Tuesday, 4 March 2014

ഞായറാഴ്ചരാവ്

“എടാ ഔക്കറെ നിന്നോട് വെറുതെ തരാനല്ലല്ലോ ഞാമ്പറഞ്ഞത്. അതിനെത്രയാന്ന് വെച്ചാൽ ഞാൻ തരില്ലെ”
“ഉമ്മറാക്കാക്കുള്ളത് വാങ്ങിച്ചല്ലോ, ഇനി ബാക്കിള്ളത് കുറച്ച് വെട്ടിക്കൂട്ടാ, അതിങ്ങക്ക് തരാൻള്ളതല്ല”
“ഇജ്ജെന്താടാ ഇത് കുഴിച്ചിടാൻ പോകാ...” തൊട്ടടുത്ത് കിടന്നിരുന്ന കാലി ടിന്ന് വലതുകാലുകൊണ്ട് തട്ടിത്തെറുപ്പിച്ച് ഉമ്മറാക്കാടെ ദേഷ്യം ടകടക ശബ്ദമുണ്ടാക്കി അകന്നുപോയി.

അതിനുള്ള മറുപടി പതിവുപോലെ നിഷ്കളങ്കമായൊരു ചിരിയായിരുന്നു. ഔക്കറിന്റെ ഈ ചിരിക്കെന്നും വെള്ളനിറമാണ്‌. ക്ഷമയുടെ മൊട്ടുകൾ വിരിയുന്ന നിറസൗന്ദര്യമാണതിന്‌. ഔക്കർ ചിരിച്ചിട്ടുണ്ട് പലപ്പോഴായി, പലരൂപത്തിലും ഭാവത്തിലും.

ഒരുകാലത്ത് നാട്ടിലെ കത്തിനിന്നിരുന്ന തറവാടായിരുന്നു ഇളമ്പിലക്കൽ. ഉമ്മറത്ത് പൂത്തുനിന്നിരുന്ന സുകൃതത്തിലേക്ക് പുതിയ തലമുറയുടെ ഉന്മാദം ഇത്തിക്കണ്ണിപോലെ പടർന്നു കയറിയപ്പോഴാണ്‌ തറവാട് ചാരമാകാൻ തുടങ്ങിയത്. ചെർപ്പണങ്കോട് ദേശത്ത് പള്ളിയും സ്കൂളും പണിതുകൊടുത്ത നാട്ടുപ്രമാണിയുടെ നാലാംതലമുറയിലെ സന്തതിയാണ് അബൂബക്കർ. ചിതലുകയറിയ കുടുംബമഹിമ മാത്രം പാരമ്പര്യസ്വത്തായി പതിച്ചുകിട്ടിയ അനന്തരാവകാശി. പള്ളിയിലെ നേർച്ചകളിലും ഉളുഹിയ്യത്തിലുമെല്ലാം ചെറുപ്പം മുതൽ തന്നെ അവൻ സഹായിയായി കൂടുമായിരുന്നു. പ്രായത്തിനൊപ്പം വിശപ്പും വളർന്നപ്പോൾ അബൂബക്കർ അറവുകാരൻ ഔക്കറായി.


പണക്കാരായ നാലഞ്ചുപേർ, അതിൽത്തന്നെ നാട്ടിലെ രണ്ടു  പ്രമുഖര്‍ കൂടി അംഗങ്ങളായ മഹല്ല് കമ്മറ്റിയിലെ പ്രസിഡണ്ടായത് ഒരു അറവുകാരൻ. മൂക്കിൻതുമ്പിലേക്ക് മൂളിയെത്തുന്ന അസ്വസ്ഥതയായിരുന്നു അവർക്ക് ഔക്കറിന്റെ പദവി. പണക്കിലുക്കത്തിന്റെയും പരിവട്ടത്തിന്റെയും ഇടയിൽ നീണ്ടുകിടക്കുന്ന പ്രാരാബ്ധക്കയത്തിന്റെ ആഴവും ചുറ്റളവും മന:പാഠമാക്കിയവന് സാധാരണക്കാരനെ മനസ്സിലാക്കാൻ എളുപ്പമായിരുന്നു. കൺതടങ്ങളിൽ പടരുന്ന എണ്ണമയമില്ലാത്ത കറുപ്പുനിറത്തിന്റെ ചുളിവുകൾ കണ്ടാൽ മാത്രം മതിയായിരുന്നു ഔക്കറിന്‌ അവരുടെ മനസ്സ് വായിച്ചെടുക്കാൻ. അവരെ നോക്കിക്കൊണ്ട് ഔക്കറൊന്നു ചിരിക്കും. ആ ചിരിയൊരു പ്രതീക്ഷയാണ്‌, കത്തിനില്ക്കുന്ന ഉച്ചയിലേക്ക് ഒഴുകുന്ന തണുത്തൊരു നീരുറവയാണത്.

റോഡിനോട് ചേർന്നുള്ള ഇലഞ്ഞിമരത്തിന്റെ താഴെയാണ്‌ ഔക്കറിന്റെ ഇറച്ചിക്കട. വശങ്ങളിലുള്ള മരങ്ങളിലേക്ക് വലിച്ചുകെട്ടിയ നീല ടാർപോളിൻ കൊണ്ട് മുകൾഭാഗത്തൊരു മറയുണ്ടെന്ന് മാത്രം. അതിനുള്ളിൽ രണ്ടടി ഉയരത്തിൽ ഒരു മരത്തടിയും.  ചെർപ്പണങ്കോടിന്റെ അതിരിലുള്ള ഹെർബർട്ട് പാലത്തിൽ നിന്നും കിഴക്കോട്ട് നടക്കുമ്പോൾ ഞായറാഴ്ചകൾക്കെന്നും ഇറച്ചിക്കറിയുടെ മണമായിരിക്കും. പലനേരത്തെ ആഹാരം ഒരുനേരമാക്കിയവരുടെ വരണ്ട അലുമിനിയപാത്രത്തിലും അന്നത്തെ അറവിന്റെ ലാഭത്തിലൊരംശം ഇറച്ചിയോടൊപ്പം വേവുന്നുണ്ടാകും. അതുകൊണ്ടാകണം പൊരിയുന്ന വയറുകൾക്ക് പോരിശയാക്കപ്പെട്ട ദിവസം ഔക്കറിന്റെ അറവുകത്തിക്ക് വിശ്രമമില്ലാത്ത ഞായറാഴ്ചരാവായത്.

ചുവപ്പ് ഔക്കറിന്റെ സഹയാത്രികനായത് യാദൃച്ഛികമല്ല. നീന്തിക്കടന്ന വിശപ്പിന്റെ കടലിന്‌ കരഞ്ഞുകലങ്ങിയ കണ്ണിന്റെ ചുവപ്പുനിറം. മറവിയേല്‍ക്കാത്ത മുറിവേറ്റ ഓർമ്മകൾക്കുചുറ്റും പടർന്ന വേദനയുടെ ചുവപ്പ്, ജീവഗന്ധം മാത്രമവശേഷിച്ച് ഉണങ്ങാൻ തുടങ്ങിയ വേരുകൾക്ക് നനവായി മാറിയതും രക്തത്തിന്റെ കടുംചുവപ്പ്, അതിനുമപ്പുറം ശ്വാസത്തിനായി പിടയുന്ന ചിന്തകൾക്കും കനലിന്റെ ചുവപ്പുനിറമായിരുന്നു സഖാവ് ഔക്കറിന്റെ നെഞ്ചിൽ. ചങ്കിലേറ്റിയ യുവത്വത്തിന്റെ ഇങ്ക്വിലാബുകൾക്ക് വാർദ്ധക്യത്തിന്റെ പടിവാതിലിലെത്തിയപ്പോഴും നരബാധിച്ചിരുന്നില്ല. സ്വാഭാവികമായുണ്ടായ മനംമടുപ്പിൽ മനസ്സിലുയർത്തിയ ചെങ്കൊടി അല്പമൊന്ന് താഴ്ത്തിക്കെട്ടുക മാത്രമാണ്‌ ഔക്കർ ചെയ്തത്. 

ഉച്ചകഴിഞ്ഞ് എല്ലാ ദിവസവും രണ്ട് ബക്കറ്റുകളും തൂക്കിപ്പിടിച്ച് വീടിന്റെ പടിഞ്ഞാറേ ഭാഗത്തേക്ക് ഔക്കറെത്തും. അപ്പോഴേക്കും ആ പ്രദേശത്തുള്ള പക്ഷികളും, പൂച്ചകളുമെല്ലാം അവരവർക്കുള്ള സ്ഥലങ്ങളിൽ ഇരിക്കുന്നുണ്ടാകും. ഓരോരുത്തർക്കുമുള്ള ഭക്ഷണത്തിന്റെ ഓഹരി കിട്ടിക്കഴിഞ്ഞാൽ കുറച്ചുനേരം ഔക്കറിനോട് സ്നേഹം പ്രകടിപ്പിച്ചുകൊണ്ടവ തിരിച്ചുപോകും. കൂട്ടിയും കിഴിച്ചും ജീവഗതിയുടെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവർക്കിടയിലേക്ക് ഔക്കറിന്റെ കൈകൾ നീളുന്നതും പുറംലോകത്തിന്‌ കാണാനാകാത്ത വിധം മൗനമായിക്കൊണ്ടായിരുന്നു.

ഉപ്പയുടെ കാര്യങ്ങളിൽ എന്നും സഹായിയായി നിന്ന മകൻ ശരീഫ് 5 വർഷം മുൻപാണ്‌ ജോലി ആവശ്യാർത്ഥം ഷാർജ്ജയിലേക്ക് പോയത്. രണ്ടുമക്കളിൽ താഴെയുള്ള മകളേക്കാൾ 7 വയസ്സിന്‌ മൂത്തവൻ. ഒന്നര വർഷമായി  അവൻ നാട്ടിൽ വന്നുപോയിട്ട്. ഡ്രൈവിങ്ങ് ലൈസൻസ് കിട്ടിയപ്പോൾ കുറച്ചുകൂടി മെച്ചപ്പെട്ട ഒരുകമ്പനിയിലേക്ക് ജോലിമാറിയത് ഈയടുത്ത നാളുകളിലായിരുന്നു. വൈകിട്ടൊരു ദിവസം ജബൽഅലിയിൽ നിന്നും തിരിച്ചുവരുന്ന വഴിക്കാണ്‌  ശരീഫിന്റെ വാഹനം അപകടത്തിൽ പെടുന്നത്. അഞ്ചിലധികം വാഹനങ്ങൾ കൂട്ടിയിടിച്ച ശക്തിയിൽ തീ പടർന്നപ്പോൾ അതിലുണ്ടായിരുന്ന ആർക്കും രക്ഷപ്പെടാനായില്ല. 

മകനുറങ്ങാനുള്ള ഖബറും കുഴിച്ച് ഔക്കർ കാത്തിരുന്നു. വാഹനത്തിൽ ഉണ്ടായിരുന്ന മൂന്നുപേരുടെയും മയ്യിത്തുകൾ മനസ്സിലാകാത്ത വിധം കരിഞ്ഞ നിലയിലായതുകൊണ്ട് ബംഗാൾ സ്വദേശിയായ ആലത്തിനു പകരം ശരീഫിനെയാണ്‌ കൊണ്ടുപോയത്. എംബാം ചെയ്യാനെടുത്ത സമയത്ത് കൂട്ടുകാരിൽ ചിലരാണത് തിരിച്ചറിഞ്ഞതും. അപ്പോഴേക്കും മറ്റു മയ്യിത്തുകൾ നാട്ടിലേക്ക് കൊണ്ടുപോയിക്കഴിഞ്ഞിരുന്നു.

ചില്ലകൾ ഓരോന്നും അടർന്നുവീണ്‌ ബാക്കിയായ വടവൃക്ഷത്തിന്റെ തായ്ത്തടിയുടെ നിസ്സംഗഭാവമായിരുന്നു ഔക്കറിന്‌. വെട്ടിയൊതുക്കാതെ നീണ്ടുവളർന്ന താടിരോമങ്ങൾക്കിടയിൽ ഔക്കറിന്റെ ചിരി നഷ്ടമായിത്തുടങ്ങി. മോന്റെ ഖബറെങ്കിലും പോയി കാണണമെന്ന ആഗ്രഹവും മനസ്സിൽ പേറി നടന്ന ഔക്കർ അവനുവേണ്ടി കുഴിച്ച ഖബറിന്റെ അടുക്കൽ പോയിരിക്കുക പതിവായി. നട്ടുച്ചകളും നിലാവെട്ടവും ഔക്കറിന്റെ വാച്ചിൽ നിലച്ചുപോയ പുലരികളായിരുന്നു. ചിലപ്പോഴൊക്കെ ഔക്കർ ചിരിക്കുന്നതു കേൾക്കാം, ഉറക്കെയുള്ള ശബ്ദത്തിൽ. ഇലഞ്ഞിമരത്തിന്റെ ചുവട്ടിലിരുന്ന് പക്ഷികൾക്ക് തീറ്റകൊടുക്കുന്നത് കാണാം, വല്ലാത്തൊരാവേശത്തോടെ. കോളേജിലേക്ക് പോകാൻ ബസ്‌സ്റ്റോപ്പിലെത്തുന്ന പുതിയ തലമുറ ഇതു കണ്ടപ്പോൾ പറഞ്ഞു, “ഹി ഈസ്‌ മാഡ് ഗയ്. ചികിത്സിച്ചില്ലെങ്കിൽ ചിലപ്പോൾ മുഴുവട്ടനാകും.” നിസ്കാരവും കഴിഞ്ഞ് പള്ളിയിൽ നിന്നും തിരികെ വരുന്ന കാരണവന്മാർ അടക്കം പറഞ്ഞു “മോന്തിയും നേരോം നോക്കാതെ പള്ളിപ്പറമ്പിൽ പോയപ്പോൾ ഓന്റെ മേൽ റൂഹാനി കേറ്യേതാ, ഇതിപ്പോ ഉസ്താദിന്റെ മന്തിരിച്ചൂതല്‌ കൊണ്ടൊന്നും തീരാൻ പോണില്ല”. പക്ഷേ കണ്ണീർ പടർന്ന ആ ചിരിക്ക് കന്മദത്തിന്റെ ഗന്ധമായിരുന്നു, ഉരുക്കുസമാനമായ ജീവിതത്തിലെ കല്ലിച്ച അനുഭവങ്ങൾക്കിടയിൽ നിന്നും ഇടയ്ക്കെപ്പൊഴോ കിനിഞ്ഞിറങ്ങുന്ന വികാരത്തിന്റെ ചുവന്ന ഗന്ധം.

നാളുകൾക്ക് ശേഷം ഒരു ശനിയാഴ്ച. മഞ്ഞുപുതച്ച രാവിന്നടിയിൽ പുലരി മടിപിടിച്ചുറങ്ങുന്നു.  ടാര്‍പോളിന്റെ കയറഴിഞ്ഞുവീണ ഭാഗത്ത് കിഴക്കന്‍കാറ്റ് താളം പിടിക്കുന്നു.  നിരതെറ്റാതെ ചുവന്ന ഉറുമ്പുകൾ ഔക്കറിന്റെ കടയിലേക്ക് അരിച്ചെത്തുന്നുണ്ട്. ഇലഞ്ഞിമരത്തിനു ചുവട്ടിൽ വീണ്ടും രക്തച്ചൂര്‌ തളംകെട്ടിയിരിക്കുന്നു. മനുഷ്യക്കോലത്തിൽ ജീവിച്ച രണ്ട് മൃഗജന്മങ്ങൾ ഇരുമ്പുകൊളുത്തിൽ തലകീഴായി തൂങ്ങിയാടുന്നുണ്ട്. ഇറ്റിവീഴുന്ന തുള്ളികൾ ചരൽക്കല്ലുകൾക്കിടയിലൂടെ കറുത്ത ചാലിട്ടൊഴുകുന്നു. ചുറ്റും കാക്കകളുടെ നിർത്താതെയുള്ള കരച്ചിൽ.  

അന്നുവൈകിട്ട് ചെർപ്പണങ്കോട് ജുമാഅത്ത് പള്ളിയിലേക്ക് ഔക്കറിന്റെ ജനാസ കൊണ്ടുപോകുമ്പോൾ മുന്നിൽ നടന്ന് ഖത്തീബ് ദിക്റുകള്‍  ചൊല്ലിക്കൊടുത്തു. എങ്കിലും അതേറ്റു ചൊല്ലാന്‍ കഴിയാത്ത വിധം നാട്ടുകാരുടെ തൊണ്ടകളിൽ ഔക്കറിന്റെ വിയോഗം ചുവന്ന തിരമാലകളായി ആർത്തലയ്‌ക്കുന്നുണ്ടായിരുന്നു. മഗ്രിബ് നിസ്കാരത്തിനുള്ള സമയമായിരിക്കുന്നു. ഖബറടക്കം കഴിഞ്ഞ് എല്ലാവരും തിരികെപ്പോന്നു. പക്ഷേ അന്നദാതാവിനെ തനിച്ചാക്കിപോരാൻ കഴിയാതെ ഞായറാഴ്ചരാവു മുഴുവൻ പക്ഷിമൃഗങ്ങള്‍ ഉറങ്ങാതെ ആ ഖബറിന് കാവലിരുന്നു. 

കഴുത്തറ്റ രണ്ടുശരീരങ്ങളെ തലകീഴായി നാട്ടിയതാരാണെന്നതിന്‌ നാട്ടുകാര്‍ക്ക് പോലും ഒരു സൂചനയുമുണ്ടായിരുന്നില്ല. പക്ഷേ ഒരു സാക്ഷിയുണ്ടായിരുന്നു, ദൂരെ പട്ടണത്തിൽ നിന്നും രണ്ടാഴ്ചയിൽ ഒരിക്കൽ മാത്രം വീട്ടിൽ വരുന്ന റാബി. അയല്‍ക്കാരനായ അയമുട്ടിക്കാടെ മകൾ. രാത്രി വളരെ വൈകിയായിരിക്കും അവൾക്ക് വീട്ടിലെത്താൻ കഴിയുക. മാത്രവുമല്ല, റോഡില്‍ നിന്നും അല്പം നടക്കാനുള്ള ദൂരവുമുണ്ട്. രാവിരുട്ട് നടപ്പാതയെ കൂടുതല്‍ വിശാലമാക്കുന്നു.  കരിനാഗങ്ങള്‍ ഇഴഞ്ഞുകയറാന്‍ കാത്തിരുന്ന കറുത്ത നിമിഷങ്ങള്‍. സിരകൾ പഴുപ്പിച്ചെടുത്ത കാമദണ്ഡുകളുടെ മൂർച്ചയേറിയ മുനയിൽ കോർത്തെടുക്കപ്പെടുമായിരുന്നു ആ പെൺമാനം. വർഷങ്ങൾക്കുമുൻപ് നാട്ടിലെ സർവ്വസമ്മതനായിരുന്ന ഔക്കറിന്റെ ഉപ്പാപ്പ നാട്ടുകാരുടെ ചെറിയ തെറ്റുകൾക്ക് ശിക്ഷ വിധിക്കാറുണ്ടായിരുന്നുവത്രേ. ചെറുപ്പകാലത്ത് വെല്ലിമ്മയിൽ നിന്നും കേട്ട ചരിത്രങ്ങൾ ഔക്കർ തുടർന്നെഴുതുകയായിരുന്നു. നിരാലംബരായവരുടെ ജീവിതത്തിൽ തെമ്മാടിത്തത്തിന്റെ നീണ്ട ദംഷ്ട്രകൾ ആഴ്ന്നിറക്കി അനീതിയുടെ കൊഴുപ്പടിഞ്ഞുവീര്‍ത്ത രണ്ടുകഴുത്തുകൾ നാട്ടിൽ നിന്നും ഔക്കർ അറുത്തുമാറ്റി. സ്ഥാനം തെറ്റി കീറിയുലഞ്ഞ വസ്ത്രങ്ങൾക്കുള്ളിൽ ചുട്ടുപൊള്ളുന്ന റാബിയുടെ മനസ്സ് അന്നൊരു ഗർഭം ധരിച്ചു. രക്ഷകനായെത്തിയ ഔക്കറിനെ പോലുള്ള സന്താനങ്ങളെ മുലയൂട്ടണമെന്ന തീക്ഷ്ണമായൊരു മോഹഗർഭം.

ചെർപ്പണങ്കോടിലെ മഞ്ഞുനനഞ്ഞ പാതകളില്‍ പതിഞ്ഞുപോയ  ഒരു ജോഡി കാല്‍പ്പാടുകള്‍ ഇന്നലെകളില്‍നിന്നും എത്തിനോക്കുന്നുണ്ട്. ഔക്കറിന്റെ ചുമലിൽ അലസമായി കിടക്കാറുള്ള തോർത്തുമുണ്ട് ഇലഞ്ഞിമരത്തിന്റെ താഴെയുള്ള ശിഖരങ്ങളിലൊന്ന് ഉയർത്തി പിടിച്ചിരിക്കുന്നു. ചോരത്തുള്ളികൾ വട്ടം വരച്ചിട്ടുള്ള ആ മേല്‍മുണ്ട് ഒരു വിജയചിഹ്നം പോലെ പാറുന്നുണ്ട്. സൂക്ഷിച്ചുനോക്കിയാൽ അവിടെ ഔക്കറിന്റെ മൗനമായ ചിരികാണാം. നന്മ തൊട്ടെഴുതുന്ന ആയുസ്സിൽ നിന്നും നിർത്താതെ പൊഴിയുന്നൊരു നിലാവെട്ടം പോലെ.