Tuesday, 28 June 2011

റൊസ്സറ്റൻസും, കടൽക്കിഴവന്മാരും അല്പം സാമൂഹിക പ്രവർത്തനവും..“ജനങ്ങൾ ജനങ്ങളാൽ സമൃദ്ധരായി”

ഈയടുത്ത ദിവസങ്ങളിലായി ഞാനറിഞ്ഞ വാർത്തകളിൽ മരണം കൂട്ടിക്കൊണ്ടു പോയവരിൽ ഭൂരിപക്ഷം പേർക്കും പ്രതീക്ഷയുടെ ഇളം പച്ച നിറമായിരുന്നു പ്രായം. കാരണമായതോ ഹൃദയസ്തംഭനവും. അവർക്ക് അന്ത്യോപചാരം അർപ്പിക്കാനെത്തിയ മത, രാഷ്ട്രീയ, സാംസ്കാരിക മേഖലകളിലെ നായകന്മാരാകട്ടെ യൗവ്വനം തുടിക്കുന്ന 70-80 വയസ്സുള്ളവരും. എന്തായിരിക്കണം ഈ കടൽക്കിഴവന്മാരുടെ ആരോഗ്യ രഹസ്യം! ആധികാരിമായി തന്നെ പറയണമെങ്കിൽ അത് റൊസറ്റെൻസിനേ കഴിയൂ...

ആരാണീ “റൊസ്സറ്റൻസ്”
1962ൽ അമേരിക്കയിലെ പെൻസിൽവാനിയയിലെ റൊസ്സറ്റോ ഗ്രാമത്തിലേക്കു കുടിയേറിയ ഇറ്റലിക്കാർ. ഇവരും കിഴവന്മാരും തമ്മിലെന്തു ബന്ധം?? സ്വാഭാവികമായ സംശയം..

ഖനികളിലും മറ്റും കഠിനമായ ജോലികളിൽ ഏർപ്പെടുന്ന സാധാരണ ജീവിതം നയിക്കുന്നവരായിരുന്നു അവർ. ചുറ്റുപാടിൽ ജീവിക്കുന്ന മറ്റുള്ളവർ ആസ്വദിച്ചനുഭവിക്കുന്ന വായു, ജലം, ജോലി, വരുമാനം തന്നെയായിരുന്നു ഇവർക്കു ലഭിച്ചിരുന്നതും. കൃത്യമായ ഒരു ഭക്ഷണക്രമം പാലിച്ചിരുന്നില്ല. ഒലീവ് ഓയിലും, സലാഡുകളും, കൊഴുപ്പില്ലാത്ത ഭക്ഷണത്തിനൊപ്പം ഉയർന്ന കൊളസ്ട്രോൾ ഉള്ള ഭക്ഷണവും ഉപയോഗിച്ചിരുന്നു മാത്രവുമല്ല പുകവലിക്കുന്നവരും വൈൻ ഉപയോഗിക്കുന്നവരും ഇവരിൽ സാധാരണവുമായിരുന്നു. എന്നിട്ടുപോലും 1955-1965 കാലയളവിൽ 65 വയസ്സിനു താഴെയുള്ള ഒരാളിൽ പോലും ഹൃദയാഘാതം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നില്ല. സാധാരണ മരണങ്ങളാകട്ടെ അമേരിക്കയുടെ ദേശീയ ശരാശരിയുടെ പകുതി ശതമാനവും.

തദ്ദേശവാസികളായ അമേരിക്കക്കാരുടെ ഭാഗത്തുനിന്നും വർഗ്ഗപരമായ ചേരിതിരിവ് നിരന്തരമായി അനുഭവിക്കേണ്ടി വന്നിരുന്നതുമൂലം ഒറ്റപ്പെട്ട ഒരു സമൂഹമായി അവർ ഒതുങ്ങിക്കൂടി. പക്ഷെ തൊട്ടടുത്ത ഗ്രാമങ്ങളിൽ കൊലയും, കൊള്ളിവെപ്പും നിറഞ്ഞാടുമ്പോഴും 0% കുറ്റകൃത്യങ്ങളാണ്‌ ഇവരിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടതെന്നത് അതിശയോക്തിക്ക് ഇടം നല്കുന്ന വസ്തുതയാണ്‌. എന്നിട്ടുപോലും ആരോഗ്യപരമായ ഒരു മുന്നേറ്റം അവർ എങ്ങിനെ ആർജ്ജിച്ചെടുത്തു എന്നുള്ളതു പഠനവിധേയമാക്കുകയായിരുന്നു പല മെഡിക്കൽ യൂണിവേഴ്സിറ്റികളും. 1999ൽ ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ പോലുള്ളവ പബ്ളിഷ് ചെയ്ത വിശദാംശങ്ങളെല്ലാം തന്നെ അവരെക്കുറിച്ചുള്ള വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നവയാണ്‌.

കാലങ്ങളായി പിന്തുടർന്ന് വന്നിരുന്ന സാമൂഹ്യ വ്യവസ്ഥയിൽ അവർ ആനന്ദം നുകർന്നു. മറ്റുള്ളവർക്കു വേണ്ടി പുഷ്പിക്കുക എന്ന നയം നടപ്പിലാക്കുന്നതോടൊപ്പം കളങ്കമില്ലാതെ പ്രവർത്തിച്ചു, സത്യ സന്ധരായി ജീവിച്ചു, ആയുസ്സിന്റെ കണക്കു പുസ്തകത്തിൽ അമരത്വഭാവം രചിച്ചു.കുടുംബ ബന്ധവും, സാമൂഹിക ജീവിതവും ഇടകലർന്ന ജീവിതമായിരുന്നു റൊസ്സറ്റൻസിന്റേത്. സാമ്പത്തികമായി ഉയർന്നവർ ഉണ്ടായിരുന്നിട്ടു പോലും ആർഭാട ജീവിതം നയിച്ചിരുന്നില്ല. ജാടകൾ നിരത്താത്ത വിനയ പ്രകൃതമായിരുന്നു അവരുടെ സ്വഭാവം. പ്രാദേശികമായ കച്ചവടം പ്രോത്സാഹിപ്പിച്ചു. അവർക്കിടയിൽ തന്നെയുള്ള വിവാഹങ്ങളിലൂടെ ബന്ധങ്ങൾ ഊട്ടി ഉറപ്പിച്ചു.

സ്വയം പര്യാപ്തരായിരുന്നിട്ടും കുടുംബങ്ങൾ തമ്മിലും, സാമൂഹിക പരമായും പരസ്പരം സഹായിച്ചിരുന്നു.ഒറ്റപ്പെട്ട ഒരവസ്ഥ ആരും തന്നെ അനുഭവിച്ചിരുന്നില്ല. ചാരിറ്റി പോലുള്ള സംവിധാനങ്ങളുടെ ആവശ്യം പോലും ഉണ്ടായിരുന്നില്ല. ഒരോ കുടുംബങ്ങളിലും ഏറ്റവും കുറഞ്ഞത് 3 തലമുറ വരെയെങ്കിലും ഉണ്ടാകുമായിരുന്നു ഒരേ സമയം. പാർശ്വവല്ക്കരിക്കപ്പെടാതെ എല്ലാവരും ഉല്കൊള്ളുന്ന ജീവിത വ്യവസ്ഥ അവർ പങ്കിട്ടു പോന്നു.1965 മുതൽ റൊസ്സറ്റൻസ് അവരുടേതായ സംസ്കാരത്തിൽ നിന്നും അകന്ന് അമേരിക്കൻ നഗരവല്ക്കരണവുമായി അടുക്കുവാൻ ആരംഭിച്ചു. പരസ്പര ബന്ധങ്ങളിൽ, സഹായങ്ങളിൽ വിള്ളലുകൾ വീണു തുടങ്ങി. അണു കുടുംബമെന്ന ചിന്താഗതിയിലൂടെ അവർക്കിടയിൽ വേലിക്കെട്ടുകൾ ഉയർന്നു വന്നു. സാമൂഹിക കെട്ടുപാടുകൾ കാണാ കാഴ്ചകളായി. അവിടം മുതൽ “റൊസ്സറ്റൊ എഫക്റ്റിനു” ക്ഷയം സംഭവിച്ചു തുടങ്ങിയിരുന്നു. താമസിയാതെ തന്നെ അതിന്റെ പാർശ്വഫലവും അവരിലേക്കു കടന്നെത്തിക്കൊണ്ടിരുന്നു. വർഷങ്ങൾക്കു ശേഷം 1971ൽ 45 വയസ്സിനു താഴെയുള്ള ഹൃദയ സ്തംഭനം മൂലമുള്ള മരണം റിപ്പോർട്ട് ചെയ്യപ്പെട്ടു. കാലക്രമേണ ചരിത്ര പരമായ ഒരു വസ്തുതയായി മാറിക്കഴിഞ്ഞു റൊസ്സറ്റൻസും അവർക്കിടയിലെ റൊസ്സറ്റൊ എഫക്റ്റും..

സാമൂഹിക പ്രവർത്തനങ്ങൾ പുഛ ഭാവത്തോടെ നോക്കിക്കാണുന്ന നമ്മൾ എറിയുവാനായി ഉന്നം പിടിച്ചു നില്ക്കുന്ന കല്ലുകൾ ആ കിഴവന്മാരിൽ പതിക്കും മുമ്പേ, നമ്മുടെ ഇടതു ഭാഗത്തു കൂടി ഒരു മിന്നൽപിണർ കടന്നു പോയേക്കാം. അദൃശ്യമായൊരു സുരക്ഷാവലയം നമുക്കന്യമായിരിക്കുന്നിടത്തോളം കല്ലുകൾ പോലും നമ്മെ പരിഹസിച്ചെന്നും വരാം.

മതാദ്ധ്യാപനങ്ങൾ തിരയുമ്പോൾ പ്രവാചകന്റെ വാക്കുകൾ ഇങ്ങനെ കാണാവുന്നതല്ലേ..“ നിങ്ങൾ കുടുംബ ബന്ധങ്ങൾ ചേർക്കുവിൻ”.. മറ്റൊരിടത്ത് “ഒരു വിശ്വാസി മറ്റൊരു വിശ്വാസിക്ക് ഒരു കെട്ടിടം പോലെയാണു അതിന്റെ ചില ഭാഗങ്ങൾ ചില ഭാഗങ്ങളെ ശക്തിപ്പെടുത്തും”....

തിരിച്ചറിയുവാൻ വൈകിപ്പോകുന്നു പകൽ പോലെയുള്ള പല യാഥാർത്ഥ്യങ്ങളും, അതിലൂടെ നഷ്ടപ്പെടുന്നതോ ജീവിത ലക്ഷ്യമാകുന്ന സ്വർഗ്ഗീയ താഴ്വരകളും!!!

ചുറ്റുപാടിൽ പലസംഭവങ്ങളും നടക്കുന്നു ഇതുമായി ബന്ധപ്പെടുത്താവുന്നവ. അതിൽ നിന്നും ഒന്നിനെ ഒരു ഉദാഹരണമായി ഞാൻ പരിചയപ്പെടുത്തുന്നു. ഇവിടെ ക്ലിക്കുക

Tuesday, 21 June 2011

മഴക്കെടുതിയിലെ മഴമേഘങ്ങൾ

സഖീ..കൈതപ്പൂക്കൾ സാക്ഷിയാണു...നിന്റെ കരിവള കിലുക്കത്തിലൂടെയായിരുന്നു ഞാനെന്റെ ബാല്യത്തെ പ്രണയിച്ചത്

പുതു മണ്ണിന്റെ ഗന്ധത്തിൽ നനഞ്ഞ്, നഗ്ന പാദനായി നടന്നതും ഓർമ്മകളായി മാറിയ നാട്ടുവഴികളിൽ നിന്റെ കാലടിപ്പാടുകളുടെ സാന്നിധ്യമുണ്ടെന്നറിവിലായിരുന്നു..

കൈതപ്പൂകാട്ടിന്നരികിലെ ചിമ്മിണി വിളക്കെരിയുന്ന കൂരകൾക്കു മുന്നിലൂടെ ഞാൻ നടക്കുമ്പോൾ എന്റെ കണ്ണൂകൾ വിടർന്നത് പഴയ ആ ചുവന്ന ഷിമ്മിയുടെ നിറം തേടിയാണല്ലോ

കളിത്തോഴീ.. ഒരു വിരൽ തുമ്പിന്നകലത്തിലും, നീ എന്നിൽ വിരിയുന്ന യാമത്തിനായ് കാത്തിരിക്കുന്ന ഒരു നീലക്കുറുഞ്ഞിയായ് മാറുന്നതെന്തേ..!
................................................................................................
മഴക്കെടുതിയിലെ മഴമേഘങ്ങൾ...ചന്ദ്രബിംബത്തിന്റെ മൂർദ്ധാവിൽ ചുംബനം കൊണ്ട് ചാർത്തിയ പ്രണയ സിന്ദൂരം; ചന്ദന വർണ്ണ മേനിയിലേക്കു പടർന്നിറങ്ങിയ ചാറ്റൽ മഴയിൽ, നിന്റെ മനസ്സിൽ കുരുത്ത മോഹഭംഗത്തിന്റെ സീല്ക്കാരനാദം ഏകാന്തമായെൻ തീരത്തിലെ വരണ്ട മേഘങ്ങളിൽ കൊടുങ്കാറ്റ് വർഷിച്ച് കടന്നുപോയി.

കർക്കിടകത്തിലെ സായന്തനങ്ങളിൽ നിറവയറുമായി നില്ക്കുന്ന മഴമേഘങ്ങളെ തലോടിയെത്തുന്ന പടിഞ്ഞാറൻ കാറ്റ്, ഇടതൂർന്ന നിന്റെ മുടിയിഴകളിൽ സാന്ത്വനമോതുന്ന തഴമ്പിച്ച വിരലിന്റെ ചലന ചാരുത നല്കുന്നുവല്ലേ.. കണ്ഠസ്തരത്തിൽ നിശ്വാസ വായ്പിന്റെ മൃദു വികാരവും..

തുളസിക്കതിർ ചൂടി, ഈറനുടുത്ത് മനോഹരിയായ ഉഷ:സന്ധ്യയുടെ മോഹിപ്പിക്കുന്ന ഹിമകണങ്ങൾ ഉഷ്ണരൂപിയായ മണൽക്കാറ്റിന്റെ ചാരപടലങ്ങളാൽ മൂടപ്പെട്ട ഒരു കനലായ് എരിഞ്ഞു നില്ക്കുന്നുവെന്നിലെന്റെ സുകൃതമേ..

ഇനിയുമെത്ര നാൾ..ആ മഴയിലൊന്നു നനയുവാൻ.!!!

Thursday, 2 June 2011

ലഗേജ്

അത്തറിന്റെ മണമുള്ള പെട്ടികളായിരുന്നു
എന്റെ മോൻ ഗൾഫീന്ന് എപ്പോഴും
കൂടെ കൊണ്ടരാറ്‌

പക്ഷെ, ഇത്തവണത്തെ പെട്ടിക്കു മാത്രം.....
“.... അധികം നേരം തുറന്ന് വെക്കാൻ പറ്റില്ല.
വേഗം തന്നെ പള്ളീലോട്ട് എടുക്കണം....”
ആരുടെയോ ഗൗരവമാർന്ന ശബ്ദം!!

വേഗം വരണംന്ന് പറഞ്ഞല്ലേ
ഇതു വരെയും നിന്നെ ഞാൻ യാത്രയാക്കിയിട്ടുള്ളൂ
എന്റെ മടിയുടെ ചൂടു പറ്റിയുറങ്ങാൻ
എനി നീ വര്യോ? ഇല്ലല്ലൊ?
പിന്നെന്തു പറഞ്ഞാ ഞാൻ
നിന്നെ യാത്രയാക്കാ...