Sunday, 10 July 2016

ലോഹമീനുകൾ


കനക്കുന്ന ചാറ്റൽ മഴയിൽ
ഷാർജയിൽ നിന്നും 
ജബൽ അലിയിലേക്ക്‌
ഏറ്റുമീനുകൾ
ഇരച്ചു കയറുന്നുണ്ട്.

ഷേക്ക് സായിദ് റോഡിൽ
കൈത്തോടുകളിലൂടെ
കമേർഷ്യൽ കുളങ്ങളിലേക്ക്‌ 
കൂട്ടം തെറ്റിച്ച മീനുകൾ
നീന്തിപ്പോകുന്നുണ്ട്.

ആഫ്രിക്കൻ മുഷിയുടെ
നീളമുള്ള കണ്ടെയ്നർ, 
ഓഡിയുടെ കരുത്തിൽ  
ജഗ്വാറിന്റെ വണ്ണത്തിലൊരു 
സങ്കരയിനം വരാൽ,
റോൾസ് റോയ്സിന്റെ ഗമയിൽ 
പാതിയുടുത്ത നെയ്മീൻ സുന്ദരി.
നിസ്സാൻ സണ്ണി, 
ഫോർഡ് ഫിഗോ...  
സാധാരണക്കാരന്റെ 
അയ്ക്കൂറകൾ.

വൈകിട്ടത്തെ 
തിരിച്ചൊഴുക്കിൽ
കിതച്ചു പായണം.
കാറ്റേറ്റ് പൊടിയേറ്റ്
വെയിൽപ്പൊള്ളലേറ്റ്,
ജീവനുകൾ പേറി, 
ചക്രങ്ങളിൽ  
ഉരുണ്ടു പോകുന്ന 
മീൻ പെണ്ണെന്നും 
ഗർഭിണിയാണ്.
പ്രാർത്ഥിക്കാറുണ്ട്,
ഉദരത്തിലുള്ള ആയുസ്സിനുവേണ്ടി 
വാവിട്ടു കരയാറുണ്ടവൾ.

ആൾമണമേറ്റ
ലോഹമാറിടങ്ങൾ 
ജീവൻ ശ്വസിക്കും,
മുലപ്പാൽ ചുരത്തും.
മീൻഗർഭത്തിൽ 
നമ്മളിനിയും 
മനുഷ്യരാകേണ്ടതുണ്ട്.