Saturday, 16 July 2011

മരുക്കാറ്റിനും മഴത്തുള്ളിക്കുമിടയിൽ ..മുന്നൊരുക്കങ്ങളുടെ അവസാനത്തിൽ ഇത്തിസലാത്തിന്റെ സിം കാർഡിനു പകരം വഡാഫോണിന്റെ ചുവന്ന സിം ഞാനെന്റെ “നോകിയ” ഫോണിന്‌ നല്കി . നിയോൺ ലാമ്പിന്റെ സ്വർണ്ണ രശ്മികളാൽ സർവ്വാഭരണ വിഭൂഷിതയായി നില്ക്കുന്ന ദുബായ് നഗരത്തിനു “മഅസലാമ”യും പറഞ്ഞു 45 ഡിഗ്രിയിൽ തിളക്കുന്ന ചൂടിൽ നിന്നും മഹാരാജയുടെ സഖികളുടെ നാദ ഭംഗിയിൽ ഒരു യാത്രയുടെ തുടക്കം കുറിക്കപ്പെട്ടു ആകാശപ്പറവയുടെ ഗർഭഗേഹത്തിലെ ഇടുങ്ങിയ സീറ്റുകളിൽ കുടവയറിനു വിശ്രമാവസ്ഥയും നല്കിക്കൊണ്ട്.

യാത്രയുടെ സന്തോഷത്തിൽ കനം തൂങ്ങുന്ന ഉറക്കം, കാത്തിരിപ്പിന്റെ സുഖം നഷ്ട്പ്പെടുത്തുന്നുവെന്നതിനാൽ ഒരു സഹചാരിയുടെ സാന്നിധ്യം എന്നെ അനുഗ്രഹിച്ചിരുന്നു ഇത്തവണത്തെ യാത്രയിലും, മിക്കവാറുമെന്റെയെല്ലാ യാത്രകളിലുമെന്നപോലെ.
“ബാല്ബെക്കിന്റെ അവശിഷ്ടങ്ങളിലേക്ക് ഓടക്കുഴൽ നാദത്തിലൂടെ ആട്ടിൻപറ്റത്തെ തെളിച്ചു കൊണ്ടുവരുന്ന അലി*, തന്റെ ജീവിതത്തിൽ ആദ്യമായി ആത്മീയ ക്ഷാമത്തിന്റെ കാരണങ്ങൾ കണ്ടെത്തുന്നതിലൂടെ സ്നേഹമെന്ന പ്രാപഞ്ചിക വികാരത്തിന്റെ മാന്ത്രിക സംഗീതം പരിചയ സമ്പന്നനായ ഒരു സംഗീതജ്ഞനെ പോലെ ഹൃദയത്തിന്റെ തന്ത്രികളിൽ താളമിട്ടവൻ. അരളി മരച്ചുവട്ടിന്നരികിലെ അരുവിക്കപ്പുറത്ത്‌ പ്രത്യക്ഷപ്പെട്ട കന്യകയുടെ മിഴിനീരിന്റെ ശബ്ദത്തിലൂടെ ഓന്നായ് മാറിയ, അവരെ ഉണർത്തിയ അനശ്വര ശക്തിയാൽ മധുര ചുംബനങ്ങളുടെ വീഞ്ഞ് നുകർന്ന് പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടവർ മയങ്ങി“ *എ.ഡി.1890 -)0 മാണ്ടിലെ വസന്തം (ഖലീൽ ജിബ്രാൻ)
ഒരു തുഷാര ബിന്ദുവിന്നകലത്തിൽ എന്റെ അനുഭവ സാക്ഷ്യങ്ങളാകുവാൻ വെമ്പൽ കൊള്ളുന്ന നിമിഷങ്ങളുമായി താദാത്മ്യം പ്രാപിക്കുവാനാകുന്ന വൈകാരിക ചിന്തകൾ.

വരിഞ്ഞൊഴുകുന്ന ഭാവനയുടെ വശ്യതയാർന്ന മുന്തിരിത്തോട്ടങ്ങളിൽ നിന്നും എന്നെ വിളിച്ചുണർത്തിയത് ”ഹം കൊച്ചി പഹൂഞ്ച്നാ വാലേ....“ എന്ന മഹാരാജാ ദാസിയുടെ പുലർക്കാല കൊഞ്ചലുകളായിരുന്നു. കറുത്തിരുണ്ട ഇടിയൻ മേഘങ്ങൾക്കിടയിൽ വിമാനത്തിന്റെ ചലനങ്ങൾ മനസ്സിൽ ഭയാശങ്കകൾ പടർത്തിയെങ്കിലും, എന്നെ വരവേല്ക്കുന്നതിനായി എന്റെ മാതൃനാട് ഒരു നീണ്ട മഴക്കോളിന്റെ പുഷ്പഹാരവും നെഞ്ചിലേറ്റി കാത്തുനില്ക്കുന്ന കാഴ്ച്ച മനസ്സിലെ നീലാമ്പൽ കുളത്തിൽ ആഹ്ളാദത്തിന്റെ കുഞ്ഞോളങ്ങൾ സൃഷിച്ചിരുന്നു.

നനഞ്ഞ മണ്ണിന്റെ മാറിടത്തിലേക്കടുക്കും തോറും വാരിയെറിഞ്ഞ മഞ്ചാടിക്കുരുക്കൾ പോലേ ചിതറിക്കിടക്കുന്ന വീടുകളിലെ അന്തിത്തിരികൾ ഇരുളിന്റെ ജാലകം തുറന്ന് പല നിറങ്ങലിലായി പ്രകാശം ചൊരിയുന്ന മിന്നാമിനുങ്ങുകളായി കാഴ്ചവട്ടത്തിലേക്കു പറന്നു വന്നു.എയർ പോട്ടിൽ നിന്നും പുറത്തിറങ്ങി, പുലർക്കാലത്തിന്റെ പുതപ്പിനുള്ളിൽ ചാറ്റൽ മഴയെ പുണർന്ന് അലസമായുറങ്ങുന്ന പുൽത്തലപ്പുകൾക്ക് അലോസരം സൃഷ്ടിക്കാതെ എന്നെയും വഹിച്ച് വാഹനം പാതയോരങ്ങളിലൂടെ ഉരുണ്ടു തുടങ്ങി..... ഫാസ്റ്റ്ഫുഡിന്റെ നിറങ്ങൾക്ക് മുന്നിലെ നരച്ച ചായക്കടയിലെ ആവിയുയരുന്ന സമാവറിൽ നിന്നുള്ള ചായയുടെ ചൂടും നുകർന്ന്, പുലരിക്ക് ചെമ്പക മരം സമ്മാനിച്ച സുഗന്ധവും പകുത്തെടുത്ത്, എന്നെ കാത്തിരിക്കുന്ന മുളകിട്ടു വെച്ച മീൻ കറിയുടെ രുചി നാവിൻ തുമ്പത്ത് വിഭവ സമൃദ്ധിയും നല്കി, വരപ്രസാദങ്ങളാകുന്ന മഴത്തുള്ളികൾ സ്നേഹോഷ്മളതയോടെ ഏറ്റു വാങ്ങാൻ മാതൃത്വം ചിര പ്രതിഷ്ഠയായ ഞങ്ങളുടെ കോവിലിന്നങ്കണത്തിലേക്ക് ഒരിക്കൽ കൂടി..

പകരം നല്കിയ വഡാഫോണിന്റെ സിം കാർഡ് അടുത്ത ആഴ്ചയിലെ ഇതേ ദിവസം വീണ്ടും എന്റെ പേഴ്സിനുള്ളിലേക്കും ഇത്തിസാലാത്തിന്റെ സിം എന്റെ നോക്കിയ ഫോണിലേക്കും മാറ്റപ്പെടുന്ന നിമിഷം, ചോരയൊലിപ്പിക്കുന്ന തുറിച്ച കണ്ണുകളായി എന്നെ ഭയപ്പെടുത്തിക്കൊണ്ടു നില്ക്കുന്നുവെന്റെ മുന്നിൽ.....