Friday, 27 May 2011

ഭാവി പറയുന്ന കുഞ്ഞു മാലാഖമാർ

“ ലോക രാജ്യങ്ങൾ തമ്മിലുള്ള കലഹങ്ങൾ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കും. കൂടാതെ, ഒരു നിയമവും ഒരു നാണയവും തുടങ്ങി.... ഭൂമിയെ കൂട്ടിയിണക്കുവാൻ ശ്രമിക്കും. യുനൈറ്റഡ് നാഷന്റെ സെക്രട്ടറി ജനറലാകാനാണു ഞാനാഗ്രഹിക്കുന്നത് ”

വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചു വീണ ഒരു നേതാവിന്റെ രാഷ്ട്രീയ വാഗ്ദ്ധോരണിയായി തോന്നുന്നുവോ ഇതിനെ ? എങ്കിൽ തെറ്റു പറ്റിയിരിക്കുന്നു. “ഹരിത സുന്ദരമായ, മതിലുകളില്ലാത്ത, മലിനീകരണം ഇല്ലാത്ത, സർവ്വ സുഗന്ധം പരത്തുന്ന നാടിനെ ഇഷ്ടപ്പെടുന്ന” എന്റെ ഗ്രാമത്തിലെ ഒരു സാധാരണകുടുംബത്തിലെ 14 വയസ്സുകാരൻ അമീർ സുഹൈലിന്റെ വാക്കുകളാണിത്..

വിരലിലെണ്ണാവുന്ന അവധി ദിവസങ്ങൾക്കായി നാട്ടിലെത്തിയപ്പോൾ 30 ഓളം വരുന്ന കൊച്ചു കൂട്ടുകാർക്കൊപ്പം ചിലവഴിച്ച അല്പ നിമിഷങ്ങളിൽ അവർ പങ്കു വെച്ച സന്തോഷങ്ങൾ, ദിശാബോധങ്ങൾ എന്റെ അവധിക്കാല ദിനങ്ങളെ ഓർമ്മക്കുറിപ്പുകളാക്കി മാറ്റുകയായിരുന്നു.

ചരിത്രമുറങ്ങുന്ന ഗ്രാമത്തിന്റെ താളുകളിൽ എക്കാലത്തെയും ആദ്യത്തേതെന്നു അവകാശപ്പെടാവുന്ന “അക്ഷരം” എന്ന കയ്യെഴുത്ത് മാസിക പിറവി കൊണ്ടപ്പോൾ അതിലെ തിളങ്ങുന്ന മഷിത്തുള്ളികൾ ചേർത്തു വെച്ച കരങ്ങൾ ഈ കൊച്ചു മാലാഖമാരുടേതായിരുന്നു.

“ഞാനൊരു പോലീസുകാരനായാൽ കൊള്ളപ്പലിശ നല്കുന്നവൻ എന്റെ വാപ്പയാണെങ്കിലും അവരെ ഞാൻ ലോക്കപ്പിലിടും. അതു ഞാൻ നാടിനു വേണ്ടി ചെയ്യുന്ന എന്റെ ഡ്യൂട്ടിയാണ്‌“ ഇതു പറയുമ്പോൾ ഷാറൂഖിന്റെ പ്രായം 13 വയസ്സ്. അവന്റെ കണ്ണുകളിൽ നിന്നും കുസൃതികൾക്കൊപ്പം നമുക്ക് വായിച്ചെടുക്കുവാനേറെയുണ്ട്.

15 വയസ്സുകാരി റെനീഷ നാടിനെക്കുറിച്ച് പറഞ്ഞു. “ പ്രകൃതി രമണീയമാണെന്റെ നാട്. വികസനത്തിന്റെ പടവിൽ പിച്ച വെച്ച് നടക്കുന്ന ചേർപ്പ് എന്ന എന്റെ ഗ്രാമം. എങ്കിലും വയൽ നികത്തൽ പോലുള്ളത് ഗ്രാമീണരെ ദു:ഖത്തിലാഴ്ത്തുന്നുണ്ട് ” സഹ ജീവിയുടെ വേദന സ്വന്തം വേദനയായി കാണുന്ന, കാണാൻ മുതിർന്നവരെ പഠിപ്പിക്കുന്നില്ലേ ഈ വരികൾ.


“ വിദ്യാർത്ഥി എന്നാൽ വിദ്യ അഭ്യസിക്കുന്നവൻ. അവനാണു നാളെയുടെ നേതാവ്. വിദ്യ അഭ്യസിക്കുന്നതോടൊപ്പം അവന്റെ സ്വഭാവവും നന്നാക്കൽ നിർബന്ധമാണ്‌. അവന്റെ സ്വഭാവം നന്നാക്കുന്നതിൽ അവന്റെ കൂട്ടുകാർ, കുടുംബം, സമൂഹം പിന്നെ അവന്റെ മനസ്സാക്ഷി ഇതെല്ലാം വലിയ സ്വാധീനം ചെലുത്തുന്നുണ്ട്.” 13 വയസ്സുകാരിയായ ആരിഫയുടെ 31 വയസ്സിന്റെ ചിന്താ ധാരകൾ.

വിദ്യഭ്യാസത്തിന്റെ ആവശ്യവും അതനുസരിച്ചുള്ള പ്രവർത്തനത്തിനും 16 വയസ്സുകാരൻ ലബീബിനു കൃത്യമായ ധാരണയുണ്ട്. ” ശാസ്ത്രത്തെ മനുഷ്യൻ കൈപ്പിടിയിൽ ഒതുക്കിയിരിക്കുന്നു. ഒരു വ്യക്തിക്ക് സാമ്പത്തില ശുദ്ധിയും, ശരീര ശുദ്ധിയും ഉണ്ടെങ്കിൽ മാത്രമേ അതുകൊണ്ട് നേട്ടമുള്ളൂ. അതിന്‌ മതവിദ്യഭ്യാസം സഹായിക്കുന്നു. അതില്ലാത്ത പക്ഷം തിന്മയുടെ അഗാധ ഗർത്തത്തിലേക്കു വീണു പോയേക്കാം“ ചുറ്റുപാടുകൾ കൃത്യമായി നിരീക്ഷിക്കുന്നു എന്നതിന്റെ തെളിവുകളായ വാക്കുകൾ..

ഇതിനോടൊപ്പം ചേർത്ത് വായിക്കാവുന്നതാണ്‌ രാഷ്ട്രീയവും, രാഷ്ട്രീയക്കാരും കുട്ടികളെ സ്വാധീനിക്കും എന്നതു കൂടി വ്യക്തമാക്കുന്ന 13 വയസ്സുകാരി മുംതാസിന്റെ വരികൾ. “ ഞാനെന്റെ ജീവിതത്തിൽ ഒരു കമ്മ്യൂണിസ്റ്റുകാരനെ ഇഷ്ടപ്പെടുന്നു. അദ്ദേഹം കമ്മ്യൂണിസ്റ്റ്കാരൻ ആയതുകൊണ്ടല്ല അദ്ദേഹത്തെ ഇഷ്ടപ്പെട്ടത്. ജീവിതത്തെ നല്ല നിലയിൽ നോക്കിക്കാണുവാൻ ആഗ്രഹിക്കുന്നു, സ്വന്തം ജീവിതത്തിലുപരി മറ്റുള്ളവരെയും നന്നായി കാണാൻ അദ്ദേഹം പരിശ്രമിക്കുന്നു.......” തുടങ്ങുന്ന വരികൾ എത്ര മനോഹരമായാണ്‌ മുംതാസ് കൂട്ടിയിണക്കിയിരിക്കുന്നത്.

12 വയസ്സുകാരി ജാസ്മിൻ, 16 വയസ്സുകാരി നാജിയ, 13 വയസ്സുകാരികളായ മുഹ്സിന, സുമയ്യ, സുഹൈന എന്നിവരെല്ലാം ഡോക്ടറാകാൻ ഇഷ്ടപ്പെടുന്നവരാണ്‌.” ജോലി ഭദ്രത മാത്രമല്ല അവർ അതിലൂടെ കാണുന്നത്. മറിച്ച് സാമ്പത്തികമായി പിന്നോക്കം നില്ക്കുന്നവർക്കു സൗജന്യ ചികിത്സ, കുട്ടികൾക്കായി പ്രത്യേകം പരിശീലനം ലഭിച്ച ഡോക്ടർമാരെ ഉൾപ്പെടുത്തി ഉന്നത നിലവാരമുള്ള ആശുപത്രികൾ സ്ഥാപിക്കുക, സ്കോളർഷിപ്പുകൾ നല്കുക.“ ഒരു ഡോക്ടർ എന്ന നിലയിൽ ചുറ്റുപാടുകളിൽ നല്കേണ്ട ചുമതലകൾ കൂടി ഇവർ വരച്ചു കാണിക്കുന്നു. ആതുരശുശ്രൂഷ രംഗത്തെ എത്തിക്സുകൾക്കും എത്രയോ മേലെയാണ്‌ ഈ കുഞ്ഞു മാലാഖമാർ പറന്നു നടക്കുന്നത്.

“ മാതാ പിതാ ഗുരു ദൈവം !! ദൈവ തുല്യരാണു മാതാവും, പിതാവും, ഗുരുവും. അതു മനസ്സിലാക്കി വിദ്യ അഭ്യസിച്ചാൽ എനിക്കുറപ്പുണ്ട് വിജയത്തിന്റെ ഉയരങ്ങളിലേക്ക് എനിക്കെത്താൻ കഴിയുമെന്ന്” ദൃഢനിശ്ചയമുള്ള 14 വയസ്സുകാരി സന പറയുന്നു. ടീച്ചർ ആകാനാണു സനക്ക് ആഗ്രഹം ഒപ്പം കൂട്ടുകാരികളായ 13 വയസ്സുകാരികൾ നസ്രിയാക്കും, റാഹിലക്കും, 11 വയസ്സായ ഷംസീനാക്കും, 14 വയസ്സുകാരി ഹസീനക്കും, 12 വയസ്സുകാരി നസീനാക്കും.
പാവപ്പെട്ടവരെന്നോ, പണക്കാരെന്നോ വ്യത്യാസമില്ലാതെ കുട്ടികളെ ലക്ഷ്യ ബോധം ഉള്ളവരാക്കുക, അതിനു വേണ്ടി പ്രോത്സാഹിപ്പിക്കുക, കഴിഞ്ഞു പോയ തലമുറകളുടെ പൈതൃകത്തെ കുറിച്ച് ബോധവാന്മാരാക്കുക, നാടിനു ഗുണം ചെയ്യുന്നവരാക്കി വളർത്തിക്കൊണ്ടു വരിക, തുടങ്ങി നിരവധി കാര്യങ്ങൾ ചെയ്യുവാനും, കുട്ടികളെ സ്വാധീനിക്കുവാനും കഴിയും എന്ന കൃത്യമായ തിരിച്ചറിവ് തന്നെയാണ്‌ ഭാവിയിൽ അദ്ധ്യാപകർ ആയി മാറാൻ ഇവർ ഇഷ്ടപ്പെടുന്നതും.

അറിയപ്പെടുന്ന ഒരു എഴുത്തുകാരൻ ആകാൻ ആഗ്രഹിക്കുന്ന 15 വയസ്സുകാരൻ അൻഷാദും, ഐ പി എസ് കാരനാകാൻ ഇഷ്ടപ്പെടുന്ന 13 വയസ്സുകാരൻ ഇജാസും സമൂഹത്തിലെ കപട മുഖം മൂടികൾ പിച്ചിച്ചീന്തിയെറിയാൻ ദൃഢനിശ്ചയമെടുത്തവരാണ്‌. അക്രമത്തിനും, അനീതിക്കുമെതിരിൽ തൂലിക ചലിപ്പിച്ച കേരളത്തിലെ കവികളെ അൻഷാദ് മാതൃകയാക്കുകയും ചെയ്യുന്നു.

ഷഹനാസ് (15), ഫസ്ന (13), നംഷീദ് (14), അഥില (11) എന്നിവർ നാടിന്റെ കുറിച്ച് സ്വപ്നം കാണുന്നവരാണ്‌.
“ ഫാഷൻ തരംഗം ഇല്ലാത്ത, പച്ച പട്ടണിഞ്ഞ നാടും, മുയലുകൾ, കോഴികൾ, തത്തകൾ ഇത്യാദി ജീവികളെ വളത്തുന്ന വീടുകൾ ഉൾകൊള്ളുന്ന കൃഷി അന്തരീക്ഷവുമാണ്‌ ” അഥില ഇഷ്ടപ്പെടുന്നത്.

വികസിച്ചു കൊണ്ടിരിക്കുന്ന ഇന്ത്യയുടെ പാതയെക്കുറിച്ച് ശുഭാപ്തി വിശ്വാസമാണ്‌ ഷഹനാസിനുള്ളത്. പക്ഷേ കൃഷിയിടങ്ങൾ നികത്തി ഫ്ലാറ്റ് പണിയുന്ന വികസനത്തിനോട് ഷഹനാസിന്‌ താല്പര്യമില്ല.

“ ഫാക്ടറി പോലുള്ളവ ജനങ്ങളുടെ ജീവിതത്തെ സാരമായി ബാധിക്കുമെങ്കിൽ അവയൊന്നും ജനങ്ങൾ താമസിക്കുന്ന സ്ഥലങ്ങളിൽ പാടില്ല, കൊള്ളയും കൊലയും നടത്തുന്നവരെ നാട്ടിൽ നിന്നും തന്നെ പുറത്താക്കണം പകരം നന്മ ഉദ്ദ്യേശിക്കുന്നവരാണ്‌ എന്റെ നാട്ടുകാരായി വേണ്ടതെന്നാണ്‌ ” ഫസ്നയുടെ പക്ഷം.

ഏതു രാത്രിയിലും വഴി നടക്കുവാനുള്ള സമാധാന പൂർണ്ണമായ അന്തരീക്ഷം, റേഡിയേഷൻ ഇല്ലാത്ത മൊബൈൽ ടവറുകൾ കണ്ടു പിടിച്ചു സ്ഥാപിക്കണം, വലിയൊരു വായന ശാല, മൊത്തത്തിൽ സ്മാർട്ടായ സിറ്റി ആകണം എന്റെ നാട് എന്നു നംഷീദ് ആഗ്രഹിക്കുന്നതിൽ നമുക്കൊരു തെറ്റും കണ്ടെത്താനാവില്ല.

ഒരു തൊട്ടുണർത്തലിന്റെ അവസരത്തിനായി കാത്തിരിക്കുകയായിരുന്നു ഈ കനലുകൾ. ചാര വർണ്ണം ജ്വലിക്കുന്ന നിറത്തിനായ് വഴി മാറിയിരിക്കുന്നു. ചുമലിൽ തീർത്ത പാഠപുസ്തകത്തിന്റെ ഭാരവും, ഉദ്യോഗത്തിന്റെ നീണ്ട നിരകളിൽ കാണുന്ന സാമ്പത്തിക ഭദ്രതയും മാറ്റിനിർത്തിയാൽ ആ കുരുന്നു മനസ്സുകൾക്ക് പറയുവാനേറെയുണ്ട്. അവർ കാണുന്ന സ്വപ്നങ്ങളെ, സ്നേഹിക്കുന്ന ജന്മങ്ങളെ, ഭരണ കേന്ദ്രത്തിലെ നാളത്തെ നായകന്മാരെ, പൂമ്പാറ്റകളെ, പുൽനാമ്പുകളെ, തെളിഞ്ഞ ജലാശയത്തിലെ പരൽ മീനുകളെ, മനസ്സിലെ തിളക്കുന്ന നീതി ബോധത്തിനെ, വെള്ളയിൽ പുരണ്ട രക്തക്കറകളെ, രൗദ്രഭാവത്തിലെ അമർഷത്തിനെ, തലോടലിന്റെ കരങ്ങളെ, ഉറവ വറ്റാത്ത ആശയങ്ങളെ, അഭിലാഷങ്ങളെ..... എന്തും തുറന്നു പറയട്ടെ അവർ.. നമുക്കല്പ സമയം നീക്കി വെക്കാം അവരെ കേൾക്കാൻ. ഭാവി പറയാൻ കഴിവുള്ള കുഞ്ഞു മാലാഖമാരല്ലേ അവർ..

ഒരു വേള നായകരെന്ന് കോമരം തുള്ളുന്നവർക്കു പോലും മാതൃക ദർശിക്കാനായേക്കാം അവരിൽ..

Saturday, 7 May 2011

ഇതു വെറും സാമ്പിൾ.. ഒറിജിനൽ വരാനിരിക്ക്ണെ ഉള്ളൂ..

യു ഏ ഇ ബ്ലോഗർമാരുടെ കുടുംബ സംഗമം

പല സ്ഥലങ്ങളിലായി നടന്ന മീറ്റുകളെ പോസ്റ്റ്മോർട്ടം ചെയ്യുന്ന ഒരു ത്രെഡിൽ നിന്നും “യു എ ഇ മീറ്റ്” എന്ന വലുപ്പം കുറഞ്ഞ ഒരു ഏറു പടക്കം വീണു കിട്ടി. അതു കത്തിച്ചു ദുബായിലെ സബീൽ പാർക്കിലേക്ക് നീട്ടിയെറിഞ്ഞപ്പോൾ..

...ടിക് ടിക്......രണ്ട്... മൂന്ന്.....
പാറമേക്കാവും, തിരുവമ്പാടിയും ഒന്നിച്ചു നിന്ന് നെഞ്ചു വിരിച്ചാൽ പോലും അതിനടുത്തെങ്ങും എത്താത്ത രീതിയിൽ ഠപ്പ ഠപ്പ ഠപ്പേന്ന് അതങ്ങട് കത്തിക്കയറി.. കാതടപ്പിക്കുന്ന ശബ്ദത്തിൽ, തല്ക്കു മുകളിൽ ഒരായിരം വർണ്ണ വിസ്മയങ്ങൾ തീർത്തു കൊണ്ട്. 65 ഓളം വരുന്ന കരിവീരന്മാരും, വീരികളുമൊന്നിച്ചണി നിരന്ന മറ്റൊരു തൃശ്ശൂർ പൂരം ദുബായ് സബീൽ പാർക്കിൽ. (ദോഷം പറയരുതല്ലോ ചിലർ നെറ്റിപട്ടത്തിനു പകരം സൺ ഗ്ലാസ്സാണു വെച്ചത്) .

“ യാഹ് ഇറ്റ് ഈസ് റിയലി ഫന്റാസ്റ്റിക്.. എനീക്കു വലാരേ ഇശ്റ്റാ പ്പേറ്റൂ..” മദാമ്മക്ക് പഠിക്കുന്ന “മലയാലി” അച്ചായത്തിയുടെ നീറുന്ന രോദനം.. ഒരു ഇന്റർ നാഷ്ണൽ ടച്ച്!!!!...
ഹ്ഹൊ!! ഇനി ചത്താലും വേണ്ടില്ല.. ഓടി നടന്ന് ഷൂ പൊളിഞ്ഞ ഒരു സംഘാടകന്റെ മേൽശ്വാസം

പങ്കെടുക്കാൻ എത്തിയവരിൽ പലരും മലയാള ഭാഷയുടെ മൊല്ലാക്കമാരും, പൂജാരികളും, മൂപ്പരായിട്ട് കുറക്കേണ്ടല്ലോ, കൂടി കപ്പ്യാരും രണ്ടു ഘഡികൾക്കൊപ്പം.. കക്ഷത്ത് കട്ടേം വെച്ച് വന്നോര്‌, അതു മുനിസിപ്പാലിറ്റി കൊട്ടയിലേക്ക് വലിച്ചെറിഞ്ഞു ചെണ്ട കയ്യിലെടുത്തപ്പോൽ ഇലഞ്ഞിത്തറ മേളത്തിന്റെ കാവ്യശൈലി മതിമറന്നാസ്വദിച്ചു മീറ്റിലെത്തിയ കുരുന്നുകൾ പോലും.

മൊത്തത്തിൽ എല്ലാരും അർമാദിച്ചു.. വലിയൊരു പ്രചോദനവും..
കൂടുതൽ കത്തി ഇനി ഞാനങ്ങട് ചളാക്ക്ണില്ല. നല്ല കിണ്ണം കിണ്ണം പോലെയുള്ള കിടിലൻ പോസ്റ്റുകൾ വേറെ വരും എഴുതാൻ അറിയുന്നവരുടെ..

ചെറിയ ഒരു വാല്‌ : ....
വീടിന്റെ മുന്നിൽ എല്ലാകൊല്ലവും നടക്കുന്ന കട്ടകുത്തി പൂരം കഴിഞ്ഞാൽ, പൊട്ടിക്കഴിഞ്ഞ പടക്കങ്ങൾ കൂട്ടിയിട്ടു തീയിടാറുണ്ടായിരുന്നു പിള്ളേഴ്സ് ആയ ഞങ്ങൾ അന്ത കാലത്ത്..ചിലപ്പോൾ ആദ്യം പൊട്ടിയതിനേക്കൾ കൂടുതലായി അതു പൊട്ടിത്തീരാറുമുണ്ടത്..

മീറ്റ് കഴിഞ്ഞ് എല്ലാരും സ്കൂട്ടായപ്പോൾ ബാക്കി വന്ന ഞങ്ങൾ ഏഴു പേർ വെറുതെ ഒന്നിരുന്നു ക്ഷീണം തീർക്കാൻ.. അനിലേട്ടൻ, അഗ്രജൻ, സുൽ, ഷബീർ, ഇസ്മായില്ക്ക, സുല്ഫിക്കർ പിന്നെ ഞാനും.ആദ്യമായി കണ്ടു മുട്ടുന്നവർ എന്ന ജാള്യത ഇല്ലാതെ, അജണ്ട ഇല്ലാതെ വെടി പറയാൻ.... “അതും പൊട്ടി ഒരു മാലപ്പടക്കത്തിന്റെ ചടുലതയിൽ..”

പിന്നേയ്.. ഒരു കാര്യം പറഞ്ഞില്ലാന്നു പറയരുത്... പാർക്കിൽ നടന്നത് വെറും സാമ്പിളാ.. അതേന്ന്യ്.. സാമ്പിള്‌ വെടിക്കെട്ട്. ഒറിജിനൽ വരാനിരിക്ക്ണേ ഉള്ളൂ.. കതനകൾ റെഡിയായിക്കൊണ്ടിരിക്കുന്നു അണിയറയിൽ.. കുടമാറ്റത്തിനുള്ള പച്ചഞ്ഞ കുടകളും...


മീറ്റിൽ നടന്ന കൂട്ട എഴുന്നള്ളിപ്പ്..
കടപ്പാട്: പോട്ടം പിടിച്ച നൗഷാദിന്‌


Sunday, 1 May 2011

വികസനംകുടിയൊഴിപ്പിക്കപ്പെട്ടവന്റെ
കുഴിമാടത്തിൻ മുകളിൽ
വിത്തെറിഞ്ഞു: പണക്കൊഴുപ്പിന്റെ
നീണ്ടു കൂർത്ത നഖങ്ങൾ..

മുളച്ചു പൊന്തിയ സൗധ സമുച്ചയത്തിന്റെ
പരിപാലനത്തിനായ് വിലക്കെടുത്തു
തല ചായ്കാനിടം നഷ്ടപ്പെട്ടവന്റെ
വിയർപ്പും, അദ്ധ്വാന ഭാരവും...

അവസാന ചുടുകട്ടയും
പടുത്തു കഴിഞ്ഞിരിക്കുന്നു
പൂർത്തീകരിക്കപ്പെട്ടു...
മറ്റൊരു ബലികുടീരം കൂടി
പുത്തൻ നാഗരികതയുടെ
രൂപത്തിലും ഭാവത്തിലും..