Tuesday 2 June 2015

പ്രവാസക്കാറ്റ്‌

courtesy google

വിടർത്തിയിട്ട മുടികൾക്ക്‌ നടുവിൽ 
പാതിയുലഞ്ഞ മാറിടം
മടക്കിവച്ച കാലിനിടയിലൂടെ
ഒളിഞ്ഞുനോക്കുന്നുണ്ട്‌ രാവിരുട്ട്‌
മോഹിച്ചിട്ടുണ്ടാകുമവളെ,
തുടുത്തുവെളുത്ത
പൗർണ്ണമി പോലും

ഉള്ളറിയുന്നവന്റെ 
വിരൽതുമ്പിലേക്ക്‌
നിഗൂഢമായ മാദകത്വം 
നൽകുന്നവൾ,
നിശ്ശബ്ദതയിൽ
ഉണർന്നിരിക്കുന്ന വശ്യത,
കറുക്കാത്ത സ്വർണ്ണനിറയൗവനം..
അവൾ മരുഭൂമി

ആർത്തു പെയ്യുന്ന മഴ, 
തിളയ്ക്കുന്ന സൂര്യൻ,
അവൾക്കൊരു കാമുകനല്ല.
നനുത്ത നിലാവിനുമില്ല 
വടിവൊത്ത പുരുഷഗന്ധം 
അവൾ രമിച്ചിട്ടുണ്ട്,
രാപ്പകലില്ലാതെ. 

മുനകളിൽ മുഴകളിൽ 
ചരുവുകളിൽ ചൂഴ്‌ന്നിറങ്ങി
ആഴങ്ങളിൽ വിരൽകോർത്ത്‌
ഘനമുള്ള നിശ്വാസങ്ങളുതിർത്ത് 
ഉരുണ്ടും പിരണ്ടും
അവൾക്കൊപ്പം നൃത്തരതിയാടി
ചിറകഴിച്ചുവച്ച ചുഴലിക്കാറ്റ്‌

ഉറവകൾക്ക്‌ മുകളിൽ
അമർന്നുകിടക്കുന്ന
പ്രണയപുണ്യമേ
നീയുമൊരു മരുഭൂമി.

പൊക്കിളിൽ പെരുവിരൽ കുഴിച്ച്‌
താഴേക്കളക്കൂ,
വിരലറ്റങ്ങൾക്കിടയിൽ
നിനക്കൊരു 
മരുഭൂമിയുടെ വ്യാസം. 

വിരലുകളിൽ സിരകളിൽ
അധരങ്ങളിൽ കനലെരിച്ച്‌,
മുള്ള് പൊഴിച്ച കള്ളിച്ചെടിയിൽ
ദാഹമന്ത്രം ചുരത്തി 
മൂക്കിൻതുമ്പുരച്ചുപുണർന്ന്
നിന്റെ താഴ്‌വരകളെ
അമർത്തിചുംബിക്കുന്ന
കൊടുങ്കാറ്റാണ്‌ ഞാൻ
നിനക്കെന്നും പ്രിയപ്പെട്ടവൻ

ദാഹിക്കുന്നുണ്ട്, 
യാമങ്ങൾക്ക്.. 
പ്രവാസക്കാറ്റിനും.