Friday, 27 May 2011

ഭാവി പറയുന്ന കുഞ്ഞു മാലാഖമാർ

“ ലോക രാജ്യങ്ങൾ തമ്മിലുള്ള കലഹങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കും. കൂടാതെ, ഒരു നിയമവും ഒരു നാണയവും തുടങ്ങി.... ഭൂമിയെ കൂട്ടിയിണക്കുവാൻ ശ്രമിക്കും. യുനൈറ്റഡ് നാഷന്റെ സെക്രട്ടറി ജനറലാകാനാണു ഞാനാഗ്രഹിക്കുന്നത് ”

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണ ഒരു നേതാവിന്റെ രാഷ്ട്രീയ വാഗ്ദ്ധോരണിയായി തോന്നുന്നുവോ ഇതിനെ ? എങ്കിൽ തെറ്റു പറ്റിയിരിക്കുന്നു. “ഹരിത സുന്ദരമായ, മതിലുകളില്ലാത്ത, മലിനീകരണം ഇല്ലാത്ത, സർവ്വ സുഗന്ധം പരത്തുന്ന നാടിനെ ഇഷ്ടപ്പെടുന്ന” എന്റെ ഗ്രാമത്തിലെ ഒരു സാധാരണകുടുംബത്തിലെ 14 വയസ്സുകാരൻ അമീർ സുഹൈലിന്റെ വാക്കുകളാണിത്..

വിരലിലെണ്ണാവുന്ന അവധി ദിവസങ്ങൾക്കായി നാട്ടിലെത്തിയപ്പോൾ 30 ഓളം വരുന്ന കൊച്ചു കൂട്ടുകാർക്കൊപ്പം ചിലവഴിച്ച അല്പ നിമിഷങ്ങളിൽ അവർ പങ്കു വെച്ച സന്തോഷങ്ങൾ, ദിശാബോധങ്ങൾ എന്റെ അവധിക്കാല ദിനങ്ങളെ ഓർമ്മക്കുറിപ്പുകളാക്കി മാറ്റുകയായിരുന്നു.

ചരിത്രമുറങ്ങുന്ന ഗ്രാമത്തിന്റെ താളുകളിൽ എക്കാലത്തെയും ആദ്യത്തേതെന്നു അവകാശപ്പെടാവുന്ന “അക്ഷരം” എന്ന കയ്യെഴുത്ത് മാസിക പിറവി കൊണ്ടപ്പോൾ അതിലെ തിളങ്ങുന്ന മഷിത്തുള്ളികൾ ചേർത്തു വെച്ച കരങ്ങൾ ഈ കൊച്ചു മാലാഖമാരുടേതായിരുന്നു.

“ഞാനൊരു പോലീസുകാരനായാൽ കൊള്ളപ്പലിശ നല്കുന്നവൻ എന്റെ വാപ്പയാണെങ്കിലും അവരെ ഞാൻ ലോക്കപ്പിലിടും. അതു ഞാൻ നാടിനു വേണ്ടി ചെയ്യുന്ന എന്റെ ഡ്യൂട്ടിയാണ്‌“ ഇതു പറയുമ്പോൾ ഷാറൂഖിന്റെ പ്രായം 13 വയസ്സ്. അവന്റെ കണ്ണുകളിൽ നിന്നും കുസൃതികൾക്കൊപ്പം നമുക്ക് വായിച്ചെടുക്കുവാനേറെയുണ്ട്.

15 വയസ്സുകാരി റെനീഷ നാടിനെക്കുറിച്ച് പറഞ്ഞു. “ പ്രകൃതി രമണീയമാണെന്റെ നാട്. വികസനത്തിന്റെ പടവിൽ പിച്ച വെച്ച് നടക്കുന്ന ചേർപ്പ് എന്ന എന്റെ ഗ്രാമം. എങ്കിലും വയൽ നികത്തൽ പോലുള്ളത് ഗ്രാമീണരെ ദു:ഖത്തിലാഴ്ത്തുന്നുണ്ട് ” സഹ ജീവിയുടെ വേദന സ്വന്തം വേദനയായി കാണുന്ന, കാണാൻ മുതിർന്നവരെ പഠിപ്പിക്കുന്നില്ലേ ഈ വരികൾ.


“ വിദ്യാർത്ഥി എന്നാൽ വിദ്യ അഭ്യസിക്കുന്നവൻ. അവനാണു നാളെയുടെ നേതാവ്. വിദ്യ അഭ്യസിക്കുന്നതോടൊപ്പം അവന്റെ സ്വഭാവവും നന്നാക്കൽ നിർബന്ധമാണ്‌. അവന്റെ സ്വഭാവം നന്നാക്കുന്നതിൽ അവന്റെ കൂട്ടുകാർ, കുടുംബം, സമൂഹം പിന്നെ അവന്റെ മനസ്സാക്ഷി ഇതെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.” 13 വയസ്സുകാരിയായ ആരിഫയുടെ 31 വയസ്സിന്റെ ചിന്താ ധാരകൾ.

വിദ്യഭ്യാസത്തിന്റെ ആവശ്യവും അതനുസരിച്ചുള്ള പ്രവർത്തനത്തിനും 16 വയസ്സുകാരൻ ലബീബിനു കൃത്യമായ ധാരണയുണ്ട്. ” ശാസ്ത്രത്തെ മനുഷ്യൻ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു. ഒരു വ്യക്തിക്ക് സാമ്പത്തില ശുദ്ധിയും, ശരീര ശുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ അതുകൊണ്ട് നേട്ടമുള്ളൂ. അതിന്‌ മതവിദ്യഭ്യാസം സഹായിക്കുന്നു. അതില്ലാത്ത പക്ഷം തിന്മയുടെ അഗാധ ഗർത്തത്തിലേക്കു വീണു പോയേക്കാം“ ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കുന്നു എന്നതിന്റെ തെളിവുകളായ വാക്കുകൾ..

ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്‌ രാഷ്ട്രീയവും, രാഷ്ട്രീയക്കാരും കുട്ടികളെ സ്വാധീനിക്കും എന്നതു കൂടി വ്യക്തമാക്കുന്ന 13 വയസ്സുകാരി മുംതാസിന്റെ വരികൾ. “ ഞാനെന്റെ ജീവിതത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനെ ഇഷ്ടപ്പെടുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരൻ ആയതുകൊണ്ടല്ല അദ്ദേഹത്തെ ഇഷ്ടപ്പെട്ടത്. ജീവിതത്തെ നല്ല നിലയിൽ നോക്കിക്കാണുവാൻ ആഗ്രഹിക്കുന്നു, സ്വന്തം ജീവിതത്തിലുപരി മറ്റുള്ളവരെയും നന്നായി കാണാൻ അദ്ദേഹം പരിശ്രമിക്കുന്നു.......” തുടങ്ങുന്ന വരികൾ എത്ര മനോഹരമായാണ്‌ മുംതാസ് കൂട്ടിയിണക്കിയിരിക്കുന്നത്.

12 വയസ്സുകാരി ജാസ്മിൻ, 16 വയസ്സുകാരി നാജിയ, 13 വയസ്സുകാരികളായ മുഹ്സിന, സുമയ്യ, സുഹൈന എന്നിവരെല്ലാം ഡോക്ടറാകാൻ ഇഷ്ടപ്പെടുന്നവരാണ്‌.” ജോലി ഭദ്രത മാത്രമല്ല അവർ അതിലൂടെ കാണുന്നത്. മറിച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കു സൗജന്യ ചികിത്സ, കുട്ടികൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരെ ഉൾപ്പെടുത്തി ഉന്നത നിലവാരമുള്ള ആശുപത്രികൾ സ്ഥാപിക്കുക, സ്കോളർഷിപ്പുകൾ നല്കുക.“ ഒരു ഡോക്ടർ എന്ന നിലയിൽ ചുറ്റുപാടുകളിൽ നല്കേണ്ട ചുമതലകൾ കൂടി ഇവർ വരച്ചു കാണിക്കുന്നു. ആതുരശുശ്രൂഷ രംഗത്തെ എത്തിക്സുകൾക്കും എത്രയോ മേലെയാണ്‌ ഈ കുഞ്ഞു മാലാഖമാർ പറന്നു നടക്കുന്നത്.

“ മാതാ പിതാ ഗുരു ദൈവം !! ദൈവ തുല്യരാണു മാതാവും, പിതാവും, ഗുരുവും. അതു മനസ്സിലാക്കി വിദ്യ അഭ്യസിച്ചാൽ എനിക്കുറപ്പുണ്ട് വിജയത്തിന്റെ ഉയരങ്ങളിലേക്ക് എനിക്കെത്താൻ കഴിയുമെന്ന്” ദൃഢനിശ്ചയമുള്ള 14 വയസ്സുകാരി സന പറയുന്നു. ടീച്ചർ ആകാനാണു സനക്ക് ആഗ്രഹം ഒപ്പം കൂട്ടുകാരികളായ 13 വയസ്സുകാരികൾ നസ്രിയാക്കും, റാഹിലക്കും, 11 വയസ്സായ ഷംസീനാക്കും, 14 വയസ്സുകാരി ഹസീനക്കും, 12 വയസ്സുകാരി നസീനാക്കും.
പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ ലക്ഷ്യ ബോധം ഉള്ളവരാക്കുക, അതിനു വേണ്ടി പ്രോത്സാഹിപ്പിക്കുക, കഴിഞ്ഞു പോയ തലമുറകളുടെ പൈതൃകത്തെ കുറിച്ച് ബോധവാന്മാരാക്കുക, നാടിനു ഗുണം ചെയ്യുന്നവരാക്കി വളർത്തിക്കൊണ്ടു വരിക, തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുവാനും, കുട്ടികളെ സ്വാധീനിക്കുവാനും കഴിയും എന്ന കൃത്യമായ തിരിച്ചറിവ് തന്നെയാണ്‌ ഭാവിയിൽ അദ്ധ്യാപകർ ആയി മാറാൻ ഇവർ ഇഷ്ടപ്പെടുന്നതും.

അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്ന 15 വയസ്സുകാരൻ അൻഷാദും, ഐ പി എസ് കാരനാകാൻ ഇഷ്ടപ്പെടുന്ന 13 വയസ്സുകാരൻ ഇജാസും സമൂഹത്തിലെ കപട മുഖം മൂടികൾ പിച്ചിച്ചീന്തിയെറിയാൻ ദൃഢനിശ്ചയമെടുത്തവരാണ്‌. അക്രമത്തിനും, അനീതിക്കുമെതിരിൽ തൂലിക ചലിപ്പിച്ച കേരളത്തിലെ കവികളെ അൻഷാദ് മാതൃകയാക്കുകയും ചെയ്യുന്നു.

ഷഹനാസ് (15), ഫസ്ന (13), നംഷീദ് (14), അഥില (11) എന്നിവർ നാടിന്റെ കുറിച്ച് സ്വപ്നം കാണുന്നവരാണ്‌.
“ ഫാഷൻ തരംഗം ഇല്ലാത്ത, പച്ച പട്ടണിഞ്ഞ നാടും, മുയലുകൾ, കോഴികൾ, തത്തകൾ ഇത്യാദി ജീവികളെ വളത്തുന്ന വീടുകൾ ഉൾകൊള്ളുന്ന കൃഷി അന്തരീക്ഷവുമാണ്‌ ” അഥില ഇഷ്ടപ്പെടുന്നത്.

വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പാതയെക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ്‌ ഷഹനാസിനുള്ളത്. പക്ഷേ കൃഷിയിടങ്ങൾ നികത്തി ഫ്ലാറ്റ് പണിയുന്ന വികസനത്തിനോട് ഷഹനാസിന്‌ താല്പര്യമില്ല.

“ ഫാക്ടറി പോലുള്ളവ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെങ്കിൽ അവയൊന്നും ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പാടില്ല, കൊള്ളയും കൊലയും നടത്തുന്നവരെ നാട്ടിൽ നിന്നും തന്നെ പുറത്താക്കണം പകരം നന്മ ഉദ്ദ്യേശിക്കുന്നവരാണ്‌ എന്റെ നാട്ടുകാരായി വേണ്ടതെന്നാണ്‌ ” ഫസ്നയുടെ പക്ഷം.

ഏതു രാത്രിയിലും വഴി നടക്കുവാനുള്ള സമാധാന പൂർണ്ണമായ അന്തരീക്ഷം, റേഡിയേഷൻ ഇല്ലാത്ത മൊബൈൽ ടവറുകൾ കണ്ടു പിടിച്ചു സ്ഥാപിക്കണം, വലിയൊരു വായന ശാല, മൊത്തത്തിൽ സ്മാർട്ടായ സിറ്റി ആകണം എന്റെ നാട് എന്നു നംഷീദ് ആഗ്രഹിക്കുന്നതിൽ നമുക്കൊരു തെറ്റും കണ്ടെത്താനാവില്ല.

ഒരു തൊട്ടുണർത്തലിന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഈ കനലുകൾ. ചാര വർണ്ണം ജ്വലിക്കുന്ന നിറത്തിനായ് വഴി മാറിയിരിക്കുന്നു. ചുമലിൽ തീർത്ത പാഠപുസ്തകത്തിന്റെ ഭാരവും, ഉദ്യോഗത്തിന്റെ നീണ്ട നിരകളിൽ കാണുന്ന സാമ്പത്തിക ഭദ്രതയും മാറ്റിനിർത്തിയാൽ ആ കുരുന്നു മനസ്സുകൾക്ക് പറയുവാനേറെയുണ്ട്. അവർ കാണുന്ന സ്വപ്നങ്ങളെ, സ്നേഹിക്കുന്ന ജന്മങ്ങളെ, ഭരണ കേന്ദ്രത്തിലെ നാളത്തെ നായകന്മാരെ, പൂമ്പാറ്റകളെ, പുൽനാമ്പുകളെ, തെളിഞ്ഞ ജലാശയത്തിലെ പരൽ മീനുകളെ, മനസ്സിലെ തിളക്കുന്ന നീതി ബോധത്തിനെ, വെള്ളയിൽ പുരണ്ട രക്തക്കറകളെ, രൗദ്രഭാവത്തിലെ അമർഷത്തിനെ, തലോടലിന്റെ കരങ്ങളെ, ഉറവ വറ്റാത്ത ആശയങ്ങളെ, അഭിലാഷങ്ങളെ..... എന്തും തുറന്നു പറയട്ടെ അവർ.. നമുക്കല്പ സമയം നീക്കി വെക്കാം അവരെ കേൾക്കാൻ. ഭാവി പറയാൻ കഴിവുള്ള കുഞ്ഞു മാലാഖമാരല്ലേ അവർ..

ഒരു വേള നായകരെന്ന് കോമരം തുള്ളുന്നവർക്കു പോലും മാതൃക ദർശിക്കാനായേക്കാം അവരിൽ..

24 comments:

 1. അക്ഷരങ്ങൾക്കൊണ്ടു ഇതിഹാസം രചിക്കുന്ന, ഒരു വാക്ക് കൊണ്ട് വസന്തവും മറുവാക്കു കൊണ്ടു വിപ്ളവവും സൃഷ്ടിക്കുവാൻ കഴിയുന്ന എന്റെ സഹോദരങ്ങൾ അനുഗ്രഹിക്കണം ഈ കൊച്ചു കൂട്ടുകാരുടെ ആദ്യാക്ഷരിയെ..

  ReplyDelete
 2. കയ്യെഴുത്തു മാസികയിലൂടെ പങ്കുവച്ച കൊച്ചു കൂട്ടുകാരുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ...:)

  ReplyDelete
 3. നാട്ടെഴുത്തിലെ നന്മയെ അതിലെ സ്വാഭാവികമായ നിഷ്കളങ്കതയെ ഒട്ടും അതിഭാവുത്വമില്ലാതെ അറിയിച്ചതിന് ആദ്യമേ നല്ല നമസ്കാരം. "സ്വാതന്ത്ര്യം ജനങ്ങളിലേക്കിറങ്ങി വരികയല്ല ജനത സ്വാതന്ത്ര്യത്തിലെക്കുയരുകയാണ് വേണ്ടതെന്ന" സത്യത്തെ രാഷ്ട്ര നിര്‍മ്മിതിക്കാവശ്യമായ അവശ്യ വിഭവങ്ങളിലെ ഏറെ പ്രാധാന്യമുള്ള ഉറക്കെ ചിന്തിക്കുന്ന/തുറന്നു സംവദിക്കുന്ന/sswapnam കാണുന്ന/ മൂല്യമാചരിക്കുന്ന യുവതയാണെന്ന സാക്ഷ്യപ്പെടുത്തലിലൂടെ ഈ കുരുന്നുകള്‍ നാളെയെ കുറിച്ചുള്ള പ്രതീക്ഷ ഊര്‍ജ്ജമായി ഇന്നെന്നിലും നിറക്കുന്നു.
  അഭിനന്ദങ്ങള്‍
  ജെഫു ഈ കുരുന്നുകളെ കേള്‍പ്പിച്ചതിന്.

  ReplyDelete
 4. വളരട്ടെ, ചിന്തകളും ആശയങ്ങളും. നാളെയുടെ വാഗ്ദാനങ്ങള്‍ക്ക് ഒരായിരം ഭാവുകങ്ങള്‍....

  ReplyDelete
 5. നന്മയും സ്നേഹവും ആ മനസുകളില്‍ എന്നും നിലനില്‍ക്കട്ടെ... അവരോടൊപ്പം നല്ലൊരു നാളെയെക്കുറിച്ച് നമുക്കും സ്വപ്നം കാണാം, ഈ കുരുന്നുകളിലൂടെ അത് പ്രാവര്‍ത്തികമാകും എന്നും പ്രതീക്ഷിക്കാം....

  അവരില്‍ ആത്മവിശ്വാസം കൂട്ടാന്‍ സഹായമാകട്ടെ ഈ പോസ്റ്റ്‌.

  ജെഫുവിനു അഭിനന്ദനങ്ങള്‍ ...!

  ReplyDelete
 6. എല്ലാം നല്ലതിനാവട്ടെ..ഭാവുകങ്ങള്‍

  ReplyDelete
 7. കുട്ടികള്‍ ചിരിക്കട്ടെ .
  നാളെ അവരെ എന്താക്കിത്തീര്‍ക്കും എന്നറിയില്ല .
  എങ്കിലും ഇന്നിന്റെ ശുഭചിന്തകള്‍ അവരില്‍ കെടാതെ നില്‍ക്കട്ടെ എന്നാശംസിക്കുന്നു ...

  ReplyDelete
 8. ഈ പോസ്റ്റ് വായിച്ചപ്പോള്‍ വളരെ സന്തോഷം തോന്നുന്നു. ദിശാബോധമുള്ള ഒരു തലമുറ വളര്‍ന്നുവരുന്നു എന്ന് അറിഞ്ഞിട്ട്. ഈയടുത്ത് കണ്ണാടിയില്‍ കാണിച്ചിരുന്നു, കള്ളവാറ്റ് നശിപ്പിച്ചുകളഞ്ഞ കുറേ കുട്ടികളെ. അഭിമാനം തോന്നി. നന്ദി ജെഫു.. ഇത് പങ്കുവെച്ചതിന്.

  ReplyDelete
 9. ഇന്നിന്റെ ശാപങ്ങളെല്ലാം നശിപ്പിച്ചു മുടിപ്പിച്ചു പടിയിറങ്ങിപ്പോകുമ്പോള്‍ ഒരു നല്ല നാളെ പടുത്തുയര്‍ത്തുവാനും സഹജീവികളോട് കാരുണ്യദയാവായ്പ്പ്കളോടെയിടപെടുവാനും തയ്യാറായി ഒരു സമൂഹം വളര്‍ന്നുവരും . ഈ കൊച്ചുപൂമ്പാറ്റകളുടെ ആഗ്രഹങ്ങളെല്ലാം സഫലമാകട്ടെ.നല്ല ഒരു നാളെയുണ്ടാവട്ടെ...

  ReplyDelete
 10. തീര്‍ ച്ചയായും ആ ഗ്രാമത്തിന്റെ നന്മ യാണ് ആ കുരുന്നുകളുടെ ഹൃദയതിലുള്ളത് വളര്‍ന്നു വരുന്ന നാഗരികത ആ നന്മയുടെ വാഗ്ദാനങ്ങളെ അപഹരിക്കാതിരിക്കട്ടെ എന്ന് ആശിക്കാം

  ReplyDelete
 11. നാളെയുടെ സ്വപ്നങ്ങളുടെ,സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാവട്ടെ.

  ReplyDelete
 12. നന്മ മാത്രം മനസിലുള്ള കുട്ടികളില്‍ നിന്ന് നമുക്ക് ഒരുപാട് പഠിക്കാനുണ്ട് എന്നാല്‍ പലരും അതിനു നില്‍ക്കാരില്ലെന്നു മാത്രം മാത്രമല്ല ഇക്കാലത്ത് കുട്ടികള്‍ വിചാരിച്ചാല്‍ അവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്യാനും കഴിയും. കുട്ടികള്‍ക്ക് നന്മ വരട്ടെ. പോസ്റ്റ്‌ നന്നായി...

  ആശംസകളോടെ
  http://jenithakavisheshangal.blogspot.com/

  ReplyDelete
 13. കുഞ്ഞുമാലാഖമാർക്ക് ഈ ചേട്ടന്റെ എല്ലാ വിധ ആശംസകളും…കൂട്ടത്തിൽ ഇങ്ങനെ ഒരു പോസ്റ്റിട്ട് അവർക്ക് ആത്മവിശ്വാസം നൽകുന്ന ജെഫുവിനും..

  ReplyDelete
 14. വളരുന്ന കൊച്ചു ചിന്തകൾ, വളരേണ്ട വലിയ കാര്യങ്ങളാണ്.

  ReplyDelete
 15. നാളത്തെ നക്ഷത്രങ്ങള്‍...

  ReplyDelete
 16. ഒരായിരം അഭിനന്ദനങ്ങള്‍..

  ReplyDelete
 17. സന്ദർശിച്ച, അനുഗ്രഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 18. എനിക്കൊരു സങ്കടമാവുന്ന ഓര്‍മ്മയാണ് കയ്യെഴുത്ത് മാസിക.
  ഏതോ ഒരു കമ്മന്റില്‍ ഞാനിത് പറഞ്ഞിരുന്നു എന്ന് തോന്നുന്നു .
  ഈ കുഞ്ഞു കൂട്ടായ്മക് എന്‍റെയും ആശംസകള്‍ , അഭിനന്ദനങ്ങള്‍

  ReplyDelete
 19. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  ReplyDelete
 20. ആ കൊച്ചുകൂട്ടുകാരുടെ സ്വപ്‌നങ്ങള്‍ പൂവണിയട്ടെ ...!

  ReplyDelete
 21. വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പാതയെക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ്.......!!!!!

  ReplyDelete
 22. സന്ദർശിച്ച, അനുഗ്രഹിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി..

  ReplyDelete
 23. ആശംസകൾ......വൈകിയാണെങ്കിലും

  ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..