഥ പറഞ്ഞു. അഭിനന്ദനങ്ങള്‍.

  ReplyDelete
 15. നല്ല കഥയും അവതരണവും.ആശംസകള്‍

  ReplyDelete
 16. ഓരം ചേര്‍ന്നുള്ള നല്ലൊരു തഴുകല്‍ പോലെ കഥ കടന്നുപോയി. വളരെ സൌമ്യമായി എന്നാല്‍ മനസ്സിനെ കൃത്യമായി പകര്‍ന്നുതന്ന നല്ലൊരു പറച്ചില്‍ . സമകാലിന പെണ്‍വേദന(നിസ്സഹായത) കൂടി ചേര്‍ത്തപ്പോള്‍ ഒന്നുകൂടി മൂര്‍ച്ച ലഭിച്ചു.
  സമീര്‍, അഫ്രീൻ, ഹിബ നല്ല പേരുകള്‍
  വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 17. ഉള്ളില്‍ നൊമ്പരമുണത്തുകയും, മനുഷ്യനന്മ ഒരുകുളിര്‍ക്കാറ്റുപോലെ
  കടന്നുവരികയും ചെയ്യുന്ന നല്ലൊരു കഥ.
  ആശംസകള്‍

  ReplyDelete
 18. ലളിത സുന്ദരമായ്‌ കഥ ഇഷ്ടമായി , സ്നേഹാശംസകള്‍ @ PUNYAVAALAN

  ReplyDelete
 19. ഞാന്‍ പിന്നെയും പിന്നെയും ജെഫുവിന്റെ കഥയെ കുറിച്ച് തന്നെയാണ് കഴിഞ്ഞ ഒന്ന് രണ്ടു മണിക്കൂറായി ആലോചിച്ചു കൊണ്ടിരുന്നത്. അതാണല്ലോ കഥയുടെയും കഥാകാരന്റെയും വിജയവും. വായനക്കാരന്‍റെ മനസ്സില്‍ മിന്നല്‍ പിണരുകള്‍ സൃഷ്ടിക്കല്‍. എന്‍റെ അനുഭവത്തില്‍ സ്ത്രീകള്‍ ചങ്കൂറ്റവും ധൈര്യവുമൊക്കെ കാണിക്കുന്നതായി വെറുതെ തോന്നുകയാണ്. അതൊക്കെ അവരുടെ വെറും അഭിനയം ആണ്. അവര്‍ക്കതിനുള്ള കെല്‍പ്പൊന്നും ഇല്ല. ഉണ്ടെന്നു ഫെമിനിസ്റ്റുകള്‍ പറഞ്ഞാല്‍ ഞാനത് അംഗീകരിച്ചു കൊടുക്കാനും പോകുന്നില്ല. ഒരു സ്ത്രീ എന്നും അവളുടെ ഉപബോധ മനസിലെങ്കിലും ഒരു ആണിന്‍റെ തണലില്‍ (കാലിന്നടിയിലല്ല) നില്‍ക്കാന്‍ കൊതിക്കുന്നവളും നില്‍ക്കേണ്ടവളും ആണ്. അത് അവരുടെ അവകാശമായി അവര്‍ കാണേണ്ടതും ഉന്നയിക്കേണ്ടതുമാണ്. കന്മദം എന്ന മോഹന്‍ലാല്‍ സിനിമ കണ്ടു നോക്കുക....എനിവേ, ജെഫുവിനു ഇനിയും മിന്നല്‍ പിണരുകള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

  ReplyDelete
 20. വളരെ മനോഹരമയ കഥ.... വായിക്കുന്നവരെ കഥയില്‍ ലയിപ്പിക്കുന്ന മാന്ത്രികത നിറഞ്ഞ എഴുത്ത്...വളരെ വളരെ നന്നായിരിക്കുന്നു...അഭിനന്ദനങ്ങള്‍... :)

  ReplyDelete
 21. ചെറു കഥ ഈ മാതിരി ഭാഷയില്‍ നിന്നെല്ലാം മുന്നോട്ടു പോയിട്ടുണ്ട് , മലയാള ചെറുകഥ ലോക നിലവാരത്തില്‍ ഉള്ള ഒന്നായി മാറിയത് അതില്‍ ഉണ്ടായിട്ടുള്ള ഗുണ പരം ആയ പരീക്ഷണങ്ങള്‍ കാരണം കൊണ്ട് കൂടിയാണ് , നല്ല ടൈറ്റില്‍ ആണ് , വികാരപരത ഉണ്ട് ഭാഷയില്‍ അവിടവിടെ നല്ല സ്പാര്‍ക്ക് ഉണ്ട് , നന്നായി

  ReplyDelete
 22. ജെഫൂ ,കഥ നന്നായി പറഞ്ഞിരിക്കുന്നു !

  ReplyDelete
 23. നല്ല ഭാഷ ..ഒരു പ്രത്യേക ശൈലി....:)

  ReplyDelete
 24. ജെഫുവിന്റെ എല്ലാ കഥകളെയും പോലെ, ഒരു നനുത്ത, മൃദുവായ തലോടൽ പോലെ. അല്ല, എനിക്കത് വിവരിക്കാനറിയില്ല. 
  കഥ ഒത്തിരി ഇഷ്ടായി, തലക്കെട്ട് വിശേഷിച്ചും. 

  ReplyDelete
 25. മനോഹരമായ അവതരണം ...അഭിനന്ദനങ്ങള്‍

  ReplyDelete
 26. ചില ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ വിളിച്ചോതുന്ന നല്ല രചന ...അഭിനന്ദനങ്ങള്‍ ജെഫു ...

  ReplyDelete
 27. നല്ലൊരു വായന സമ്മാനിച്ചതിനു നന്ദി ... സമയം കിട്ടുമ്പോള്‍ തുടരുക..

  ReplyDelete
 28. ജെഫു ഞാൻ കഥയല്ല ഒരു കവിതയാണ് വയിച്ചത്, ഞാൻ അങ്ങനെ ഒഴുകി ഇതിലൂടെ എന്തൊരു ഒഴുക്ക്,
  മനോഹരമായി പറഞ്ഞു

  ReplyDelete
 29. നല്ല ഒഴുക്കോടെ വായിച്ചു. ഇന്നലെ തന്നെ വായിച്ചിരുന്നു. ദുബൈ നിവാസികളുടെ ജീവിതത്തിന്റെ ഭാഗമായ "അല്‍ അബ് വാബ് തുഫ്തഹ്" എന്ന കഥയുടെ ശീര്‍ഷകമാണ് അതിന്റെ പന്ജ്. കൂടുതല്‍ ലളിതവും മനോഹരവുമായ കഥകള്‍ പ്രതീക്ഷിക്കുന്നു.

  ReplyDelete
 30. അവഗണിക്കപ്പെടുക എന്നത് സ്ത്രീയെ സംബന്ധിച്ചൊരിക്കലും പൊരുത്തപ്പെടാനാവാത്ത ഒരവസ്ഥയല്ലേ.........നല്ല ഒരു കഥ വായിച്ച സന്തോഷത്തിൽ.....ആശംസകൾ

  ReplyDelete
 31. അൽ അബ് വാബ് തുഫ്തഹ്, ഡോർസ് ഓപണിംഗ്........ gud

  ReplyDelete
 32. അതിഭാവുകതയില്ലാതെ, ഏച്ചു കെട്ടലുകളില്ലാതെ ഒരു നല്ല കഥ. ഒരു നല്ല വായനയ്ക്കു കളമൊരുക്കി തന്നതിനു നന്ദി.

  ReplyDelete
 33. ഒറ്റവാക്കില്‍ ലളിതം സുന്ദരം !
  നന്നായിരിക്കുന്നു....
  ആശംസകളോടെ
  അസ്രുസ്

  ReplyDelete
 34. ശരികൾ നന്മയിലേക്കുള്ള ചുവടുകളാണ്‌....,.... മിന്നൽപ്പിനരുകൾ പാഞ്ഞത് ഓർമ്മകിലൂടെയും ചിന്തകളിലൂടെയും...... ഒരായിരം സ്നേഹാശംസകൾ,....

  ReplyDelete
 35. ജീവിതം തിരക്കിലേക്ക് നീങ്ങുന്നു.
  ബ്ലോഗിലെ കളികള്‍ കുറക്കാനൊരുങ്ങുന്നു.
  അപ്പോഴും ഒരു ദുഃഖം ബാക്കിയാവും.
  ഇതുപോലുള്ള നല്ല രചനകള്‍ ഇതിലൂടെ വായിക്കാന്‍ കഴിയില്ലല്ലോ എന്ന ദുഃഖം!

  (കഥയിലെ ചിത്രത്തിനു നമ്മുടെ പഴയ ബ്ലോഗ്‌പുലി സമീത്തയുമായി നല്ല സാദൃശ്യം! ഇതെങ്ങനെ സംഭവിച്ചു?)
  http://www.facebook.com/samisaidali

  ReplyDelete
 36. (കഥയിലെ ചിത്രത്തിനു നമ്മുടെ പഴയ ബ്ലോഗ്‌പുലി സമീത്തയുമായി നല്ല സാദൃശ്യം! ഇതെങ്ങനെ സംഭവിച്ചു?)
  http://www.facebook.com/samisaidali

  കണ്ണൂരാൻ പറഞ്ഞ പോലെ ഇത് നോക്കി വരച്ച പോലുണ്ട്.!

  ഒരു രസകരമായ സൗഹൃദത്തിന്റെ തുടക്കം അതീവരസകരമായി വിവരിച്ചു പറഞ്ഞു,
  '“മലയാളിയാണല്ലേ?”
  “അതേ, എങ്ങനെ മനസ്സിലായി”
  “ഈ ദൃഷ്ടിദോഷം കണ്ടാലറിഞ്ഞൂടെ മലയാളിയാണെന്ന്. ദയവു ചെയ്തിങ്ങനെ നോക്കരുത്, പ്ലീസ്”'


  ഇതെന്റെ രണ്ടാമത്തെ വായനയാ,ഒന്ന് മനസ്സിലാക്കാൻ,ഒന്ന് കമന്റാൻ.
  ഇതുവരേയുള്ള വായനയിൽ പെട്ടെന്ന് നിർത്താനുണ്ടായ കാരണം മറ്റൊന്നുമല്ല.

  ഈ വരികളുടെ സൗന്ദര്യം എന്നെ വല്ലാതാക്കിക്കളഞ്ഞു...
  കാരണം എന്റെ സ്വപ്നമാണ്,ഇതുപോലൊരു വരി ഒരു കഥയിൽ എവിടെയെങ്കിലും എഴുതുകാ ന്ന്.!
  വരികൾ വേണ്ടേ ഇതാ,

  'തുടുത്ത കവിളുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഓടിയകലുന്ന കടൽക്കാറ്റിൽ പാറിയ മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ടവളെന്നോട് ചോദിച്ചു.'

  ഈ വരികളിൽ ഞാൻ പ്രണയം മണക്കുന്നു,

  '“വെള്ളിയാഴ്ച്ച നമുക്കൊരുമിച്ചു പോകാം മോളെ കാണാൻ. ഞാനിവിടെ ഇല്ലെങ്കിലും നീയിടക്കൊക്കെ വന്നെന്റെ മോളെ കാണണം” '

  നല്ല രസമായ കഥ പറയൽ,ഞാൻ കുറേയധികം കാലമായി ഇങ്ങോട്ട് വന്നിട്ട്. അതുകൊണ്ട് വായിക്കാൻ കഴിഞ്ഞിരുന്നില്ല ഇക്കയുടെ സാഹിത്യം.
  ത്...റ്...പ്...ത്യാ...യി ജെഫുക്കാ ഇപ്പോൾ.
  ആശംസകൾ.

  ReplyDelete
 37. നല്ല ഒരു കഥ സമ്മാനിച്ചതിനു നന്ദി ജെഫൂ .എനിക്കറിയാവുന്ന കുറെ ആള്‍ക്കാരുടെ കഥ പോലെ തോനുകയാ .പലരുടെയും മുഖം കാണുന്നു ജെഫൂ .ദോഹയിലെ ഹാമിദ്‌ ഹോസ്പിറ്റല്‍ അല്ല ഹമദ്‌ ഹോസ്പിറ്റല്‍ ആണ് ,കഥയില്‍ ചോദ്യംഇല്ലലോ വെറും കഥ ആണെന്ന് വിശ്വസിക്കാമല്ലോ? (ഇതിനല്ലലോ പെരുന്നാള്‍ അവതിയില്‍ ഇവിടെ വന്നത് ) .ഇന്നലെ ദോഹയില്‍ പെഴ്തിറങ്ങിയ മഴയെക്കാളും ഭംഗിയും താളവും ഈ കഥക്കാ ഉള്ളത്‌ അത്രക്ക് നനായിരിക്കുന്നു അല്ലെങ്കിലും ജെഫ്‌വിന്‍റെ ബ്ലോഗില്‍ വന്നാല്‍ വെറുതെ ആവില്ല ആശംസകള്‍ ..

  ReplyDelete
 38. കഥ വായിച്ചു തീര്‍ന്നപ്പോള്‍ ഇരുത്തം വന്ന ഒരെഴുത്തുകാരന്‍റെ ഹൃദയസ്പര്‍ശം,വരികളില്‍. മുഴങ്ങുമ്പോലെ.കൈ വിട്ടകലുന്ന ബന്ധങ്ങളില്‍ ,സാമീപ്യസുഖസ്പര്‍ശം ലഭിക്കുന്ന 'അക്കരപ്പച്ച'കളില്‍ കുരുങ്ങിപ്പിടയുന്നുണ്ട് ഒരിക്കലും വേറിടാനാവാത്ത 'പൊക്കിള്‍ക്കൊടി'കള്‍ ....
  തുടക്കത്തില്‍ പറഞ്ഞ 'ഡി.പി.ഇ.പി....ഹൌ !'അകത്തൊരു ആളല്‍ !അത്രമാത്രം 'കുരങ്ങു 'കളിപ്പിച്ചിട്ടുണ്ട് കേരളത്തില്‍ ,ഞങ്ങള്‍ അധ്യാപകരെ!പിന്നെ പാവം വിദ്യാര്‍ഥികളുടെ കാര്യം പറയാനുമില്ലല്ലോ.കഥയില്‍ അങ്ങിനെ ഒന്ന് വന്നപ്പോള്‍ വെറുതെ ഓര്‍മ്മിച്ചുവന്നു മാത്രം.

  ReplyDelete
 39. കിടിലന്‍ എഴുത്ത്.. എനിക്കിഷ്ടമായി.. ആ മലയാളിയുടെ നോട്ട പിശകിനെ കുറിച്ച് പറഞ്ഞത് അക്ഷരം പ്രതി ശരിയാണ്.. ഈ അടുത്ത കാലത്ത് കേരളത്തില്‍ വച്ചൊരു മദാമ പറയുകയാണ്‌.. ഇങ്ങിനെ തുറിച്ചു നോക്കുന്ന ഒരു കൂട്ടരെയും ലോകത്തിന്റെ ഒരു ഭാഗത്തും കണ്ടിട്ടില്ലെന്ന്.... :)

  ReplyDelete
 40. വായിച്ചു തീര്‍ന്നതറിഞ്ഞില്ല. അത്ര മനോഹരമായി എഴുതി.
  ജെഫുവിന്റെ എല്ലാ എഴുത്തുകളും പോലെ ഇതും വളരെ മനോഹരമായിരിക്കുന്നു. ആശംസകളോടെ...

  ReplyDelete
 41. ജെഫു,
  മനസിനെ നൊമ്പരപ്പെടുത്തുന്ന അവതരണം ..
  ഭാവുകങ്ങള്‍ ..

  ReplyDelete
 42. അഭിനന്ദനങ്ങള്‍ ജെഫു..

  കയ്യടക്കം ഇല്ലാത്ത ഒരു കഥാകാരന്റെ കയ്യില്‍
  കിട്ടിയിരുന്നു എങ്കില്‍ കുരങ്ങന്റെ കയ്യിലെ മാല പോലെ
  താറുമാറകുമായിരുന്നു ഈ ക്രാഫ്റ്റ്....അത്തരം
  കഥകള്‍ ബുലോകത്ത് നിരവധി ഇപ്പോള്‍ വായിക്കേണ്ടി
  വരുന്നു എന്ന ദുഃഖം ഈ വായന എന്നില്‍ നിന്ന്
  അകറ്റുന്നു...

  ലളിത സുന്ദരമായ ആഖ്യാന ശൈലി..ഒരു മൃദുലമായ മാനസിക
  ഭാവനയെ അതെ താളത്തില്‍ സമന്വയിപ്പിച്ച എഴുത്ത്...കഥാ
  പാത്രങ്ങളുടെ മാനസിക വ്യാപാരത്തെ ഇത്ര കൃത്യമായി
  അപഗ്രഥിച്ച രചനാ ശൈലി...ഒരു സാധാരണ വിഷയത്തെ
  ഇത്രയും ഭംഗി ആയി അവതരിപ്പിക്കാന്‍ ജെഫുവിനു കഴിഞ്ഞു
  എന്നത് മാത്രം ഈ കഥയുടെ വിജയം ആയി ഞാന്‍ കാണുന്നു..
  എഴുത്തിന്റെ മികവും...

  തലക്കെട്ട്‌ കഥയുടെ മര്‍മം തന്നെ.പറയാതെ വയ്യ... .

  ReplyDelete
 43. നല്ല ഭാഷ നല്ല ശൈലി .....ഇനിയും ഇതുവഴി വരാം ..

  ReplyDelete
 44. ഈയ്യിടെയായി ബ്ലോഗ്‌ വായന വളരെ കുറവാണ് ജെഫു , സമയം തന്നെ പ്രശ്നം,പിന്നെ മെയിലില്‍ കിട്ടുന്നവ വൈകിയെങ്കിലും വായിക്കാറുണ്ട് - വളരെ ലളിതമായ്‌ ശൈലിയില്‍ തന്മയത്വത്തോടെ കഥ പറഞ്ഞിരിക്കുന്നു , കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റിലും ഉള്ളവര്‍ എന്നതിലുപരി നാം തന്നെയാണല്ലോ എന്ന് തോന്നിപ്പോയി ..എല്ലാ വിധ നന്മകളും..

  ReplyDelete
 45. നല്ല വിഷയം നന്നായി അവതരിപ്പിച്ചിരിക്കുന്നു. മനസുകൾ തമ്മിലുള്ള സ്നേഹാശ്ലേഷണങ്ങൾ ജെഫുവിന്റെ കഥകളിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ശരികളെക്കുറിച്ചും അവയുടെ നന്മയെക്കുറിച്ചും ഇനിയും കഥകളിലൂടെ പറയാനാവട്ടെ.. അഭിനന്ദനങ്ങൾ...

  ReplyDelete
 46. അഫ്രിന്‍ എന്ന കഥപാത്രം കഥാനായകനൊപ്പം വായനാക്കാരനെയും നൊമ്പരപ്പെടുത്തുന്നു ,കഥയില്‍ മികച്ച ഒരു പര്യവസാനവും ,,ബ്ലോഗില്‍ ഇപ്പോള്‍ ഇതുപോലെ വായനാസുഖം കിട്ടുന്ന രചനകള്‍ കുറവാണ് ,,എന്നാല്‍ ഈ കഥ ആ കുറവ് നികത്തി ,,അഭിനന്ദനം ജെഫു

  ReplyDelete
 47. നല്ല അവതരണം.....

  ReplyDelete
 48. കഥ നന്നായിരിക്കുന്നു . ജെഫുവിന്‍റെ കഥകള്‍ക്കെന്നും വായനക്കാരെ പിടിച്ചിരുത്താനുള്ളൊരു മാസ്മരികതയുണ്ട്. അവസാനം വരെ ഒട്ടും മുഷിയാതെ വായിക്കാനാവും. കഥാ പാശ്ചാത്തലം ഏറെ പരിചിതമായൊരിടം പോലെ.കഥാപാത്രങ്ങളുടെ പേരുകള്‍ (സമീര്‍, അഫ്രീന്‍) ആകര്‍ഷണീയം.

  ReplyDelete
 49. ഒരു കുഞ്ഞ് നോവ് പകർന്നുകൊണ്ട് മനസ്സിൽ എന്നും നിൽക്കുന്ന കഥ... ആശംസകൾ ജെഫ്...

  ReplyDelete
 50. ജെഫുവിന്റെ ഈ കഥ വളരെ മനോഹരമായിരിക്കുന്നു .അതിശയിപ്പിക്കുന്ന ശൈലിയില്‍ ജെഫു കഥ പറയുന്നു .വളരെ ഭംഗിയുള്ള ഒരു കഥാതന്തുവിനെ മികച്ച രീതിയില്‍ ആവിഷ്കരിച്ച ജെഫ്ഫുവിനു അഭിനന്ദനങ്ങള്‍ ..

  ReplyDelete
 51. കാവ്യാത്മകമായ വരികളാല്‍ വളച്ചു കെട്ടില്ലാതെ ലളിതമായി കഥ പറയുക. അത് ജെഫുവിന്റെ ഒരു ട്രേഡ് മാര്‍ക്കാണ്. ഇവിടെയും വായനസുഖം നല്‍കുന്ന ആ രീതി തന്നെ അവലംബിച്ചത് ഇഷ്ട്ടായി.

  ചെരുന്നിടത്തില്‍ ഇതിലും മികച്ച പല രചനകളും ഞാന്‍ വായിച്ചിട്ടുണ്ട്. ആയതിനാല്‍ ഇത് ഏറ്റവും മികച്ചതായി എന്നൊന്നും പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ അവതരണ വ്യത്യസ്തത കൊണ്ട് മികച്ചതാക്കിയ ഈ പ്രണയകഥ എനിക്ക് ഇഷ്ട്ടമായി.

  ആശംസകള്‍ ജെഫു

  ReplyDelete
 52. മലയാളിയനല്ലേ?
  അത് മാത്രമല്ല മൊത്തത്തില്‍ ഇഷ്ടപ്പെട്ടു....

  ReplyDelete
 53. പ്രിയപ്പെട്ട ജെഫു,

  നന്മയുടെ സന്ദേശം നല്‍കുന്ന പോസ്റ്റ്‌ .മനോഹരമായി എഴുതിയ കഥ നന്നായി.

  ഹൃദയത്തില്‍ സ്നേഹവും നന്മയും നിറയട്ടെ !

  ഹാര്ദമായ അഭിനന്ദനങ്ങള്‍ !

  സസ്നേഹം,

  അനു

  ReplyDelete
 54. മാഷാ അല്ലാഹ്. നന്നായിട്ടുണ്ട് ജെഫു ഭായ്.

  ReplyDelete
 55. നിയോൺ ലാമ്പിന്റെ വെളിച്ചത്തിൽ കോർണിഷ് കൂടുതൽ മനോഹരിയായിരിക്കുന്നു. ഓളപരപ്പിനുമുകളിൽ നിറങ്ങൾ അലക്ഷ്യമായി തുള്ളിക്കളിക്കുന്നു. തുടുത്ത കവിളുകളിൽ അമർത്തി ചുംബിച്ചുകൊണ്ട് ഓടിയകലുന്ന കടൽക്കാറ്റിൽ പാറിയ മുടിയിഴകൾ ഒതുക്കി വെച്ചുകൊണ്ടവളെന്നോട് ചോദിച്ചു...

  അതിമനോഹരങ്ങളായ ഇത്തരം പദാവലികളാൽ സമ്പുഷ്ടമാക്കിയിരിക്കുന്നു നേർരേഖയിൽ വളച്ചുകെട്ടില്ലാതെ മുന്നോട്ടു നീങ്ങുന്ന ഈ കഥ. കഥ അതിന്റെ കൃത്യമായ സഞ്ചാരപാത വിട്ട്പോവാതെ തുടരുമ്പോൾ വായന ആയാസരഹിതമാവുന്നു. ആ ഘട്ടത്തിൽ വായനയെ അലസമായിപ്പോവാതെ ആസ്വാദ്യകരമാക്കുന്നത് മനോഹരങ്ങളായ പദാവലികളാണ്. എഴുത്തുകാരൻ അത് കൃത്യമായി തിരിച്ചറിഞ്ഞ് വാക്കുകളെ അണിയിച്ചൊരുക്കിയിരിക്കുന്നു എന്നിടത്താണ് ഈ കഥ ശ്രദ്ധേയമാവുന്നത്.... മൗലികപ്രതിഭയുള്ള ഒരെഴുത്തുകാരന്റെ തൂലികത്തുമ്പിലേക്ക് ബോധപൂർവ്വമല്ലാതെതന്നെ സന്ദോർഭജിതമായ വാക്കുകൾ വാർന്നുവീഴുന്നത് ഇവിടെ കാണാനാവുന്നു...

  വലിച്ചുകെട്ടിയ ഒരു ചരടിൽ അടിക്കുമ്പോൾ രൂപം പ്രാപിക്കുന്ന തരംഗമാലകൾപോലെ നേർരേഖയിൽനിന്നും വ്യതിചലിച്ച് തരംഗങ്ങളുതിർത്ത് ആടി ഉലയുന്ന കഥകളാണ് എനിക്കിഷ്ടം. എന്നാൽ കൂലംകുത്തി ഒഴുകുന്ന കാട്ടാറിനും, സൗമ്യമായി ഒഴുകുന്ന തെളിനീരൊഴുക്കിനും അതിനറെതായ സൗന്ദര്യമുണ്ട് എന്നു പറയുന്നതുപോലെ, ഇവിടെ ഈ തെളിനീരൊഴുക്കിന്റെ കരയിലിരുന്ന് ഞാനതിന്റെ സൗമ്യസൗന്ദര്യം ആസ്വദിക്കുന്നു....

  സൗമ്യവും ശാന്തവുമായ ശൈലിയിലൂടെ വായനക്കാരെ കഥയോടൊപ്പം കൂട്ടിക്കൊണ്ട്പോവുന്ന കഴിവിനെ അഭിനന്ദിക്കുന്നു.....

  ReplyDelete
 56. എല്ലാവരും പറഞ്ഞതില്‍ കൂടുതലായൊന്നും എനിക്കും പറയാനില്ല ...
  ചിലപ്പോഴൊക്കെ വായനയും ഒരു ലഹരിയാണെന്ന് തോന്നിപ്പോവും
  ഇത് വായിച്ചു തുടങ്ങിയപ്പോള്‍ അങ്ങനെയായിരുന്നു .... മനസ്സിന്റെ കണ്ണിലൂടെ കണ്ട് ഹൃദയം നിറച്ചു വായിച്ച കഥ.... അഭിനന്ദനങ്ങള്‍.... ജെഫു ഭായ്

  ReplyDelete
 57. നല്ല ഒരു വായന സുഖം നല്കിയ കഥ ....കൈയ്യടം ഉള്ള രചന മനസ്സില്‍ തങ്ങി നില്‍ക്കുന്നു.....ആശംസകള്‍...

  ReplyDelete
 58. സുന്ദരമായ ആഖ്യാന ശൈലി, മനോഹരമായ അവതരണം.
  അഭിനന്ദനങ്ങള്‍

  ReplyDelete
 59. വളരെ നല്ലത് .......ഭാവുകങ്ങള്‍

  ReplyDelete
 60. കഥ നേരത്തെ കണ്ടിരുന്നു. നെറ്റ് ഓഫായതുകൊണ്ട് വായിച്ച ഉടനെ കമന്‍റിടാന്‍ ഒത്തില്ല.
  കഥ നന്നായി എന്ന് എല്ലാവരുടേയും അഭിപ്രായങ്ങള്‍ കിട്ടിയല്ലോ.

  എനിക്കിഷ്ടപ്പെട്ടു,കഥ.വായനാ സുഖമുണ്ട്. മനോഹരമായ പദങ്ങള്‍, അത് ഭംഗിയായി അടുക്കിയ നല്ല വാചകങ്ങള്‍.... സുന്ദരം. ആശയവും നല്ലതു തന്നെ.

  എങ്കിലും ഈ കഥ തന്നെ കുറച്ചു കൂടി ഭംഗിയാക്കാന്‍ ജെഫുവിന് കഴിയുമായിരുന്നു എന്നും കൂടി എനിക്കഭിപ്രായമുണ്ട്...

  ReplyDelete
 61. മനോഹരങ്ങളായ വാക്കുകളാല്‍ കോര്‍ത്തയീ കഥാമാലയെ ഞാന്‍ ഹൃദയത്തില്‍ അണിയുന്നു. പ്രിയ എഴുത്തുകാരാ, അസൂയയാണ് സ്നേഹം നിറഞ്ഞ അസൂയ നിന്‍റെ വാക്കിന്‍റെ വശ്യതയോട്...!

  ReplyDelete
 62. പ്രിയ ചേര്‍പ്പുകാരാ...
  സുന്ദരമായി അവതരിപ്പിച്ചിരിക്കുന്നു.
  മനോഹരമായ പദാവലികള്‍കൊണ്ട് സമ്പുഷ്ടം.
  ആശംസകള്‍..

  ReplyDelete
 63. നല്ലൊരു കഥ. ഭാവ സാന്ദ്രമായ എഴുത്ത്. സുന്ദരമായ പദപ്രയോഗങ്ങളാല്‍ തീര്‍ത്ത മാസ്മരിക ലോകത്തേക്ക് വായനക്കാരനെ കൈപിടിച്ചാനയിക്കാന്‍ ജെഫുവിന്റെ എഴുത്തിന് കഴിയുന്നുണ്ട്. പ്രമേയത്തിലെ പുതുമയേക്കാള്‍ അവതരണത്തിലെ മികവാണ് ഈ കഥയെ മനോഹരമാക്കുന്നത്.അഭിനന്ദനങ്ങള്‍.

  ReplyDelete
 64. നല്ല ശൈലിയില്‍ മനോഹരമായി അവതരിപ്പിച്ചു. ആശംസകള്‍

  ReplyDelete
 65. അക്ഷരങ്ങളിലൂടെ ഭാവസന്ദ്രമാക്കി അക്ഷരങ്ങള്‍ക്ക് ഒരു വല്ലാത്ത വശ്യത ഒരുപാടിഷ്ടായി .നന്മകള്‍ പൂത്തുലയുന്ന പോസ്റ്റ്‌ ചിലവരികള്‍ ഹൃദയത്തില്‍ വിങ്ങല്‍ ഉണ്ടാക്കി .ഈ എഴുത്തിനു ഒത്തിരി ആശംസകള്‍ ഒപ്പം ഒത്തിരി നന്മകള്‍ നേരുന്നു .വായിക്കാന്‍ വൈകിയതില്‍ വിഷമം തോനുന്നു . ഏറെ സ്നേഹത്തോടെ ഒരു കുഞ്ഞുമയില്‍പീലി

  ReplyDelete
 66. വായനക്കാരന്റെ ഹൃദയത്തിൽ നന്മയുടെ ഒരു തിരി കൊളുത്തിവെക്കുന്ന, മനുഷ്യബന്ധങ്ങളുടെ മൂല്യവിചാരം ചെയ്യാൻ അവനെ പ്രേരിപ്പിക്കുന്ന കഥ. വളരെ നന്നായി എഴുതി ജെഫൂ.

  ReplyDelete
 67. ജെഫ്ഫുന്റെ മറ്റുള്ള കഥയില്‍ നിന്നും എന്തോ ഒരു പ്രത്യേകതയുള്ള പോലെ തോന്നി എനിക്കീ കഥ... !
  എവിടെയോ കണ്ടു മറന്ന മുഖങ്ങളാണോ അതോ അടുത്തുള്ള ആരുടെ ഒക്കെയോ മുഖങ്ങളാണോ എന്ന് തോന്നിപ്പിക്കുന്ന നല്ലൊരു കഥ ..!
  നല്ല ഒരു വായന നൽകിയതിനു അഭിനന്ദനങ്ങള്‍..! ജെഫു ..!

  ReplyDelete
 68. വളരെ ഇഷ്ടത്തോടെ വായിച്ചു തീര്‍ത്തു. അഫ്രീന്‍ എന്ന കഥാപാത്രം നിറഞ്ഞു നില്‍ക്കുന്നു. വായനക്കാരനെ സമീര്‍ ആക്കുന്ന നല്ല ആഖ്യാനം. വളരെ ഇഷ്ടപ്പെട്ടു ജെഫു.

  ReplyDelete
 69. ജെഫു... മനോഹരം... കഥയോടൊപ്പം ഒരു ഇളം കാറ്റില്‍ അപ്പൂപ്പന്‍താടിയെപ്പോലെ ഒഴുകിനടക്കുകയായിരുന്നു ഞാന്‍. വളരേയധികം ഇഷ്ടായി...

  ''അവഗണിക്കപ്പെടുക എന്നത് സ്ത്രീയെ സംബന്ധിച്ചൊരിക്കലും പൊരുത്തപ്പെടാനാവാത്ത ഒരവസ്ഥയല്ലേ...'' ഈ കഥയില്‍ ഏറ്റവും ഇഷ്ടപെട്ട വാചകം.

  ReplyDelete
 70. നന്നായിരിക്കുന്നു ജെഫു ഈ എഴുത്ത് ..
  മനീന്ദരില്‌ നിന്നും ജെഫു വളരെ ദൂരം
  മുന്നോട്ടു വന്നിരിക്കുന്നു ...അവതരണം
  നല്ലത് .ഇടയ്ക്കു ചേര്‍ത്ത വര്‍ണനകളും
  കഥയ്ക്ക് നല്ലതു ."എഫ്രിന്‍ " എന്നാ പേര് എന്തോ പോലെ
  ആണോ പെണ്ണോ എന്ന് എനിക്ക് ആദ്യം സംശയം
  ഉണ്ടാക്കി ...കഥയ്ക്ക് അല്പം ഡെപ്ത് വരാന്‍ ഉണ്ട് ട്ടോ
  ജാലകങ്ങള്‍ തുറക്കട്ടെ ...

  ReplyDelete
 71. അടുത്തിടെ വന്ന ഒരു വാര്‍ത്ത‍ ഇത് വായിച്ചപ്പോള്‍ ഓര്‍ത്തു പോയി
  അമ്മ മകന് കിഡ്നി നല്‍കിയ വാര്‍ത്ത‍ ..ഈ പോസ്റ്റിലെ നന്ന്മ നന്നായിട്ടുണ്ട്

  ReplyDelete
 72. നല്ല ഒഴുക്കോടെ വായിച്ചുപോയ കഥ.
  കഥയുടെ അന്തസത്തയേക്കാള്‍ ഭാഷയുടെ സൌകുമാര്യവും അവതരണഭംഗിയും മികച്ചതായി.
  കൂള്‍ ആയ കഥാകഥനം കൊണ്ടാണോ എന്തോ, നൊമ്പരം മനസിനെ ഒന്ന് തൊട്ടുപോയത് മാത്രമേയുള്ളൂ.

  ReplyDelete
 73. കഥയുടെ വിഷയത്തില്‍ വലിയ പുതുമ ഒന്നും തോന്നിയില്ല.
  പക്ഷെ അത് അവതരിപ്പിച്ചിരിക്കുന്ന രീതി അതി മനോഹരം.
  നന്നായി.
  നല്ല ഒഴുക്കോടെ വായിച്ചു.

  ReplyDelete
 74. നല്ല ഒഴുക്കുള്ള കഥ...എവിടെയോ കേട്ടു മറന്ന പോലെ....

  ReplyDelete
 75. ''അവഗണിക്കപ്പെടുക എന്നത് സ്ത്രീയെ സംബന്ധിച്ചൊരിക്കലും പൊരുത്തപ്പെടാനാവാത്ത ഒരവസ്ഥയല്ലേ...''

  athe. it s true

  ReplyDelete
 76. ജെഫു ..വായിക്കാന്‍ വൈകി.
  ഒരു ഗസല്‍ പോലെ തന്നെ മനസ്സിലേക്ക് കയറിയ കഥ.
  ഹൃദ്യമായ കഥ പറച്ചില്‍. .
  നല്ലൊരു വായനക്ക് നന്ദി

  ReplyDelete
 77. ജെഫു..... മനോഹരമായിരിക്കുന്നു കഥയും ഭാഷയും...!
  ഒരു തൂവല്‍ സ്പര്‍ശം പോലെ തഴുകി പോകുന്ന അക്ഷരങ്ങള്‍... നന്മയുടെ സംഗീതം പോലെ...
  വിഷയം പലപ്പോഴും പറയപ്പെട്ടതാണെന്കിലും ഭാഷയുടെ ഭംഗി കൊണ്ട് പുതുമ സൃഷ്ടിക്കാന്‍ കഴിഞ്ഞുട്ടോ. കഥാന്ത്യത്തിലെ ട്വിസ്ടും നന്നായി..
  ഭാവുകങ്ങള്‍....

  ReplyDelete
 78. ജെഫു വായിക്കാന്‍ അല്‍പം വൈകി, പതിവു പോലെ മനോഹരമായ വശ്യമായ എഴുത്തിലൂടെ പറഞ്ഞ കഥക്ക്‌ ആശംസകള്‍

  ReplyDelete
 79. ഒറ്റപ്പെട്ടു എന്ന തോന്നൽ അതൊരാസ്ഥ തന്നെയാണ്... പ്രത്യേകതയുള്ള വായനാസുഖം.. നല്ല കഥ ഒഴുക്കോടെ പറഞ്ഞു..

  ReplyDelete
 80. ഒഴുക്കുള്ള രചന
  മനോഹരമായ എഴുത്ത്..
  കൂടുതല്‍ മിഴിവേകാന്‍ എന്തൊക്കെയോ ബാക്കിയുണ്ടെന്നതു എന്റെ തോന്നല്‍ മാത്രമാകാം. കൂടുതല്‍ കൂടുതല്‍ തേടുന്ന മനസിന്റെ തോന്നല്‍
  നല്ല കഥ ജെഫു

  ReplyDelete
 81. ജെഫ്ഫുവില്‍ നിന്നും മറ്റൊരു മാധുര്യമുള്ള കഥ കൂടി......
  വര്‍ധിച്ചുവരുന്ന വിവാഹ മോചനങ്ങള്‍,നിരാലംബരായ സ്ത്രീകള്‍, മാതൃ-പിതൃ വാല്‍ത്സല്യം അന്യമാകുന്ന കുഞ്ഞുങ്ങള്‍,......അങ്ങനെ കാലികമായവ പലതും കഥയില്‍ വിഷയീഭവിച്ചു. സര്‍വോപരി മനുഷ്യ നന്മയുടെ അംശം അവശേഷിപ്പിച്ച് അവസാനിപ്പിച്ചതും ഉചിതമായി.

  ആശംസകള്‍, പ്രിയ സുഹൃത്തേ.......

  ReplyDelete
 82. മനസ്സു തൊടുന്ന ഭാഷ.

  അവസാനഭാഗത്ത് മനപ്പൂര്‍വ്വം ഉണ്ടാക്കിയെടുത്ത ആ ട്വിസ്റ്റ് ഇല്ലായിരുന്നെകില്‍ ഈ കഥ കുറേക്കൂടി ഭാവതീവ്രമാകുമായിരുന്നു എന്നെനീക്കു തോന്നുന്നു.

  ReplyDelete
 83. ജെഫു, എച്ചുകെട്ടലുകള്‍ ഇല്ലാതെ ലളിതമായി എഴുതിയ കഥ. ഇഷ്ടായിട്ടോ....

  ReplyDelete
 84. ഒരു കുഞ്ഞു കഥ അവതരണ മികവില്‍
  ഒരു വലിയ കഥ ആയിമാറി ...

  ഒരു നല്ല വായന അനുഭവം സമ്മാനിച്ചതിനു നന്ദി..

  ReplyDelete
 85. വളരെ ഇഷ്ട്ടപ്പെട്ടു. ചില വരികള്‍ പ്രത്യേക ശ്രദ്ധ നേടി. (“ഈ ദൃഷ്ടിദോഷം കണ്ടാലറിഞ്ഞൂടെ മലയാളിയാണെന്ന്. ദയവു ചെയ്തിങ്ങനെ നോക്കരുത്, പ്ലീസ്”) (കണ്ടു നിന്നിരുന്ന എന്റെ കണ്ണുകളിലും നനവ് പടരുകയായിരുന്നു)(ഹൃദയത്തിൽ കനിഞ്ഞ ഒരു തുണ്ട് ജലകണമെന്റെ കവിളിലൂടെ ഒഴുകി അവളുടെ മൂർധാവിൽ വീണുപരക്കാൻ തുടങ്ങിയിരുന്നു..).നനവ് പടരാന്‍ മാത്രം ശോകമൂകമായ ഒരു കഥനം അവിടെ ഉണ്ടായതായി തോന്നിയില്ല.ശോകത്തിന്റെ മറവില്‍ അല്ലാതെ തന്നെ ബോള്‍ഡ് ആയ നായികയുമായുള്ള ശക്തമായ ബന്ധമാണ് വേണ്ടിയിരുന്നത്.
  സമീറിന്റെ ഈ സങ്കടമൊഴിച്ചാല്‍ കഥ വളരെ നന്ന്.

  ReplyDelete
 86. " മുറിവേറ്റ വാക്കുകൾ നിശബ്ദതയുടെ ആഴങ്ങളിലേക്ക് പിടഞ്ഞു വീഴുകയായിരുന്നു."
  നല്ല കഥ. നല്ല അവതരണം.. നന്മകൾ നേരുന്നു. ആശംസകൾ...!!

  ReplyDelete
 87. കാവ്യാത്മകമായ കഥ മനസ്സില്‍ തൊടുന്നു ജെഫൂ...

  ReplyDelete
 88. അവധിക്കാലത്ത് നാട്ടില്‍ വച്ച് വായിച്ചതാണിക്കഥ. പക്ഷെ അന്ന് അഭിപ്രായം സ്വീകരിയ്ക്കാന്‍ വലിയ മടിയായിരുന്നു. രണ്ടുമൂന്ന് തവണ കമന്റിടാന്‍ ശ്രമിച്ചെങ്കിലും എന്തൊരു വാശിയായിരുന്നെന്നോ കംപ്യൂട്ടറിന്. ഇന്നെന്തായാലും ഒന്നൂടെ വായിച്ചു.
  ഇനിയും വായിച്ചാലും ഇഷ്ടപ്പെടും
  അങ്ങനെയാണിതിന്റെ ഒരു ചാരുത

  ReplyDelete
 89. അതിസുന്ദരമായ എഴുത്ത്. മനോഹരമായ അവതരണം. ശില്‍പ്പഭദ്രമാര്‍ന്ന കഥ..അഭിനന്ദനങ്ങളുടേ പൂമലരുകള്‍ ചൊരിയുന്നു സഖേ....

  ReplyDelete
 90. നല്ല എഴുത്ത് . ആശംസകള്‍ @
  WINGS

  ReplyDelete
 91. സത്യത്തില്‍ ഇതിന്‍റെ തലക്കെട്ട് കണ്ടപ്പോള്‍ എനിയ്ക്ക് ഒന്നും ആദ്യം മനസ്സിലായില്ല. പക്ഷേ വായിച്ചു വന്നപ്പോള്‍ ഇഷ്ടമായി. ആശംസകള്‍ @PRAVAAHINY

  ReplyDelete
 92. വായിച്ചാലും വായിച്ചാലും മടുക്കാത്ത എഴുത്ത്...അതി മനോഹരം സുഹൃത്തേ....അഭിനന്ദനങ്ങള്‍

  ReplyDelete
 93. കഥ ഇഷ്ടമായി.

  എന്തായിരിക്കും അഫ്രീന്‌ ആ മെസേജ്ജിലൂടെ ഫെമിയോട് പറയാനുണ്ടാകുക.

  ReplyDelete
 94. നല്ല ലയം; ഭാഷയിലും ഒഴുക്കിലും...

  ReplyDelete
 95. സത്യമെന്ത പകുതി വഴിയില്‍ നിറുത്തി കളഞ്ഞത് ജെഫു??? rr

  ReplyDelete
 96. പ്രിയ ജെഫൂ ...........ഒരു പാട് നാളായി ഇത് വഴി വന്നിട്ട് ..............ആദ്യ വായനക്ക് കയറിയത് ചേരുന്നിടത്ത്‌ തന്നെ ............നല്ല വായനാ സുഖം തന്നു താങ്കളുടെ പോസ്റ്റ്‌ .............ഇനിയും വരാം ഇത് വഴിയൊക്കെ ...............

  ReplyDelete
 97. ആദ്യമായിട്ടാണ് ഇവിടെ..കഥ ഒരുപാട് ഇഷ്ടമായി...അഭിനന്ദനങ്ങള്‍.

  ReplyDelete
 98. കുറെ നാളായി ബ്ലോഗില്‍ സജീവമല്ല. അത് കൊണ്ട് തന്നെ ഈ കഥ കാണാതെ പോയി...
  വളരെ ലളിതമായ രീതിയില്‍ വായനക്കാരെ ഒപ്പം നടത്തുന്ന രീതിയിലുള്ള അവതരണം, നന്നായിരിക്കുന്നു ജെഫു...

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..