Monday 13 October 2014

കുലരതികൾ കൂച്ചുവിലങ്ങിട്ട സിംഹാസനങ്ങൾ


നൂറ്‌ സിംഹാസനങ്ങൾ
ജയമോഹൻ 
കൈരളി ബുക്സ്. വില 65 രൂപ.

“നായാടികൾ അദൃശ്യരായിരുന്നു, അവർക്കു പോലും അവരെ കാണാൻ കഴിഞ്ഞിരുന്നില്ല.” ഈ ലോകം പോലും അറിയാതെ തന്നെ ജനിച്ച് ജീവിച്ച് മരിച്ചുപോകുന്ന ഒരു സമൂഹമുണ്ട്. അഴുക്കു ചാലിന്റെ ഓരങ്ങളിലേക്ക് പെറ്റിടപ്പെടുകയും അതിൽ തന്നെ ജീവിതം കരുപ്പിടിപ്പിക്കുകയും ചെയ്യുന്ന നായാടി സമൂഹം. അയിത്തമുണ്ടെന്ന് കല്പിച്ച് മാറ്റിനിർത്തപ്പെട്ട ഇവർക്ക് പകലുകളെ പേടിയാണ്‌. മറ്റുള്ളവർക്ക് മുന്നിൽ ചെന്നുപെട്ടാൽ ആളെക്കൂട്ടി വളഞ്ഞുവെച്ച് കല്ലെറിഞ്ഞു കൊല്ലുന്ന പതിവുള്ളതിനാൽ അലഞ്ഞുതിരിയലില്ല, സഞ്ചാരം രാത്രിയിൽ മാത്രം. നഗരങ്ങൾ വളർന്നു തുടങ്ങിയപ്പോൾ മാളങ്ങളിൽ നിന്നും കാടുകളിൽ നിന്നും എച്ചിൽകൂനയുടെ ചുറ്റുവട്ടത്തിലേക്ക് കുടിയേറിയവർ. സർക്കാറുകൾക്ക് ഇവരെക്കൊണ്ട് യാതൊരു വക വരുമാനവും ഇല്ല എന്നതു കൊണ്ടാകാം ഇവരെന്നും അദൃശ്യരായി തന്നെ മാറിയത്.

ഒരു സമൂഹത്തിന്റെ ജീവിതം അവരനുഭവിക്കുന്ന പ്രതിസന്ധികൾ എല്ലാം തന്നെ കേവലം എഴുപതോളം പേജുകളിലേക്ക് പകർത്തിയെഴുതപ്പെട്ടിരിക്കുന്നു. നായാടികളിൽ നിന്നും സിവിൽ സർവ്വീസ് പാസായിവരുന്ന ധർമപാലൻ എന്ന സർക്കാർ ഉദ്യോഗസ്ഥനെ കേന്ദ്രകഥാപാത്രമാക്കി രചിച്ച ഈ കൃതി യഥാർത്ഥ സംഭവങ്ങളുടെ ഒരു നേർക്കാഴ്ച്ച കൂടിയാണെന്നറിയുമ്പോഴാണ്‌ അധികാരത്തിന്റെ വ്രണങ്ങളിൽ നിന്നും പൊട്ടിയൊലിക്കുന്ന പഴുപ്പിന്റെ നാറ്റം മൂക്കിലേക്ക് തുളഞ്ഞു കയറുന്നത്.

നായാടികൾക്ക് കൃത്യമായൊരു ജീവിതലക്ഷ്യമില്ല, പകയില്ല, എന്നും വിധേയത്വം മാത്രം. മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തപ്പെട്ടവരാണെന്ന അപകർഷതാബോധം മനസ്സിൽ കല്ലിച്ചുകിടക്കുന്നത് കൊണ്ട് വൃത്തിയായി വസ്ത്രം ധരിക്കുന്നതുപോലും അധികാരവർഗ്ഗത്തോടുള്ള അനുസരണക്കേട് എന്നു ചിന്തിക്കാനേ ഇവർക്ക് കഴിയുമായിരുന്നുള്ളൂ. “നായാടിക്ക് എതുക്കുടെ തമ്പ്രാൻ കളസം? ഊണരി ഇടുടേ.. വേണ്ടാണ്ടേ. ഊരി ഇട്ടുടുടേ.. ഊരുടെ മാക്കാ” മാറിലടിച്ച് കരയുന്ന അമ്മയെ നോക്കി ഐ.എ.എസ്സുകാരൻ പരിതപിക്കുന്നതിങ്ങനെയാണ്‌. “ഇരുപതു കൊല്ലം പുറകിലേക്ക് നീങ്ങി ഞനവളെ മനസ്സിലാക്കാൻ ശ്രമിച്ചു. ഓവുചാലിൽ നിന്ന് പുറത്തേക്ക് വന്ന നായടിക്ക് കല്ലേറ്‌ മാത്രമല്ലെ കിട്ടുക? അവന്‌ കസേര എന്നാലെന്താണ്‌? ക്രൂരമായ മൃഗം. രക്തം ഇറ്റിക്കുന്ന കൊലപീഠം.”

ശരീരം മുഴുവനും പൊട്ടിയൊലിച്ച് നടന്നിരുന്ന നായാടി ചെക്കൻ കാപ്പന്‌ ജീവിതവും ധർമപാലൻ എന്ന പേരും നല്കി സമൂഹത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ചത് ശ്രീനാരായണ ഗുരുവിന്റെ ആശയങ്ങൾ ജീവിതത്തിൽ പകർത്തിയ പ്രജാനന്ദ സ്വാമിയും അദ്ദേഹത്തിന്റെ ആശ്രമവുമാണ്‌. അതേസമയം അധികാരം കയ്യാളുന്നവരുടെ ധാർഷ്ട്യമാണ്‌ മുഖ്യധാരയിൽ ഉൾപ്പെടുത്തേണ്ടവരെയും ചവിട്ടിപുറത്താക്കേണ്ടവരെയും നിശ്ചയിക്കുന്നതും.

ജാതിവ്യവസ്ഥ ആഴത്തിലേക്ക് വേരുകൾ ഇറക്കിയ ഇന്ത്യൻ രാഷ്ട്രീയ / ഉദ്യോഗസ്ഥ ഭരണതലങ്ങൾക്ക് മുന്നിൽ ജയമോഹന്റെ നൂറ്‌ സിംഹാസനങ്ങൾ എന്ന കൃതി ഉറക്കെവായിക്കപ്പെടേണ്ടതാണ്‌. ഉന്നതകുലജാതനല്ല എന്ന കാരണത്താൽ പുതുതായി നിയമിക്കപ്പെട്ട ഓഫീസിനുള്ളിലെ വലുപ്പമുള്ള കസേരക്ക് പകരം, ഉപയോഗിച്ച് പഴകിയ ചൂരൽ കസേര നല്കിയത് സവർണ്ണതയുടെ ബോധപൂർവ്വമുള്ള ഇടപെടലുകൾ തന്നെയായിരുന്നു. ഇന്നും താഴെതട്ടിൽ നിന്നും ഉയർന്നുവരുന്നവരുടെ കീഴിൽ ജോലിചെയ്യാൻ മനസ്സ് പാകമാകാത്ത മേൽത്തട്ട് ജാതിവ്യവസ്ഥ സർക്കാർ ഓഫീസുകളെ ഭരിക്കുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത സത്യമായി നിലകൊള്ളുന്നുണ്ട്. അവകാശങ്ങൾക്ക് വേണ്ടി പൊരുതുന്നത് അതിരുവിട്ട മോഹമെന്ന് വ്യാഖ്യാനിക്കപ്പെടുന്നുണ്ട്. “എന്റെ കുറ്റബോധവും വിഷാദവും ഏകാന്തതയും എന്റ തലമുറയുടെ മാനസിക പ്രശ്നങ്ങളായി ചർച്ച ചെയ്യപ്പെടുന്നു.” ധർമപാലന്റെ നിസ്സംഗമായ ഈ ഭാവം ചവിട്ടി മെതിക്കപ്പെടുന്ന മുഴുവൻ ആളുകളുടെയും മാനസികാവസ്ഥ കൂടിയാണ്‌.

ഓഫീസറായി ഇരിക്കുമ്പോൾ വിധിപറയേണ്ടി വന്നാൽ ഒരുഭാഗത്ത് ന്യായവും മറുഭാഗത്ത് കൊലപാതകിയായ നായാടി ആണെങ്കിൽ തന്നെയും നായാടി തന്നെയാണ്‌ നിരപരാധി എന്നു ഞാൻ വിധിക്കും. സിവിൽ സർവ്വീസ് ഇന്റർവ്യൂവിൽ ധർമപാലൻ ഇങ്ങനെ പറയുന്നതിന്റെ കാരണം കൂടി ചൂണ്ടിക്കാണിക്കുന്നുണ്ട്. സമത്വം എന്ന ധർമ്മം അനുവദിച്ചു കിട്ടാത്തവനാണ്‌ നായാടി. അതുകൊണ്ട് തന്നെ ആദ്യം അനീതിക്ക് ഇരയായവൻ നായാടി തന്നെയാണ്‌. പക്ഷേ ധർമപാലന്‌ ധാരണകളെല്ലാം തിരുത്തേണ്ടി വരുന്നു, ജോലിസ്ഥലങ്ങളിൽ മറ്റുള്ളവരുടെ കരുണകൊണ്ട് കൂടെയിരിക്കാൻ അനുവാദം കിട്ടിയ ഒരു ആശ്രിതൻ മാത്രമായി മാറേണ്ടി വന്നു.

ഉള്ളിലുള്ള ജാതിബോധത്തിന്റെയും പിൻകാലത്തിന്റെയും കെട്ടുകൾ പൊട്ടിച്ച് വർത്തമാനകാലത്തിൽ ജീവിക്കുവാൻ നിരന്തരമായി പറയുന്ന ഭാര്യ സുധ ആധുനിക യുവത്വത്തെ പ്രതിനിധാനം ചെയ്യുന്നുണ്ട്. പക്ഷേ ഇന്ന്; പാർശ്വവത്കരിക്കപ്പെട്ടവർ എന്ന ലേബലിൽ നിന്നുള്ള മോചനം ആഗ്രഹിക്കുന്ന യുവത്വം ചെന്നെത്തുന്നത് സവർണ്ണതയുടെ അധികാരമോഹങ്ങൾ ചുട്ടെടുത്ത ഒരു പൊതുബോധത്തിലാണ്‌. അതിൽ നിന്നും മാറിനില്ക്കുന്നവർ മുഖ്യധാരയിൽ നിന്നും അകന്നുനില്ക്കുന്നവരാണെന്ന തെറ്റായ ഒരു വിശ്വാസം ഉണ്ടാക്കിയെടുക്കുന്നതിൽ പൊതുബോധത്തിന്റെ വക്താക്കൾ ശക്തിപ്രാപിച്ചുകൊണ്ടിരിക്കുന്നു. അപ്പോഴും “നീ അതാണ്‌...  നീ അതാണ്‌” എന്ന വേർതിരിവിന്റെ ആന്തരികാർത്ഥം നോക്കിലും വാക്കിലും മുഴച്ചു നില്ക്കുന്നുണ്ടായിരിക്കും. അതില്ലതാകണമെങ്കിൽ നൂറ്‌ സിംഹാസനങ്ങളിൽ അമർന്നിരിക്കാൻ ഇനിയും അംബേദ്ക്കർമാർ അവതരിക്കേണ്ടിയിരിക്കുന്നു.

മറ്റുപുസ്തകങ്ങളെ അപേക്ഷിച്ച് ഇതിനുള്ള പ്രകടമായ ഒരു സവിശേഷത പകർപ്പവകാശം ഇല്ലാതെ പ്രസിദ്ധീകരിക്കാമെന്നതാണ്‌. മികച്ച നോവലിന്റെ വരികളെ അന്വർത്ഥമാക്കും വിധം ഗിരീഷ് മക്രേരിയുടെ തീക്ഷ്ണമായ വരകളും വായനക്ക് മാറ്റുകൂട്ടുന്നു.


16 comments:

  1. സാഹിത്യകുതുകികളുടെ ആസ്വാദനതലത്തിൽ നിന്നുയർന്ന് സമൂഹശാസ്ത്രവിദ്യാർത്ഥികൾക്ക് നല്ലൊരു റഫറൻസ് കൂടിയാണ് ജയമോഹന്റെ നൂറു സിംഹാസനങ്ങൾ. വായിക്കപ്പെടേണ്ട നല്ലൊരു പുസ്തകത്തെ നന്നായി പരിചയപ്പെടുത്തി.....

    ReplyDelete
  2. ദളിതരുടെ മാാനസികാവസ്ഥ പൊലും വളരെ കൂലങ്കഷം ആയി പ്രതിപാാദിക്കുന്ന നൊവൽ. നല്ല വാായന ജെഫു

    ReplyDelete
  3. വായിച്ചു തരിച്ചിരുന്നുപോയ പുസ്തകം.!

    ശരിക്കും സമൂഹത്തിന്റെ കണ്ണിലെ ഉച്ചനീചത്വങ്ങളെക്കാള്‍, സമാന സാഹചര്യങ്ങളോട് പടവെട്ടി ഉന്നത സ്ഥാനത്ത് എത്തിയ ഒരാളുടെ ഉള്ളില്‍ പോലും തന്നെ ശക്തമായി പിന്നോക്കം പിടിച്ചു വലിക്കുന്ന കടുത്ത അപകര്‍ഷതാബോധം ഉണ്ട് എന്ന വസ്തുതയാണ് പുസ്തകം ചൂണ്ടിക്കാണിക്കുന്നത്.
    "ഞാന്‍ നടക്കുമ്പോള്‍ പിന്നില്‍ ആളുകള്‍ ചിരിക്കുന്നത് എനിക്ക് കാണാം"
    ...ആ വരിയില്‍ തന്നെ എല്ലാം വ്യക്തമാണ്. പിന്നെ അയാളുടെ ഭാര്യയുടെ വാക്കുകളും.

    ReplyDelete
  4. പുസ്തകം വായിച്ചിട്ടില്ല... വായിക്കണം.. നല്ല പരിചയപ്പെടുത്തല്‍ ജെഫൂ...

    ReplyDelete
  5. പുസ്തകത്തെ നല്ല നിലയിൽ പരിചയപ്പെടുത്തി .. വായിക്കാൻ ശ്രമിക്കാം

    ReplyDelete
  6. നല്ലവണ്ണം പരിചയപ്പെടുത്തി. അഭിനന്ദനം. ഈ പുസ്തകം ഇറങ്ങിയപ്പോഴെ വായിച്ചു. എല്ലാവരും വായിക്കേണ്ട പുസ്തകം.

    ReplyDelete
  7. ജയമോഹന്‍റെ 'നൂറു സിംഹാസനങ്ങള്‍' എന്ന നോവലിനെ പരിചയപ്പെടുത്തിയത് വായിച്ചപ്പോള്‍ ആ പുസ്തകം വായിക്കണമെന്ന താല്പര്യം ഉണ്ടായി.....
    തീര്‍ച്ചയായും വായിക്കും.
    ആശംസകള്‍

    ReplyDelete
  8. പരിചയപ്പെടുത്തൽ നന്നായിരിക്കുന്നു. ചില കാലങ്ങളെ തിർച്ചറിയാൻ ഇത്തരം വായനകൾ സഹായിക്കും. എന്നു വായിക്കാൻ കഴിയും എന്നറിയില്ല.

    ReplyDelete
  9. അവലോകനം വായിച്ചപ്പോള്‍ നോവല്‍ അതിശക്തമെന്ന് മനസ്സിലായി. വായിക്കണം

    ReplyDelete
  10. അവലോകനം നന്നായി ജെഫു. വായന ഇപ്പോഴും മനസ്സില്‍ തന്നെയുണ്ട്. അത്രയ്ക്ക് ശക്തമായ പ്രമേയം... പ്രദീപ്‌ മാഷ്‌ പറഞ്ഞത് പോലെ നല്ലൊരു റെഫറന്‍സ് ഗ്രന്ഥമാണ്...

    ReplyDelete
  11. ഇന്ന് മറ്റൊരു ബ്ലോഗിലും വായിച്ചത് ഇതേ നോവലിന്റെ പരിചയപ്പെടുത്തൽ. ഈ വായന നന്നായിരിക്കുന്നു ജെഫൂ...

    ReplyDelete
  12. നല്ല പരിചയപ്പെടുത്തൽ.. പുസ്തകം വായിച്ചില്ല.

    ReplyDelete
  13. ആദ്യമായി കേള്‍ക്കുന്നു ഈ നോവലിനെക്കുറിച്ച് ,, നല്ല വായന ജെഫു .

    ReplyDelete
  14. വായിപ്പിക്കാന്‍ പ്രേരണ നല്‍കും വിധം നന്നായി എഴുതി ജെഫു..rr

    ReplyDelete
  15. Nalla parijaya peduthal book Njaan waayichittilla..

    ReplyDelete
  16. kettitundu.vaayikanam ennu agrahicha pusthakam aanu.Thanks jefu for the intro.

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..