Tuesday 28 June 2011

റൊസ്സറ്റൻസും, കടൽക്കിഴവന്മാരും അല്പം സാമൂഹിക പ്രവർത്തനവും..



“ജനങ്ങൾ ജനങ്ങളാൽ സമൃദ്ധരായി”

ഈയടുത്ത ദിവസങ്ങളിലായി ഞാനറിഞ്ഞ വാർത്തകളിൽ മരണം കൂട്ടിക്കൊണ്ടു പോയവരിൽ ഭൂരിപക്ഷം പേർക്കും പ്രതീക്ഷയുടെ ഇളം പച്ച നിറമായിരുന്നു പ്രായം. കാരണമായതോ ഹൃദയസ്തംഭനവും. അവർക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നായകന്മാരാകട്ടെ യൗവ്വനം തുടിക്കുന്ന 70-80 വയസ്സുള്ളവരും. എന്തായിരിക്കണം ഈ കടൽക്കിഴവന്മാരുടെ ആരോഗ്യ രഹസ്യം! ആധികാരിമായി തന്നെ പറയണമെങ്കിൽ അത് റൊസറ്റെൻസിനേ കഴിയൂ...

ആരാണീ “റൊസ്സറ്റൻസ്”
1962ൽ അമേരിക്കയിലെ പെൻസിൽവാനിയയിലെ റൊസ്സറ്റോ ഗ്രാമത്തിലേക്കു കുടിയേറിയ ഇറ്റലിക്കാർ. ഇവരും കിഴവന്മാരും തമ്മിലെന്തു ബന്ധം?? സ്വാഭാവികമായ സംശയം..

ഖനികളിലും മറ്റും കഠിനമായ ജോലികളിൽ ഏർപ്പെടുന്ന സാധാരണ ജീവിതം നയിക്കുന്നവരായിരുന്നു അവർ. ചുറ്റുപാടിൽ ജീവിക്കുന്ന മറ്റുള്ളവർ ആസ്വദിച്ചനുഭവിക്കുന്ന വായു, ജലം, ജോലി, വരുമാനം തന്നെയായിരുന്നു ഇവർക്കു ലഭിച്ചിരുന്നതും. കൃത്യമായ ഒരു ഭക്ഷണക്രമം പാലിച്ചിരുന്നില്ല. ഒലീവ് ഓയിലും, സലാഡുകളും, കൊഴുപ്പില്ലാത്ത ഭക്ഷണത്തിനൊപ്പം ഉയർന്ന കൊളസ്ട്രോൾ ഉള്ള ഭക്ഷണവും ഉപയോഗിച്ചിരുന്നു മാത്രവുമല്ല പുകവലിക്കുന്നവരും വൈൻ ഉപയോഗിക്കുന്നവരും ഇവരിൽ സാധാരണവുമായിരുന്നു. എന്നിട്ടുപോലും 1955-1965 കാലയളവിൽ 65 വയസ്സിനു താഴെയുള്ള ഒരാളിൽ പോലും ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സാധാരണ മരണങ്ങളാകട്ടെ അമേരിക്കയുടെ ദേശീയ ശരാശരിയുടെ പകുതി ശതമാനവും.

തദ്ദേശവാസികളായ അമേരിക്കക്കാരുടെ ഭാഗത്തുനിന്നും വർഗ്ഗപരമായ ചേരിതിരിവ് നിരന്തരമായി അനുഭവിക്കേണ്ടി വന്നിരുന്നതുമൂലം ഒറ്റപ്പെട്ട ഒരു സമൂഹമായി അവർ ഒതുങ്ങിക്കൂടി. പക്ഷെ തൊട്ടടുത്ത ഗ്രാമങ്ങളിൽ കൊലയും, കൊള്ളിവെപ്പും നിറഞ്ഞാടുമ്പോഴും 0% കുറ്റകൃത്യങ്ങളാണ്‌ ഇവരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നത് അതിശയോക്തിക്ക് ഇടം നല്കുന്ന വസ്തുതയാണ്‌. എന്നിട്ടുപോലും ആരോഗ്യപരമായ ഒരു മുന്നേറ്റം അവർ എങ്ങിനെ ആർജ്ജിച്ചെടുത്തു എന്നുള്ളതു പഠനവിധേയമാക്കുകയായിരുന്നു പല മെഡിക്കൽ യൂണിവേഴ്സിറ്റികളും. 1999ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പോലുള്ളവ പബ്ളിഷ് ചെയ്ത വിശദാംശങ്ങളെല്ലാം തന്നെ അവരെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്‌.

കാലങ്ങളായി പിന്തുടർന്ന് വന്നിരുന്ന സാമൂഹ്യ വ്യവസ്ഥയിൽ അവർ ആനന്ദം നുകർന്നു. മറ്റുള്ളവർക്കു വേണ്ടി പുഷ്പിക്കുക എന്ന നയം നടപ്പിലാക്കുന്നതോടൊപ്പം കളങ്കമില്ലാതെ പ്രവർത്തിച്ചു, സത്യ സന്ധരായി ജീവിച്ചു, ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ അമരത്വഭാവം രചിച്ചു.



കുടുംബ ബന്ധവും, സാമൂഹിക ജീവിതവും ഇടകലർന്ന ജീവിതമായിരുന്നു റൊസ്സറ്റൻസിന്റേത്. സാമ്പത്തികമായി ഉയർന്നവർ ഉണ്ടായിരുന്നിട്ടു പോലും ആർഭാട ജീവിതം നയിച്ചിരുന്നില്ല. ജാടകൾ നിരത്താത്ത വിനയ പ്രകൃതമായിരുന്നു അവരുടെ സ്വഭാവം. പ്രാദേശികമായ കച്ചവടം പ്രോത്സാഹിപ്പിച്ചു. അവർക്കിടയിൽ തന്നെയുള്ള വിവാഹങ്ങളിലൂടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു.

സ്വയം പര്യാപ്തരായിരുന്നിട്ടും കുടുംബങ്ങൾ തമ്മിലും, സാമൂഹിക പരമായും പരസ്പരം സഹായിച്ചിരുന്നു.ഒറ്റപ്പെട്ട ഒരവസ്ഥ ആരും തന്നെ അനുഭവിച്ചിരുന്നില്ല. ചാരിറ്റി പോലുള്ള സംവിധാനങ്ങളുടെ ആവശ്യം പോലും ഉണ്ടായിരുന്നില്ല. ഒരോ കുടുംബങ്ങളിലും ഏറ്റവും കുറഞ്ഞത് 3 തലമുറ വരെയെങ്കിലും ഉണ്ടാകുമായിരുന്നു ഒരേ സമയം. പാർശ്വവല്ക്കരിക്കപ്പെടാതെ എല്ലാവരും ഉല്കൊള്ളുന്ന ജീവിത വ്യവസ്ഥ അവർ പങ്കിട്ടു പോന്നു.



1965 മുതൽ റൊസ്സറ്റൻസ് അവരുടേതായ സംസ്കാരത്തിൽ നിന്നും അകന്ന് അമേരിക്കൻ നഗരവല്ക്കരണവുമായി അടുക്കുവാൻ ആരംഭിച്ചു. പരസ്പര ബന്ധങ്ങളിൽ, സഹായങ്ങളിൽ വിള്ളലുകൾ വീണു തുടങ്ങി. അണു കുടുംബമെന്ന ചിന്താഗതിയിലൂടെ അവർക്കിടയിൽ വേലിക്കെട്ടുകൾ ഉയർന്നു വന്നു. സാമൂഹിക കെട്ടുപാടുകൾ കാണാ കാഴ്ചകളായി. അവിടം മുതൽ “റൊസ്സറ്റൊ എഫക്റ്റിനു” ക്ഷയം സംഭവിച്ചു തുടങ്ങിയിരുന്നു. താമസിയാതെ തന്നെ അതിന്റെ പാർശ്വഫലവും അവരിലേക്കു കടന്നെത്തിക്കൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം 1971ൽ 45 വയസ്സിനു താഴെയുള്ള ഹൃദയ സ്തംഭനം മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാലക്രമേണ ചരിത്ര പരമായ ഒരു വസ്തുതയായി മാറിക്കഴിഞ്ഞു റൊസ്സറ്റൻസും അവർക്കിടയിലെ റൊസ്സറ്റൊ എഫക്റ്റും..

സാമൂഹിക പ്രവർത്തനങ്ങൾ പുഛ ഭാവത്തോടെ നോക്കിക്കാണുന്ന നമ്മൾ എറിയുവാനായി ഉന്നം പിടിച്ചു നില്ക്കുന്ന കല്ലുകൾ ആ കിഴവന്മാരിൽ പതിക്കും മുമ്പേ, നമ്മുടെ ഇടതു ഭാഗത്തു കൂടി ഒരു മിന്നൽപിണർ കടന്നു പോയേക്കാം. അദൃശ്യമായൊരു സുരക്ഷാവലയം നമുക്കന്യമായിരിക്കുന്നിടത്തോളം കല്ലുകൾ പോലും നമ്മെ പരിഹസിച്ചെന്നും വരാം.

മതാദ്ധ്യാപനങ്ങൾ തിരയുമ്പോൾ പ്രവാചകന്റെ വാക്കുകൾ ഇങ്ങനെ കാണാവുന്നതല്ലേ..“ നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുവിൻ”.. മറ്റൊരിടത്ത് “ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണു അതിന്റെ ചില ഭാഗങ്ങൾ ചില ഭാഗങ്ങളെ ശക്തിപ്പെടുത്തും”....

തിരിച്ചറിയുവാൻ വൈകിപ്പോകുന്നു പകൽ പോലെയുള്ള പല യാഥാർത്ഥ്യങ്ങളും, അതിലൂടെ നഷ്ടപ്പെടുന്നതോ ജീവിത ലക്ഷ്യമാകുന്ന സ്വർഗ്ഗീയ താഴ്വരകളും!!!

ചുറ്റുപാടിൽ പലസംഭവങ്ങളും നടക്കുന്നു ഇതുമായി ബന്ധപ്പെടുത്താവുന്നവ. അതിൽ നിന്നും ഒന്നിനെ ഒരു ഉദാഹരണമായി ഞാൻ പരിചയപ്പെടുത്തുന്നു. ഇവിടെ ക്ലിക്കുക

34 comments:

  1. നല്ല എഴുത്
    ആശംസകള്‍
    പ്രക്രതിയെ മനസ്സിലാകി ദൈവത്തെ നമിച്ച് ജീവിക്കുമ്പോള്‍ മാത്രമാണ് നമ്മളില്‍ നന്മയുടെ നല്ല സ്വഭാവങ്ങള്‍ ഇണങ്ങിചേരികയൊള്ളു എന്ന വസ്തുത് ഇന്ത്യയുടെ പ്രാചീന കാലത്തെ നാഗരിക സമൂഹം നോക്കിയാല്‍ തന്നെ നമുക്ക് വ്യക്തം, നഗര വല്‍കരണതില്‍ അണുകുടുമ്പവും മറ്റും കേറി കൂടിയപ്പോള്‍ തമ്മില്‍ തമ്മിലുള്ള സഹവാസങ്ങളും സഹായങ്ങളും വളരെ കുറഞ്ഞു എന്നും പറയാം

    ReplyDelete
  2. ഇന്നത്തെ തലമുറയുടെ ഏറ്റവും വലിയ ന്യൂനത അവര്‍ കൂട്ടം കൂടിക്കഴിയുവാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. പണ്ടത്തെ കൂട്ടുകുടുംബവ്യവസ്ഥിതിയൊക്കെ ഇന്ന്‍ അന്യം നിന്നുകൊണ്ടിരിക്കുകയാണ്.എല്ലാ മേഖലയിലും ആധുനികവത്ക്കരണം കടന്നുവന്നതോടെ കുടുംബബന്ധങ്ങളില്‍പ്പോലും അത് വിള്ളലുകളുണ്ടാക്കി.ഇന്ന്‍ തന്റെ തൊട്ടയല്‍പക്കത്ത് താമസിക്കുന്നതാരാണെന്നുപോലും ബഹുഭൂരിപക്ഷത്തിനും അറിയില്ല.പുതുതലമുറ ബന്ധങ്ങളുടെ തീവ്രതയും ഇഴയടുപ്പവും കുടുംബക്കൂട്ടായ്മകളുടെ ഗുണവുമെല്ലാം മനസ്സില്ലാക്കിവരുമ്പോഴേയ്ക്കും എല്ലാം തീര്‍ന്നിട്ടുണ്ടാകും

    നല്ല എഴുത്ത് ജെഫു..അഭിനന്ദനങ്ങള്‍..(കുറേയേറെ ചിത്രങ്ങള്‍ ലേഖനത്തില്‍ ചേര്‍ക്കുന്നതുകൊണ്ട് എന്താണു ഗുണം.??)

    ReplyDelete
  3. വളരെ വലിയ ഒരു ചര്‍ച്ചയാണ് ജെഫുവിന്റെ ഈ വായനയിലൂടെ ഉരുത്തിരിഞ്ഞു വരുന്നത് കൂട്ട് കുടുംബ വേവെസ്ഥിതിയില്‍ അണുകുടുംബ വേവെസ്ഥി യിലേക്ക് പരിണ മിക്കുമ്പോള്‍
    സംസ്ക്കാരം മാത്രമല്ല മനുഷ്യരും ഇല്ലാതാവുന്നു

    ReplyDelete
  4. നല്ല എഴുത്ത്. അഭിനന്ദനങ്ങൾ....

    ReplyDelete
  5. ജഫുവിന്റെ കാഴ്ചപ്പാടുകള്‍ വ്യക്തമായി അവതരിപ്പിച്ചു.അഭിനന്ദനങ്ങള്‍

    ReplyDelete
  6. കൂടുമ്പോള്‍ ഇമ്പം തരുന്നത് കുടുംബം.. വരാനിരിക്കുന്ന തലമുറയെ സാമൂഹ്യ ഘടനയുമായി ബന്ധിപ്പിക്കുന്ന കണ്ണി കൂടിയാണത് . സമൂഹവുമായുള്ള കുഞ്ഞിന്റെ ബന്ധം അത്‌ നിര്‍ണയിക്കുന്നു. സമൂഹത്തിലെ അംഗങ്ങളെ ഏകീകരിച്ച്‌ തങ്ങളില്‍ നല്ല സംസ്ക്കാരവും പ്രത്യയശാസ്ത്രപരവുമായ ധര്‍മവും നിറവേറ്റാന്‍ അവരെ മാറ്റിയെടുക്കുന അടിസ്ഥാന ഘടകവും കുടുംബമാണ്. കുടുംബത്തിന്റെ അവസ്ഥ ജീര്‍ണിക്കുകയോ തകര്‍ക്കപ്പെടുകയോ ചെയ്താല്‍എതോരുവന്റെയും ഭാവി അപകടത്തിലാകുംഅത് മുഖേന നാഗരികതയും . ഇന്ന് എല്ലാം അണുകുടുംബത്തിലേക്ക് മാറിയിരിക്കുന്നു..

    എന്നാല്‍ ഇസ്ലാമില്‍ ദൈവസംതൃപ്തി നേടാന്‍ ഏറ്റവും പ്രധാനപ്പെട്ട ഉപാധികളിലൊന്നു കുടുംബം നന്നാക്കലാണ് . കുടുംബത്തിലെ ബാധ്യതകള്‍ നിര്വ്വഹിക്കുംപോള്‍ അവനു ഈ ലോകത് മാത്രമല്ല സമാധാനം ലഭിക്കുന്നത് അവന്റെ പാരത്രീക ലോകവും സമാധാന പൂര്‍ണ്ണമാകും. കുടുംബ ജീവിതം തീരെ വേണെടന്നുവെക്കുന്നതും അവസാനകാലത്ത്‌ കുടുംബത്തെ ഉപേക്ഷിക്കുന്നതും ജീവിതത്തില്‍നിന്നുള്ള ഒളിച്ചോട്ടമായി മതം അനുശാസിക്കുന്നു.. സ്വന്തം കാലില്‍ നില്‍ക്കാനായാല്‍ പോലും മരണം വരെ ഏതെങ്കിലും തരത്തിലുള്ള പരാശ്രയം ഏതൊരാള്‍ക്കും ആവശ്യമാണ്‌ . വാര്‍ധക്യത്തില്‍, ശൈശവത്തിലെന്നപോലെ അവന്‍ തീര്‍ത്തും പരാശ്രിതനായി മാറുന്നു. അതിനാല്‍ വാര്‍ധക്യത്തിലെത്തുന്ന മാതാപിതാക്കളുടെ സംരക്ഷണവും കുടുംബത്തിന്റെ ഒരു പ്രധാന ലക്ഷ്യമാണ്‌.


    ചുരുക്കത്തില്‍ മാതാപിതാക്കള്‍ക്കും സന്താനങ്ങള്‍ക്കും ഒരുപോലെ സംരക്ഷണവും സംതൃപ്തിയും ഭദ്രതയും നല്‍കുന്ന ഒരു സാമൂഹ്യ സ്ഥാപനം എന്നതാണ്‌ കുടുംബത്തിന്റെ പ്രസക്തി.കുത്തഴിഞ്ഞ ഭോഗപരതയെ അത്‌ വിലക്കുന്നത്‌, അത്‌ കുടുംബത്തെ ദുഷിപ്പിക്കുകയും തകര്‍ക്കുകയും ചെയ്യും എന്നുള്ളതുകൊണടാണ്‌. കുടുംബത്തിന്റെ അടിവേരായ മാതാപിതാക്കള്‍ക്ക്‌ ഉന്നതസ്ഥാനം നല്‍കുകയും അവരെ നന്നായി സംരക്ഷിച്ച്‌ പരിപാലിക്കണമെന്ന്‌ ഉണര്‍ത്തുകയും ചെയ്യുന്നുണട്‌ ഖുര്‍ആന്‍.. സാഹചര്യങ്ങളനുസരിച്ച്‌ അടുത്തതും അകന്നതുമായ ഒട്ടേറെ ബന്ധങ്ങളെ ഈ കുടുംബപരിപാലന വ്യവസ്ഥ ഉള്‍ക്കൊള്ളുന്നു....

    ReplyDelete
  7. തീര്‍ച്ചയായും,
    ബന്ധങ്ങള്‍ എപ്പോഴും നമ്മുക്ക് നല്‍കുന്ന സുരക്ഷിതത്വം തിരിച്ചറിയാന്‍ കഴിയുന്നില്ല എന്നതാണ് പരമമായ സത്യം.............................!!!

    ReplyDelete
  8. തീര്‍ത്തും കാലിക പ്രസതമായ ഒരു ചിന്തയാണ് ജെഫു ഇവിടെ കാര്യകാരണങ്ങള്‍ സഹിതം പങ്കു വെക്കുന്നത്.

    മനുഷ്യന്‍ എന്ന സോഷ്യല്‍ അനിമല്‍ തങ്ങളുടെ സാമൂഹികമായ കര്‍ത്തവ്യങ്ങള്‍ മറന്നു തങ്ങളിലേക്ക് മാത്രം ചുരുങ്ങി ടെന്‍ഷനും പ്രഷറും കൂട്ടി അധോമുകരായി മാറുമ്പോള്‍ അതെങ്ങിനെ അവരുടെ ആയുസ്സിനെ ബാധിക്കുന്നു എന്ന് റൊസറ്റെൻസിനേ വിശദീകരിച്ചു കൊണ്ട് ലേഖകന്‍ സമര്‍ഥിക്കുന്നു.

    "താനും തന്റെ മക്കളും" എന്ന ഇടുങ്ങിയ മനസ്ഥിതിയിലേക്ക് മനുഷ്യ ബന്ധങ്ങള്‍ ചുരുങ്ങിപ്പോയ ഈ കാലഘട്ടത്തില്‍ ഏറെ പ്രസക്തമാണ് ലേഖനം ചര്‍ച്ച ചെയ്ത വിഷയം. മാനസിക ആരോഗ്യമാണ് ഏറ്റവും വലിയ പ്രധിരോധം. ചികിത്സ വേണ്ടത് നമ്മുടെ മനസ്സ് തന്നെയാണ്.

    കാര്യങ്ങള്‍ പഠനങ്ങളിലൂടെയും തെളിവുകളുടെ പിന്ബലത്തോടെയും പറയുമ്പോള്‍ എഴുത്ത് അര്‍ത്ഥപൂര്‍ണവും വായന പഠനാര്‍ഹാവുമാകുന്നു. അതുകൊണ്ട് തന്നെ ഈ ലേഖനം അവസരോചിതവും ചിന്തനീയവുമാണ്. വല്ലപ്പോഴും നാം ചിന്തിക്കണം നമ്മെപ്പറ്റി മാത്രമല്ല നമ്മുടെ ചുറ്റുപാടുകളെ പറ്റിയും.

    എഴുത്തിന്റെ നിലവാരത്തിലും ലേഖനം മികവു പുലര്‍ത്തി. ആശംസകള്‍.

    ReplyDelete
  9. തെളിച്ചമുള്ള കാഴ്ച!

    ReplyDelete
  10. കുടുംബ ബന്ധങ്ങൾ കൂട്ടിചേർക്കുക എന്നത് വലിയ പുണ്ണ്യമുള്ള കാര്യമാണ്. കൂട്ടിചേർക്കുക എന്നത് കൊണ്ടുദ്ദേശിക്കുന്നത്, വിട്ടുപോയ ബന്ധങ്ങളെയാണ്, ഉള്ളത് നില നിർത്തുകയും വിട്ട് പോയത് ചേർക്കുകയും ചെയ്താൽ അതെത്ര മഹത്വമുള്ളതായി തീരും! കുടുംബ ബന്ധങ്ങൾ അയല്പക്ക ബന്ധങ്ങൾ എല്ലാം നന്നായാൽ സമൂഹം നന്നാവും, ആരോഗ്യ പരമായ ജീവിത രീതിയും വളരും. നല്ല പോസ്റ്റ്, അഭിനന്ദനം

    ReplyDelete
  11. റൊസറ്റെൻസ് എന്നൊരു ചെറു സമൂഹത്തിലെ ഇന്നലകളിലെ സന്തോഷവും വര്‍ത്തമാനകാലത്തെ അവരുടെ ജീവിതത്തില്‍ വന്ന നിലപാട് മാറ്റവും തത്ഫലമായി കാണപ്പെടുന്ന 'നന്മയുടെ ' ശോഷണവും പരിചയപ്പെടുത്തുന്നത് അവരുടെ മാത്രം പ്രശ്നമെന്നാണോ.? തനതു ജീവിതത്തിലേക്ക ധിനിവേശം നടത്തുന്ന പുതിയതും അപരിചതുമായ ശക്തികള്‍. പ്രലോഭനങ്ങളിലൂടെയോ പ്രകോപനങ്ങളിലൂടെയോ എങ്ങനെയുമാവട്ടെ.. അത് ജീവിതമെന്ന ജീവിതമെന്ന തുടര്‍പ്രക്രിയയുടെ അനുസ്യൂതമായ ഒഴുക്കിനെ എങ്ങനെയെല്ലാം ബാധിക്കുന്നുവെന്ന് ഒരുവേള ചിന്തിക്കാന്‍ സഹായകരമാകുന്ന ഈ എഴുത്തിനു അഭിനന്ദനങ്ങള്‍.

    എവിയാവാം പിഴച്ചത്...? പിറവിയിലോ, അതോ പിച്ചവെച്ചു തുടങ്ങിയടത്തു തന്നെയോ? അതോ, ഒറ്റക്ക് നടക്കാന്‍ തീരുമാനിച്ചപ്പോഴോ? അതെ, യാത്രയെല്ലാം 'തനിയെ' അനുഭവിക്കാമെന്ന സ്വാര്‍ത്ഥതയില്‍ നിന്ന് തന്നെയാണ് പിഴവിന്‍റെ പിറവി. കൂട്ടുകൂടുകയും കൂടെ കൂട്ടുകയും കൂട് വിശാലമാക്കുകയും വരികില്‍ നമുക്കാസ്വദിക്കാം ജീവിതങ്ങളെ.. ജെഫുവിനു ആശംസ.!

    ReplyDelete
  12. ജെഫു. എഴുത്ത് നന്നായി.. ബന്ധങ്ങള്‍ സുദൃഡമാകട്ടെ...

    ReplyDelete
  13. നല്ല ഉദ്യമം... ആ പരിചയപ്പെടുത്തിയ ഉദാഹരണത്തിനും നന്ദി ജെഫു

    ReplyDelete
  14. നന്നായി!
    ഒന്നാകാന്‍ ഈ പോസ്റ്റ്‌ ഒരു രാസത്വരകമാകട്ടെ, അങ്ങനെയങ്ങനെ നമ്മുടെ ആയുസ്സ്‌ ഓരോ കൊല്ലത്തിനും അമ്പതിനായിരം ദിവസങ്ങളുള്ള ആയിരം വര്ഷം നമുക്ക്‌ ജീവിക്കാനാകട്ടെ

    ReplyDelete
  15. വേണ്ടാത്തതെല്ലാം അനുകരിക്കാന്‍ ശ്രമിക്കുന്ന നമ്മള്‍ ഇത്തരം കാര്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ ശ്രമിച്ചെങ്കില്‍..
    ആശംസകള്‍.

    ReplyDelete
  16. ഈ പങ്കു വെയ്ക്കല്‍ ഇഷ്ടായി...നന്ദി, ആശംസകള്‍.

    ReplyDelete
  17. ജെഫു
    1965 കളോടെ അതായത് 45 കൊല്ലം മുന്‍പ് റൊസ്സറ്റൻസ്”
    സ്വന്തം സംസ്കാരം കൈവിട്ടു അമേരിക്കന്‍ ജീവിത രീതിയോട് അടുക്കാന്‍ തുടങ്ങി എന്ന് പറയുന്നു ...എന്തിനു പാശ്ചാത്യ ഉദാഹരണങ്ങള്‍ തേടി പോകണം /മുപ്പതോ നാലപ്പത്തി അഞ്ചോ കൊല്ലം മുന്‍പുള്ള കേരളീയ സമൂഹം എങ്ങനെയായിരുന്നു ?കുടുംബ ബന്ധങ്ങളുടെ അവസ്ഥ എന്തായിരുന്നു ? ഇപ്പോള്‍ എന്താണ് സ്ഥിതി ? ഇതൊക്കെ പരിശോധിച്ച് കൂടെ ? നമ്മുടെ ജീവിത രീതി ,കാര്‍ഷിക വ്യവസ്ഥ , കച്ചവട സംസ്കാരം ,വ്യവസായ രീതികള്‍,വിദ്യാഭ്യാസം എല്ലാം മാറ്റങ്ങള്‍ക്കു വിധേയമായില്ലേ ? അവിയലും സാമ്പാറും ,മോരും ,ചമ്മന്തിയും ഒക്കെ കൂട്ടി നല്ല കുത്തരി ചോറ് ഉണ്ടിരുന്ന നമ്മളും പുതിയ തലമുറയിലെ കുട്ടികളും ചിക്കന്‍ ഫ്രൈയും പൊറോട്ടയും ,ഷാര്‍ജ ഷേക്കും ,ഒക്കെ ശീലിച്ചു തുടങ്ങിയില്ലേ ഇന്ന് എവിടെയും ചൈനീസും യൂറോപ്യനും ചേര്‍ന്ന ഭക്ഷണത്തിനല്ലേ പ്രാധാന്യം ?
    വിലപേശി വാങ്ങുകയും വില്‍ക്കുകയും ചെയ്തിരുന്ന നാടന്‍ കടകള്‍ സൂപ്പര്‍ മാര്‍ക്കറ്റു കള്‍ക്ക് വഴിമാറിയില്ലേ? ഇങ്ങനെ സംസ്കൃതികള്‍ മാറി മറിഞ്ഞതിലൂടെ ആരോഗ്യ രീതിയും മാറി .അധ്വാനം കുറഞ്ഞു പകരം മാനസിക സംഘര്‍ഷം ഏറ്റെടുത്തു ,,ആയുസും കുറഞ്ഞു ,,സിമ്പിള്‍ ..
    ഒരു മടങ്ങിപ്പോക്ക് എളുപ്പമല്ലെങ്കിലും അതിനുള്ള ശ്രമംങ്ങള്‍ ഉണ്ടാകണം ..

    ReplyDelete
  18. ജെഫു ..വളരെ ചിന്തനീയമായ ഒരു

    പോസ്റ്റ്‌ .കൂട്ട് കുടുംബ വ്യവസ്ഥിതിയുടെ

    പോരായ്മകലെക്കാള്‍ ‍ നന്മകള്‍ ആയിരുന്നു

    അധികം എന്ന് പലപ്പോഴും തോന്നാറുണ്ട്

    ഇന്നത്തെ anu കുടുംബങ്ങളുടെ

    പല ഗതി കേടുകള്‍ ‍ കാണുമ്പോള്‍ ...

    ReplyDelete
  19. പ്രിയപ്പെട്ട ജൈഫു,
    അറിവുകള്‍ പങ്കു വെച്ച ഒരു നല്ല പോസ്റ്റ്‌!വ്യതസ്തമായ ഒരു ആശയം!നന്നയി തന്നെ എഴുതി കേട്ടോ...കൂട്ടുകുടുംബത്തിലെ ജീവിതം വളരെ മനോഹരമാണ്!ബന്ധങ്ങള്‍ ശക്തമാണ്!
    ഇന്ഷ അള്ള!
    മനോഹരമായ ഒരു രാത്രി ആശംസിച്ചു കൊണ്ടു,

    സസ്നേഹം,
    അനു

    ReplyDelete
  20. കുടുംബ ബന്ധം ചേര്‍ത്താല്‍ ആയുസ് വര്‍ദ്ധിക്കും എന്ന ഒരു നബി വചനവും ഉണ്ട്.....ഒരു പ്രത്യേക വിഭാഗത്തെ പരിചയപ്പെടാന്‍ കഴിഞ്ഞു......

    ReplyDelete
  21. സാംസ്കാരിക അധിനിവേശമാണ് ഇവിടെ വില്ലന്‍. ഓരോ നാഗരിഗതകളും കടം കൊള്ളുന്ന സംസ്കാരം അവരുടെ പ്രകൃതിയെ തന്നെ നശിപ്പിക്കുമെന്ന് നാം തിരിച്ചറിയേണ്ടതുണ്ട് .

    ReplyDelete
  22. നാം ആരോഗ്യമുള്ളവരാവണമെങ്കിൽ പ്രകൃതിയിലേക്ക് മടങ്ങുകയും ജീവിത - ഭക്ഷണ രീതികൾ മാറ്റുകയും വേണം. ദൈവം തന്ന രണ്ട് പ്രധാന അനുഗ്രഹങ്ങളാണ് ആരോഗ്യവും സമയവും.

    ReplyDelete
  23. ഗ്രീറ്റിങ്ങ്സ് ഫ്രം കൊക്കാലെ.
    വിശദമായി വായിച്ചിട്ട് വീണ്ടും കുത്തിക്കുറിക്കാം

    ReplyDelete
  24. പ്രസക്തമായ എഴുത്ത്
    "കുടുംബ ബന്ധം മുറിക്കുന്നവന്‍ സ്വര്‍ഗ്ഗത്തില്‍ പ്രവേശിക്കുകയില്ല" എന്നും നബി വചനം...

    ReplyDelete
  25. നന്നായിട്ടുണ്ട് ഇഷ്ട്ടായി എന്റെ ആശംസകള്‍

    ബൈ എം ആര്‍ കെ http://apnaapnamrk.blogspot.com/

    ReplyDelete
  26. കൊള്ളാം.
    നല്ല എഴുത്ത്.
    ചിന്തനീയമായ വിഷയം.

    ReplyDelete
  27. നല്ല ചിന്ത. ജീവിക്കാന്‍ മറന്നുപോയത് ഓര്‍മ്മ വരുന്നത് പലപ്പോഴും മരണക്കിടക്കയില്‍ വെച്ചായിരിക്കും. അനാവശ്യ ഭക്ഷണങ്ങള്‍ കഴിച്ചും മാനസിക പിരിമുറുക്കങ്ങള്‍ സൃഷ്ടിച്ചും നാം തന്നെ നമ്മുടെ ജീവിതം നശിപ്പിക്കുമ്പോള്‍ റൊസെറ്റെയുടെ നല്ല ഇന്നലെകള്‍ നമുക്ക് മാതൃകയാണ്. മതങ്ങള്‍ പഠിപ്പിക്കുന്ന ലളിതജീവിതവും കുടുംബബദ്രതയും നാമിനിയെങ്കിലും പകര്‍‌ത്തിയേണ്ടിരിക്കുന്നു

    ReplyDelete
  28. തിരിച്ചറിയുവാൻ വൈകിപ്പോകുന്നു പകൽ പോലെയുള്ള പല യാഥാർത്ഥ്യങ്ങളും, അതിലൂടെ നഷ്ടപ്പെടുന്നതോ ജീവിത ലക്ഷ്യമാകുന്ന സ്വർഗ്ഗീയ താഴ്വരകളും!!

    ജെഫു ..ഇവിടെത്താന്‍ താമാസിച്ചതിനു പരിഹാരമായി എല്ലാ പോസ്റ്റുകളും വായിച്ചുകൊണ്ടിരിക്കുന്നു ...

    ReplyDelete
  29. ജെഫു ,ഉപയോകപ്രഥമായ ഒരു പോസ്റ്റ്‌ ..ഒരു നിമിഷം ഇരുന്നു ചിന്തിച്ചു !!കാണിച്ചു തന്ന ഉദാഹരണം അത് കൂടുതല്‍ അവസരോചിതമായി ..ചിന്താവഹവും!!പിന്നെയും പിന്നെയും ചിന്തിച്ചു പോകുന്നു എന്തെ എനിക്കൊന്നും ആകുന്നില്ല !അല്ലെങ്ങില്‍ എന്തുകൊണ്ടെനിക്കുംആയികൂടാ !നന്ദി ,ചിന്തിപിച്ചതിന്നു ,മാര്‍ഗം കാണിച്ചുതന്നതിനു.പ്രാര്‍ത്ഥനയോടെ ...

    ReplyDelete
  30. ജെഫു, കുത്തഴിഞ്ഞ ജീവിതക്രമങ്ങളും ബന്ധങ്ങളില്‍ സംഭവിക്കുന്ന വിള്ളലും മനുഷ്യന്റെ ആയുസ്സിനെ എങ്ങനെ ബാധിക്കുന്നു എന്നതിനെപ്പറ്റി മനോഹരമായി വിവരിക്കുന്ന ഒരു പോസ്റ്റ്. ഒത്തിരി അഭിനന്ദങ്ങള്‍!!

    ReplyDelete
  31. സന്ദർശിച്ച, അഭിപ്രായങ്ങൾ രേഖപ്പെടുത്തിയ എല്ലാ സഹോദരി സഹോദരങ്ങൾക്കും ഹൃദയം നിറഞ്ഞ നന്ദി..

    ReplyDelete
  32. ജെഫു .. ഈ പോസ്റ്റ്‌ വായിച്ചിരുന്നില്ല
    ഇന്നലെ നാമൂസ് ലിങ്ക് ഇട്ടതു അനുസരിച്ച് ഇവിടെയെത്തി ..
    ഇന്നത്തെ അണുകുടുംബ വ്യവസ്ഥിതിയും സാമൂഹ്യ പശ്ചാത്തലവും
    മനുഷ്യന്റെ ആയുര്‍ ദൈര്‍ഘ്യത്തില്‍ വരുത്തുന്ന വ്യതിയാനം ജെഫു
    ഉദാഹരണ സഹിതം ഇവിടെ കുറിച്ച് വെച്ചു. കുറിച്ചതത്രയും വാസ്തവം എന്ന് പറയാതെ വയ്യ ..
    ആശംസകള്‍

    ReplyDelete
  33. ജെഫ്ഫു പകര്‍ന്നു തന്നത് ഒരു പുതിയ അറിവാണ്.
    ഇന്ന് നഷ്ടമായിക്കൊണ്ടിരിക്കുന്നതും സമൂഹത്തിന്റെ മാനവീകതയുടെ മുഖമാണ്. അതുതന്നെയല്ലേ ഉള്ളിന്റെയുള്ളിലെ നന്മയും. ഹൃദയം ശുദ്ധമായാല്‍ ആയുസ്സ് താനെ കൂടും ഇല്ലേ? :)

    ReplyDelete

വല്ലതും പറയണമെന്നു തോന്നുന്നുവെങ്കിൽ..