Wednesday, 17 April 2013

സഡൻ ഡെത്ത്

കോർണർ ഫ്ളാഗിനടുത്തു നിന്നും ഉയർന്നു വന്ന പന്ത് പോസ്റ്റിന്റെ ഇടതുമൂലയിലേക്കാണ്‌ വളഞ്ഞു കയറിയത്. കണ്ടു നിന്നവര്ക്ക് അതൊരിക്കലും  വിശ്വസിക്കാനാകാത്ത രംഗം. ആർപ്പു വിളികൾക്കുപകരം കനത്ത നിശബ്ദത. അതൊരു സെല്ഫ് ഗോളായിരുന്നോ?

“അങ്കിൾനറിയോ, എനിക്കു ബോറടിച്ചിട്ടു വയ്യ. രണ്ടു ദിവസായി ശരിക്കുവല്ലതും കഴിച്ചിട്ട്”
“മോളേ.. എന്നാലും.. പപ്പ..”
“ഹി ഈസ് നോ മോർ, പിന്നെ കരഞ്ഞിട്ടെന്ത് കാര്യം. ചില പേപ്പേഴ്സ് ശരിയാകാത്തതുകൊണ്ട് ഹി ഈസ് സ്റ്റിൽ ഇൻ ദി മോർച്ചറി”

തൊണ്ടകൾ വരളുന്നുവെങ്കിലും ഗോൾ വിസിലിനൊപ്പം കണ്ടുനിന്നിരുന്നവരും വിധിയെഴുതി. റബീഹിന്റെ  പോസ്റ്റിലേക്ക് മകൾ അടിച്ചുകയറ്റിയത്, യെസ്.. ഇറ്റ് ഈസ് എ സെല്ഫ് ഗോൾ.

തുണിപ്പന്ത് തട്ടാൻ തുടങ്ങിയ കാലം മുതലുള്ള സാലിഹ് മാഷിന്റെ ചങ്ങാതിയാണ്‌ റബീഹ്. സ്കൂളിലും കോളേജിലും മാത്രമായിരുന്നില്ല, കേരളത്തിലെ ആരവമുറങ്ങാത്ത കളിമുറ്റങ്ങളിലും അവരൊന്നിച്ചായിരുന്നു പന്തുമായി മുന്നേറിയത്. ജീവിത ചിലവിൽ നിന്നും മിച്ചം പിടിക്കുന്ന വിയര്പ്പിന്റെ  തുള്ളികൾ ചേർത്തുവെച്ച് ഉപ്പ വാങ്ങി നല്കിയിരുന്ന ബൂട്ടുകളായിരുന്നു പഠനകാലത്ത് സാലിഹിന്റെ ഊർജ്ജം. ഇന്റർ യൂണിവേഴ്സിറ്റി ജേതാക്കളായി തിരിച്ചെത്തിയ ദിവസം വെള്ളത്തുണികൊണ്ട് മുഖം മറച്ച് വീതികുറഞ്ഞ ഗ്യാലറിക്കട്ടിലിൽ ഉപ്പ മകനെയും കാത്തു കിടക്കുകയായിരുന്നു.

പിന്നീട് സാലിഹിട്ടിരുന്ന ബൂട്ടുകൾ റബീഹിന്റെ കേവലമായ ഔദാര്യങ്ങളായിരുന്നില്ല. മറിച്ച്, അഴിഞ്ഞു വീഴാത്ത ആത്മബന്ധത്തിന്റെ ചരടുകളായിരുന്നു ഒരോന്നിലും കോർത്തുകെട്ടിയിരുന്നത്. മിഡ്ഫീൾഡിൽ നിന്നും സാലിഹ് നല്കിയിരുന്ന സ്ക്വയർ പാസ്സുകൾ റബീഹിന്റെ കാലുകളിൽ നിന്നും നെറ്റുകൾ ലക്ഷ്യമാക്കി പാഞ്ഞുകൊണ്ടേയിരുന്നു. മൈതാന  മധ്യത്തുനിന്നും പന്തുമായി കുതിക്കുന്ന റബീഹിന്റെ ബുള്ളറ്റ് ഷോട്ടുകൾ എന്ന്  മുതലായിരുന്നു പോസ്റ്റിൽ തട്ടി തിരിച്ചുവരാൻ തുടങ്ങിയത്. പലതും ലക്ഷ്യമില്ലാതെ കാണികൾക്കിടയിലേക്ക്  പാളിക്കയറിയത്.

“സമയം ഒരുപാടായി, കിടക്കുന്നില്ലെ മാഷേ...”
“കിടക്കണം. എന്നാലും രാവിലെ റബീഹിന്റെ മോൾ സ്കൂളിൽ വെച്ച് പറഞ്ഞതങ്ങട് വിശ്വസിക്കാൻ പറ്റണില്ല. ഒമ്പതാം ക്ളാസ്സിലെ ഒരു കുട്ടിക്ക് ഇങ്ങനെയൊക്കെ പറയാൻ പറ്റ്യോ സൽമാ. പേട്യാവണ്‌ണ്ട്, നാളെ നമ്മടെ മക്കളും ഇതുപോലെ പറയോ?”

വിരിച്ചു കൊണ്ടിരിക്കുന്ന കിടക്കവിരിയിൽ നിന്നും കണ്ണെടുക്കാതെ തന്നെ സൽമ പറഞ്ഞു. “അവളെ മാത്രമെന്തിനാ കുറ്റപ്പെടുത്തണത്. മക്കൾടെ കാര്യങ്ങൾ നോക്കാനവർക്ക് വല്ലപ്പോഴും സമയമുണ്ടായിട്ടുണ്ടോ? ഇല്ലല്ലോ...  ഇനി പറഞ്ഞിട്ടൊന്നും ഒരു കാര്യല്ല്യ.”  “പിന്നേയ്.. അബൂട്ടിക്ക ഇവിടെ വന്നിരുന്നു. നാളെ ഹോസ്പിറ്റലിലേക്ക് കൂടെ വരുന്നുണ്ടെന്നും പറഞ്ഞു.”

കേരള ടീമിലേക്ക് കയറിക്കൂടണമെന്ന വാശിയുമായി നടന്നിരുന്ന കാലം. കോടീശ്വരനായ അമ്മാവന്റെ മകൾക്കൊപ്പം അവരുടെ സ്വത്തിനെയും റബീഹ് പ്രണയിച്ചു തുടങ്ങി. ഒരു ഹാഫ്ടൈം സമയത്താണ്‌ ഊരിയെറിഞ്ഞ നീല ജഴ്സിക്ക് പകരം അബൂദാബിയിലെ ബിസിനസ്സ് ശൃംഖലയുടെ ഡയറക്ടർ സ്ഥാനം റബീഹ് എടുത്തണിയുന്നത്.

“അല്ല മാഷേ.. അബൂട്ടിക്കാടെ മോന്റെ ജോലിക്കാര്യം റബീഹ് ശരിയാക്കിക്കൊടുത്തില്ലാല്ലെ.  അവന്റെ കമ്പനിയിൽ തന്നെ എന്തോരം ഒഴിവുകളുണ്ടായതാ. മൻഷ്യന്മാരുടെ സ്വഭാവം ഇങ്ങനെയൊക്കെ മാറുമോന്റെ പടച്ചോനേ”
അർത്ഥഗർഭമായൊരു നോട്ടം. അതിനപ്പുറം സാലിഹ് മാഷിന്‌ മറുപടിയൊന്നുമുണ്ടായില്ല.

സാധാരണ  അബൂട്ടിക്ക ആരോടും ഒന്നും ആവശ്യപ്പെടാറില്ല. പ്രായമാണെങ്കിൽ അറുപതിനോടടുക്കുന്നു. മകനൊരു ജോലിയായിക്കഴിഞ്ഞാൽ നാട്ടിൽ സ്ഥിരമായി കൂടണമെന്നൊരാഗ്രഹം കൊണ്ടുമാത്രമാണ്‌ റബീഹിനോടങ്ങനെയൊരു കാര്യം സൂചിപ്പിച്ചതും. ഒരു നാട്ടുകാരനെന്നതിലപ്പുറം  ഒരു കാലത്തൊരു നാടിന്റെ വികാരമായിരുന്നു അബൂട്ടിക്ക. എഴുത്തും വായനയും അറിയുമായിരുന്നില്ലെങ്കിലും തിങ്ങിനിറഞ്ഞ കാണികൾക്ക് മുന്നിൽ പന്ത് കൊണ്ടദ്ധേഹം കവിതകളെഴുതുമായിരുന്നു.

സെന്റ് സേവ്യർ റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള ഫൈനൽ മത്സരം തൃശൂർ തോപ്പ് സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരിക്കുമ്പോൾ അവസാന വിസിലിന്ന് നിമിഷങ്ങളെ ബാക്കിയുള്ളൂ. ടീമിന്റെ ഉരുക്കുകോട്ടയായ രാമുവേട്ടൻ ഗോൾകിക്കെടുത്തു. താഴ്ന്നുവന്ന പന്ത്, സെന്റർ ലൈനിനടുത്ത് നിന്നിരുന്ന അബൂട്ടിക്ക വലതുകാലുകൊണ്ട് ചെറുതായൊന്നു താങ്ങി വായുവിൽ ഉയർത്തിയിട്ട് ഇടതുകാലുകൊണ്ട് തൊടുത്തുവിട്ട അത്യുഗ്രനൊരു എയർഷൂട്ട്, മലപ്പുറം ടീമിന്റെ നെഞ്ചുപിളർത്തിക്കൊണ്ട് പോസ്റ്റിന്റെ വലതുമൂലയിലേക്കാണ്‌ തുളഞ്ഞുകയറിയത്.

ഇളകിയാർത്ത കാണികളുടെ ശബ്ദകോലാഹലങ്ങൾ അബൂട്ടിക്കാക്കൊരിക്കലും കേൾക്കാൻ കഴിഞ്ഞിട്ടില്ല. സംസാരിക്കാനുള്ള കഴിവില്ലാത്തതുപോലെ കേൾക്കുവാനുള്ള കഴിവും ജന്മനാ അബൂട്ടിക്കാക്കുണ്ടായിരുന്നില്ല. എങ്കിലും വിജയത്തിന്റെ ആരവങ്ങളും, തോൽവിയുടെ ആഘാതങ്ങളും പങ്കുവെച്ചിരുന്നത് ഹൃദയത്തിന്റെ നിഷ്കളങ്ക ഭാഷയായ കണ്ണീരിലൂടെയായിരുന്നു. അബൂട്ടിക്ക അടിച്ചതുപോലൊരു എയർഷൂട്ട് ഗോളെന്നതിന്നും നാട്ടിൽ പന്തു തട്ടി വളരുന്ന കുട്ടികളുടെ സ്വപ്നമായവശേഷിക്കുന്നു.


ഒരാൾക്കൊരു ജോലി, അതും സ്വന്തം കമ്പനിയിൽ തന്നെ  ശരിയാക്കുകയെന്നത് റബീഹിനെ സംബന്ധിച്ച്  ഒരിക്കലുമൊരു  ബുദ്ധിമുട്ടുള്ള കാര്യമായിരുന്നില്ല. വിജയങ്ങൾ മാത്രം ലക്ഷ്യമിട്ടുള്ള ഭ്രാന്തമായ മുന്നേറ്റങ്ങളിൽ ചുറ്റുമുള്ളവരെ കുറിച്ചുള്ള കാഴ്ചകളും അവനിൽ നിന്നും മാഞ്ഞുപോയിക്കൊണ്ടേയിരുന്നു. തേടിപ്പിടിക്കുന്ന പുതിയ ബന്ധങ്ങളിൽ പലതും കിടപ്പറയോളം തന്നെ വളർന്നപ്പോൾ, പരസ്പര വിശ്വാസം നഷ്ടപ്പെട്ട രണ്ടുപേരും അവരവർക്കിഷ്ടമുള്ള വഴികളിലൂടെ ജീവിതം തുടങ്ങി. കേവലം സോഷ്യൽ സ്റ്റാറ്റസ് നിലനിർത്തുവാനുള്ള ധാരണ മാത്രമായി അവരുടെ ദാമ്പത്യബന്ധവും. ദിശനഷ്ടപ്പെട്ടുപോയ മക്കളപ്പോഴേക്കും അവരിൽ നിന്നുമൊരുപാടു ദൂരം സഞ്ചരിച്ച് കഴിഞ്ഞിരുന്നു.

കേൾക്കാൻ കഴിയില്ലയെന്നത് അബൂട്ടിക്കാടെ ഫുട്ബോൾ സ്വപ്നങ്ങൾക്ക് നേരെയുള്ളൊരു ചുവപ്പു കാർഡായിരുന്നു. എന്നിട്ടും അദ്ദേഹം കോർട്ടിലിറങ്ങി. ചിതലരിക്കുവാൻ തുടങ്ങിയ വീടിന്റെ ഗ്യാലറികളിൽ ഒതുങ്ങിക്കൂടിയ ഉമ്മയും, പെങ്ങന്മാരുടെയും മുന്നിലൂടെ പ്രാരബ്ധങ്ങളെ തോല്പിച്ചുകൊണ്ട് ഡ്രിബിൾ ചെയ്ത് കയറി. ലക്ഷ്യത്തിൽ പതിക്കാൻ മാത്രം പിറന്നതായിരുന്നു അബൂട്ടിക്കാടെ അളന്നുമുറിച്ച ഓരോ ഷോട്ടുകളും.

വർഷങ്ങൾക്ക് മുൻപൊരു വേനലവധിക്കാലത്ത് കരിങ്കല്ലിലടിച്ചുകിട്ടിയ നീണ്ട മുറിവടയാളം, തെറ്റിപ്പോയ ജീവിത പാസുകളുടെ മൂക സാക്ഷിയായി നില്ക്കുന്നു റബീഹിന്റെ വലതുകാലിൽ. പന്ത് തട്ടാൻ പഠിപ്പിച്ചുകൊടുത്ത പാദങ്ങളുടെ പെരുവിരലുകൾ ചേർത്തുവെച്ച് കെട്ടുമ്പോൾ അബൂട്ടിക്കയുടെ കണ്ണുകളുമൊന്നു നിറഞ്ഞിരുന്നു. ഉൾഭാഗത്തിലിരുട്ട് വീഴ്ത്തിക്കൊണ്ട് പെട്ടിക്കുമുകളിലായി മൂടി ചേർത്തടച്ചു. പെട്ടെന്ന് പെട്ടിയൊന്നനങ്ങി. പലകയിലേക്ക് അടിച്ചുകയറ്റുന്ന ഒരോ ആണിയുടെ ശബ്ദവും ഫൈനൽ വിസിലാണെന്ന് റബീഹ് തിരിച്ചറിഞ്ഞിട്ടുണ്ടാകുമോ? വളർന്നു വന്ന തെക്കുംപാടത്തിന്റെ പുൽനാമ്പുകളിലേക്കൊരിക്കൽ കൂടി തിരികെ പോകാൻ ആ പാദങ്ങളും ആഗ്രഹിക്കുന്നുണ്ടാവില്ലേ?

പിറ്റേന്ന് പോസ്റ്റ്ബോക്സ് തുറക്കുമ്പോൾ പതിവു പോലെ ആയിഷാത്താടെ കത്ത്. എല്ലാ മാസത്തിലും രണ്ടെഴുത്തുകൾ വീതം. ഇത്തവണയും പതിവ് തെറ്റിയില്ല. അബൂട്ടിക്കാക്കുള്ള രണ്ടാമത്തെ കത്ത്. സൽമയുടെ കയ്യിൽ ആ എഴുത്തുകൾ എന്നുമൊരു  ചോദ്യചിഹ്നമായിരുന്നു. “അല്ല മാഷേ.. എഴുതാനും വായിക്കാനുമറിയാത്ത അബൂട്ടിക്ക എന്താണീ കത്തുകളിലെഴുതുന്നത്.”
“ഗ്രാമറും, ഫൊണറ്റിക്സും പഠിപ്പിക്കുന്ന നമുക്കൊന്നും മനസ്സിലാവാത്ത ഭാഷ്യാത്. പക്ഷെ അവർക്കത് മനസ്സിലാകും, അവർക്കേയത് മനസ്സിലാകൂ”

മാമൂലുകൾ ഇഴപിരിഞ്ഞ ഊരാക്കുടുക്കിന്റെ അറ്റത്തുനിന്നും ജീവിതത്തിന്റെ എക്സ്ട്രാ ടൈമിലേക്ക് ആയിഷാത്താനെ കൂട്ടിക്കൊണ്ടുവന്നത് ശബ്ദമില്ലാത്ത ലോകത്തിലേക്കായിരുന്നു. പിന്നീടങ്ങോട്ട് അബൂട്ടിക്കാടെ ഭാഷയും കേൾവിയുമെല്ലാം ആയിഷാത്തയായി. പ്രിയമായ് പ്രണയമായ് ജന്മാന്തരങ്ങളുടെ സുകൃതമായ രണ്ടായുസ്സുകൾ.

ഗൾഫിലെത്തിയ ആദ്യ ആഴ്ചയിൽ തന്നെ അബൂട്ടിക്ക കത്തയച്ചു. ജോലിക്കിടയിൽ അഴുക്കുപുരണ്ട കൈത്തലം വെളുത്ത പേപ്പറിലേക്ക് പതിപ്പിച്ചപ്പോൾ, കൈരേഖകൾക്കിടയിലെ വിയർപ്പു തുള്ളികൾ ആയിഷാത്താട് വിശേഷങ്ങൾ കൈമാറി. മുറ്റം നനഞ്ഞുകിടക്കുന്ന ചെളിവെള്ളത്തിൽ മക്കളുടെ കാലുകൾ മുക്കി പേപ്പറിൽ പതിപ്പിച്ച് ആയിഷാത്തയും മറുപടികളയച്ചു. കണ്ണീരിനും കിനാവിനുമൊപ്പം അത്തറുപുരട്ടിയ തുണ്ടുകടലാസ്സുകൾ പെരുന്നാളിന്റെ ആശംസാ സന്ദേശങ്ങളായി.

ആയിഷാത്ത മൂന്നാമതും ജന്മം നല്കിയതൊരു പെൺകുഞ്ഞിനായിരുന്നു. പക്ഷെ.. ഒരാഴ്ച തികയുന്നതിനു മുമ്പേ “ഉമ്മാനെയും, എന്നെക്കാണാത്ത ഉപ്പാനെയും സ്വർഗ്ഗത്തിൽ ഞാൻ കാത്തിരിക്കാട്ടോ”യെന്ന് പറഞ്ഞുകൊണ്ടൊരു രാത്രിയിൽ മാലാഖമാർക്കൊപ്പം അവൾ തിരിച്ചുപോയി. മാറിൽ മാതൃത്വത്തിന്റെ വിങ്ങലായ വശേഷിച്ച മുലപ്പാൽ പേപ്പറിലേക്ക്  ഇറ്റിച്ചെഴുതിയ കത്തിനുമാത്രം അബൂട്ടിക്കാക്കൊരിക്കലും മറുപടിയെഴുതുവാൻ കഴിഞ്ഞിട്ടില്ല.

“അബൂട്ടിക്ക അടുത്തമാസം നാട്ടിൽ പോകാണ്‌ സൽമാ, അബുദാബി മുനിസിപ്പാലിറ്റിയുടെ പുതിയ നിയമം വന്നപ്പോൾ അവരുടെ ഗ്രോസ്സറിയും പൂട്ടേണ്ടി വന്നു. പിന്നെ ആയിഷാത്താടെ അവസ്ഥയും കുറച്ച് മോശാണല്ലൊ.”

നോമ്പും, നേർച്ചകളുമായി കുടുംബത്തിനു കാവലായി നിന്നപ്പോൾ  സ്വശരീരത്തിന്റെ ആവലാതികളെക്കുറിച്ച് പടച്ചവനോട് പരാതിപ്പെടാൻ ആയിഷാത്ത മറന്നു പോയിരുന്നു. “കിഡ്നി മാറ്റിവെച്ചാൽ ഒരുപക്ഷേ രക്ഷപ്പെട്ടേക്കാം” ഉപാധികളോടെ ഡോക്ടർമാർ ആയിഷാത്താനെ റിസർവ്ബെഞ്ചിലേക്ക് നീക്കിയിരുത്തി.
ബാക്കിയായ ചെറിയ സമ്പാദ്യവും ചുരുട്ടിപ്പിടിച്ച്, നാളുകളെണ്ണപ്പെട്ട ജീവിതത്തെ തിരിച്ചു പിടിക്കാൻ അബൂട്ടിക്ക വീണ്ടും കോർട്ടിലിറങ്ങിയിരിക്കുന്നു. ഗോൾകിക്ക് താഴ്ന്നുവരുന്നുണ്ട്. നെഞ്ച്കൊണ്ട് തടുത്ത പന്ത് നിലം തൊടുന്നതിനു മുൻപേ ഇടതുകാലുകൊണ്ട് അബൂട്ടിക്ക ഒരിക്കൽ കൂടി വിധിക്കു നേരെ തൊടുത്തു വിട്ടു. വെടിയുണ്ട കണക്കേയത് പാഞ്ഞുപോകുന്നത് വീണ്ടുമൊരു ഗോളിലേക്കോ അതോ....