Saturday, 5 May 2012

എന്റെ രക്തം ഇനിയും ചുവന്നിട്ടില്ലാല്ലേ?

പാകിസ്ഥാനിൽ ഇന്നു രാവിലെയുണ്ടായ സ്ഫോടനത്തിൽ മൂന്നുപേർ മരണപ്പെടുകയും 20 പേർക്ക് പരിക്കേല്ക്കുകയും ചെയ്തു. ഇതിന്റെ ഉത്തരവാദിത്വം.........

“പാക്കിസ്ഥാൻ വിഭജനവും, പട്ടാള അട്ടിമറിയെക്കുറിച്ചും, സ്വാതന്ത്ര്യത്തിനുമുമ്പേ തന്നെ അബുൽകലാം ആസാദ് പറഞ്ഞിരുന്നതല്ലേ.” റേഡിയോയുടെ ശബ്ദം കുറച്ചുകൊണ്ട് ഷംസ് ആരോടെന്നില്ലാതെ പറഞ്ഞു.

“ഏത്, നമ്മുടെ പ്രസിഡണ്ടായിരുന്ന അബ്ദുൾകലാം ആസാദോ?” ഡ്രൈവ് ചെയ്തിരുന്ന ഫൈസലിന്റെ ചോദ്യം.

“പ്രസിഡണ്ട് അബ്ദുൾകലാമല്ല, ആര്യാടൻ മുഹമ്മദ്, ഒന്നുപോടാ. മൗലാന അബുൽകലാം ആസാദ്. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി” “അല്ലെങ്കിൽ തന്നെ നെഹ്രുവിനെയും, ഗാന്ധിയെയുമല്ലാതെ നിനക്ക് ആരെയൊക്കെ അറിയാം. ഗോസിപ്പിന്റെ മണം പിടിച്ചു പിന്നാലെ  പോകുന്ന നിനക്ക്, ബികിനിയിട്ട ഐശ്വര്യറായിയും, മസില്‌പെരുപ്പിച്ച ഷാറൂഖ്ഖാനുമല്ലെ ഇന്ത്യൻ ഐക്കോണുകൾ. കലാമിനെയും, ചന്ദ്രബോസിനെയ് നീയൊക്കെ എങ്ങനെ അറിയാനാല്ലെ?”

“ദേ ഷംസേ, നീയധികം ചൊറിയല്ലേ..” 

“ചൊറിഞ്ഞതല്ല ഫൈസലേ, അല്ലെങ്കിലും; ഫാഷന്റെ പേരിൽ പുറത്ത് കാണിച്ചിരിക്കുന്ന  അണ്ടർവെയറിന്റെ വിലപോലും കാണില്ലല്ലോ നിനക്കീ കാര്യങ്ങൾ.” “അതേയ്.., പാകിസ്ഥാന്റെ കാര്യം പറഞ്ഞപ്പോഴാ ഓർമ്മവന്നത്. നീ കോഴിക്കോട്ടുകാരനല്ലേ?”

“അതെ. പക്ഷെ കോഴിക്കോടും, പാക്കിസ്ഥാനും തമ്മിലെന്തുബന്ധം?”

“ഞനൊരു അഡ്രസ്സ് തരാം. അവരെക്കുറിച്ചൊന്നു വിശദമായി അന്വേഷിക്കണം”

“നീയെന്താ രണ്ടാമതും കെട്ടാനുള്ള വല്ല പരിപാടിയുണ്ടൊ?”

“എടാ, എന്റെ ബിൽഡിംഗിലെ നാത്തൂർ* ഖാൻസാബില്ലെ, അയാൾ എന്നോട്  അന്വേഷിക്കാനായി എല്പിച്ചതാണ്‌”

“ആര്‌, നമ്മുടെ പച്ചയോ? മൂടും മുലയും കനമുള്ള ശ്രീലങ്കൻ പെണ്ണുങ്ങൾ, കെട്ട്യോന്മാരെ തെരഞ്ഞ് കേരളത്തിൽ വന്നിട്ടുണ്ട്.  ഇതിപ്പൊ ആ പച്ചക്ക് ആരാണാവോ കേരളത്തിൽ.”

“അവരൊരുമിച്ച് ജോലിചെയ്തിരുന്നതാ. തിരിച്ചുവരേണ്ട സമയം കഴിഞ്ഞിട്ടും എത്തീട്ടില്ല. ഫോണിൽ വിളിച്ചിട്ട് കിട്ടുന്നൂല്ല. കാര്യമെന്താണെന്നറിയാൻ വേണ്ടീട്ടാകും. ഇതാണഡ്രസ്സ്. അബൂബക്കർ, വാലിയം പുറത്ത് വീട്, ......... ,കോഴിക്കോട്.”

“അഡ്രസ്സിന്‌ നല്ല പരിചയം പോലെ. എന്തോആവട്ടെ, എന്റെ കസിൻ ജവഹർ കോഴിക്കോട് സ്റ്റേഷനിലുണ്ട്. അവനെക്കൊണ്ട് തന്നെ അന്വേഷിപ്പിക്കാം.”

കറാമ മെട്രോ സ്റ്റേഷനടുത്ത് ഷംസിനെ ഇറക്കി റൂമിലേക്ക് ഡ്രൈവ് ചെയ്യുമ്പോൾ, ഫൈസലിന്റെ മനസുമുഴുവൻ പച്ചയും, അബൂബക്കറും തമ്മിലുള്ള അവിഹിതതിന്റെ എഴുതാപുറങ്ങളായിരുന്നു. തന്നേക്കാൾ താഴ്ന്നവരോട് നീരസം നിറഞ്ഞ സമീപനം തന്നെയായിരുന്നു അതിന്റെ കാരണവും.

                                                                                                                                ചിത്രം ഗൂഗിളിൽ നിന്നും
അല്ലാദിത്ത ചൗഹാൻ എന്നാണ്‌ മുഴുവൻ പേര്. സ്നേഹപൂർവ്വം  എല്ലാവരും ഖാൻസാബെന്നു വിളിക്കും. കാലത്തിന്റെ ഗതിവേഗം ചുളിവുകൾ വീഴ്ത്തിയ വിടർന്ന നെറ്റിയിൽ, നിസ്കാരതയമ്പിന്റെ നിറഞ്ഞ ഐശ്വര്യം. വെളുത്തുനീണ്ടതാടിയും, നീലക്കണ്ണുകളും തിളങ്ങുന്ന മുഖത്ത് വേദനയുടെ നീറ്റൽ എപ്പോഴും നിഴലിച്ചിരുന്നു. അരക്ഷിതാവസ്ഥയുടെ കാഠിന്യത്തിൽ നിറം മങ്ങിയ ദിനരാത്രങ്ങളിലെപ്പൊഴോ, നീതിബോധമില്ലാതെ പാഞ്ഞുവന്ന ബോബുകളിലൊന്ന് കൂരയുടെ മേൽ ആഞ്ഞുപതിച്ചു. മനുഷ്യമാംസം ചിതറിക്കിടക്കുന്ന വീടിന്റെ അവശിഷ്ടങ്ങളിൽ ചുടുനിണം തളം കെട്ടിയിരിക്കുന്നു. രൂക്ഷഗന്ധത്തിൽ മുങ്ങിയ മാംസക്കഷ്ണങ്ങളിൽ നിന്നും വേർതിരിച്ചെടുക്കാനാകാതെ പോയത്, ഖാൻസാബിന്റെ ഭാര്യയെയും, മക്കളെയുമായിരുന്നു. കനലെരിയുന്ന ഓർമ്മകൾ കൂട്ടിനായെത്തുമ്പോൾ, കണ്ണുകളിൽ കനിയുന്നത് കടുംനീലവർണ്ണം.

“ഫ്രീ ആകുമ്പോൾ നീയൊന്നു വിളിക്ക്.” നാട്ടിൽ നിന്നും ജവഹറിന്റെ മെസ്സേജ്. മറന്നുതുടങ്ങിയ അഡ്രസ്സിന്റെ കാര്യം അപ്പോഴാണവന്‌ ഓർമ്മയിൽ വന്നത്. 

“ഫൈസലേ.. അഡ്രസ്സിലുള്ള ആളെ നീയറിയോ?”

“എനിക്കറിയില്ല. കൂടെ ജോലിചെയ്യുന്നവൻ അന്വേഷിക്കാൻ എല്പിച്ചതാ. നീ ആളെ കണ്ടോ ജവഹറേ..”

“ഈ അബൂബക്കറില്ലെ ..... ......” വാക്കുകളിൽനിന്നും നിമിഷങ്ങളിലേക്ക് തീപടർത്തിക്കൊണ്ട് ജവഹർ ദീർഘനേരം സംസാരിച്ചു.

“നീയ്യീപ്പറയണത് സത്യാണോ?” വിശ്വസിക്കാൻ പ്രയാസമായതുകൊണ്ട് ഫോൺ കട്ട്ചെയ്ത ഉടൻ ഫൈസൽ വീട്ടിലേക്ക് വിളിച്ചു. “മോനേ, നീയിത് അറിഞ്ഞേര്‌ന്നില്ലേ, അല്ലെങ്കിലും പഴയ കാര്യങ്ങളെക്കുറിച്ചൊന്നും നീ ചോദിക്കാറില്ലല്ലോ. നിനക്ക് ഓർമ്മയുണ്ടോ അവരെ. അവൾ ഇടക്ക് വീട്ടിൽ വരും. നിന്റെ വിശേഷങ്ങളൊക്കെ തെരക്കാറുണ്ട്.“

അവന്റെ സിരകളിലൂടെ ഒരു കൊള്ളിയാൻ പാഞ്ഞു. ഇറുക്കിയടച്ച കണ്ണുകളിലൂടെ തലച്ചോറിലേക്ക് കരിവണ്ടുകൾ തുരന്നുകയറി. 

ഫൈസൽ പിറ്റേന്ന്‌തന്നെ ഷംസിനെയും കൂട്ടി ഖാൻസാബിന്റെ അടുത്തുചെന്നു.  “സലാം ഖാൻസാബ് ”  സുഖാന്വേഷണങ്ങൾക്കൊടുവിൽ ഫൈസൽ ചോദിച്ചു ” മലബാരിയായ അബൂബക്കർ മുസ്ലിമായതുകൊണ്ട് മാത്രമല്ലേ അയാളെക്കുറിച്ച് അന്വേഷിച്ചത്. അല്ലായിരുന്നെങ്കിലോ?”

ശാന്തമായ കണ്ണുകളിൽ ക്രോധഭാവത്തിന്റെ തിരയിളക്കം.  “ ഹം സബ് ഖുദാ കെ ബന്താഹെ ബേഠാ.. മനുഷ്യത്വമാണെന്റെ സിരകളിലൂടെ ഓടുന്നത്. സിർഫ് ഇൻസാനിയത് കാ”  “അബൂബക്കർ പോയിരിക്കുന്നത് മകളുടെ കല്യാണത്തിനാണ്‌. അവളിപ്പോൾ എന്റേയും മകളല്ലേ. വിവാഹത്തിൽ പങ്കെടുക്കാൻവേണ്ടി ഞാനും ശ്രമിച്ചതാ. ഇന്ത്യൻ എംബസിയിൽ പലതവണ കയറിയിറങ്ങി. നിയമക്കുരുക്കുകൾ മൂലം എനിക്കു പോകാൻ സാധിക്കില്ല. എങ്കിലും എനിക്കവനെ ഒഴിവാക്കാനാകില്ലല്ലോ”

തിരിച്ച് നടക്കാനൊരുങ്ങിയ അവരെ ഖാൻസാബ് വിളിച്ചുനിർത്തി ഒരു എ.ടി.എം കാർഡ് ഏല്പിച്ചുകൊണ്ട്‌ പറഞ്ഞു. “നിങ്ങൾ അബൂബക്കറിന്റെ നാട്ടുകാരല്ലേ. അവനെവിടെയാണെങ്കിലും ശരി, എക്കൗണ്ടിലുള്ള എന്റെയീ ചെറിയ സമ്പാദ്യം മുഴുവൻ എത്തിച്ചു കൊടുക്കണം. കല്യാണമല്ലെ, സാമ്പത്തികാവശ്യങ്ങൾ ഒരുപാടുകാണും. ബേഠാ.. ഇശാനിസ്കാരത്തിന്‌ സമയമായിരിക്കുന്നു, ഞാൻ പോകട്ടെ ഹുദാഹഫിസ്.”

ഹയ്യ അലൽ ഫലാഹ്!! നിങ്ങൾ വിജയത്തിലേക്ക് വരൂ... മനസ്സിനും, കാതുകൾക്കും കുളിർമ്മയേകി ബാങ്കൊലികൾ ഉയർന്നുകൊണ്ടേയിരിക്കുന്നു. വിജയപാതയിലൂടെ നടന്നുപോകുന്ന ഖാൻസാബിനെ നോക്കി ഷംസും, ഫൈസലും ചലനമറ്റു നിന്നു.

“നിനക്കെന്തോ പറയാൻ വേണ്ടിയല്ലെ ഇങ്ങോട്ട് വന്നത്. എന്നിട്ടിപ്പോ?”

“ഞാനെങ്ങന്യാ പറയാ ഷംസേ. അറ്റുവീഴാനുള്ള ആയുസ്സ് മാത്രമേ വൃദ്ധനുള്ളൂ. കൂട്ടുകാരൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിൽ ഖാൻസാബ് ജീവിച്ചു തീർക്കട്ടെ.”

ചാറ്റൽ മഴയിൽ നനഞ്ഞുനില്ക്കുന്ന സായാഹ്നം. മകളുടെ വിവാഹനിശ്ചയം കഴിഞ്ഞ സന്തോഷത്തിൽ അബൂബക്കർ കവലയിലേക്കിറങ്ങി. ദൈവത്തിന്റെ അവകാശങ്ങൾ പതിച്ചുകിട്ടിയവരെന്ന ധാർഷ്ട്യത്തിൽ, വർഗ്ഗീയ കോമരങ്ങൾ തെരുവുകൾ കയ്യടക്കിയിരുന്നു. ഒരു യാചനക്കുപോലുമുള്ള അവസരം നല്കാതെ, ആ പിതാവിനെയവർ തുണ്ടം തുണ്ടമാക്കി. മഴവെള്ളത്തിനൊപ്പം മനുഷ്യരക്തവും ചാലിട്ടൊഴുകുന്നു.

ഭീതിയുടെ ഇരുൾമുറ്റിയ കനത്ത നിശബ്ദത. അഭയകേന്ദ്രത്തിനായ് അലയുന്നവരുടെ മുഖങ്ങൾക്ക്, മതവർഗ്ഗഭേദങ്ങളില്ല. ജീവിതാവകാശം നഷ്ടപ്പെട്ട നിസ്സംഗതയുടെ കരുവാളിച്ച നിറം.

“ഷംസേ... കുഞ്ഞുനാളിലെന്റെ അബൂപ്പയായിരുന്നു, കളിക്കൂട്ടുകാരിയായിരുന്ന റഷീദയുടെ പിതാവായിരുന്നു, ആ കൈകളിൽ തൂങ്ങിയാണ്‌ ഞാൻ സ്കൂളിലേക്ക്‌ പോയിരുന്നത്. ഞങ്ങളുടെ പ്രിയപ്പെട്ട അയൽവാസിയായിരുന്നു അബൂബക്കർ. വർഷങ്ങൾക്കുമുമ്പ് അവിടെ നിന്നും താമസം മാറ്റിയില്ലായിരുന്നെങ്കിൽ, എന്റ ഉപ്പാനെയും അവർ അരിഞ്ഞിട്ടേനെ, എന്റെ ഉമ്മയും ഒരു അഭയാർത്ഥിയായേനെ.”

ഹൈടെക് ജീവിതത്തിന്റെ ചുമരുകൾക്കുള്ളിൽ സഹജീവിയുടെ വേദനകൾ അന്യം നിന്നുപോയിരിക്കുന്നു. നനഞ്ഞൊട്ടിയ ചാറ്റൽമഴയും, പെറുക്കിക്കൂട്ടിയ വളപ്പൊട്ടുകളും, എരിഞ്ഞു കത്തിയിരുന്ന റാന്തൽവിളക്കുമെല്ലാം, ഗതകാലത്തിന്റെ ചവറ്റുകൂനയിൽ അന്ത്യശ്വാസം വലിക്കുന്നു. ഫൈസലിന്റെ മിഴികളിൽ കുറ്റബോധത്തിന്റെ നനവ്. “ഞാനെല്ലാം മറന്നു. എന്റെ കഴിഞ്ഞകാലങ്ങളെല്ലാം ബോധപൂർവ്വം ഞാൻ മറക്കാൻ ശ്രമിച്ചില്ലായിരുന്നെങ്കിൽ, റഷീദയും, കുടുംബവും ഇന്നനാഥരാകുമായിരുന്നോ?” 

നിശബ്ദത നീണ്ടു നിന്നില്ല.. “ഷംസേ..., ഒരു മനുഷ്യനെന്നവകാശപ്പെടാൻ മാത്രം എന്റെ രക്തം ഇനിയും ചുവന്നിട്ടില്ലാല്ലേ?”

*വാച്ച്മാൻ