Thursday, 12 December 2013

എത്രയും ബഹുമാനപ്പെട്ട എന്റെമരുക്കാറ്റ് വീശുന്നു
ചുംബനങ്ങൾ പെയ്യാത്ത
അധര സൈകതങ്ങളിൽ

മഞ്ഞ് പുതയ്ക്കാനൊരുങ്ങുന്ന മണൽപ്പരപ്പിനുള്ളിലും പ്രതീക്ഷയുടെ പുൽക്കൊടിത്തുമ്പിൽ കിനിയുന്ന വിയർപ്പുകണങ്ങൾ പ്രവാസത്തിന്റെ പൊള്ളുന്ന അടയാളങ്ങളായത് എന്നുമുതലായിരിക്കും? നൂറ്റാണ്ടുകളുടെ പഴക്കമുണ്ടായിരിക്കാം. എങ്കിലും ഗൾഫ് കുടിയേറ്റത്തിന്റെ യാഥാർത്ഥ്യങ്ങൾ മറ്റൊരു പ്രവാസചരിത്രമായി വേറിട്ടുനിൽക്കുന്നു എന്നതൊരു വസ്തുതയാണ്‌. കടുംവർണ്ണങ്ങളിലെഴുതിയ ആ ജീവിതചമയങ്ങൾ കാലഭേദമെന്യേ ഇന്നും ആടിക്കൊണ്ടിരിക്കുന്നു. ഒരു നിയോഗം പോലെ തലമുറകളിലൂടെ ആ ദൗത്യം ഇന്നും തുടർന്നുകൊണ്ടേയിരിക്കുന്നു.

ഉറക്കെയുള്ള ശബ്ദം കേട്ട് പാതിരാക്ക് ഞെട്ടിയുണർന്നപ്പോൾ നാട്ടിൽ നിന്നും വന്ന കത്ത് നെഞ്ചോട് ചേർത്തുവച്ച് പൊട്ടിക്കരയുന്ന ഔളക്കാനെയാണ്‌ കണ്ടത്. ഉറങ്ങുന്ന ശരീരത്തിലെ ഉറക്കമില്ലാത്ത മനസ്സിന്റെ നിലവിളികൾ നെഞ്ചിൽ കിടന്ന് വിറയ്ക്കുന്ന കുറിപ്പുമായി ബന്ധപ്പെടുന്നതെങ്ങനെയാണ്‌. പനിച്ചുനിൽക്കുന്ന ഊഷരഭൂവിലെ നേർചിത്രങ്ങൾ വരച്ചുവച്ച “പ്രവാസിയുടെ കുറിപ്പുകളിൽ” ഈ നിലവിളിയെക്കുറിച്ച് ലേഖകൻ ഇങ്ങനെ എഴുതിവെക്കുന്നു - “നിലവിളിയുടെ ഭാഷ അന്വേഷിച്ചിറങ്ങിയ ഞാനെങ്ങനെ പ്രണയത്തിന്റെ സാരം തെരയുന്നതിലേക്കെത്തിച്ചേർന്നു? അത്ഭുതപ്പെടാനൊന്നുമില്ല. പ്രണയം ഒരു നിലവിളിയാണ്‌. മനസ്സിന്റെയും ശരീരത്തിന്റെയും നിർത്താത്ത നിലവിളി.“

അറബിക്കടൽ മുറിച്ച് കടന്നെത്തുന്ന അക്ഷരക്കൂട്ടങ്ങളിൽനിന്നും ഉറക്കമില്ലാത്ത രാത്രികളെ പൊള്ളിക്കുന്ന മൗനവിലാപങ്ങൾ പൊഴിയുന്നത് കേൾക്കാം ബാബു ഭരദ്വാജിന്റെ പ്രവാസിയുടെ കുറിപ്പുകൾ കയ്യിലെടുത്താൽ. ജീവിതത്തിന്റെ കിതപ്പും തുടിപ്പും പകർന്നെടുത്ത ഈ വരികളിലൂടെ പോകുമ്പോൾ എഴുത്തുകാരനെന്നും വായനക്കാരനെന്നും രണ്ടുപേരില്ല. പകരം, അനുഭവങ്ങൾ പങ്കിട്ടെടുത്ത ഒരു കൂട്ടം ജീവിതങ്ങളെയാണ്‌ കാണാനാവുക.

പ്രണയത്തിനും വേർപാടിനും ഇടയിൽ വലിച്ചുകെട്ടിയ  നൂൽപാലത്തിലൂടെ, കൊച്ചു കൊച്ചു സ്വപ്നങ്ങളുടെ ഒരു വലിയ ഭാണ്ഡവും പേറി ചുവടുറയ്ക്കാത്ത കാലുകളുമായി പോകുന്നവരെക്കുറിച്ചുള്ള നിരവധി അദ്ധ്യായങ്ങളുണ്ട്. ”അവളുടെ കുറിമാനം കിട്ടിയ ദിനമാണിന്ന്“ എന്ന് തുടങ്ങുന്ന കുറിപ്പിൽ പ്രണയത്തിന്റെയും വിരഹത്തിന്റെയും തീവ്രമായ ഭാവങ്ങളാണ്‌ ഇഴചേർന്നിരിക്കുന്നത്. ”പ്രണയലേഖനങ്ങൾ“ എന്നു പേരുവച്ചിരിക്കുന്ന ഇതിലെ പ്രതിപാദ്യവിഷയം തന്നെ ഒരിക്കലും എഴുതി തീർക്കാനാവാത്ത ലേഖനങ്ങളാണ്‌.

”പകുതി പറഞ്ഞുവച്ച വാചകം മുഴുമിപ്പിക്കാനായി അവളെനിക്കെഴുതുന്നു, ഞാനവൾക്കും. പക്ഷേ, ഒരിക്കലും വാചകം പൂര്‍ണ്ണമാവുന്നില്ല. ഞങ്ങളൊന്നിച്ചിരുന്നു മാത്രം പൂർത്തിയാക്കാൻ കഴിയുന്നതാണ്‌ ആ വാചകം എന്ന് വേവലാതിയോടെ ഞങ്ങളിരുവരും അറിയുന്നു.“ മാമ്പൂക്കളും, പുതുമണ്ണിന്റെ മണവും ആർത്തലച്ചുവരുന്ന വരികൾക്കിടയിൽ ”നിങ്ങൾ അടുത്തുണ്ടായിരുന്നെങ്കിൽ ഈ മഴയുടെ ആരവം കേട്ടുറങ്ങാൻ രസമായിരുന്നു“എന്ന വരമൊഴിയുടെ മോഹനഭാവം മറുനാടൻ പ്രവാസികൾക്ക് ലഭിക്കുന്ന ഇണയുടെ കത്തുകളിലെ സ്ഥായിയായ ഭാവമാണ്‌.

മലയാള സാഹിത്യത്തിലെ ഏറ്റവും സമ്പന്നമായ സൃഷ്ടി ഇന്നും സമാഹരിക്കപ്പെട്ടിട്ടില്ല എന്ന് ലേഖകൻ ചൂണ്ടിക്കാണിക്കുന്നുണ്ട്. ”അക്ഷരത്തെറ്റുകളും, വ്യാകരണപ്പിശകുകളും നിറഞ്ഞ ആ ബൃഹദ് സാഹിത്യം കേരളത്തിന്റെ സമകാലികചരിത്രമായിരിക്കും.“ ഗൾഫിലേക്കുള്ള പുറപ്പാട് കാലം മുതലുള്ള വൈകാരികമായ ചരിത്രം. ”മനുഷ്യന്റെ മനസ്സിനെ ഇതുപോലെ കുഴച്ചുമറിച്ച് അക്ഷരങ്ങളാക്കി മാറ്റുന്നതിൽ ഈ യുവതീയുവാക്കളേക്കാൾ സാഫല്യം ഒരു സാഹിത്യപടുവും നേടിക്കാണില്ല. നമ്മളറിയാതെ നഷ്ടപ്പെട്ടുപോവുന്ന ഒരു സാഹിത്യസംഭവമാണ്‌ ഈ മരുഭൂമി കത്തുകൾ.“   ജീവിതത്തിന്റെ കടുത്ത എരിവും പുളിപ്പും മറ്റൊരു സാഹിത്യസൃഷ്ടിയിലും കാണാത്തവിധം തുടിച്ചുനിൽക്കുന്ന ദുബൈ കത്തുപാട്ടുകളും ഇതേ ഗണത്തിൽപ്പെട്ടവ തന്നെയാണ്‌. 

കാത്തിരുന്നുകിട്ടുന്ന വർഷാവധികളിൽ നാട്ടിലെത്തുമ്പോഴും വാചകങ്ങൾ പൂർത്തിയാക്കാനാവില്ല. കനംവച്ച് തൊണ്ടയിൽ കുരുങ്ങുന്ന അനുഭവങ്ങൾ മക്കളിൽ നിന്നുമുണ്ടാകും, ചിലപ്പോൾ പ്രണയിനിയിൽ നിന്നുമാകാം. “ഉടുപ്പുകളും കളിക്കോപ്പുകളുമായെത്തുന്ന ഒരാൾ, കളിക്കോപ്പുകൾ പൊട്ടിത്തീരുന്നത് വരെ, ഉടുപ്പുകൾ നിറം മങ്ങുന്നതുവരെ ഓർത്തുവെക്കേണ്ട ഒരാളാകും അവർക്കയാൾ.”

“രേശുവിന്റെ അച്ചനാ വന്നത്” രണ്ടാമത്തെ മകൾ ഗീച്ചു അടുത്ത വീട്ടിലെ കളിക്കൂട്ടുകാരനോട് പറയുമ്പോൾ കുഞ്ഞുമനസ്സിൽ നടക്കുന്ന വടംവലികൾ എന്താകുമെന്നറിയില്ല. ഒടുവിൽ പെട്ടെന്നൊരു രാത്രിയിൽ നെഞ്ചിലേക്കവൾ പിടഞ്ഞുകയറി ഒരുപാട് ഉമ്മവച്ച് നെഞ്ചിൽ കമിഴ്ന്ന് കിടന്നുകൊണ്ടാകും അവളച്ഛനെ അംഗീകരിക്കുക. ഇതിനിടയിൽ എങ്ങനെ പ്രണയിക്കാനാകും? ബന്ധുമിത്രാദികളുടെ സന്ദർശനത്തിൽ നഷ്ടപ്പെടുന്ന പകലുകളിലാവട്ടെ അവൾ അടുക്കളയിലായിരിക്കും. എരിഞ്ഞുതീരുന്ന ദിനങ്ങൾക്കൊപ്പം കൊഴിഞ്ഞുപോകുന്നതോ പ്രണയിനിയോട് കൈമാറേണ്ട സ്വകാര്യതകളായിരിക്കും.

പറഞ്ഞു തീരാത്ത സ്വപ്നങ്ങൾ പാതിയിൽ മുറിയുന്ന കണ്ണീരിലേക്ക് ഉൾവലിയുമ്പോൾ പ്രണയകാവ്യങ്ങൾ വീണ്ടും പിറവിയെടുക്കുന്നു. അതിജീവനത്തിന്‌ അന്നം തേടിയെത്തുന്നവർക്ക് ഊർജ്ജപ്രവാഹമായി മാറുന്ന ജീവിതാക്ഷരങ്ങൾ മണൽപ്പരപ്പിലെ പുനർജ്ജനിയാണെന്ന് സമർത്ഥിക്കുകയാണ്‌ ബാബു ഭരദ്വാജ് പ്രണയലേഖനങ്ങൾ എന്ന അദ്ധ്യായത്തിലൂടെ.

ഹിമകണങ്ങളാൽ സിന്ദൂരം ചാർത്തിയ പുലരിയുടെ ഇളം തണുപ്പും പുതച്ച് ഒന്നമർന്നുറങ്ങാൻ ഇനിയുമെത്രനാൾ ഞാൻ കാത്തിരിക്കണമെന്റെ സുകൃതമേ.. കാവ്യങ്ങൾ വീണ്ടും പ്രണയപർവ്വം കയറിക്കൊണ്ടേയിരിക്കുകയാണ്‌.

ഡിസംബർ ലക്കം പുടവ മാഗസിനിൽ പ്രസിദ്ധീകരിച്ചത്.