Friday, 17 December 2010

മോചനം

സ്വയം പര്യാപ്തരെന്ന
സ്വാർത്ഥ ഭാവത്തിലെ...
മേച്ചിൽ പുറങ്ങളായ
പ്രൊഫഷണൽ ചിന്തകൾ.....
സമന്തരങ്ങളായതല്ലാതെ
കണ്ടുമുട്ടിയതില്ലൊരിക്കലും

ഹൃദയത്തിൽ ചാർത്തിയ
കയ്യൊപ്പിനു പകരമായ്...
ഒന്നിലൊന്നായ് അലിഞ്ഞ
ഇരു ശരീരങ്ങൾ....
ജീവിത പങ്കാളികളായ്
കരുത്ത് പകർന്നവർ...
ഭാഗിച്ചെടുത്തു; ഏകാന്തതയിലെ
നിശബ്ദ തീരം

നാട്യമാടുന്ന നടന വേഷങ്ങൾ
പുതിക്കിയെഴുതി കയ്യൊപ്പുകൾ..
പ്രമാണങ്ങളിൽ...
മരവിച്ച മഷിത്തുള്ളിയാൽ
തുറന്നിട്ടു ഹൃദയ വാതായനം...
പുറത്താക്കലിന്നു മാത്രമായ്

മൊഴിചൊല്ലൽ; സ്വാതന്ത്ര്യതിന്റെ
നീറുന്ന പ്രഖ്യാപനം...
ആധുനികതയുടെ വീർപ്പുമുട്ടലിൽ
ഇരുൾ മൂടിയ ജീവചര്യ

പടിപ്പുരയിൽ മൂകസാക്ഷിയായ്
ആട്ടമറിയാത്ത പിഞ്ചു ബാല്യം
ബന്ധത്തിന്റെ തിരുശേഷിപ്പ്..
ദിക്കറിയാത്ത ഭാവിക്കു മുന്നിൽ......

Wednesday, 1 December 2010

നെഞ്ചിടിപ്പുകൾ

നിയോഗമാണെന്നിൽ നിന്നെ തളയ്ക്കുവാൻ
പാദചലനങ്ങൾ നിനക്കു സംവേദിക്കുവാൻ
നന്ദിയോ നിന്ദയോ നിനക്കുള്ള ഭാവം
കരുത്തനാം ലോഹമേ... നീയെൻ കാൽ ചുവട്ടിലല്ലെ

പകലൊഴിഞ്ഞയെൻ നടവഴികൾ
ഭയപ്പാടിന്റെ മേച്ചിൽ പുറങ്ങൾ
രക്ഷനേടുവാനായുള്ള രോദനങ്ങൾ
ചുറ്റുപാടുകൾക്കരോചകങ്ങളായ്

ഇരുൾ മുറ്റിയ പകലുകളിലെപ്പൊഴോ
ചിന്തയിൽ മിന്നിയ കൊള്ളിയാൻ രശ്മികൾ
വഴിവിളക്കായതെന്റെ ഓർമ്മയിൽ
വീണുടഞ്ഞതിൽ ചുവന്ന കണ്ണുനീർ

ഊഷ്മളമായ സ്നേഹബന്ധങ്ങളിൽ
ചേർന്നിരുന്നു; ഒരു കണ്ണിയായ് ഞാനും
ആടിത്തീർക്കുവാനുള്ളീ ബന്ധനത്തിൽ
ഒരേ ആത്മാക്കളല്ലോ... നാമിരുവരും

Monday, 15 November 2010

കർമ്മ ബോധം

അർപ്പണ ബോധത്തിന്റെ മൂർത്ത ഭാവം;
കാലം സ്വീകരിച്ചു ചരിത്രാക്ഷരങ്ങളായ്...
മാതൃകാദ്ധ്യാപനങ്ങളായ് മനുഷ്യകുലത്തിനു
നാഥനോടുള്ള കീഴ്വഴക്കത്തിന്റെ ഭാഷയിൽ;
സമത്വ സന്ദേശം അരാധനയുടെ ഭാഗമായ്
രാപകലിന്റെയോരോ നിമിഷങ്ങളിലും
പ്രപഞ്ചത്തിലെ ചരാചരങ്ങൾ
ഉറ്റുനോക്കുന്നു ഒരേയൊരു ബിന്ദുവിൽ

അധരങ്ങളിൽ വിറകൊള്ളുന്നു ഒരേയൊരു മന്ത്രം
സ്പന്ദിക്കുന്നു ഹൃദയങ്ങൾ ഒരൊറ്റ താളത്തിൽ...
ഒരേയൊരു ലക്ഷ്യത്തിൽ
ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്...

Tuesday, 9 November 2010

കളിത്തോഴി

കനിഞ്ഞു നല്കി നീയെനിക്കെന്റെ ബാല്യം
എനിക്കന്യമായ് ശേഷിച്ച ജീവ തീരം
ചെളിവെള്ളം തല്ലിത്തെറിപ്പിച്ച കുസൃതിയാൽ
ചുട്ടെടുത്ത മണ്ണപ്പത്തിന്റെ ഭാഷയിൽ..
നനഞ്ഞൊട്ടിയ ചാറ്റൽ മഴയിലും
നീറ്റൽ നല്കിയ കമ്മൂണിസ്റ്റ് പച്ചയും
കുപ്പിക്കുള്ളിലെ തിളങ്ങുന്ന പരൽ മീനുകളും
കാവിലെ എണ്ണിവെച്ച മഞ്ചാടിക്കുരുക്കളും
പങ്കുവക്കാനായെത്തി നമ്മൾ
പ്രായം മറന്ന വൈകാരിക തൃഷ്ണയാൽ
നട്ടു വളർത്തിയ ഈ സൗഹൃദത്തണലിൽ
വിരിയിച്ചു നാമോരോ പൊൻപുലരികളും
വാക്കുകൾക്കലങ്കാരമായ് സഭ്യതകൾ
നഗ്നമാം നമ്മുടെ സംവേദനങ്ങളിൽ

വരദാനമായെന്റെയോരോ നിമിഷങ്ങളിൽ
കണ്ടു ഞാൻ നീയെന്നയെൻ നഷ്ട ഭാവം
ചേർത്തു വെക്കട്ടെ ഞാനെന്റെ പൗരുഷങ്ങൾ
സ്വീകരിക്കുമോ തോഴീ... ഒരു കിനാവിലെങ്കിലും

Thursday, 14 October 2010

നൂലുകെട്ട്

നിലച്ചു പോയെൻ നിളയുടെ നാദം
പ്രാണനിൽ കവിഞ്ഞൊഴുകിയ സുന്ദര ഗാനം
ജീവന്റെ കണികയിൽ വരപ്രസാദങ്ങളായ്‌
വരണ്ട മനസ്സതിൽ മോഹതീർത്ഥങ്ങളും...
എന്റെ രേതസ്സിൻ തുള്ളികൾ വിരിയിച്ചെടുത്തവൾ
സ്ത്രീയെന്ന സത്തയിൽ പൂരകമായവൾ...

മൃതമാണു നിൻ ദേഹമെനിക്കു മുമ്പിലെങ്കിലും
നല്കുവാനാവില്ല, ആ പേർ നിനക്കൊരിക്കലൂം
പ്രിയമായ്, പ്രണയമായ്, ജന്മാന്തര സുകൃതമായ്‌
ഇന്നിതാ... നീയെന്റെ ദു:ഖസത്യമായ്‌....

Sunday, 19 September 2010

സംതൃപ്തൻ

പുത്തനുടുപ്പുകൾ അണിഞ്ഞതവരെങ്കിലും
വിഭവ സമ്യദ്ധി എനിക്കന്യമാണെങ്കിലും
തീർത്തുവെന്റെ മനസ്സിലതൊരായിരം നിറവുകൾ...
എന്റെ നഷ്ടങ്ങളെനിക്കുള്ള നേട്ടങ്ങളായ്‌
സ്വപ്നങ്ങൾ അവരെക്കുറിച്ചുള്ള യാഥാർത്യങ്ങളും
സ്വന്തമായതോ!! എനിക്കെന്റെ പ്രാരാബ്ധങ്ങളും...

Thursday, 16 September 2010

പെരുന്നാൾ പുത്തൻ

ഇഷ്കിന്റെ കസവു നൂലുകൾ
തുന്നിപ്പിടിപ്പിച്ച പട്ടുറുമാലിൽ
പൊതിഞ്ഞെടുത്ത വിയർപ്പിന്റെ ഗന്ധം
എനിക്കഭയമായവന്റെ അദ്ധ്വാനത്തിന്നൊരംശം
മുറ തെറ്റാതെയിത്തിയിരുന്നു
പെരുന്നാളിന്റെ സന്തോഷങ്ങളായ്...

മുടങ്ങിയില്ലീ രാവിലും
യാത്ര പോയവന്റെ പാരിതോഷികം
മേൽ വിലാസം തേടിയെത്തിയ ദയാധനം..
എനിക്കായുള്ള പെരുന്നാൾ പുത്തനായ്
രൂക്ഷ ഗന്ധമായ് കർപ്പൂരത്തിന്‌
ശുഭ വസ്ത്രത്തിന്നതലങ്കാരമായപ്പോൾ...

Saturday, 21 August 2010

പാതകൻ

ധാരാളിത്തത്തിന്റെ ജല്പനങ്ങൾ
അന്യമാക്കിയെന്നിൽ ഈശന്റെ വാക്കുകൾ
പുണ്യങ്ങൾ പൂക്കുന്ന മാസത്തിലെപ്പൊഴൊ
ഒഴുകിയെത്തിയൊരു താക്കീതിന്റെ ശബ്ദം..
വേറിട്ടു നിന്ന അക്ഷരത്തിന്റെ വ്യാപ്തികൾ
തീർത്തുവെന്നിലൊരു കടിഞ്ഞാണിന്റെ ബന്ധനം

തൊട്ടറിഞ്ഞു എന്നിലിറങ്ങിയ അനുഗ്രഹങ്ങൾ
കേഴുന്ന ഉദരങ്ങളുടെ പ്രാണനൊമ്പരങ്ങളും..
ഇരുളിന്റെ കോട്ടയിൽ ഞാനേകനായ്
മദ്യമില്ലെന്നിൽ, കാമരൂപങ്ങളില്ല
ലഹരിയുടെ പടവുകൾ താണ്ടിക്കടന്നു ഞാൻ
രതിമൂർച്ചയുടെ സായൂജ്യങ്ങളിൽ മുങ്ങി നിവർന്നു

സ്യഷ്ടാവിലേക്കുള്ള വഴികളിലെ
മത മൂല്യങ്ങൾ മാനുഷികങ്ങളായപ്പോൾ
മാറ്റി നട്ടുവെന്റെ ഇഷ്ടങ്ങളെല്ലാം...
നീട്ടിടുന്നു പാപിയാം ഞാനെന്റെ കൈകൾ
കാരുണ്യവാനേ.. നിന്നിലേക്കുള്ള പ്രാർഥനയായ്
അർഹിക്കുന്നവർക്കുള്ള അവകാശമായ്..

മുറിക്കിടുന്നു ഞാനെന്റെ ഭാണ്ഢം
നേരറിഞ്ഞ ചിന്തക്കളിലൊരു പഥികനായ്..

Monday, 2 August 2010

ഫ്രണ്ട്സ്ഷിപ്പ് ഡെ

നാമ്പിനെയും പൂക്കളെയും തൊട്ടുണർത്താൻ
പുലർക്കാല കിരണങ്ങൾക്കിടയിൽ
മന്ദമാരുതന്റെ സാന്ത്വന സ്പർശമായ്
കടന്നെത്തുമായിരുന്നു നരച്ച പച്ചക്കുപ്പായക്കാരൻ

തേനും വയമ്പും ചാലിച്ച ശിക്ഷണം
പിന്നിട്ടു പച്ചപ്പുകൾ ബാല്യവും കൗമാരവും..
മറ്റൊരു ചന്ദ്രനുദിച്ചിരുന്നു കണ്ണുകളിൽ
മൊട്ടുകൾ പൂക്കുമ്പോൾ...
അധരങ്ങൾ മൗനിയായി
വള്ളികൾ വെയിലേറ്റു വാടുമ്പോൾ..

പറന്നു ചെന്നു ഞാൻ ഈത്തപ്പനത്തണലിൽ
തുറന്നു വെച്ച ഉച്ചഭക്ഷണത്തിനരികിൽ
സംവദിച്ചു ഞങ്ങൾ വിശപ്പിന്റെ ഭാഷയിൽ
വെച്ചു നീട്ടപ്പെട്ടുവെനിക്കൊരപ്പക്കഷ്ണം
പഞ്ചനക്ഷത്രത്തിന്റെ മഹിമയില്ലതിൽ
ഫാസ്റ്റ് ഫുഡിന്റെ തിളക്കവുമില്ല
മേമ്പൊടിയായി വിയർപ്പിന്റെ ഗന്ധം...

കേവലമൊരു കാക്കയായിട്ടും; ഊട്ടുമ്പോളവൻ
കണ്ടുവെന്നിൽ പിച്ചവെക്കുന്ന അവന്റെ പിഞ്ചോമനയെ..
എനിക്കുള്ള പിടിച്ചോറായ്
ആ നടയിലെ നൈവേദ്യങ്ങൾ...

ഇന്നലെയുടെ നേട്ടങ്ങൾ ഇന്നിന്റെ
വേദനകളായ് വീണ്ടുമെന്നിൽ...
അവസാന പ്രാതലും നല്കിയവൻ മറഞ്ഞു
യാത്രാമംഗളത്തിനു കാതോർക്കാതെ
ആരോടു ചോദിപ്പു ഞാനവനെ
ചുറ്റുപാടുകൾക്കു വശമില്ലല്ലോ എന്റെ സംവേദനം

പ്രപഞ്ചത്തിന്റെ ചലനങ്ങളിൽ വിധിക്കുന്നവനെ
ഉരുകുന്നു ഞാൻ നിനക്കു മുന്നിൽ
ഒരു പ്രാർത്ഥനയായ്.. യാചകനായ്..
നഷ്ടമാകരുതാ ഐശ്വര്യമീ ലോകത്തിൽ
തെളിഞ്ഞു നില്ക്കണേ പൂർണ്ണശോഭയിൽ
അവന്റെ കൂരയിൽ... വിണ്ടും കണ്ടുമുട്ടിയില്ലെങ്കിലും

Thursday, 22 July 2010

റീ ഷെഡ്യൂളിങ്ങ്

കൊഴിഞ്ഞു വീണു മറ്റൊരില കൂടി
ഞങ്ങളുടെ കുടുംബത്തിൽ
വാടലേറ്റിരുന്നില്ല; പ്രതീക്ഷയുടെ
ഇളം നാമ്പിന്റെ പച്ച നിറമായിരുന്നു പ്രായം

വിശ്രമകേന്ദ്രം നിർത്തിയിട്ടിരുന്ന വാഹനമായിരുന്നു
ജൂലായ് 6ന്‌ ജന്മനാടയുന്നതിന്റെ
സുന്ദരങ്ങളായ നിമിഷങ്ങൾ കൂട്ടുപിടിച്ച്
അവൻ കടന്നുചെന്നു നിദ്രയുടെ തീരങ്ങളിലേക്ക്

അവന്റെ വിധിയും ചുമന്ന്
കാതങ്ങൾ ഓടിക്കിതച്ചെത്തിയ വാഹനം
ഒരു വേട്ടനായയായ് അവനു മേൽ
കടിച്ചു കീറി ആ സ്വപ്നങ്ങൾ..

മരണത്തിന്റെ ഉമ്മറവാതിലിൽ നിന്നും
ഭിക്ഷയായ് എറിഞ്ഞു കിട്ടിയ നിമിഷങ്ങൾ
കാണിക്കയാക്കി വൈദ്യശാസ്ത്രത്തിന്റെ നടയിൽ
വീണ്ടും പറക്കാനുദ്ധേശിച്ചു ജൂലായ് 24ന്‌

മൗനികളായ; ശരീരത്തിലെ ദുർമേദസ്സുകൾ
പത്തിനിവർത്തിയാടി അവന്റെ പ്രാണനിൽ..
മാലാഖമാരുടെ അകമ്പടിയോടെ
തീരുമാനിക്കപ്പെട്ട ദിവസത്തിന്നും മുൻപേ
അവൻ യാത്രയായ്; ഞങ്ങളെയുമേല്പ്പിച്ച്
അവനഴിച്ചു വെച്ച ഭൗതികരൂപം ഉറ്റവരിലെത്തിക്കാൻ

നിറമിഴികൾ സാക്ഷിയായ്...കടലിരമ്പുന്ന മനസ്സുകൾ..
ഇടറുന്ന പ്രാർത്ഥനകളോടെ അവന്റെ ആഗ്രഹം നിറവേറ്റി
ജൂലായ് 22ലെ മറ്റൊരു വിമാനത്തിൽ...

Sunday, 18 July 2010

ബാച്ച്‌ലർ സോൺ

മുഴുപ്പട്ടിണിയെ അരപ്പട്ടിണിയാക്കാൻ
ഞാനെന്റെ ബാല്യം കടമെടുത്തു
പാഠപുസ്തകങ്ങൾ എനിക്കതിൽ ഭാരമായപ്പോൾ
തലച്ചുമടുകൾ ഞാനതിൻ പകരമാക്കി
നഷ്ടപ്പെട്ട, ഭാവിയിലേക്കുള്ള ആ താക്കോൽ
തിരഞ്ഞതല്ലാതെ തിരിച്ചെടുക്കാനായില്ലൊരിക്കലും..

സ്വപ്നങ്ങൾ നെയ്തെടുക്കാൻ
പ്രപിച്ചുവീ മഹാനഗരത്തിൻ നഗ്നതയെ
കരങ്ങിത്തിരിഞ്ഞ കാലചക്രത്തിൽ
വേർതിരിവുകൾ എനിക്കെന്റെ തോഴനായി
തലചായ്ക്കുന്ന ഈ ചായ്പിലും
ഒരു വേലിക്കിപ്പുറം ബാച്ച്‌ലർ മേഘല

പ്രിയേ! ഭീരുവായിട്ടില്ല ഞാൻ
വിരഹാതുരനായ വിവാഹിതന്റെ
മാളത്തിലൊളിച്ചിട്ടില്ല ഞാനൊരിക്കലും
ഉയർന്ന ജീവിതം ചങ്കിലുണ്ടെങ്കിലും
പൊള്ളുന്ന യാതാർത്ഥ്യങ്ങളാനെന്റെ മുന്നിൽ

അറിയില്ലെനിക്ക് പിഴച്ചതെനിക്കൊ
അടിച്ചേല്പിക്കപ്പെട്ട നിയമങ്ങൾക്കൊ..

Tuesday, 13 July 2010

ഉറക്കം

ഒരു മാസത്തെ വേതനം
ആയിരം ദിർഹം തികയ്ക്കാൻ
നെട്ടോട്ടമോടുന്നവൻ
ഉപേക്ഷിക്കുന്നു അവന്റെ ഉറക്കം.....

ആയിരങ്ങൾക്കു മുകളിൽ;
അതിന്‌ കാവലായി
ശയിക്കുന്നവനെ ഉപേക്ഷിക്കുന്നതും
അവന്റെ ഉറക്കം....

ഇല്ലാത്തവരിലേക്ക്
ആയിരം ചേർത്തു വെച്ചവനെ
ആലിംഗനം ചെയ്യുന്നു
അവന്റെ ഉറക്കം....
കാവലാകുന്നു
ഒരായിരം പ്രാർഥനകൾ.....

Monday, 12 July 2010

നിശ്വാസം

സ്നേഹത്തിന്നും, വേർപാടിനും മദ്ധ്യേയുള്ള
നൂൽ പാലത്തിലൂടെ
കൊച്ചു കൊച്ചു സ്വപ്നങ്ങൾ ചേർത്തു വെച്ച
ഒരു വലിയ ഭാണ്ഢവും ചുമലിലേറ്റി
ഉറയ്ക്കാത്ത ചുവടുകളുമായി നീങ്ങുന്ന
അവ്യക്തമായ ആ രൂപം..
എന്റെ പ്രതിബിംബം!!

നാണയത്തുട്ടിന്റെ കിലുക്കം കല്പനകളാകുന്ന
പൊള്ളുന്ന ചുറ്റുപാടിൽ..
മൂല്യപ്പെടുത്തലുകൾക്ക് എന്നും
അന്യം നില്ക്കുന്ന വിയർപ്പു തുള്ളികൾ
അതിന്റെ അവകാശികളുടെ
പ്രതീകമാണാവ്യക്ത രൂപം...

നിനക്കെങ്കിലും വായിച്ചെടുക്കാൻ
കഴിയുന്നൊ? പ്രിയേ...
ഈ കടലാസു തുണ്ടിലേക്ക്
പകർത്താൻ ശ്രമിച്ച
എന്റെയീ ജീവിത ഗന്ധം..

Sunday, 11 July 2010

പ്രാരാബ്ദം

എന്റെ പട്ടിണി
നിനക്കാഹാരമാകുമെങ്കിൽ
സഖീ.. നിനക്കു കടന്നു വരാം
ഒരു രാജ്ഞിയായ്...
മനസ്സിൽ; നിനക്കായ്
ഞാൻ തീർത്ത
മാണിക്യ കൊട്ടാരത്തിലേക്ക്

Saturday, 10 July 2010

നെടുവീർപ്പുകൾ

പുഞ്ചിരി തൂകുന്ന പൂജാബിംബം
എനിക്കായ് കാത്തിരിക്കുന്നു, എന്ന പ്രതീക്ഷ
അതു മാത്രമാണെന്റെ മടക്കയാത്രക്കുള്ള
ആവേശമെന്നിൽ നിറയ്ക്കുന്നതും.

കാതങ്ങൾക്കപ്പുറത്താണു ഞാനെങ്കിലും
ഞങ്ങളുടെ ഹ്ര്യദയങ്ങൾ സ്പന്ദിക്കുന്നു
ഒരേ വേഗതയിലും, താളത്തിലും;
ഒരൊറ്റ ലക്ഷ്യത്തിൽ.

നിന്നെ സാക്ഷിയാക്കിയല്ലേ
എന്റെ ഹ്ര്യദയത്തിലേക്ക് ഞാനവളെ
കൈ പിടിച്ചു കയറ്റിയത്
നിനക്കു കാഴ്ച വെച്ച കാണിക്കയിൽ
എന്റെ വിയർപ്പിന്റെ ഗന്‌ധമുണ്ടായിരുന്നല്ലൊ?

സുഖമുള്ള ഓർമ്മകൾ, ഇടനെഞ്ചിലൊരു
കനലാകുമ്പോഴും..
ജീവിത സ്വപ്നങ്ങളുടെ പൂർത്തീകരണത്തിന്‌
ഞാൻ കടൽ കടന്നപ്പോൾ
നീയെന്ന സത്യത്തെയല്ലെ
ഞാനവളെ കാവലേല്പിച്ച്ത്
എനീട്ടുമെന്തേ നിനക്കൊരു ഭാവപ്പകർച്ച

ഉഗ്രരൂപികളായ ദുർമേദസ്സുകൾ
അവളുടെ ശരീരത്തിൽ താണ്ഢവമാടിയപ്പോൾ
നിന്റെ ആജ്ഞാനുവർത്തികളായ മാലാഖമാരെവിടെ
അവൾക്കായി സുരക്ഷാവലയം
തീർക്കേണ്ടവരായിരുന്നില്ലേ അവർ?

ഓടിക്കിതച്ചെത്താം നിന്റെ സന്നിധിയിൽ;
അവളെയും ചേർത്തു പിടിച്ച്
തിരിച്ചു തരില്ലേ എനിക്കവളെ, എന്റെ പ്രാണനെ..
ഞാൻ നടത്താം മറ്റൊരു നേർച്ച കൂടി
എന്റെ രക്തം കൊണ്ടൊരു തുലാഭാരം.

Friday, 9 July 2010

മാതൃ(വൃദ്ധ)സദനം

കാഴ്ചകൾ മരിച്ചുവെങ്കിലും,പരതുന്നു; എന്റെ കണ്ണുകൾ
പ്രതീക്ഷയുടെ ഒരു നുറുങ്ങുവെട്ടത്തിനായ്...

നൈമിഷിക സുഖത്തിനും ഉപരി
മനസ്സിനെ മദിച്ചിരുന്നു മാതൃത്വമെന്ന
മഹത്തായ വികാരം.

അടിച്ചേല്പ്പിക്കപ്പെട്ട ഏകാന്തതയിൽ
അമ്മത്തൊട്ടിലായിരുന്നു നിനക്കഭയമായി
ഞാൻ വിധിച്ചിരുന്നതെങ്കിൽ
വിലക്കപ്പെടുമായിരുന്നില്ലേ....
എന്റെ മാറിൽ നിന്നും നീ വലിച്ചെടുത്ത
പ്രാണന്റെ തുള്ളികൾ....

വീണ്ടും ചുരത്താം ഞാനെന്റെ മുലകൾ
എന്റെയീ അന്ത്യയാമത്തിലും
ഒരിക്കൽ കൂടി നീയെന്നിലേക്ക് ഓടിയെത്തുമെങ്കിൽ
എനിക്കൊരു സാന്ത്വനമായ്..

Thursday, 8 July 2010

ശിക്ഷ

ആ പതിഞ്ഞ ശബ്ദം
എനിക്ക് അദ്ധ്യാത്മികതയായിരുന്നു
എന്റെ വന്യതയിൻ മേലുള്ള വിജയമായിരുന്നു
ആ കണ്ണുകളിലെ തിളക്കം
മുടിയിഴകൾ; ഭൂതകാലത്തിൽ നിന്നും
എനിക്കുള്ള മൂടുപടമായി
അവളിലെ ജീവിത വർണ്ണങ്ങൽ കൊണ്ട്
എനിക്കൊരു മുഖച്ചായ വരഞ്ഞിട്ടു
പരിശുദ്ധി; അവളതെന്നിലേക്ക് ചേർത്തു വെച്ചു

ഊടും പാവുമായി ഞങ്ങൾ
ജീവിതം നെയ്യാൻ തുടങ്ങിയപ്പോൾ
അതിലെ കസവു നൂലുകൾ പൊട്ടിച്ചെടുത്ത് കൊണ്ടു
വിധിയെനിക്ക് ശിക്ഷ വിധിച്ചു

“നിന്റെ ചുറ്റുപാടുകളിൽ
നീ നല്കിയ ക്രൂര നിമിഷങ്ങൾ സാക്ഷി!
നിനക്കുള്ള തടവറ നീ സ്വന്തം പണിയുക
ഓർമ്മകൾ; നിനക്കതിൽ നീറ്റലാവട്ടെ....

ചാപ്പിള്ള

പിറക്കാൻ വിധിക്കപ്പെട്ടിട്ടില്ലായിരുന്നുവെങ്കിൽ
എന്തിനു നീ ഞങ്ങളിലേക്കു കടന്നു വന്നു...
പക്ഷേ, നീ ജനിച്ചിരുന്നു
ഞങ്ങളുടെ സ്വപ്നങ്ങളിൽ
പ്രതീക്ഷകളിൽ മാനം മുട്ടെ നീ വളർന്നു
ഭ്രന്തമായ ഒരാവേശമായിരുന്നു നീ ഞങ്ങളിൽ..

ഒരിക്കലും തുറക്കാത്ത കണ്ണുകളും സ്വന്തമാക്കി
നീ ഞങ്ങളിലൂടെ കടന്നു പോയില്ലേ
നീ അറിയുന്നുവോ...
നിന്നെ ശരീരത്തിന്റെ ഭാഗമാക്കിയിരുന്ന
മാതാവിന്റെ ശരീരം
ഇതാ.. എന്റെ കൈകളിലുറങ്ങുന്നു
കേവലം സ്പന്ദിക്കുന്ന
ഒരു മാംസ പിണ്ഢമായി!!!!

മിമ്പർ

ഒഴിഞ്ഞ വയറിനും പരിവട്ടങ്ങൾക്കുമുപരി;
അനശ്വര മോക്ഷം ദൈവമാർഗ്ഗമാണു
എന്ന തീഷ്ണവികാരത്തിൽ നിന്നുമായിരുന്നു
ഈ നാടിന്റെ പിറവി!!
എന്റെ നിയോഗവും അതിലൊന്നായിരുന്നു.

വീക്ഷണങ്ങൾ ദിശാബോധങ്ങളായി മാറിയപ്പോൾ
എന്നിൽ നിന്നുമുയർന്ന വിളംബരങ്ങൾ..
വിജയഭേരികളായി,
തീരുമാനങ്ങൾ കല്ലിനെ പിളർക്കുന്നവയും.

ലക്ഷ്യമാക്കിയ സ്വപ്നഭൂമിയിലേക്ക്
ചലിച്ചു തുടങ്ങിയിരിക്കുന്നു രഥചക്രം..
ഞാനാണതിന്റെ സാരഥി.

കല്പിതങ്ങളായ വിശേഷണങ്ങളെനിയുമേറെ
ഈ നാടിന്റെ സിംഹാസനം......
സാസ്കാരികതയുടെ മടിത്തട്ട്......
ചരിത്രത്തിന്റെ സൂക്ഷിപ്പുകാരൻ...
........................................
........ നീളുന്നു...
അർപ്പിക്കപ്പെട്ട ദൗത്യങ്ങൾ...

വിൽപത്രം

ശ്യുന്യമാണെന്റെ കൈകൾ
ഒന്നും വീതിച്ചു നല്കാനില്ലാത്ത വിധം
പക്ഷെ; ഒന്നൊഴികെ..
എരിഞ്ഞടങ്ങിയ എന്റെ യൗവ്വനം
അതിൽ ഹോമിച്ച കുറെ സ്വപ്നങ്ങൾ..
മരുപ്പച്ച തേടിയുള്ള നെട്ടോട്ടത്തിനിടയിൽ
കൈ വിട്ടു പോയ എന്റെ മാത്രമായ നഷ്ടം..
പകുത്തെടുക്കാം അതിൽ നിന്നും വേണ്ടുവോളം
നിങ്ങൾക്കതൊരു സാന്ത്വനമാകുമെങ്കിൽ...

ഉച്ചയുറക്കം

കാത്തിരിപ്പിനൊടുവിൽ
ആഹ്ളാദകരമായൊരൊത്തു ചേരൽ...
മുഖങ്ങളിൽ പരിഭവങ്ങളാണെങ്കിലും
കുടുംബ ബന്ധങ്ങളിലെ ഊഷ്മളത
മനസ്സിൽ നിറയുന്നു
സ്നേഹ വായ്പിന്റെ ഒരു പുതുമഴയായ്...

വിക്യതി പയ്യന്റെ വിളയാട്ടത്തിൽ
ചാരി വെച്ചിരുന്ന ഇരു ചക്രവാഹനം
എന്റെ മുകളിലേക്ക് ചാഞ്ഞിറങ്ങിയപ്പോൾ
ഞാൻ ഞെട്ടിയെണീറ്റു

നിശബ്ദമായ മുറിയിൽ
ഇരുനില കട്ടിലുകളും ഞാനും മാത്രം
ഒരു താരാട്ടു പാട്ടായി
എയർക്കണ്ടീഷന്റെ മൂളലും...

ശരീര ക്ഷീണം;
മനസ്സിനെ ബാധിച്ചപ്പോൾ
ഇന്നവധിയായി ജോലിയിൽ..
കവിളുകളിൽ കണ്ണീരിന്റെ സാന്ത്വനം
തുടച്ചെടുത്തപ്പോൾ ഞാനറിഞ്ഞു
ഓ!! ഇതു സന്തോഷത്തിന്റേതായിരുന്നുവല്ലോ???

“ഈ പിള്ളേരുടെ ഒരു കാര്യം..
സ്വപ്നത്തിലായിരുന്നതു കൊണ്ടു കാലൊടിഞ്ഞില്ല”;
അത്രയും ഭാഗ്യം!!!!
സ്വയം സമാധാനിച്ചു കൊണ്ട്
പുതപ്പിനുള്ളിലേക്ക് വലിഞ്ഞു കയറി വീണ്ടും
മറ്റൊരു പകൽ ക്കിനാവിനെയും കൂട്ടുപിടിച്ച്

പ്രകൃതിയുടെ കാവല്ക്കാരൻ

എരിയുന്ന വെയിലിലും
സൂര്യതാപം യാചിച്ചു വാങ്ങുന്നു
അല്പ വസ്ത്രധാരികൾ..
രംഗബോധമില്ലാതെ;
ലിംഗഭേദമില്ലതെ..
സമത്വ സുന്ദരമായ്!!

ജ്വലിച്ചു നില്ക്കുന്ന
സംസ്കാരികതയുടെ സമ്പൽ സമൃദ്ധി...
പ്രകൃതിയോട് ചേർന്ന് നിന്നു
കാഴ്ചകൾക്ക് കുളിരേകുന്നതാകാം
കൂലിപ്പട്ടാളം കാവൽ നില്ക്കുന്നു
മാനവന്റെ നഗ്നതകൾക്ക്

മണൽത്തരികൾക്ക് മുകളിലെ
സമയം കൊല്ലലുകൾക്കിടയിൽ
വലിച്ചെറിയുപ്പെടുന്ന
അവശിഷ്ടങ്ങളിൽ
കരുപ്പിടിപ്പിക്കുന്നു
മറ്റൊരു ജീവിതം...

ഭൂമിയെ സുന്ദരമാക്കുന്നവൻ
സ്വയം വിഴുപ്പണിയുന്നു..
മറ്റുള്ളവർക്കൂ രൂക്ഷമാണാ
ഗന്ധമെങ്കിലും
പ്രാണാവായുവല്ലോ?
പൊരിയുന്ന ഒരു ചാൺ വയറിന്ന്...

ഒരു വേള മറന്നിടുന്നൂ
ആഭിജാത്യമെന്ന ആഢ്യത്യം..
വിവസ്ത്രനല്ലവൻ, അണിഞ്ഞിരിക്കുന്ന
ഹരിത വർണ്ണക്കുപ്പായം
ചുംബിച്ചെടുത്തിരിക്കുന്നു
വിയർപ്പിന്റെ ആത്മാവിനെ..

ഇല്ല!!!
കാവലില്ലാരുമീ ജീവിതത്തിന്നു
ദൈവമേ.....
എല്ലയ്പോഴും
നീ തന്നെ കാവൽ....

തലയിണ

എന്നെ ചേർത്തു പിടിച്ചു കൊണ്ടായിരുന്നു
നീ സ്വപ്നങ്ങൾക്ക് നിറങ്ങൾ നല്കിയത്...
സന്തോഷവും സന്താപവും
നീ എന്നോടൊപ്പം പങ്കുവെച്ചു.
പലപ്പോഴുമത് ..
കിന്നാരങ്ങളും പരിഭവങ്ങളുമായി..

ഇരുളിന്റെ നിശബ്ദതയിൽ
മനസ്സിനുള്ളിലെ വികാര വേലിയേറ്റങ്ങൾ
പ്രക്ഷുബ്ദങ്ങളാകുമ്പോൾ..
നിന്റെ നെഞ്ചോട് ചേർന്നിരുന്ന
എന്നെ നീ വേദനിപ്പിച്ചിരുന്നു..
ദന്തക്ഷതം പലവട്ടം ഞാനതേറ്റു വാങ്ങി...

കുടുംബങ്ങളിൽ തണൽ വിരിച്ചപ്പോൾ..
ബാദ്ധ്യതകളിൽ നീ സ്വയം ബന്ധിതനായി!
ശബ്ദമുണ്ടായിട്ടുമെന്തേ..
നീ നിശബ്ദനായത്.!

പിരിമുരുക്കത്തിന്റെ നീരളിപ്പിടുത്തത്തിൽ
ഹ്യദയ ഭിത്തികൾ ഞെരിഞ്ഞമർന്നപ്പോൾ..
നിന്നിൽ നിന്നും പുറത്തു വന്നത്..
രോദനമായിരുന്നില്ല..
യാചനയായിരുന്നു
ഒരല്പായുസ്സിന്റെ!!!!!

ഇല്ല!!!!
ഞാൻ വായിച്ചെടുത്തതിനുമപ്പുറം
നിന്നെയാരും മനസ്സിലാക്കിയിട്ടില്ല
ഒരു പക്ഷേ..
നിന്നെ കാത്തിരിക്കുന്ന പ്രാണസഖി പോലും!!!

ശബ്ദിക്കാനെനിക്കു ശക്തിയുണ്ടായിരുന്നെങ്കിൽ
ഓതുമായിരുന്നു നിന്റെ കാതുകളിൽ..
ഒരു സാന്ത്വന മന്ത്രം!
അനുവദിക്കുമായിരുന്നില്ല
നിന്റെയീ..
മുഖം മൂടി എടുത്തണിയുവാൻ

ജീവനില്ലെങ്കിലും...
ഞാൻ നിനക്കു കേവലമൊരു
തലയിണ മാത്രമായിരുന്നൊ??
അല്ല!!
അതിലപ്പുറം...
അനിർവചനീയമായതെന്തോ? ആരോ??

നിന്റെ ബാഷ്പബിന്ദുക്കൾ
ഇതാ.. ഇപ്പോഴും..
നനഞ്ഞിരിക്കുന്നു
എന്റെ മാറിൽ!!!

പേയിങ്ങ് ഗസ്റ്റ്

അമ്മാർ! എന്റെ ഓഫീസിലെ സഹചാരി.
ജനിക്കും മുൻപെ രാജ്യം നഷ്ടപ്പെട്ടവൻ.
ഒരു ആയുസ്സിന്റെ മുഴുവൻ പ്രതീക്ഷയാണു...
തന്റെ ഗർഭത്തിലെന്നു ആത്മഗതം ചെയ്ത
പലസ്ഥീനി മാതാവിന്റെ പ്രിയ മകൻ...

കൈമോശം വന്നെങ്കിലും ഊറ്റം കൊള്ളുന്നു...
മാതൃ രാജ്യത്തെ ക്കുറിച്ച്..
അവനന്യം നില്ക്കുന്നു സ്വന്തമയൊരു തണൽ..
ലബനാൻ പാസ്പോർട്ട്..
പതിച്ചു കിട്ടിയ ഔദാര്യമായതു കൊണ്ടാവാം
പാശ്ചാത്യൻ രാജ്യങ്ങളും അവനു ഭ്രഷ്ട് നല്കി..

ഖാൻ സഹിബ്! മറ്റൊരു സാരഥി..
ജന്മംകൊണ്ടു പാകിസ്ഥാനി
സാഹിബിന്റെ മൊബൈൽ ഫോണിന്റെ
അങ്ങേ തലക്കൽ കനത്ത നിശബ്ദത..
ഒരു പക്ഷേ....
ഭയപ്പെട്ടതു പോലെ..
ആഞ്ഞു പതിച്ചിരിക്കാം.. തൂങ്ങി നിന്നിരുന്ന വാൾ..
ആ ജീവിനുകൾക്കു മുകളിൽ..

നസ് വാറിന്റെ കറ വീണ പല്ലുകളിൽ..
കണ്ണീരിന്റെ സ്പർശം..
“ ഹം ബീ ഇൻസാൻ ഹെ”....
ആ കണ്ണുകൾ പരിതപിക്കുന്നു..

ഞാൻ നിർത്തുന്നു..
പ്രവാസിയെന്ന എന്റെ വിലാപം.
ചേർത്തു വെക്കുന്നു എന്റെ ശബ്ദം..
ഒച്ചയില്ലാത്ത തേങ്ങലുകൾക്കൊപ്പം..

ഈ ഊഷര ഭൂമിയിൽ എന്റെ ദുഖങ്ങൾ
നൈമിഷികം..
ഒരു വിളിപ്പാടകലെ.. നാട്, കുടുംബം..
എല്ലായ്പോഴുമെന്റെ സ്വന്തം.

ഞാനൊരു പ്രവാസി?... അല്ല..
ഒരു പേയിങ്ങ് ഗസ്റ്റ്.. ഇവിടെയും..
എന്റെ നാട്ടിലും.. വീട്ടിലും..

ബലിക്കല്ല്

ജാതി ചോദിച്ചല്ലല്ലോ നീയെന്റെ
സ്വപ്നങ്ങളിൽ ചേക്കേറിയത്
ഇരുണ്ട ദിനരാത്രങ്ങളിൽ
നീയൊരു കൈത്തിരിയായ്
തെളിയും തോറും മാരിവില്ലിന്റെ മാസ്മരികതയായ്
എന്നിൽ നീ പെയ്തിറങ്ങി

ചേർത്തു വെച്ച കൈകൾ കുമ്പിളാക്കി
പ്രത്യാശയുടെ ഒരായിരം കിരണങ്ങൾ
നമ്മൾ കോരിയെടുത്തു..
ആർത്തുല്ലസിച്ചൊഴുകുന്ന ഉറവകളെ പ്രതിഷ്ഠിച്ചു
ഇടനെഞ്ചിലുടക്കിയ എന്റെ തേങ്ങലുകൾക്കു പകരം..
ഹ്ര്യദയ തംബുരുവിൽ പ്രണയ ഗീതവും..

അനാഥരെന്ന വിശേഷണം മുൾക്കിരീടമാക്കിയവർ
പരസ്പര പൂരകങ്ങളായപ്പോൾ
രക്ഷക വേഷം അണിയേണ്ടവർ;
“ എന്റ നഗ്നതയിൽ കണ്ണു നട്ടവർ
ഇരുളിനെ അനുഗ്രഹമാക്കാൻ വ്യാമോഹിച്ചവർ”
കത്തി വേഷം കെട്ടിയാടാൻ ഒത്തുകൂടി നമുക്കു ചുറ്റും

വർഗ്ഗീയ വിഷക്കോമരങ്ങൾ അവർക്കായി താളം പിടിച്ചു
വിഷം ചുരത്തിയെത്തിയ ഇടിയൻ മേഘങ്ങൾ
മിന്നർ പിണറായി നമ്മിൽ പതിച്ചപ്പോൾ
ചിതറിത്തെറിച്ചത് മഞ്ചാടിക്കുരുക്കളായിരുന്നില്ല
ജീവന്റെ തുടിപ്പുകളായിരുന്നു...

എന്റെ കണ്ണൂകളിൽ അധരങ്ങൾ
ചേർത്തു വെച്ച് നീ മന്ത്രിച്ചതല്ലേ..
“നിന്റെ വശ്യത; അതെ അതെനിക്കൊരു പുനർജ്ജനിയാണ്‌”
ഞാനത് നെഞ്ചിലേറ്റിയിരുന്നു

എന്റെ മാറിൽ പതിഞ്ഞ നിന്റെ നഖക്ഷതം..
ഭേതമാക്കാതെ ഞാനതു സൂക്ഷിച്ചു!
നീയെന്റെ പ്രാണനിൽ നടത്തിയ അശ്വമേധത്തിന്റെ
വിജയം..സുഖമുള്ളൊരു വേദനയിലൂടെ
ഞാനതാഘോഷിച്ചിരുന്നു എല്ലായ്പ്പോഴും..

എനിയെനിക്കെന്തിനീ ദേഹം..
നീയായിരുന്നുവല്ലോ എന്റെ ദേഹി!
ഞാനും വരുന്നു നിന്നിലേക്ക്
എനിക്കും ചിറകുകൾ മുളയ്ക്കുന്നു
കണ്ടു മുട്ടാം താഴ്വരയിലെ ആ ബലിക്കല്ലിൽ..
നിന്നിലലിയാൻ ..നീയാണല്ലോ എന്റെ മോക്ഷം